സൂത്രശാലിയായ കുറുക്കന്‍


ഒരിക്കല്‍ ഒരു കുറുക്കന്‍ ആഹാരം തേടി നടക്കുകയായിരുന്നു. കഷ്ടകാലത്തിന് ഒരു ചെറിയ മൃഗം പോലും അവന് ഇരയായി കിട്ടിയില്ല. വിശന്നു വലഞ്ഞ കുറുക്കന്‍ എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നു കരുതി കൂടുതല്‍ ദൂരത്തേക്ക് നടന്നു.

അങ്ങിനെ നടക്കുമ്പോഴാണ് ദൂരെ ഒരു ആന ചത്തു കിടക്കുന്നത് അവന് കാണുന്നത്. കുറുക്കന് സന്തോഷമായി. കുറെ നാളത്തേക്ക് കുശാലായി. കുറുക്കന് വേഗം ആനയുടെ ശരീരം കടിച്ചു മുറിച്ച് തിന്നാന്‍ ശ്രമിച്ചു. അപ്പോഴാണ് കുറുക്കന് പ്രശ്നം മനസ്സിലായത്. ആനയുടെ കട്ടിയുള്ള തോല്‍ കടിച്ചു മുറിക്കാനുള്ള ശക്തി തനിക്കില്ലല്ലോ! ഇനി എന്തു ചെയ്യും? കുറുക്കന് വിശന്നിട്ടാണെങ്കില്‍ ഒരു രക്ഷയുമില്ല.

അപ്പോഴാണ് അത് വഴി ഒരു കടുവച്ചാര്‍ കടന്നു പോകുന്നത് കുറുക്കന്‍ കണ്ടത്. അവനോടി കടുവച്ചാരുടെ അടുത്തെത്തി. 

"കടുവച്ചേട്ടാ! എനിക്കൊരുപകാരം ചെയ്തു തരാമോ? ഈ ആനയുടെ ഇറച്ചി ഒന്നു കടിച്ചു മുറിച്ച് തരാമോ? ചേട്ടനും ആനയിറച്ചി കഴിക്കാലോ?"

കുറുക്കന്‍റെ ചോദ്യം കടുവച്ചാര്‍ക്ക് അത്ര പിടിച്ചില്ല. കടുവച്ചാര്‍ മുരണ്ടുകൊണ്ട് പറഞ്ഞു.

"ഗര്‍ര്‍...ങഹും..വേഗം സ്ഥലം വിട്ടോ. എനിക്കു വേണ്ട ഭക്ഷണം ഞാന്‍ വേട്ടയാടിപ്പിടിക്കും. നിന്‍റെ ഔദാര്യമൊന്നും എനിക്കു വേണ്ട. ഇനി ഇവിടെ നിന്നാല്‍ ഞാന്‍ കടിച്ചുകീറുന്നത് നിന്നെയായിരിക്കും"

പാവം കുറുക്കന്‍ തിരികെയോടി.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സിംഹം അത് വഴി വന്നു. കുറുക്കന്‍ യാതൊരു മടിയും കൂടാതെ സിംഹത്തോടും സഹായം ചോദിച്ചു. കുറുക്കന്‍റെ അഭ്യര്‍ത്ഥന കേട്ട സിംഹം ഗര്‍ജിച്ചു. 

"ഗര്‍ര്‍…നീനക്കിത്ര ധൈര്യമോ? മൃഗരാജാവായ എന്നോട് നിനക്കുള്ള ഭക്ഷണം ശരിയാക്കി തരാന്‍ പറയാന്‍?"

സിംഹത്തിന്‍റെ  ദേഷ്യം കണ്ട കുറുക്കന്‍ ഭയന്നോടി.

അങ്ങനെ ഒരു നിവൃത്തിയുമില്ലാതെ കുറുക്കന്‍ ഇരിക്കുമ്പോഴാണ് ഒരു പുലി അതിലെ വന്നത്. പുലിയെ കണ്ടതും കുറുക്കന്‍ വിചാരിച്ചു.

"ഇത് അവസാന അവസരമാണ്. ഈ പുലിയെകൊണ്ട് എങ്ങനെയെങ്കിലും കാര്യം സാധിക്കണം. ഒരു സൂത്രം പ്രയോഗിക്കാം"

കുറുക്കന്‍ പുലിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു രഹസ്യം പറയുന്നതുപോലെ പതുക്കെ പറഞ്ഞു.

"പുലിച്ചേട്ടാ! ഇത് കണ്ടോ. സിംഹരാജന്‍ കൊന്നിട്ടതാണ് ഈ ആനയെ. എന്നെ കാവലേല്‍പ്പിച്ചതാണ്. സിംഹരാജന്‍ കുളിച്ചു വരുമ്പോഴേക്ക് കുറെ നേരമാകും. അതിനിടയില്‍ ചേട്ടന് വേണമെങ്കില്‍ കുറച്ചു കഴിച്ചോളൂ"

സിംഹമെന്ന് കേട്ടതും പുലി ഒന്നു മടിച്ചു. അവന്‍ ചോദിച്ചു.

"സിംഹമെങ്ങാന്‍ വന്നു കണ്ടാല്‍ കുഴപ്പമാകില്ലേ?"

"അതിനെന്താ. സിംഹരാജന്‍ അകലെ നിന്ന് വരുന്നത് കാണുമ്പോഴേ ഞാന്‍ പറയാം. അപ്പോള്‍ ചേട്ടന് ഓടി രക്ഷപ്പെടാമല്ലോ? പുലിച്ചേട്ടനായത് കൊണ്ടാണ് ഞാനിതു സമ്മതിക്കുന്നത്" കുറുക്കന്‍ പറഞ്ഞു

അതോടെ പുലിക്കും ധൈര്യമായി. അവന്‍ വേഗം തന്‍റെ മൂര്‍ച്ചയേറിയ പല്ലുകള്‍ കൊണ്ട് ആനയുടെ തോല്‍ കടിച്ചു പൊട്ടിച്ച് പതിയെ തീറ്റ തുടങ്ങി. തനിക്ക് ആവശ്യമുള്ളത്ര തോല്‍ മുറിഞ്ഞതും, കുറുക്കന്‍ ഉറക്കെ വിളിച്ച് പറഞ്ഞു.

"പുലിച്ചേട്ടാ! ഓടിക്കോ! സിംഹരാജന്‍ വരുന്നുണ്ട്"

കേട്ടപാതി കേള്‍ക്കാത്തപാതി പുലി ജീവനും കൊണ്ടോടി. 

പുലി സ്ഥലം വിട്ടതും കുറുക്കന്‍ ആനയുടെ മാംസം ആവശ്യം പോലെ ഭക്ഷിക്കാന്‍ തുടങ്ങി. കുറച്ചു ദിവസത്തേക്ക് കുറുക്കന് ഭക്ഷണം തേടി അലയേണ്ട ആവശ്യമേ വന്നില്ല


കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments