യൂറോപ്പിന്‍റെ അറ്റത്തായിരുന്നു ഇന്ന് സ്പെയിൻ എന്നു വിളിക്കുന്ന ഐബീരിയ സ്ഥിതിചെയ്തിരുന്നത്. അതിനും അപ്പുറം, അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരിക്കൽ ഗെറിയോണ്‍ എന്ന ഭീമാകാരന്‍ വസിച്ചിരുന്ന ഒരു ദ്വീപുണ്ടായിരുന്നു. ഗെറിയോണ്‍ അത്യന്തം വിചിത്രനായ ഒരു ഭീമനായിരുന്നു. മൂന്നാളുകളുടെ അത്ര വലിയ ഒരു ശരീരം, അതില്‍ മൂന്ന് തലകൾ, ആറു കൈകൾ, മൂന്ന് ജോഡി കാലുകൾ, കൂടാതെ വൻ ചിറകുകളും. പിന്നെ ഓരോ കൈയിളും അപകടകരമായ ആയുധങ്ങളും! ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നുണ്ടല്ലേ കൂട്ടുകാരേ?
ഇത്തവണ ഹെര്‍കുലീസിന് നേരിടേണ്ടി വന്നത് ഈ ഭീമാകാരനെയാണ്. അക്കഥയാണ് നമ്മളിവിടെ പറയാന്‍ പോകുന്നത്.
ഗെറിയോണ്‍ അനവധി കന്നുകാലികളുടെ അധിപനായിരുന്നു. അതിൽ ഏറ്റവും പ്രസിദ്ധമായത് ചുവന്ന കാളകളുടെ ഒരു കൂട്ടമായിരുന്നു. ചുവപ്പ് എന്നു പറഞ്ഞാല്‍ അസ്തമയസമയത്തെ ആകാശത്തിന്റെ ചുവപ്പ് നിറം പോലെ! അവയെ ഒരു സംരക്ഷിച്ചിരുന്നത് ഗെറിയോണിന്‍റെ വിശ്വസ്തനായ ഒരു ഇടയനും, രണ്ടു തലകളുള്ള ഓര്‍ത്രോസ് എന്നു പേരുള്ള അതിഭീകരനായ ഒരു നായയും ആയിരുന്നു.
യൂറിസ്റ്റിയസ് രാജാവു ഹെര്‍കുലീസിനോട് ആ കാളകളെ മൈസിനേയ്‌ലേക്കു കൊണ്ടുവരാൻ ആജ്ഞാപിച്ചു.
ഇത്തവണ ഹെര്‍കുലീസിന് അനവധി അപകടങ്ങൾ അതിജീവിച്ച് ഐബീരിയയിലേയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നു.
വന്യപ്രദേശങ്ങളിലൂടെയും, മരുഭൂമികളിലൂടെയും സഞ്ചരിച്ച് ഹെര്‍കുലീസ് ലോകത്തിന്‍റെ അറ്റമായ തുറന്ന കടല്‍തീരത്തെത്തി എത്തി. അവിടെ ഹെര്‍കുലീസ് സ്മാരകങ്ങളായി രണ്ട് വലിയ തൂണുകൾ സ്ഥാപിച്ചു — ഒന്ന് ആഫ്രിക്കൻ തീരത്തും, മറ്റൊന്ന് യൂറോപ്പിലും. ഇവയെ ഹെര്‍കുലീസിന്‍റെ തൂണുകൾ എന്നാണ് അന്നൊക്കെ അറിയപ്പെട്ടിരുന്നത്. അവ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവേശന കവാടത്തെ അടയാളപ്പെടുത്തുന്നു. ഇന്ന് 'സ്യൂട്ടയിലെയും ജിബ്രാൾട്ടറിലെയും പാറകൾ' എന്നു വിളിക്കുന്നു.
ലിബിയന്‍ മരുഭൂമിയിലൂടെ സഞ്ചരിക്കവേ, കഠിനമായ ചൂട് സഹിക്കാനാവാതെ വലഞ്ഞ ഹെര്‍കുലീസ് സൂര്യദേവനായ ഹീലിയോസിന് നേരെ അമ്പെയ്യുക കൂടിയുണ്ടായി. ഹെര്‍കുലീസിന്റെ ഈ ധൈര്യം കണ്ട് ഹീലിയോസ് അദ്ദേഹത്തിന് ഒരു സ്വർണ്ണനൗക സമ്മാനമായി നല്കി. ഈ സ്വർണ്ണനൗകയിലാണത്രെ സൂര്യദേവന്‍ പടിഞാറ് നിന്നും കിഴക്കോട്ട് ഓരോ രാത്രിയിലും സഞ്ചരിച്ചിരുന്നത്!
