മഹാസൂത്രക്കാരനാണ് കുട്ടിക്കുറുക്കന്‍. ഒരു ദിവസം അവന്‍ കാട്ടിലൂടെ ഇരയും തേടി നടക്കുകയായിരുന്നു.
"എന്‍റമ്മോ!" പെട്ടെന്നാണ് അവന്‍ ഉറക്കെ നിലവിളിച്ചത്. കാര്യം വേറൊന്നുമല്ല, കാലില്‍ ഒരു മുള്ള് തറച്ചതാണ്.
കുട്ടിക്കുറുക്കന്‍ വലിയ വായിലെ നിലവിളിച്ചു കൊണ്ട് നടന്നു. .ഒരു വിധത്തില്‍ നടന്ന് അവന്‍ റോഡിലെത്തി. അവിടെ ഒരു മരത്തണലില്‍ ഒരു അമ്മൂമ്മ ഇരിക്കുന്നത് കണ്ട് കുട്ടിക്കുറുക്കന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് ചോദിച്ചു.
"അമ്മൂമ്മേ, എന്നെ ഒന്നു സഹായിക്കാമോ? എന്‍റെ കാലില്‍ ഒരു മുള്ള് തറച്ചിരിക്കുന്നു. അതൊന്ന് എടുത്തു കളയാമോ?"
കുട്ടിക്കുറുക്കന്‍റെ ദയനീയമായ ചോദ്യം കേട്ട് പാവം തോന്നിയ അമ്മൂമ്മ വേഗം തന്നെ ആ മുള്ളെടുത്ത് ദൂരെ വലിച്ചെറിഞ്ഞു കളഞ്ഞു.
മുള്ളെടുത്ത് കളഞ്ഞതും കുട്ടിക്കുറുക്കന്‍റെ സ്വഭാവം മാറി.
"നിങ്ങളെന്തിനാണ് എന്‍റെ കാലില്‍ നിന്നെടുത്ത മുള്ള് വലിച്ചെറിഞ്ഞത്?"
“ആ മുള്ള് കൊണ്ട് എന്തു കാര്യമാണുഞത്.” അവര്‍ പറഞ്ഞു.
"എനിക്കത് കൊണ്ട് ഒരാത്യാവശ്യമുണ്ടായിരുന്നു. എന്‍റെ കാലിലെ മുള്ളെന്തിനാ എന്നോടു ചോദിക്കാതെ കളഞ്ഞത്?" കുട്ടിക്കുറുക്കന്‍ അതും ചോദിച്ച് ഉറക്കെ കരയാന്‍ തുടങ്ങി.
അമൂമ്മ എന്തു പറഞ്ഞിട്ടും കുട്ടിക്കുറുക്കന്‍ കൂട്ടാക്കിയില്ല.
"എന്‍റെ മുള്ള് തന്നില്ലെങ്കില്‍ നിങ്ങളെ ഞാന്‍ വിടില്ല!" അവന്‍ പറഞ്ഞു.
അമ്മൂമ്മ ശരിക്കും കുടുങ്ങിപ്പോയി. മുള്ള് ആ കാട്ടില്‍ എവിടെ നിന്നെടുത്ത് കൊടുക്കാന്‍?
"ശരി. നിനക്കു ഞാന്‍ വേറൊരു മുള്ളെടുത്ത് തരാം" അമ്മൂമ്മ പറഞ്ഞു.
"അതൊന്നും പറ്റില്ല. എനിക്കെന്‍റെ കാലില്‍ നിന്നെടുത്ത മുള്ള് തന്നെ വേണം!" കുട്ടിക്കുറുക്കന്‍ വാശി പിടിച്ചു.
“എന്നാല്‍ പിന്നെ മുള്ളിന് പകരം ഞാനൊരു മുട്ട തരാം.” അമ്മൂമ്മ പറഞ്ഞു.
അത് കുട്ടിക്കുറുക്കന്‍ സമ്മതിച്ചു. ആ മുട്ടയും വാങ്ങി അവന്‍ അടുത്തുള്ള ഗ്രാമത്തിലെത്തി. ആദ്യം കണ്ട ഒരു വീടിന്റെ വാതിലില്‍ മുട്ടി. പുറത്തിറങ്ങിവന്ന ഗൃഹനാഥനോട് അവന്‍ ചോദിച്ചു.
“പുറത്തു നല്ല തണുപ്പ്, ഇന്ന് രാത്രി ഞാനിവിടെ ഒന്നു കിടന്നോട്ടെ?” കുട്ടിക്കുരുക്കന്‍റെ നിഷ്കളങ്കതയോടെയുള്ള ചോദ്യം കേട്ട ഗൃഹനാഥന്‍ പാവം തോന്നി സമ്മതിച്ചു.
വീട്ടിന്നകത്ത് കടന്ന കുട്ടിക്കുറുക്കന്‍ ഗൃഹനാഥനോട് ചോദിച്ചു.
“എന്റെ കൈയിലെ മുട്ട ഞാഞാനെവിടെയാണ് വെക്കുക?”
ഗൃഹനാഥന്‍ അവനോടു മുട്ട ഒരു പാത്രത്തില്‍ വെച്ചു കൊള്ളാന്‍ പറഞ്ഞു.
എല്ലാവരും ഉറങ്ങാന്‍ കിടന്നു. വീട്ടിലെല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായതും കുട്ടിക്കുറുക്കന്‍ ആരും കാണാതെ മുട്ടയെടുത്തു കുടിച്ചു.
കുട്ടിക്കുറുക്കന്‍റെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉറക്കമുണര്‍ന്നത്.
“അയ്യോ എന്‍റെ മുട്ട, ആരോ എടുത്തു കൂടിച്ചു കളഞ്ഞു. എനിക്കെന്‍റെ മുട്ട വേണം."
ഗൃഹനാഥന്‍ അവന് വേറൊരു മുട്ട കൊടുത്തു.
"അയ്യോ.. എനിക്കെന്‍റെ മുട്ട തന്നെ വേണം. അതൊരു നല്ല മുട്ടയായിരുന്നു. എനിക്കത് തന്നെ വേണം." കുറുക്കന്‍ ശാഠ്യം പിടിച്ചു.
വീട്ടുകാര്‍ എന്തു ചെയ്യാനാണ്? ഒടുവില്‍ മുട്ടയ്ക്കു പകരം ഒരു കോഴിയെത്തന്നെ കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ് കുട്ടിക്കുറുക്കന്‍ കരച്ചില്‍ നിറുത്തിയത്!
അവിടെ നിന്നും കിട്ടിയ കോഴിയുമായി കൂട്ടിക്കുറുക്കന്‍ അന്നു വൈകുന്നേരം മറ്റൊരു ഗ്രാമത്തിലെത്തി. അവിടെയും ആദ്യം കണ്ട വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്നതിന് അനുമതി ചോദിച്ചു.
കുട്ടിക്കുറുക്കനെ കണ്ടാല്‍ ആര്‍ക്കും പാവം തോന്നുമല്ലോ? ആ വീട്ടുകാരി അവന് സമ്മതം നല്കി.
“ഈ കോഴിയെ ഞാന്‍ എവിടെ സൂക്ഷിക്കും?” ആ സ്ത്രിയോട് കുട്ടിക്കുറുക്കന്‍ ചോദിച്ചു. അവര്‍ തന്‍റെ ആട്ടിന്‍ കൂട്ടില്‍ കോഴിയെ സുക്ഷിക്കുന്നതിന് അനുവാദം നല്കി.
പിന്നെന്താണ് ഉണ്ടായതെന്നറിയാമല്ലോ? രാത്രിയില്‍ തന്ത്രത്തില്‍ പുറത്തിറങ്ങിയ കുറുക്കന്‍ കോഴിയെ അകത്താക്കി. പപ്പും പൂടയും കുറച്ചപ്പുറം കൊണ്ടിട്ടു.
പതിവ് പോലെ കുട്ടിക്കുറുക്കന്‍ അതിരാവിലെ ഉണര്‍ന്ന് ആ വീട്ടുകാരിയോട് പറഞ്ഞു.
"നിങ്ങള്‍ ചെയ്തു തന്ന് ഉപകാരത്തിന് വളരെ നന്ദിയുണ്ട്. ഇനി എന്‍റെ കോഴിയെ എടുത്തു തന്നാല്‍ എനിക്കു പോകാമായിരുന്നു."
ആ സ്ത്രീ ആട്ടിന്‍കൂട്ടില്‍ ചെന്നു നോക്കിയപ്പോള്‍ കോഴിയില്ല. അവര്‍ ചുറ്റും നോക്കിയപ്പോള്‍ കോഴിയുടെ പപ്പും പൂടയും കിടക്കുന്നതു കണ്ടു. അപ്പോഴേയ്ക്കും അവിടെയെത്തിയ കുട്ടിക്കുറുക്കന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി.
"അയ്യോ, എന്‍റെ കോഴിയെ ഇവരെല്ലാം പിടിച്ച് തിന്നേ..!"
എന്തിന് അധികം പറയുന്നു. അവിടെ നിന്നും ഒരാട്ടിന്‍ കുട്ടിയെ തരപ്പെടുത്തിയാണ് ആ സൂത്രക്കാരന്‍ മടങ്ങിയത്!
അടുത്ത ദിവസം മറ്റൊരു ഗ്രാമത്തിലെത്തിയ കുട്ടികുറുക്കന്‍ അവിടെയും ഒരു വീട്ടിലെത്തി തല ചായ്ക്കാന്‍ ഇടം തേടി. കുട്ടികുറുക്കന്‍ ആ വീട്ടുകാരനോട് തന്‍റെ ആട്ടിന്‍കുട്ടിയെ കിടത്താന്‍ ഉള്ള സ്ഥലം ചോദിച്ചു.
“ആട്ടിന്‍കുട്ടിയെ എന്‍റെ മകന്‍റെ കൂടെ അപ്പുറത്തെ മുറിയില്‍ കിടത്തികൊള്ളൂ." വീട്ടുകാരന്‍ പറഞ്ഞു.
കുട്ടിക്കുറുക്കനുണ്ടായ സന്തോഷത്തോടെ ആട്ടിന്‍കുട്ടിയെ ആ മുറിയില്‍ കിടത്തി. എല്ലാവരും ഉറങ്ങാന്‍ കിടന്നു. പാതിരയായതും, കുട്ടിക്കുറുക്കന്‍ ആരുമറിയാതെ മുറിയില്‍ കയറി അട്ടിന്‍കുട്ടിയെ ശാപ്പിട്ടു.
നേരം വെളുത്തതതും ഉണര്‍ന്നെണീറ്റ കുട്ടിക്കുറുക്കന്‍ തന്‍റെ സ്ഥിരം സൂത്രം പ്രയോഗിച്ചു. നഷ്ടപ്പെട്ട ആട്ടിന്‍കുട്ടിക്കു പകരം ഒരാടിനെ നൽകാമെന്നു പറഞ്ഞിട്ടും അവന്‍ വഴങ്ങിയില്ല.
“എനിക്കെന്‍റെ ആട്ടിന്‍കുട്ടിയെ തന്നെ വേണം! അതല്ലെങ്കില്‍ പിന്നെ നിങ്ങളുടെ മകനെ തന്നാല്‍ മതി" കുട്ടിക്കുറുക്കന്‍ തന്‍റെ ആവശ്യം ഉന്നയിച്ചു.
അത് വീട്ടുകാരന് സമ്മതമായില്ല. ആട്ടിന്‍കുട്ടിക്കു പകരമായി സ്വന്തം മകനെ കൊടുക്കാനോ?
എന്നാല്‍ ക്രൂരനായ കുട്ടിക്കുറുക്കന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.
"നിങ്ങളെല്ലാവരും കൂടി എന്‍റെ ആട്ടിന്‍കുട്ടിയെ കൊന്നതല്ലേ? പകരം നിങ്ങളുടെ മകനെ തന്നേ മതിയാകൂ!.” അവന്‍ വാശി പിടിച്ചു.
കുട്ടിക്കുറുക്കന്‍ ഒരു വിധത്തിലും സമ്മതിക്കില്ല എന്നു കണ്ടപ്പോള്‍ വീട്ടുകാരന്‍ ഒടുവില്‍ സമ്മതിച്ചു. അയാള്‍ പറഞ്ഞു.
“ശരി. നിനക്കു ഞാന്‍ എന്‍റെ മകനെ തന്നെ തന്നേക്കാം. നീ ഇവിടെ നില്‍കൂ. ഞാനവനെ ഒരു ചാക്കിലാക്കി ഇപ്പോള്‍ കൊണ്ട് വന്നു തരാം."
കുട്ടിക്കുറുക്കന്‍ കൊതിയോടെ തലയാട്ടി.
അല്‍പ്പസമയത്തിനുള്ളില്‍ വലിയൊരു ചാക്കു കെട്ടുമായി വീട്ടുകാരന്‍ തിരിച്ചെത്തി.
"ഇതാ നീ ആവശ്യപ്പെട്ട പോലെ എന്‍റെ മകനെ തന്നെ നിനക്കു ഞാന്‍ തരുന്നു. കൊണ്ട്പൊയ്ക്കൊള്ളൂ. പക്ഷേ ദുഷ്ടനായ നീ ഒന്നോര്‍ത്തോ. നിനക്കു തക്കതായ പ്രതിഫലം ഉടനെ കിട്ടും.”
കുട്ടിക്കുറുക്കന്‍ അതൊന്നും ചെവിക്കൊള്ളാതെ ആ ചാക്കുകെട്ടു തലയിലേറ്റി പുറപ്പെട്ടു ആരുമില്ലാത്ത ഒരിടത്തെത്തിയപ്പോള്‍ അവന്‍ ചാക്കുകെട്ടു താഴ്ത്തി വച്ച് അതഴിക്കാന്‍ തുടങ്ങി. കുട്ടിയെ ശാപ്പിടുന്ന കാര്യമോര്‍ത്ത ആ ആര്‍ത്തിക്കാരന്‍റെ വായില്‍ നിന്നും വെള്ളം വന്നു.
ചാക്ക് അഴിച്ചു തീര്‍ന്നില്ല, അതിനും മുന്പെ ചാക്കിനുള്ളില്‍ നിന്നും പുറത്തു കടന്ന നായ കൊടുത്തു അവനൊരുഗ്രന്‍ കടി!
""എന്‍റമ്മോ!" കുട്ടിക്കുറുക്കന്‍റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു. അവന്‍ ജീവനും കൊണ്ടോടി. പിന്നാലെ തന്നെ നായയും! എങ്ങിനെയൊക്കെയോ ഒരു വിധത്തിലാണ് കുട്ടിക്കുറുക്കന്‍ രക്ഷപ്പെട്ടത്! കയ്യും കാലുമൊക്കെ പൊട്ടി അവശനായാണ് അവന്‍ തന്‍റെ വീടെത്തിയത്!
എന്തായാലും അതോട് കൂടി കുട്ടിക്കുറുക്കന്‍ തന്‍റെ കുതന്ത്രമെല്ലാം നിറുത്തി മര്യാദക്കാരനായി.
അല്ലെങ്കിലും ചിലരങ്ങനെയാണ്. കിട്ടേണ്ടത് കിട്ടിയാലേ നന്നാകുകയുള്ളൂ!
5 Comments
Super
ReplyDeleteAmazing
ReplyDelete👍
ReplyDelete👍
ReplyDelete👍🏻
ReplyDelete