യഥാര്‍ത്ഥ കൂട്ടുകാരന്‍!


ഒരിടത്ത് ഒരു കാട്ടില്‍ മിട്ടു എന്നു പേരുള്ള ഒരു മുയല്‍ താമസിച്ചിരുന്നു. ആ വനത്തില്‍ തനിക്ക് ഒരു പാട് കൂട്ടുകാരുണ്ട് എന്ന്‍ മിട്ടു മുയല്‍ എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു. മറ്റ്മാ മുയലുകളെ കൂടാതെ, മാനും, കരടിയും, കുരങ്ങനും, ആനയും, ആടും, മയിലും അങ്ങിനെ ഒട്ടു മിക്ക മൃഗങ്ങളും അവന്‍റെ ചങ്ങാതിമാര്‍ ആയിരുന്നു. .ഇത്രയധികം കൂട്ടുകാരുള്ള താന്‍ വലിയ ഭാഗ്യവാനാണ് എന്നു തന്നെ മിട്ടു മുയല്‍ കരുതി. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം എന്ന്‍ അവന്‍റെ കൂട്ടുകാരനായ ടുട്ടു അവനെ എന്നും ഓര്‍മ്മിപ്പിക്കും.

അങ്ങിനെയിരിക്കെ ഒരു ദിവസം  കാട്ടില്‍ കുറെ വേട്ടപ്പട്ടികള്‍ എത്തി. വേട്ടപ്പട്ടികള്‍ മിട്ടു മുയലിനെ കണ്ടതും അവന് നേരെ കുതിച്ചെത്തി. പാവം മിട്ടു. അവന്‍ ശരിക്കും ഭയന്ന് പോയി. അവന്‍ നേരെ തന്‍റെ കൂട്ടുകാരനായ മാനിന്‍റെ അടുത്തേക്കോടിയെത്തി.

"ചങ്ങാതീ, കുറെ വേട്ടപ്പട്ടികള്‍ എന്‍റെ പിന്നാലെയുണ്ട്. നിനക്കു നിന്‍റെ വലിയ കൊമ്പുകള്‍ കൊണ്ട് അവരെ വിരട്ടിയോടിക്കാന്‍ കഴിയില്ലേ? എന്നെ അവരില്‍ നിന്നു രക്ഷിക്കാന്‍ നിനക്കേ കഴിയൂ!." മിട്ടു പറഞ്ഞു

"അത് ശരിയാണ്. എന്‍റെ കൊമ്പുകള്‍ കൊണ്ട് എനിക്കവരെ തുരത്താന്‍ കഴിയും. പക്ഷേ, ഇപ്പോള്‍ ഞാന്‍ കുറച്ചു തിരക്കിലാണ്. നീ നമ്മുടെ കരടിച്ചേട്ടനോട് പറഞ്ഞു നോക്കൂ!" മാന്‍ പറഞ്ഞു.

മിട്ടു വേഗം കരറ്റിച്ചേട്ടന്റെ അടുത്തേക്കോടി.
"കരടിച്ചേട്ടാ, എന്നെ രക്ഷിക്കൂ. കുറെ വേട്ടപ്പട്ടികള്‍ എന്നെ പിടിക്കാന്‍ വരുന്നുണ്ട്. അവരെ ചേട്ടന് മാത്രമേ പേടിപ്പിച്ചോടിക്കാന്‍ പറ്റൂ."

"എനിക്കു അപ്പുറത്തെ കാട്ടില്‍ നിന്നും തേന്‍ എടുക്കാന്‍ പോകണം. തീരെ സമയമില്ല. നീ നമ്മുടെ ആനയോട് പറയൂ. അവന്‍ വലിയ കരുത്തനാണല്ലോ! മാത്രമല്ല നിന്‍റെ സുഹൃത്തുമല്ലേ?" കരടി ഒഴിഞ്ഞു മാറി.

പാവം മിട്ടു. അവന്‍ ആനച്ചേട്ടന്‍റെ അടുത്തെത്തി സഹായം തേടി. ആന ഒരു കരിമ്പിന്‍ തോട്ടത്തിനടുത്തായിരുന്നു.

"എനിക്ക് നല്ല വിശപ്പുണ്ട്. ഈ കരിമ്പ് പെട്ടെന്നു തിന്നില്ലെങ്കില്‍ ഇപ്പോള്‍ കാവല്‍ക്കാര്‍ വരും. പിന്നെ ഒന്നും കിട്ടില്ല. നീ വേറെയാരെയെങ്കിലും കണ്ടു സഹായം ചോദിക്കൂ." ആനച്ചേട്ടന്‍ പറഞ്ഞു.

പിന്നീട് മിട്ടു കുരങ്ങന്‍റെയും, മയിലിന്‍റെയും, ആടിന്‍റെയും മറ്റും അടുത്തെത്തി സഹായം തേടി. പക്ഷേ അവരെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി.

വേട്ടപ്പട്ടികള്‍ ഇതിനിടയില്‍ മീട്ടുവിന്‍റെ അടുത്തെത്താറായിരുന്നു. അവന്‍ പേടിയോടെ മുന്നോട്ടോടി. പെട്ടെന്നു ചെടികള്‍ക്കിടയില്‍ നിന്നും ആരോ അവനെ പിടിച്ച് വലിച്ചു. പിന്നോട്ട് വീണ മിട്ടു ഒരു ഒരു ചെറിയ മാളത്തിലാണ് ചെന്നു വീണത്. അതിനുള്ളില്‍ അവന്‍റെ കൂട്ടുകാരന്‍ ടുട്ടു മുയല്‍ ഉണ്ടായിരുന്നു. പേടിച്ച് വിറക്കുന്ന മിട്ടുവിനെ നോക്കി ടുട്ടു പറഞ്ഞു.

"ഇനി പേടിക്കേണ്ട. നിന്നെ അവര്‍ക്കിനി പിടിക്കാന്‍ പറ്റില്ല. ഇപ്പോള്‍ നിനക്ക് മനസ്സിലായില്ലേ, കുറെ ചങ്ങാതിമാര്‍ ഉണ്ടായിട്ട് കാര്യമില്ല, ആപത്തില്‍ സഹായിക്കുന്ന നല്ല ചങ്ങാതിമാരെയാണ് വേണ്ടതെന്ന്!"

മിട്ടു മുയലിന് കാര്യം എപ്പോഴേ മനസ്സിലായികഴിഞ്ഞിരുന്നു. ദൂരെ ഓടിമറയുന്ന വേട്ടപ്പട്ടികളെ നോക്കി ആശ്വാസത്തോടെ അവന്‍ അതെയെന്ന് തലയാട്ടി.

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments