കുറുമ്പന്‍ ആനക്കുട്ടന്‍ പാഠം പഠിച്ചു!

ഒരിടത്തൊരു കാട്ടില്‍ കുറുമ്പനായ ഒരു ആനക്കുട്ടന്‍ ഉണ്ടായിരുന്നു. മറ്റ് ചെറിയ മൃഗങ്ങളെ ഒരാവശ്യവുമില്ലാതെ അവന്‍ ഉപദ്രവിക്കും. അങ്ങിനെയിരിക്കെ ഒരു ദിവസം കാട്ടില്‍ കളിച്ചു നടക്കേ ഒരു വലിയ മരക്കൊമ്പില്‍ അവന്‍ ഒരു കുരുവിയുടെ കൂട് കണ്ടു. ഉടനെ തന്നെ അവന്‍ ആ മരച്ചില്ല തുമ്പിക്കൈ കൊണ്ട് പിടിച്ച് കുലുക്കാന്‍ തുടങ്ങി. ആ കൂട്ടില്‍ കുറെ മുട്ടകളുണ്ടായിരുന്നു. പാവം അമ്മക്കുരുവി! അവള്‍ വേഗം പറന്നു ചെന്നു ആനക്കുട്ടനോട് പറഞ്ഞു.

"ആനക്കുട്ടാ! ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കല്ലേ! എന്‍റെ മുട്ടകള്‍ താഴെ വീണുടഞ്ഞു പോകും"

ആനക്കുട്ടനുണ്ടോ കുരുവിയുടെ കരച്ചില്‍ കേള്‍ക്കുന്നു. അവന്‍ കൂടുതല്‍ ശക്തിയോടെ മരച്ചില്ല കുലുക്കി. കുരുവിയുടെ മുട്ടകള്‍ ഓരോന്നായി താഴെ വീണുടഞ്ഞു. പാവം അമ്മക്കുരുവി കരഞ്ഞു തളര്‍ന്ന് അവിടെ ഇരുന്നു. അവള്‍ ആനക്കുട്ടനോട് ഉറക്കെ വിളിച്ച് പറഞ്ഞു.

"നിന്നെ ഞാന്‍ വെറുതെ വിടില്ലെടാ ദുഷ്ടാ!"

"ഇത്തിരിപ്പോന്ന നീ എന്നെ എന്തു ചെയ്യാനാണ്?" ആനക്കുട്ടന്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു. എന്നിട്ട് അവിടെ നിന്നും എങ്ങോട്ടോ പോയി.

ഇതെല്ലാം കണ്ടു കൊണ്ട് ആ മരത്തില്‍ കൂട് കൂട്ടിയിരുന്ന ഒരു കടന്നല്‍ കുരുവിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 

അമ്മക്കുരുവി ആ കടന്നലിനോട് ചോദിച്ചു. "ദുഷ്ടനായ ആ ആനക്കുട്ടനോട് പകരം വീട്ടാന്‍ എന്നെ സഹായിക്കാമോ?"

"ഞാനെന്തു ചെയ്യാനാണ്?" കടന്നല്‍ ചോദിച്ചു.

"എനിക്കൊരുപായം തോന്നുന്നുണ്ട്. ഞാന്‍ പറയാം. അതിനു മുമ്പ് നമുക്ക് ഒരാളുടെ സഹായം കൂടി ആവശ്യമുണ്ട്." കുരുവി പറഞ്ഞു

എന്നിട്ടവള്‍ അടുത്ത കുളത്തില്‍ താമസിക്കുന്ന തവളച്ചേട്ടനെ പോയി കണ്ടു സഹായം അഭ്യര്‍ത്ഥിച്ചു. തവളച്ചേട്ടന്‍ വേഗം തന്നെ കുരുവിയെ സഹായിക്കാമെന്നേറ്റു.

അങ്ങിനെ അമ്മക്കുരുവി തന്റെ കടന്നല്‍ കൂട്ടുകാരെയും കൂട്ടി ആനക്കുട്ടന്‍ കളിക്കുന്ന സ്ഥലത്തെത്തി. അവിടെ എത്തിയതും കടന്നല്‍ കൂട്ടം തങ്ങളുടെ പണി തുടങ്ങി. അവര്‍ ആനക്കുട്ടന്റെ കൂട്ടത്തോടെ ആക്രമിച്ചു. തലയിലും കണ്ണിലും കുത്തേറ്റ് കണ്ണു കാണാന്‍ പോലും വയ്യാതെ ആനക്കുട്ടന്‍ പരക്കം പാഞ്ഞു. അപ്പോഴാണ് ദൂരെ തവളച്ചേട്ടന്റെ കരച്ചില്‍ കേള്‍ക്കുന്നത്. ആനക്കുട്ടന്‍ വേഗം ആ ഭാഗത്തേയ്ക്ക് പാഞ്ഞു. തവള കരയുന്നിടത്ത് കുളമോ നദിയോ ഉണ്ടാകുമല്ലോ! വെള്ളത്തില്‍ ചാടിയാല്‍ കടന്നല്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ!

തവളയുടെ കരച്ചില്‍ കേട്ട സ്ഥലത്ത് പാഞ്ഞെത്തിയ ആനക്കുട്ടന്‍ അടി തെറ്റി വീണത് ഒരു കൊക്കയിലേക്കായിരുന്നു. അമ്മക്കുരുവി പറഞ്ഞതനുസരിച്ച് ഒരു കൊക്കയുടെ വശത്തിരുന്നായിരുന്നു തവളച്ചേട്ടന്‍ കരഞ്ഞത്!

കുറെ നേരം കഴിഞ്ഞ് മറ്റാനകള്‍ വന്നു ആനക്കുട്ടനെ കൊക്കയില്‍ നിന്നും രക്ഷിച്ചു. വീഴ്ചയില്‍ നല്ല പരിക്ക് പറ്റിയ ആനക്കുട്ടന്‍ അതോട് കൂടി ഒരു പാഠം പഠിച്ചു. പിന്നെ അവന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല


കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments