ഒരിയ്ക്കല്‍ ഒരിടത്ത് ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. രണ്ടാളും നല്ല സ്നേഹത്തിലാണ് കേട്ടോ ജീവിച്ചിരുന്നത്. അപ്പൂപ്പന്‍ എല്ലാ ദിവസവും രാവിലെ തന്നെ ഭിക്ഷ തെണ്ടാനിറങ്ങും. ഉച്ചയാകുമ്പോഴേയ്ക്കും തിരികെയെത്തും. അന്നത്തെ ഭക്ഷണത്തിനുള്ള വക എങ്ങിനെയെങ്കിലും അപ്പൂപ്പന്‍ ഒപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് രണ്ടാളും പട്ടിണിയൊന്നുമില്ലാതെ സുഖമായി തന്നെ കഴിഞ്ഞു വന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അപ്പൂപ്പന്‍ ഭിക്ഷാടനം കഴിഞ്ഞ് വന്നത് കുറച്ച് അരിപ്പൊടിയുമായിട്ടാണ്. അപ്പൂപ്പന്‍ അമ്മൂമ്മയുടെ കയ്യില്‍ ആ അരിപ്പൊടി കൊടുത്തിട്ട് പറഞ്ഞു.
"കാലം കുറെയായില്ലേ നമ്മള്‍ നല്ല അപ്പമുണ്ടാക്കി കഴിച്ചിട്ട്. നീ ഇത് കൊണ്ട് വേഗം കുറച്ച് അപ്പം ചുടൂ!"
അമ്മൂമ്മ വേഗം അപ്പം ചൂടാനൊരുങ്ങി. താമസിയാതെ തന്നെ അപ്പം തയ്യാറായി. കുറെ നേരമായി അപ്പത്തിനായി കാത്തു നില്‍ക്കുകയായിരുന്ന അപ്പൂപ്പന്‍ അപ്പം തിന്നാന്‍ തയ്യാറായി വേഗം അടുക്കളയിലെത്തി. അമ്മൂമ്മ മൂന്നപ്പമാണ് ആകെ ചുട്ടിരിക്കുന്നത്! അപ്പൂപ്പന്‍ വേഗം തന്നെ അതില്‍ നിന്നും രണ്ടെണ്ണമെടുത്ത് ഒരു പാത്രത്തിലെയ്ക്കിട്ടു. അത് കണ്ടതും അമ്മൂമ്മ പാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു.
"അല്ലാ, ഇത് കൊള്ളാമല്ലോ? രണ്ടപ്പവും നിങ്ങള്‍ തന്നെ കഴിക്കാന്‍ പോകുകയാണോ? ഞാനല്ലേ അപ്പം ചുട്ടത്? അപ്പോള്‍ എനിക്കല്ലേ രണ്ടെണ്ണം വേണ്ടത്?"
"അതെങ്ങിനെ ശരിയാകും. ഞാന്‍ കഷ്ടപ്പെട്ട് നാട് നീളെ തെണ്ടി നടന്നല്ലേ അരിപ്പൊടി കൊണ്ട് വന്ന് തന്നത്. അപ്പോള്‍ പിന്നെ എനിക്കല്ലേ രണ്ടപ്പം കിട്ടേണ്ടത്?" അപ്പൂപ്പന്‍ വാദിച്ചു.
അമ്മൂമ്മയുണ്ടോ വിട്ടു കൊടുക്കുന്നു. പിന്നെയൊന്നും പറയേണ്ട, രണ്ടാളും നല്ല തര്‍ക്കമായി. അതോടെ മുട്ടന്‍ വഴക്കായി. രാത്രിയാകും വരെ നീണ്ടു അവരുടെ വഴക്ക്! രാത്രിയായപ്പോള്‍ കഴിഞ്ഞു എന്നാണോ കരുതിയത്? എവിടെ കഴിയാന്‍? അതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരുന്നു.
ഒടുക്കം രണ്ടുപേര്‍ക്കും ഉറക്കം വന്നു തുടങ്ങി. അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു.
"നമുക്ക് ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ നമുക്ക് കിടന്നുറങ്ങാം. രാവിലെ ആരാണോ അവസാനം എഴുന്നേല്‍ക്കുന്നത് അയാള്‍ക്ക് രണ്ടപ്പം കഴിക്കാം.."
അമ്മൂമ്മയും അതിന് സമ്മതിച്ചു. അങ്ങിനെ മൂന്നപ്പവും ഒരു പാത്രത്തില്‍ മൂടി വെച്ച് രണ്ടുപേരും ഉറങ്ങാന്‍ കിടന്നു.
നേരം വെളുത്തു. അപ്പൂപ്പനും അമ്മൂമ്മയും വാശിയോടെ കിടപ്പാണ്. ഇടക്ക് ഒരാള്‍ കണ്ണ് തുറന്നു നോക്കും. മറ്റെയാള്‍ എഴുന്നേറ്റിട്ടില്ലെന്ന് കണ്ടു വീണ്ടും കണ്ണടച്ച് കിടക്കും. നേരത്തെ എണീറ്റാല്‍ ഒരപ്പമല്ലേ കിട്ടൂ! അത് കൊണ്ട് രണ്ടുപേരും ഉറക്കം നടിച്ച് കിടന്നു.
അങ്ങിനെ അവര്‍ രണ്ടു ദിവസം എഴുന്നേല്‍ക്കാതെ കിടന്നു. രണ്ടു ദിവസമായിട്ടും അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും അനക്കമൊന്നും കാണാതെ അയല്‍പ്പക്കത്തുള്ളവര്‍ ആകെ ആശ്ചര്യത്തിലായി. മൂന്നാം ദിവസമായപ്പോള്‍ അവരിലൊരാള്‍ വീട്ടിലെത്തി ജനലിലൂടെ എത്തിനോക്കി. അതാ കിടക്കുന്നു അപ്പൂപ്പനും അമ്മൂമ്മയും നിലത്തു പായയില്‍! ഒരനക്കവുമില്ല രണ്ടുപേര്‍ക്കും! അതോടെ അയല്‍വാസി മറ്റുള്ളവരെയെല്ലാം വിളിച്ചുകൂട്ടി. അപ്പൂപ്പനും അമ്മൂമ്മയും മരിച്കുവെന്നുറപ്പിച്ച നാട്ടുകാര്‍ അവരുടെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നാട്ടുകാര്‍ അവരെ കോടിയൊക്കെ പുതപ്പിച്ച് തയ്യാറാക്കി. എന്നിട്ടും അപ്പൂപ്പനും അമ്മൂമ്മയും അനങ്ങിയത് പോലുമില്ല.
അങ്ങിനെ അപ്പൂപ്പനെയും അമ്മൂമ്മയെയും ദഹിപ്പിക്കാനുള്ള ചിതയൊരുങ്ങി. ഒരാള്‍ വിളിച്ച് പറഞ്ഞു.
"എന്നാല്‍ പിന്നെ മൃതശരീരങ്ങള്‍ എടുത്തോളൂ!"
അതോടെ നാലുപേര്‍ അപ്പൂപ്പനെയും അമ്മൂമ്മയെയും എടുക്കാനായി അരികിലെത്തി. ഇനി താമസിച്ചാല്‍ ജീവന്‍ പോയത് തന്നെ എന്നു മനസ്സിലായ അപ്പൂപ്പന്‍ പെട്ടെന്ന് ചാടിയെണീറ്റ് അലറി വിളിച്ചു.
"ഞാന്‍ മരിച്ചിട്ടൊന്നുമില്ലേ............"
പെട്ടെന്ന് തന്നെ അമ്മൂമ്മയും ചാടിയെണീറ്റ് വിളിച്ചു പറഞ്ഞു.
"ഞാനും...! ഞാന്‍ ജയിച്ചേ......."
ശവമെടുക്കാന്‍ വന്നവര്‍ പേടിച്ച് നാലുപാടും ഓടി.
മറ്റുള്ളവര്‍ കഥയറിയാതെ അമ്പരന്നു നിന്നു. അവര്‍ കാര്യം എന്താണെന്ന് അന്വേഷിച്ചു. അപ്പൂപ്പന്‍ വളരെ വിഷമത്തോടെ താന്‍ മത്സരത്തില്‍ പരാജയപ്പെട്ട കഥ പറഞ്ഞു തുടങ്ങി. അതിനിടയില്‍ അമ്മൂമ്മ അപ്പപാത്രം തുറന്ന് അപ്പം എടുക്കാനൊരുങ്ങി. എന്നാല്‍ മൂന്നുദിവസമായില്ലേ അപ്പം മൂടിവെച്ചിട്ട്? അതിന്റെ ചില തരികള്‍ മാത്രമേ പാത്രത്തിലുണ്ടായിരുന്നുള്ളൂ! ബാക്കിയെല്ലാം ഉറുമ്പുകള്‍ തിന്നു തീര്‍ത്തിരുന്നു.
അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും അപ്പക്കൊതിക്കഥ കേട്ട നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!


0 Comments