ഒരിയ്ക്കല്‍ ഒരിടത്ത് രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. ഒരു ദിവസം അവർ ഒരുത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, വീട്ടുവാതിൽക്കൽ അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് അവർ കണ്ടു. ഇത്രയും സുന്ദരനായ ഒരു വ്യക്തിയെ അവർ മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. അവന്‍റെ തൊപ്പി സ്വർണ്ണത്തിന്റേതായിരുന്നു!. അവന്‍റെ വിരലില്‍ സ്വര്‍ണ്ണമോതിരവും, കഴുത്തില്‍ സ്വര്‍ണ്ണമാലയും ഉണ്ടായിരുന്നു. എന്തിനധികം അയാളുടെ കയ്യിലെ വാച്ചിന്‍റെ ചെയിൻ പോലും സ്വര്‍ണ്ണത്തിന്‍റേതായിരുന്നു.
ചെറുപ്പക്കാരന്‍റെ കൈകളിൽ ഓരോ സ്വർണ്ണ പന്തും ഉണ്ടായിരുന്നു. അയാള്‍ ഓരോ പെൺകുട്ടിക്കും ഒരു പന്ത് കൊടുത്തു. എന്നിട്ട് അവരോടു ആ പന്തുകള്‍ സൂക്ഷിക്കണം എന്നു പറഞ്ഞു. എങ്ങാനും ആ പന്ത് അവര്‍ക്ക് നഷ്ടപ്പെട്ടാൽ ആരുടെ പന്താണോ നഷ്ടപ്പെടുന്നത് ആ പെണ്‍കുട്ടി തൂക്കിലേറ്റപ്പെടുമെന്നും പറഞ്ഞു.
അതില്‍ ഇളയവളായ പെൺകുട്ടിയുടെ പന്ത് ഒരു ദിവസം നഷ്ടപ്പെട്ടു. അതെങ്ങിനെയെന്നോ? അവൾ ഒരു പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ തന്‍റെ പന്ത് മുകളിലേയ്ക്ക് എറിഞ്ഞുകൊണ്ടിരുന്നു. അത് കൂടുതല്‍ കൂടുതല്‍ ഉയരത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു. ഒടുവില്‍ അത് പാര്‍ക്കിന്‍റെ മതിലിനു മുകളിലൂടെ മറുപുറത്തേയ്ക്ക് വീണു പോയി. അവള്‍ ഓടിച്ചെന്ന് മതിലിനു മുകളിലൂടെ നോക്കിയപ്പോഴതാ ആ പന്ത് പച്ചപൂളുകളിലൂടെ മുന്നോട്ട് ഉരുണ്ടുരുണ്ട് താഴെയെവിടെയോ ഒരു പൊന്തക്കാട്ടിനരികിലെ ഒരു വീടിന്‍റെ വാതില്‍ക്കല്‍ എത്തി, തുറന്നു കിടന്ന വാതിലിലൂടെ അകത്തെങ്ങോ പോയി മറഞ്ഞു.
അതോടെ ആ പെണ്‍കുട്ടിയെ ആരൊക്കെയോ വന്ന് പിടിച്ചു കെട്ടി കൊണ്ട് പോയി. ചെറുപ്പക്കാരന്‍ പറഞ്ഞിരുന്നത് പോലെ പന്ത് നഷ്ടപ്പെട്ടത് കൊണ്ട് അവളെ തൂക്കിലേറ്റാനായിരുന്നു അവരുടെ ഉദ്ദേശം!
അതിനിടയില്‍ ആ പെണ്‍കുട്ടിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നു. അവളെ അത്യന്തം പ്രണയിച്ചിരുന്ന അയാള്‍ ഈ വിവരമറിഞ്ഞതും ആകെ ദു:ഖിതനായി. ആ പന്ത് വീണ്ടെടുത്ത് അവളെ രക്ഷിക്കാന്‍ അവന്‍ തീരുമാനിച്ചു. അങ്ങനെ അവൻ പാർക്കിലേയ്ക്ക് പുറപ്പെട്ടു. പക്ഷേ പാര്‍ക്ക് അടച്ചിരിക്കുകയായിരുന്നു. അവൻ അതിന്‍റെ മതിലിലേയ്ക്ക് വലിഞ്ഞു കയറി. മതിലിനു മുകളിലെത്തിയപ്പോൾ, ഒരു വൃദ്ധ സ്ത്രീ അതിനപ്പുറത്ത് നിന്നും ഉയര്‍ന്നു വന്നു. അവനോട് അവര്‍ എന്തെടുക്കുകയാണ് എന്നു ചോദിച്ചു. അവന്‍ താന്‍ കളഞ്ഞു പോയ പന്ത് വീണ്ടെടുക്കാനായി വന്നതാണ് എന്നു മറുപടി പറഞ്ഞു. പന്ത് എടുക്കണമെങ്കിൽ, അവൻ വീട്ടിൽ മൂന്ന് രാത്രി ഉറങ്ങണം എന്ന് ആ വൃദ്ധ ആവശ്യപ്പെട്ടു. അവന്‍ അതിന് തയ്യാറായി.
അങ്ങിനെ അവൻ ആ വീട്ടിലേക്ക് പോയി. ആ വീടിനുള്ളില്‍ മുഴുവന്‍ അവന്‍ ആ പന്ത് തിരഞ്ഞു, പക്ഷേ എത്ര തിരഞ്ഞിട്ടും അത് കണ്ടെത്താനായില്ല. അവന്‍ ആ വീടിന്‍റെ മുകള്‍ നിലയിലേയ്ക്ക് കയറി തന്‍റെ അന്വേഷണം തുടര്‍ന്നു.
പന്ത് തിരഞ്ഞു നടന്ന് സമയം പോയത് അവന്‍ അറിഞ്ഞതെയില്ല. രാത്രിയായി. മുറ്റത്ത് എന്തൊക്കെയോ പിശാചുക്കള്‍ അനങ്ങുന്നത് അവൻ കേട്ടു; അങ്ങനെ അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മുറ്റം പിശാചുക്കളാല്‍ നിറഞ്ഞിരുന്നു.
പെട്ടെന്ന് ആരോ മുകളിലേക്ക് പടികൾ കയറി വരുന്നതിന്‍റെ ശബ്ദം അവന്‍ കേട്ടു. വേഗം തന്നെ അവൻ വാതിലിനു പിന്നിൽ ഒളിച്ചു, ഒരു എലിയെപ്പോലെ നിശ്ചലനായി ശബ്ദമടക്കി നിന്നു. അടുത്ത നിമിഷം അവനെക്കാൾ അഞ്ചിരട്ടി ഉയരമുള്ള ഒരു വലിയ ഭീമൻ അകത്തേക്ക് കയറി വന്നു. ഭീമൻ ചുറ്റും നോക്കി, പക്ഷേ അയാള്‍ അവനെ കണ്ടില്ല, അതിനാൽ ഭീമന്‍ ജനാലയ്ക്കരികിലേക്ക് പോയി പുറത്തേക്ക് നോക്കാൻ വേണ്ടി കുനിഞ്ഞു; മുറ്റത്തെ മറ്റുള്ള പിശാചുക്കളെ നോക്കാന്‍ വേണ്ടി ആ ഭീമന്‍ കുമ്പിട്ടപ്പോൾ, നമ്മുടെ യുവാവ് ആ ഭീമന്‍റെ പിന്നിലേക്ക് എത്തി തന്‍റെ വാളെടുത്ത് ഒരു അവനെ രണ്ടായി വെട്ടി, അങ്ങനെ ആ ഭീമന്‍റെ മുകൾഭാഗം താഴെ മുറ്റത്തേയ്ക്ക് വീണു, താഴത്തെ ഭാഗം ജനാലയിലൂടെ പുറത്തേക്ക് തള്ളി നിന്നു.
ഭീമന്‍റെ പകുതി അവരുടെ അടുത്തേക്ക് വീഴുന്നത് കണ്ടപ്പോൾ താഴെ നിന്നിരുന്ന പിശാചുക്കളില്‍ നിന്ന് ഒരു വലിയ നിലവിളി ഉയർന്നു, അവർ അലറി വിളിച്ചു പറഞ്ഞു, "ഇത് ഞങ്ങളുടെ യജമാനന്‍റെ മാത്രമേയുള്ളൂ, ബാക്കി പകുതി കൂടി ഞങ്ങൾക്ക് തരൂ."
അപ്പോൾ യുവാവ് പറഞ്ഞു, "നീ നിന്‍റെ രണ്ടു കാലുകൾ ജനാലയിൽ വെച്ചിങ്ങനെ നിൽക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല, കാരണം നിനക്ക് കാണാൻ കണ്ണില്ല, അതിനാൽ നിന്‍റെ സഹോദരന്മാരോട് പോയി ചേര്‍ന്ന് കൊള്ളൂ" എന്ന് പറഞ്ഞു അവൻ ഭീമന്‍റെ താഴത്തെ ഭാഗം കൂടി താഴേയ്ക്ക് തള്ളിയിട്ടു. ഇപ്പോൾ ഭീമന്‍റെ മുഴുവന്‍ ഭാഗങ്ങളും കിട്ടിയതോടെ പിശാചുക്കള്‍ അവർ നിശബ്ദരായി.
പിറ്റേന്ന് രാത്രി ആ യുവാവ് വീണ്ടും ആ വീട്ടിലായിരുന്നു, ഇപ്പോൾ രണ്ടാമതൊരു പിശാച് വാതിൽക്കൽ വന്നു. ആ ഭീമന്‍ അകത്തേക്ക് കടന്നതും യുവാവ് അതിനെയും രണ്ടായി വെട്ടി. പക്ഷേ ഇത്തവണ ആ ഭീമന്‍റെ കാലുകൾ ചിമ്മിനിയിലേക്ക് നടന്ന് മുകളിലേക്ക് കയറി. "പോയി, നിന്‍റെ കാലുകൾ കണ്ടെത്തൂ," ആ യുവാവ് ഇതും പറഞ്ഞു കൊണ്ട് ആ ഭീമന്‍റെ തല ചിമ്മിണിയിലേയ്ക്ക് എറിഞ്ഞു.
മൂന്നാം രാത്രി ആ യുവാവ് ആ വീട്ടിലെ കിടക്കയിൽ കിടന്നു. കട്ടിലിനടിയിൽ പിശാചുക്കള്‍ പര്‍ക്കം പായുന്നത് അവൻ കേട്ടു, പന്ത് അവരുടെ കയ്യില്‍ ഉണ്ടായിരുന്നു, അവർ അത് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിച്ചു കൊണ്ടിരുന്നു.
അതിനിടയില്‍ അവരിൽ ഒരാളുടെ കാൽ കട്ടിലിനടിയിൽ നിന്ന് പുറത്തേക്ക് തള്ളിയിരിക്കുന്നതു കണ്ട് ആ യുവാവ് തന്‍റെ വാൾ എടുത്തു അതിന്‍റെ കാല്‍ വെട്ടിക്കളഞ്ഞു. പിന്നാലെ മറ്റൊരുവന്‍ കട്ടിലിന്‍റെ മറുവശത്ത് കൈ നീട്ടി, ആ കയ്യും യുവാവ് വെട്ടിക്കളഞ്ഞു. അങ്ങനെ ഒടുവിൽ അവൻ അവരെയെല്ലാം അംഗഭംഗം വരുത്തി, അതോടെ അവരെല്ലാം കരഞ്ഞു കൊണ്ടിരുന്നു. അവര്‍ ആ പന്തിന്‍റെ കാര്യമേ മറന്നു പോയിരുന്നു. യുവാവ് വേഗം തന്നെ പന്ത് കട്ടിലിനടിയിൽ നിന്ന് കണ്ടെടുത്ത് തന്‍റെ പ്രിയതമയെ തേടി യാത്രയായി.
ഇതേ സമയം ആ പെൺകുട്ടിയെ തൂക്കിലേറ്റാൻ യോർക്കിലേക്ക് കൊണ്ടുപോയി. എന്നിട്ട് അവര്‍ അവളെ കഴുവിലേറ്റാനുള്ള തട്ടില്‍ കൊണ്ടുവന്നു നിറുത്തി.
"ഇപ്പോൾ, പെണ്ണേ, നീ മരിക്കുന്നതുവരെ നീ ഇങ്ങിനെ തൂങ്ങിക്കിടക്കണം." ആരാച്ചാര്‍ പറഞ്ഞു.
"നിർത്തൂ, നിർത്തൂ, എന്‍റെ അമ്മ വരുന്നത് ഞാൻ കാണുന്നു!
അമ്മേ, എന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നോ?
എന്നിട്ട് എന്നെ മോചിപ്പിക്കാൻ വരികയാണോ?"
പെണ്‍കുട്ടി ഉറക്കെ വിളിച്ച് പറഞ്ഞു.
"ഞാൻ നിന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നിട്ടില്ല"
നിന്നെ മോചിപ്പിക്കാനും വന്നതല്ല,
പക്ഷേ ഞാൻ വന്നിരിക്കുന്നു
നീ തൂക്കുമരത്തിൽ ഏറുന്നത് കാണാന്‍!."
"എയ്, പെണ്ണേ, നീ മരിക്കേണ്ട സമയമായി, വേഗം പ്രാർത്ഥന ചൊല്ലൂ." ആരാച്ചാര്‍ ആവശ്യപ്പെട്ടു.
പക്ഷേ അവൾ പറഞ്ഞു:
"നിർത്തൂ, നിർത്തൂ, എന്‍റെ അച്ഛൻ വരുന്നത് ഞാൻ കാണുന്നു!
അച്ഛാ, എന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നോ?
എന്നിട്ട് എന്നെ മോചിപ്പിക്കാൻ വന്നതാണോ?"
"ഞാൻ നിന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നിട്ടില്ല"
നിന്നെ മോചിപ്പിക്കാനും വന്നതല്ല,
പക്ഷേ ഈ തൂക്കുമരത്തിൽ
നിന്നെ തൂക്കിലേറ്റുന്നത് കാണാൻ
ഞാൻ വന്നിരിക്കുന്നു."
അപ്പോൾ ആരാച്ചാർ വീണ്ടും ചോദിച്ചു, "നീ പ്രാർത്ഥനകൾ പൂർത്തിയാക്കിയോ? എങ്കിലിനി, പെണ്ണേ, നീ നിന്‍റെ തല കുരുക്കിൽ ഇടുക."
എന്നാൽ അവൾ വീണ്ടും പറഞ്ഞു,
"നിർത്തൂ, നിർത്തൂ, എന്‍റെ സഹോദരൻ വരുന്നത് ഞാൻ കാണുന്നു!"
വീണ്ടും അവൾ ആ പഴയ പല്ലവി തന്നെ പാടി. എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല. പിന്നെ അവളുടെ സഹോദരി വരുന്നതായി അവൾ കണ്ടു, അതിനു പിറകെ അവളുടെ അമ്മാവൻ, അവളുടെ അമ്മായി, പിന്നെ അവളുടെ കസിൻ അങ്ങിനെ ഓരോരുത്തരായി വന്നു.
എന്നാൽ അതോടെ ആരാച്ചാർ പറഞ്ഞു, "ഇനി കാത്തു നില്‍ക്കനാകില്ല, നീ വെറുതെ എന്നെ കളിയാക്കുകയാണ്. നിന്നെ ഉടൻ തൂക്കിലേറ്റണം."
എന്നാൽ ഇപ്പോൾ അവൾ തന്‍റെ കാമുകന്‍ ആൾക്കൂട്ടത്തിലൂടെ വരുന്നത് കണ്ടു, അവൻ അവളുടെ സ്വന്തം സ്വർണ്ണ പന്ത് വായുവിൽ തലയ്ക്ക് മുകളിൽ പിടിച്ചിരുന്നു; അതിനാൽ അവൾ ഉറക്കെ വിളിച്ച് ചോദിച്ചു:
"നിർത്തൂ, നിർത്തൂ, എന്‍റെ പ്രിയതമന്‍ വരുന്നതായി ഞാൻ കാണുന്നു!
പ്രിയതമാ, എന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നുവോ?
നീ എന്നെ സ്വതന്ത്രയാക്കാൻ വന്നു ചേര്‍ന്നുവോ?"
"തീര്‍ച്ചയായും പ്രിയേ, ഞാൻ നിന്‍റെ സ്വർണ്ണ പന്ത് കൊണ്ടുവന്നിരിക്കുന്നു
നിന്നെ സ്വതന്ത്രയാക്കാൻ എത്തിയിരിക്കുന്നു!
നിന്നെ ഈ കഴുമരത്തില്‍ തൂക്കിലേറ്റുന്നത്
കാണാനായി വന്നതല്ല ഞാന്‍!"
അവന്‍ വിളിച്ച് പറഞ്ഞു.
അങ്ങിനെ ആ സ്വർണ്ണപ്പന്ത് തിരികെ കിട്ടിയതോടെ അവള്‍ സ്വതന്ത്രയായി. അവൻ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി, അവർ അനേക കാലം സുഖമായി ജീവിച്ചു.


0 Comments