ഒരു സന്ധ്യാസമയം മേരി പൂന്തോട്ടത്തിലിരുന്ന് തന്റെ തൂവാലയുടെ അരിക് തൂന്നുകയായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞുറുമ്പ് ആ വഴി വന്നത്. അത് എന്തോ വലിയ തിരക്കളെന്ന പോലെ ഓടി വന്ന അവളുടെ അടുത്തുള്ള ഒരു കല്ലിൽ ഇരുന്നു.
മേരിയുടെ തൂവാല തുന്നിക്കഴിഞ്ഞിരുന്നില്ല. അവൾക്ക് പെട്ടെന്നൊരു കുസൃതി തോന്നി. തന്റെ വിരലുറ ആ ഉറുമ്പിന്റെ മേലിട്ടാൽ നല്ല രസമായിരിക്കും! അവൾ അങ്ങിനെ തന്നെ ചെയ്തു.
image from pngtree.com/"അവനിപ്പോൾ നല്ല ഇരുട്ടിലായിരിക്കും! അവനിത് ഒരു പ്രശ്നമാകുമോ? ഏയ്, സാധ്യതയില്ല. അതൊരു വളരെ ചെറിയ ജീവിയല്ലേ?" മേരി സ്വയം പറഞ്ഞു.
"മേരീ!" അകത്ത് നിന്നും അമ്മയുടെ ഉറക്കെയുള്ള വിളി കേട്ട് മേരി വേഗം വീട്ടിലേക്കോടി. ആ തിരക്കില് വിരലുറയുടെ അടിയിൽ കുടുങ്ങിക്കിടക്കുന്ന പാവം ഉറുമ്പിന്റെ കാര്യം അവൾ മറന്നു പോയി.
പാവം കുഞ്ഞനുറുമ്പ്! അവൻ ആ വിരലുറയ്ക്കുള്ളിൽ വട്ടം കറങ്ങി പരക്കം പായുകയായിരുന്നു. അവൻ ആകെ പേടിച്ചു പോയിരുന്നു.
"അയ്യയ്യോ! എനിക്ക് പുറത്ത് കടക്കാൻ വയ്യ! ഞാനിതിനകത്ത് കിടന്ന് മരിച്ചു പോകും!" ഇതായിരിക്കും അവൻ ചിന്തിച്ചിട്ടുണ്ടാകുക, അല്ലേ?
ആണ് രാത്രി മഴ പെയ്തു. മേരിയുടെ തൂവാല ആ പൂന്തോട്ടത്തിൽ കിടന്നു നനഞ്ഞു കുതിർന്നു.അതിരാവിലെ മേരി തന്റെ തൂവാല എടുക്കാൻ വേണ്ടി പൂന്തോട്ടത്തിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് അവൾ ആ ഉറുമ്പിന്റെ കാര്യം ഓർത്തത്. "അവനെന്ത് ചെയ്യുകയായിരിക്കും?" മേരി ചിന്തിച്ചു.
അവൾ ആ വിരലുറ എടുത്തു. അതിനടിയിൽ ആ കുഞ്ഞനുറുമ്പ് അനങ്ങാതെ കിടന്നിരുന്നു.
"അയ്യോ! അത് ഇതിനടിയിൽ കിടന്നു മറിച്ചുപോയോ? പാവം ഞാൻ ചെയ്തത് അവനൊരു പ്രശ്നം തന്നെയായിരുന്നു!" മേരി പറഞ്ഞു.
"നീ എന്തിനാണിത് ചെയ്തത്?" ആ സമയം അവിടേക്ക് വന്ന അവളുടെ അച്ഛൻ ചോദിച്ചു. "കണ്ടില്ലേ,അതിന്റെ ഒരു കാൽ അനങ്ങുന്നുണ്ട്! വേഗം വീട്ടില് നിന്നും കുറച്ച് തേൻ എടുത്ത് എടുത്ത് കൊടുക്കൂ" അദ്ദേഹം പറഞ്ഞു.
മേരി വീട്ടിലേക്കോടി, പെട്ടെന്ന് തന്നെ ഒരു സ്പൂൺ തേനുമായി തിരിച്ചെത്തി. അവൾ ഒരു പുൽക്കൊടി എടുത്ത് അതിന്റെ തുമ്പുകൊണ്ട് ഒരു തുള്ളി തേൻ ആ ഉറുമ്പിന്റെ തൊട്ട് മുന്നില് ഇറ്റിച്ച് കൊടുത്തു. ഉറുമ്പ് പെട്ടെന്ന് ആ തേൻ നക്കിയെടുത്തു. വളരെ വേഗം തന്നെ അത് എണീറ്റ് നിന്നു. പിന്നെ അത് ഓടാൻ തുടങ്ങി.
"അവനെവിടെക്കാണ് ഇത്ര തിടുക്കത്തിൽ പോകുന്നതെന്നറിയുമോ?" അച്ഛൻ ചോദിച്ചു.
"എനിക്കറിയില്ല!" മേരി നാണത്തോടെ പതിയെ പറഞ്ഞു.
"അവൻ അവന്റെ വീട്ടിലേക്ക് പോകുകയാണ്. എനിക്കറിയാം അവന്റെ വീട് എവിടെയാണെന്ന്! ആ ആപ്പിൾ മരത്തിന്റെ ചുവട്ടില്!" അച്ഛൻ പറഞ്ഞു.
"ഓഹ്! ഈ ചെറിയ ഉറുമ്പിന് ശരിക്കും ഒരു വീടുണ്ടോ? ഇവൻ ഇവിടെ അടുത്തെവിടെയോ ആണ് താമസിക്കുന്നതെന്ന് ഞാൻ അറിയേണ്ടതായിരുന്നു." മേരി അത്ഭുതത്തോടെ പറഞ്ഞു.
"എന്തിന്? അതവന് ഇഷ്ടപ്പെടമെന്നില്ല. നീ വിചാരിക്കുന്ന പോലെ അവന്റെ വീടാത്ര ചെറുതൊന്നുമല്ല. ഒരു പാട് വഴികളും മുറികളുമുള്ള ഒരു കൊട്ടാരം ആണ് ഉറുമ്പുകളുടെ വീട്. ആ മുറികളുടെ എണ്ണം നിനക്കു ചിന്തിക്കാൻ പോലുമാകില്ല. അവർ തന്നെ കുഴിച്ചുണ്ടാക്കുന്നതാണ് ആ മുറികളെല്ലാം! അവിടെയാണ് എല്ലാ ഉറുമ്പുകളും ഒരുമിച്ച് താമസിക്കുന്നത് "
"അപ്പോൾ അവന് അവിടെ ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ ഉണ്ടാകുമോ? ഒരു പാട് കുഞ്ഞുങ്ങളുണ്ടാകുമോ?" മേരിക്ക് ജിജ്ഞാസയായി .
"പിന്നില്ലാതെ. ഈ കുഞ്ഞുങ്ങളൊക്കെ മുട്ട വിരിഞ്ഞാണ് ഉണ്ടാകുന്നത്. ഈ മുട്ടകളെ വലിയ ഉറുമ്പുകൾ ചുമന്നു നടക്കും. അവിടെ അച്ഛനുറുമ്പും, അമ്മയുറുമ്പും, ചെറിയ ഉറുമ്പുകളെ നോക്കാൻ നഴ്സ് ഉറുമ്പുകളും ഉണ്ടാകും. അവയ്ക്കൊന്നും സ്വന്തം കുഞ്ഞുങ്ങൾ ഏതാണെന്നറിയില്ല. അല്ല വലിയ ഉറുമ്പുകളും എല്ലാ കുട്ടികളെയും പരിപാലിക്കും. നമ്മൾ കണ്ടത് ഒരു നഴ്സ് ആന്റിനെയാണ്. അവൾ കുട്ടികളെ നോക്കാൻ ഓടുകയാണ്! അവൾക്ക് കുഞ്ഞുങ്ങളുടെ മുഖം കഴുകിക്കൊടുക്കണ്ടേ!" അച്ഛൻ പറഞ്ഞു.
"ഹായ്! ഇത് നല്ല രസമുള്ള കഥയാണല്ലോ?" മേരി കളിയാക്കി.
"കഥയല്ല മോളേ, കാര്യമാണ്!" അച്ഛന് തുടർന്നു. " ഉറുമ്പുകൾ ശരിക്കും തങ്ങളുടെ കുഞ്ഞുകളെ നക്കി തുടച്ച് വൃത്തിയാക്കും. വെയിലുള്ളപ്പോൾ അവർ കുഞ്ഞുങ്ങളെ പുറത്ത് സൂര്യപ്രകാശത്തിൽ കിടത്തും. തണുപ്പ് കാലത്ത് കാറ്റും മഴയും ഏൽക്കാതെ ഏറ്റവും താഴെയേ കിടത്തൂ. ജോലിക്കാരായ ഉറുമ്പുകൾ ആണ് അവരുടെ നഴ്സുമാർ"
"നമ്മുടെ ആന്റി ജെന്നിയെപ്പോലെ അല്ലേ? ആന്റിയും നമ്മളുടെ കാര്യങ്ങള് നോക്കുകയും കുഞ്ഞിനെ ഉറക്കുകയും ഒക്കെ ചെയ്യില്ലെ?"
"അതേ. അത് തന്നെ!" അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അത് കൊണ്ടാണോ നമ്മള് "ആന്റ് ജെന്നി (Aunt Jenny)" എന്നു വിളിക്കുന്നത്?" മേരിയ്ക്ക് സംശയം ആയി.
"എടീ മണ്ടീ! നിന്നെയാരാ സ്പെല്ലിങ് പഠിപ്പിച്ചത്? അത് "Ant" അല്ല "Aunt" ആണ്! എന്തായാലും നിന്റെ ചോദ്യത്തില് തെറ്റില്ല കേട്ടോ." അച്ഛന് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ സംസാരിക്കുന്നതിനിടയിൽ , കുഞ്ഞനുറുമ്പ് ആ മേശയുടെ അരികിലൂടെ താഴെയിറങ്ങി പുല്ലിനിടയിൽ അപ്രത്യക്ഷനായി.
"അവന് അവന്റെ വീട്ടിലേക്കുള്ള വഴി കണ്ടെത്താനാകും എന്നെനിയ്ക്ക് തോന്നുന്നില്ല" മേരി പറഞ്ഞു.
"അതൊക്കെ അവന് കണ്ടെത്തിക്കോളും. എല്ലാ ഉറുമ്പുകൾക്കും ഒരിക്കലും വഴി തെറ്റാതെ അവരുടെ കൂട്ടിലെത്താൻ കഴിയും. നിനക്കറിയാമോ. കഴിഞ്ഞ ദിവസം ഞാനൊരു കാഴ്ച കണ്ടു. ഇത് പോലൊരു കുഞ്ഞുറുമ്പ് എന്തോ ഒരു കഷണം ഭക്ഷണവുമായി പാഞ്ഞു പോകുകയായിരുന്നു. അതിനിടയിലാണ് ഒരു കിളിയുടെ കൊക്കില് നിന്നും ഒരു അത്തിപ്പഴം താഴെ ഈ ഉറുമ്പിന്റെ മേല് വീണത്. പാവം അതിനടിയില് പെട്ട് അനങ്ങാനാകാതെ വിഷമിച്ചു പോയി. അതിനിടയിലാണ് ആ വഴിയെത്തിയ മറ്റൊരുറുമ്പ് അതിനെ കണ്ടത്!"
"ആ ഉറുമ്പ് എന്താണ് ചെയ്തത്? അവന് കൂട്ടുകാരനെ രക്ഷിക്കാൻ പറ്റിയോ?" മേരി ചോദിച്ചു.
"അവൻ ആദ്യം ആ അത്തിപ്പഴം തള്ളിമാറ്റാൻ ശ്രമിച്ചു. പക്ഷേ അത് നല്ല ഭാരം ഉണ്ടായിരുന്നു. പിന്നെ അവൻ കൂട്ടുകാരന്റെ കാല് പിടിച്ച് വലിക്കാൻ തുടങ്ങി. ഞാൻ കരുതി അതിന്റെ കാൽ പൊട്ടിപ്പോകുമെന്ന്! പിന്നെ അവൻ തിരികെ ഓടിപ്പോയി. ക്ഷണനേരത്തില് അവൻ തന്റെ മൂന്നു കൂട്ടുകാരുമായി തിരികെയെത്തി."
"ശരിയ്ക്കും?" മേരിക്ക് അതത്ര വിശ്വസനീയമായി തോന്നിയില്ല
"ശരിക്കും! പിന്നെ കുറച്ച് നേരം അവർ നാലുപേരും എന്തോ കാര്യമായ ചര്ച്ചയിലായിരുന്നു. ഒരു പക്ഷേ അവർ ആ അപകടത്തെ പറ്റിയും തങ്ങളുടെ കൂട്ടുകാരനെ എങ്ങിനെ രക്ഷിക്കാം എന്നുമൊക്കെ ചർച്ച ചെയ്യുകയായിരുന്നിരിക്കാം, എന്തായാലും കുറച്ച് കഴിഞ്ഞു നാലാളും കൂടി ആ അത്തിപ്പഴം തള്ളി മറിച്ചിട്ടു കൂട്ടുകാരനെ രക്ഷിച്ചു. പിന്നെ അവർ പരസ്പരം കെട്ടിപ്പിടിച്ച് ആഘോഷിച്ചു."
"അത് വളരെ അത്ഭുതകരമായിരിക്കുന്നു. ഉറുമ്പുകൾ ഇങ്ങിനെ പരസ്പരം സഹായിക്കുമോ?"
"അതാണ് സത്യം. ഇപ്പോൾ തന്നെ നമ്മുടെ കുഞ്ഞനുറുമ്പ് തന്റെ കൂട്ടുകാരെ ഇവിടെ തേനുള്ള വിവരം അറിയിക്കാനാകും ഓടിയത്!"
"ഹെയ്! അതൊന്നുമാകില്ല. അച്ഛന് വെറുതെ തോന്നുന്നതാണ്"
"നീ കുറച്ച് നേരം കാത്ത് നിൽക്കൂ !" അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
അവർക്ക് അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. ഏതാനും നിമിഷത്തിനുള്ളിൽ കുഞ്ഞനുറുമ്പ് ഒരു കൂട്ടം ഉറുമ്പുകളുമായി അവിടെയെത്തി.
"കണ്ടില്ലേ? അവൻ വീട്ടിലെത്തി എല്ലാവരെയും തേൻ കണ്ട കാര്യം ധരിപ്പിച്ചു. ഇപ്പോൾ നിനക്കെന്ത് തോന്നുന്നു, എല്ലാ കുട്ടികളും നമ്മുടെ കുഞ്ഞനുറുമ്പിന്റെ പോലെ അനുകമ്പയുള്ളവരും ഉപകാരം ചെയ്യുന്നവരുമാണോ?"
"ഒരിക്കലുമല്ല! ഇപ്പോൾ ഞാൻ എവിടെയെങ്കിലും നല്ല മധുരമുള്ള വല്ല ഞാവൽ പഴമോ മറ്റോ കണ്ടാൽ, ഒരു പക്ഷേ എന്റെ കൂട്ടുകാരോട് പറയണമെന്നില്ല. അത് മുഴുവനും എനിക്ക് തിന്നാലോ എന്നെ ചിന്തിക്കൂ!" മേരി പറഞ്ഞു.
"അപ്പോൽ പിന്നെ ഇത്രയും അനുകമ്പയുള്ള ആ കുഞ്ഞൂറുമ്പിനെ നീ ഉപദ്രവിച്ചത് ശരിയാണോ?"
അച്ഛന്റെ ചോദ്യം കേട്ട മേരി ഒരു മടിയും കൂടാതെ പറഞ്ഞു.
"ഒരിക്കലും അല്ല! ഇനി ഞാൻ ഒരിക്കലും ആരെയും ദ്രോഹിക്കില്ല!"
"
0 Comments