ചെന്നായ വൈദ്യന്‍! Chennaaya Vaidyan

 വിശന്നു വലഞ്ഞ  ചെന്നായ ഇര തേടി അലയുകയായിരുന്നു. കുറെ നടന്നിട്ടും ഒന്നും കിട്ടാതെ നിരാശനായിരിക്കുമ്പോഴാണ് അവന്‍ ആ കാഴ്ച കണ്ടത്, ഒരു കുതിരക്കൂട്ടം! പുല്ല് തിന്നു കൊണ്ടിരിക്കുന്ന കുതിരകളെ കണ്ടപ്പോള്‍ അവന്‍റെ വായില്‍ വെള്ളമൂറി. കൂട്ടത്തിലെ ചെറുകുതിരകളില്‍ ഒന്നിനെ കിട്ടിയാല്‍ ഇന്നത്തെ കാര്യം കുശാലായി.


പക്ഷേ, എളുപ്പമൊന്നുമല്ല കുതിരയെ പിടിക്കാന്‍. അവരുടെ ഒപ്പം ഓടിയെത്താനൊന്നും ചെന്നായയ്ക്കാകില്ല. അവനൊരു സൂത്രം തോന്നി.

അവന്‍ നേരെ കുതിരകൂട്ടത്തിനടുത്തേയ്ക്ക് ചെന്നു. തങ്ങളുടെ നേരെ നടന്നടുക്കുന്ന ചെന്നായയെ കണ്ട് കുതിരകള്‍ അത്ഭുതത്തോടെ നോക്കി.

ചെന്നായ അവരോടു പറഞ്ഞു.

"ഞാന്‍ ഒരു വൈദ്യനാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആ കാണുന്ന കുതിരക്കുട്ടിക്ക് കാലില്‍ മുടന്തുണ്ട്. ഞാന്‍ അവന്‍റെ മുടന്ത് ശരിയാക്കിത്തരാം."

കാല്‍ കാണിക്കാന്‍ തിരിഞ്ഞു നില്‍ക്കുമ്പോള്‍ ചാടി വീണ് കുതിരക്കുട്ടിയെ ആക്രമിക്കാനായിരുന്നു ചെന്നായയുടെ തന്ത്രം.

"ഓഹോ! താങ്കള്‍ ഒരു വൈദ്യനാണല്ലേ? ഞാന്‍ ഒരു വൈദ്യനെ കാണാനിരിക്കുകയായിരുന്നു. എന്‍റെ പിന്‍കാലില്‍ ഒരു മുറിവുണ്ട്!" കൂട്ടത്തിലെ ഒരു കുതിര പറഞ്ഞു.

"അതിനെന്താ, ഞാന്‍ ശരിയാക്കിത്തരാം. കൂട്ടത്തില്‍ നിന്നും ഇങ്ങോട്ട് മാറി നിന്നോളൂ" വലിയ കുതിരയാണെങ്കിലും തനിക്ക് അടിച്ചു വീഴ്ത്താമല്ലോ എന്ന് കരുതി ചെന്നായ പറഞ്ഞു.

കുതിര മാറി നിന്ന് തന്‍റെ ഇടത്തെ പിന്‍കാല്‍ ഉയര്‍ത്തി. ചെന്നായ അതിലെ മുറിവ് നോക്കുന്നതായി അഭിനയിച്ചു കൊണ്ട് കുതിര്യയുടെ പിന്നിലെത്തി.

കുതിര പെട്ടെന്ന് ഒന്ന് ഉയര്‍ന്ന് ചാടി തന്‍റെ കാല് കൊണ്ട് കൊടുത്ത് ഊക്കനൊരു തൊഴി. മൂന്നുനാലു മലക്കം മറിഞ്ഞ് ഏതാനും വാര അകാലത്തേയ്ക്ക് തെറിച്ചു വീണ ചെന്നായയ്ക്ക് ഒന്നെണീച്ച് നില്ക്കാന്‍ തന്നെ കുറെ സമയമെടുത്തു. പിന്നീടൊരിക്കലും കുതിരയെ തിണണമെന്ന് സ്വപ്നത്തില്‍ പോലും അവന്‍ ചിന്തിച്ചിട്ടെയില്ല!


Post a Comment

0 Comments