സൂര്യദേവന്‍ നല്കിയ സ്വർണ്ണനൗകയില്‍ ഗെറിയോണിന്‍റെ ദ്വീപ് ലക്ഷ്യമാക്കി ഹെര്‍കുലീസ് തന്‍റെ യാത്ര തുടര്‍ന്നു.
ദ്വീപിലെത്തിച്ചേര്‍ന്നതും ഗെറിയോണിന്‍റെ രണ്ടു തലകളുള്ള നായ, ഓര്‍ത്രോസ്, ഹെര്‍കുലീസിനെ ഭീകരമായി അക്രമിച്ചു. കരുത്തനായ ഇടയനും ആ നായക്ക് ഒപ്പം എത്തി. രണ്ടുപേരും ചേര്‍ന്ന് ഹെര്‍കുലീസിനെ ആക്രമിച്ചു. അതൊരു അതിഭയങ്കരമായ യുദ്ധം തന്നെയായിരുന്നു. ഒടുവില്‍ ഹെര്‍കുലീസ് ഗദ കൊണ്ട് ഇരുവരെയും കൊന്നുവീഴ്ത്തി. എന്നിട്ട് കാളകളെയും പിടിച്ച് തന്‍റെ കപ്പലിലേക്കു ഓടി.
എന്നാൽ ഇതിനിടയില്‍ വിവരമാരിഞ്ഞെത്തിയ ഗെറിയോണ്‍ ചാടിവീണ് ഹെര്‍കുലീസിനെ തടഞ്ഞു. തുടര്‍ന്ന് ഹെര്‍കുലീസ് ആ ഭീകരനുമായി ഏറ്റുമുട്ടി. അതിസാഹസികവും ഭീതികരവുമായ യുദ്ധം! ഇടയില്‍ വീണ് കിട്ടിയ ഒരു അവസരം മുതലെടുത്ത് ഹെര്‍കുലീസ് തന്‍റെ അമ്പും വില്ലുമെടുത്ത് , ഗേറിയോണിന് നേരെ തന്‍റെ മാരകമായ അമ്പെയ്ത് വീഴ്ത്തി. വിഷം പുരട്ടിയ അമ്പ് തറച്ചു ഗെറിയോണ്‍ മരിച്ചു വീണു .
ഹെര്‍കുലീസ് ഉടൻ തന്നെ കാളകളെ കപ്പലിലേയ്ക്ക് ഓടിച്ചു കയറ്റി. നേരെ ഐബീരിയയിൽ എത്തി, പിന്നീട് അവിടെ നിന്ന് അവൻ കാളകളെ കാൽനടയായി വടക്ക് പൈറനീസ് മലകൾ കടന്ന് ഫ്രാൻസിലേയ്ക്ക് (പഴയ ഗാൾ) കൊണ്ടുപോയി.അവിടെ നൂറുകണക്കിന് കള്ളന്മാർ ഹെര്‍കുലീസിനെ ആക്രമിച്ചു, കാളകളെ കയ്യിലാക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ അവരെ അമ്പുകലെയ്ത് നേരിട്ടു. അവർ വലിയ കല്ലുകൾ എറിഞ്ഞു തിരിച്ചടിച്ചു. സത്യത്തില്‍ ആ യുദ്ധത്തിൽ ഹെര്‍കുലീസ് പരാജയപ്പെടുന്ന ഒരു ഘട്ടം വന്നു ചേര്‍ന്നതാണ്. എന്നാല്‍ തക്കസമയത്ത് സ്യൂസ് ഹെര്‍കുലീസിന്റെ സഹായത്തിനെത്തി. സ്യൂസ് ആകാശത്തിൽ നിന്ന് വലിയ പാറകൾ പെയ്യിച്ചു. ഹെര്‍കുലീസ് ആ പാറകളെ ശത്രുക്കള്‍ക്ക് നേരെ തിരിച്ചുവിട്ടു. അതോടെ അവര്‍ പേടിച്ചോടി. ആ പാറകളാണത്രേ ഇന്നും തെക്കൻ ഫ്രാൻസിൽ കാണുന്ന വൻ പാറക്കൂട്ടങ്ങള്‍!
തുടർന്ന് ഹെര്‍കുലീസ് ആൽപ്സ് മലകൾ കടന്ന്, ടൈബർ നദിയും കടന്ന്‍ ഇറ്റലിയിലേയ്ക്ക് കയറി ഒടുവില്‍ റോമിലെ ഏഴ് കുന്നുകളിലേയ്ക്ക് എത്തി. അതിലൊരു കുന്നില്‍ ഒരു ഭീകരൻ വസിച്ചിരുന്നു , കാക്കസ്ന്. കാക്കസിന് ഇരുമ്പിന്‍റെ ശക്തിയായിരുന്നു. മാത്രമല്ല, തീയും പുകയുമാണ് അവന്‍റെ ശ്വാസത്തിലൂടെ പുറത്തു വിട്ടിരുന്നത്. ആ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും അവനെ ഭയന്നാണ് ജീവിച്ചിരുന്നത്.
ഹെര്‍കുലീസ് തന്‍റെ കാളകളുമായി വരുന്നത് ദൂരെ നിന്നു കണ്ട കാക്കസ് ആ കാളകളെ എങ്ങിനെയും തട്ടിയെടുക്കണമെന്ന് ഉറച്ചു.
അങ്ങിനെ ഹെര്‍കുലീസ് ഉറങ്ങിക്കിടക്കുമ്പോൾ, താഴ്വരയില്‍ മേഞ്ഞു നടക്കുകയായിരുന്ന കാളകളെ കാക്കസ് തന്ത്രപരമായി കവർന്നു. എന്നിട്ട് അവയെ വാലിൽ പിടിച്ച് ഗുഹയ്ക്കുള്ളിലേക്ക് വലിച്ചു കൊണ്ടുപോയി. കാളകളുടെ കാലടികള്‍ കണ്ടാല്‍ അവ ഗുഹയുടെ എതിര്‍വശത്തേയ്ക്ക് പോയി എന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങിനെ ചെയ്തത്.
ഉറക്കമുണര്‍ന്ന ഹെര്‍കുലീസ് കാളകളെ കാണാതെ വിഷമിച്ചു. അവയുടെ പാടുകൾ പിന്തുടർന്നെങ്കിലും, അത് തെറ്റായ ദിശയിലേക്കായിരുന്നു അദ്ധേഹത്തെ നയിച്ചത്. എന്നാൽ ഭാഗ്യവശാല്‍ കാളകളുടെ നിലവിളി പാറകൾക്കുള്ളിലൂടെ കേട്ട, ഹെര്‍കുലീസ് അതിന്റെ ദിശ തിരിച്ചറിഞ്ഞു. അവയുടെ ശബ്ദം പിന്തുടര്‍ന്ന് ഹെര്‍കുലീസ് ഗുഹയുടെ പ്രവേശന കാടത്തിലെത്തി. എന്നാല്‍ കാക്കസ് ആ പ്രവേശനകവാടം ഒരു വലിയ കല്ലൂപ്പാളി വെച്ച് അടച്ചിരുന്നു. പുറത്തു നിന്നും അത് തുറക്കുന്നത് അസാധ്യമായിരുന്നു.
ഹെര്‍കുലീസ് മലയുടെ പിന്‍ഭാഗത്തേയ്ക്ക് നീങ്ങി. അവിടെ കല്ലുകള്‍ പൊളിച്ച് മാറ്റി ഗുഹയിലേയ്ക്ക് പുതിയ ഒരു വഴി തന്നെ ഉണ്ടാക്കിയെടുത്ത് അകത്തു കയറി.
ഗുഹക്കുള്ളില്‍ കാക്കസുമായി ഒരു ജീവന്‍മരണ പോരാട്ടം തന്നെ നടന്നു. കാക്കസ് തീയും പുകയും വമിച്ച് ആക്രമിച്ചെങ്കിലും, ഹെര്‍കുലീസ് കാക്കസിന്‍റെ കഴുത്ത് പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാക്കസിന്റെ വായിൽ നിന്ന് കരിമ്പുകയും ഉരുകിയ ലോഹവും പുറത്തേക്ക് കവിഞ്ഞൊഴുകി. ഹെര്‍കുലീസ് ഗുഹയുടെ പ്രവേശന കവാടം അടച്ചിരുന്ന കല്ലൂപ്പാളി പൊട്ടിച്ചെറിഞ് കാക്കസിന്‍റെ മൃതശരീരം പുറത്തെ പാറയിലേയ്ക്ക് എറിഞ്ഞു. അത് കാണാന്‍ ആ നാട്ടിലെ മുഴുവന്‍ ജനങ്ങളും ഒഴുകിയെത്തി. എല്ലാവരും വളരെയധികം സന്തോഷിച്ചു; ഹെര്‍കുലീസിന്‍റെ സ്മരണയ്ക്കായി അവർ ഒരു അള്‍ത്താര തന്നെ പണിതു, അവിടെ പിന്നീട് എല്ലാ വര്‍ഷവും അവര്‍ കായിക മേളകള്‍ നടത്താറുണ്ടത്രേ!
ഹെര്‍കുലീസ് പിന്നീട് കാളകളുമായി തെക്കോട്ട് നീങ്ങി. കുറെ ദൂരം യാത്ര ചെയ്തു തളര്‍ന്ന ഹെര്‍കുലീസ് ലോക്രിയുടെ അടുത്ത് ഒരു മലയിൽ വിശ്രമിക്കാൻ കിടന്നു. എന്നാല്‍ ചീവീടുകളുടെയും മറ്റും ശബ്ദകോലാഹലം കാരണം അല്പ്പം പോലും ഉറങ്ങാൻ പറ്റിയില്ല. ഹെര്‍കുലീസ് ദൈവങ്ങളോട് ഈ ശല്യം ഒഴിവാക്കാനായി പ്രാർത്ഥിച്ചപ്പോൾ, അവർ ആ ജീവികളെ ആ പ്രദേശത്തുനിന്ന് എന്നേക്കുമായി നീക്കിയത്രേ!
