ചിലന്തി പഠിപ്പിച്ച പാഠം

എട്ടുകാലിയില്‍ നിന്നും വിജയം നേടാന്‍ തക്ക പാഠം പഠിച്ച സ്കോട്ട് രാജാവായ റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസിന്‍റെ കഥ ഒരു പാട് പറഞ്ഞു പഴകിയതാണ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി സ്കോട്ടിഷ് സ്വാതന്ത്ര്യം സ്ഥാപിച്ച രാജാക്കന്മാരിൽ ഒരാളാണ് റോബർട്ട് ബ്രൂസ്.



ഇംഗ്ലണ്ടിനോട് പട പൊരുതി വളരെ അനായാസം നേടിയതൊന്നുമല്ല ബ്രൂസിന്‍റെ വിജയം. പല തവണ യുദ്ധത്തില്‍ പരാജായപ്പെട്ട് നിരാശനായ ബ്രൂസിന്‍റെ കഥയിലാണ് ചിലന്തി (എട്ടുകാലി) രംഗപ്രവേശം ചെയ്യുന്നത്. വളരെയധികം പ്രചോദനപരമായ ആ കഥ വായിച്ചിട്ടില്ലെങ്കില്‍ ഇതാ, വായിച്ചോളൂ.

പല തവണ പരാജയപ്പെട്ട് നിരാശനായ ബ്രൂസ് പിടിച്ച് നില്‍ക്കാനാകാതെ ഒരിക്കല്‍ വനത്തിലേയ്ക്ക്ഒ ഒളിച്ചോടി ഒരു ഗുഹയില്‍ അഭയം തേടി. അദ്ദേഹത്തിന്റെ സൈന്യം തന്നെ ഇല്ലാതായി. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ദുഖിതനായി ആ ഗുഹയില്‍ ഇരിക്കെ, ഗുഹാമുഖത്ത് ഇര പിടിക്കാനായി വല കെട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിലന്തി (എട്ടുകാലി) അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പ്പെട്ടു. ഗുഹയുടെ ഒരു വശത്ത് നിന്നും മറ്റെ വശത്തേക്ക് ചാടി തന്റെ വല ഗുഹയുടെ ചുവരില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ ചെറിയ ചിലന്തി. എന്നാല്‍ ചുവരിലെത്താതെ അത് താഴെ വീണു. വീണ്ടും ആദ്യത്തെ ചുവരിലേക്ക് കയറി ചിലന്തി തന്‍റെ വല നൂലുമായി അടുത്ത ചുവരിലേക്ക് ചാടി. ഓരോ തവണയും ശ്രമം ഫലിക്കാതെ അത് താഴെ വീണു കൊണ്ടിരിന്നു. പരാജയം സമ്മതിക്കാതെ ചിലന്തി ശ്രമം തുടര്‍ന്നു. രാജാവ് കൌതുകത്തോടെ ആ കാഴ്ചയും നോക്കിയിരുന്നു. (അദ്ദേഹത്തിനും വേറെ പണിയൊന്നുമുണ്ടായിരുന്നില്ലല്ലോ?)

പ്രതീക്ഷ കൈവിടാതെ നിരവധി പ്രാവശ്യം തുടര്‍ച്ചയായി ശ്രമിച്ച ചിലന്തി ഒടുവില്‍ ലക്ഷ്യം കണ്ടു. അടുത്ത ചുവരില്‍ വലയുറപ്പിച്ച് അത് തന്‍റെ വല അനായാസം കെട്ടുന്നത് നോക്കിയിരുന്ന ബ്രൂസ് രാജാവിന് ആ കാഴ്ക ഒരു പ്രത്യേക കരുത്ത് നല്കി. വര്‍ധിച്ച വീര്യത്തോടെ ഒരു പുതിയ ഉണര്‍വോടെ അദ്ദേഹം ചാടിയെഴുന്നേറ്റ് പുറപ്പെട്ടു. സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാല്‍ ഒടുവില്‍ ലക്ഷ്യം കാണാനാവുമെന്ന് ചിലന്തിയില്‍ നിന്നും അദ്ദേഹം പഠിച്ചു കഴിഞ്ഞിരുന്നു.

ചിതറിപ്പോയിരുന്ന തന്‍റെ സൈന്യത്തിലെ ഓരോ സൈനികനെയും തിരഞ്ഞു പിടിച്ചു ബ്രൂസ് തന്‍റെ സൈന്യം പുനസ്സംഘടിപ്പിച്ചു. എട്ടുകാലിയില്‍ നിന്നും താന്‍ പഠിച്ച പാഠം തന്‍റെ സൈനികര്‍ക്ക് പകര്‍ന്നു കൊടുത്ത ബ്രൂസ് തുടര്‍ന്നു നടന്ന യുദ്ധത്തില്‍ ഇംഗ്ലണ്ടിനെ തോല്പ്പിച്ചു വിജയം കരസ്ഥമാക്കി.


Post a Comment

0 Comments