ഇതിനിടയില്‍ ഒരു കാള ഓടി തെക്കുപടിഞ്ഞാറൻ ദ്വീപിലേയ്ക്ക് രക്ഷപ്പെട്ടു. ഹെര്‍കുലീസ് മുഴുവൻ കാളക്കൂട്ടത്തെയും തെളിച്ചു അതിനെ പിന്തുടർന്നു. കാളകള്‍ കടലിലൂടെ അനായാസം നീന്തി. അതില്‍ ഒരു കാളയുടെ പുറത്ത് കയറി, അതിന്‍റെ കൊമ്പുകൾ പിടിച്ചുകൊണ്ട് ഹെര്‍കുലീസ് കടൽ കടന്നു. വളരെ പെട്ടെന്ന് തന്നെ ഓടിപ്പോയ കാളയെ ഹെര്‍കുലീസ് തേടിപ്പിടിച്ചു. അതിനു ശേഷം കുറെ സമയം ആ ദ്വീപിലെ ജനങ്ങളുടെ ആദരവും സല്‍ക്കാരവും സ്വീകരിച്ച് ചിലവഴിച്ചു.. പിന്നീട് ഹെര്‍കുലീസ് കാളകളെ തിരികെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവന്നു, അയോണിയൻ കടൽതീരങ്ങളിലൂടെ യാത്ര തുടര്‍ന്നു.
പക്ഷേ ഹെറയുടെ വൈരാഗ്യം അവസാനിച്ചിരുന്നില്ല. ഹെറ ഒരുതരം വലിയ ഈച്ചകളെ അയച്ചു. ഈച്ചകളുടെ ആക്രമണത്തില്‍ കാളകൾ ഭയന്ന് കുന്നുകളിലേക്കും മലകളിലേക്കും ചിതറിപ്പോയി. ഏറെ ശ്രമിച്ചിട്ടാണ് ഹെര്‍കുലീസിന് അവയെ ഒത്തു ചേർത്ത് മെക്കീനയിലേയ്ക്ക് കൊണ്ടുപോകാനായത്.
മെക്കീനയിലെത്തിയതും ഹെര്‍കുലീസ് അവയെ യൂറിസ്റ്റിയസിന് മുന്പില്‍ സമര്‍പ്പിച്ചു. യൂറിസ്റ്റിയസ് അവയെ ഹെറയ്ക്കായി ബലിയര്‍പ്പിച്ചു.
അങ്ങനെ ഹെര്‍കുലീസ് തന്‍റെ പത്താമത്തെ സാഹസവും പൂർത്തിയാക്കി.
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2)
ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര
ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍
ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി
ഹെര്‍കുലീസിന്‍റെ അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍
ഹെര്‍കുലീസിന്‍റെ ആറാമത്തെ സാഹസം - സ്റ്റൈംഫാലിയൻ പക്ഷികള്‍
ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം - ക്രീറ്റിലെ ഭ്രാന്തൻ കാള
ഹെര്‍കുലീസിന്‍റെ എട്ടാമത്തെ സാഹസം - ഡയോമെഡീസിന്‍റെ കുതിരകൾ
ഹെര്‍കുലീസിന്‍റെ ഒമ്പതാമത്തെ സാഹസം - ഹിപ്പോലൈറ്റ് രാജ്ഞിയുടെ അരപ്പട്ട
ഹെര്‍കുലീസിന്‍റെ പത്താമത്തെ സാഹസം - ഗെറിയോണിന്‍റെ കന്നുകാലികള്‍
ഹെര്‍കുലീസിന്‍റെ പതിനൊന്നാമത്തെ സാഹസം ഹെസ്പെറൈഡിസിന്‍റെ സ്വർണ്ണ ആപ്പിളുകൾ
ഹെര്‍കുലീസിന്‍റെ പന്ത്രണ്ടാമത്തെ സാഹസം - നരകത്തിലെ വേട്ട നായ സെർബറസ്
 


 
 
 
 
 
 
 
 
 
 
 
 
 
 
 
0 Comments