മണ്ണാങ്കട്ടയും കരിയിലയും
ഇത് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൌഹൃദത്തിന്‍റെ കഥയാണ്, പരസ്പര സഹായത്തിന്‍റെ കഥയാണ്.
ഒരിക്കല്‍ ഒരു കരിയില കാറ്റത്ത് അങ്ങനെ പറന്നു നടക്കുകയായിരുന്നു. കാര്യം ഒരു പാട് സ്ഥലങ്ങളൊക്കെ കണ്ടുകൊണ്ടുള്ള ആ പറക്കല്‍ നല്ല രസമുള്ളതാണെങ്കിലും, തനിയെയുള്ള യാത്ര കരിയിലയ്ക്ക് വല്ലാതെ മടുത്തു. അപ്പോഴാണ് ഒരു മണ്ണാങ്കട്ട തനിയെ ഇരിക്കുന്നത് കരിയില കണ്ടത്. കരിയില വേഗം മണ്ണാങ്കട്ടയുടെ അടുത്തെത്തി. ഉടന്‍ തന്നെ അവര്‍ രണ്ടുപേരും കൂട്ടുകാരായി.
രണ്ടുപേരും കൂടി ഒരുമിച്ച് കാശിക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. രണ്ടാളും കാശിയെ പറ്റി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ കണ്ടിട്ടില്ല. ഒറ്റയ്ക്ക് പോകാന്‍ ഭയമായത് കൊണ്ട് ശ്രമിച്ചിട്ടുമില്ല. കാശി പുണ്യസ്ഥലമല്ലേ? എന്തായാലും രണ്ടു കൂട്ടുകാരും യാത്ര പുറപ്പെട്ടു. ഇടയ്ക്കൊക്കെ ഒന്നു വിശ്രമിച്ച്, കഥകള്‍ പറഞ്ഞ്, കളിച്ച് ചിരിച്ച് ഒരു അടിപൊളി യാത്ര.
കുറെ ദിവസം അങ്ങിനെ യാത്ര ചെയ്ത് സന്തോഷമായി കടന്നു പോയി. എന്നാലൊരു ദിവസം പെട്ടെന്ന് ശക്തമായ കാറ്റ് വീശാന്‍ തുടങ്ങി. കാറ്റിന്‍റെ ശക്തി കൂടാന്‍ തുടങ്ങിയതും കരിയില കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. ഇനി രക്ഷയില്ല, എങ്ങോട്ടെന്നില്ലാതെ കരിയിലയെ കാറ്റ് പറത്തിക്കളയും. പക്ഷേ, മണ്ണാങ്കട്ട കരിയിലയുടെ രക്ഷക്കെത്തി. മണ്ണാങ്കട്ട വേഗം കരിയിലയുടെ മുകളില്‍ കയറി ഇരുന്നു.
കാറ്റ് നിന്നപ്പോള്‍ രണ്ടുപേരും വീണ്ടും യാത്ര തുടര്‍ന്നു. കുറെദൂരം എത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇത്തവണ മണ്ണാങ്കട്ടയാണ് പേടിച്ചത്. മഴ കൊണ്ടാല്‍ മണ്ണാങ്കട്ട അലിഞ്ഞില്ലാതാവില്ലേ? കരിയില എന്തു ചെയ്തെന്നോ? ഉടനെ മണ്ണാങ്കട്ടയുടെ മുകളില്‍ കയറി ഒരു കുട പോലെ ഇരിപ്പായി. അങ്ങിനെ മണ്ണാങ്കട്ട രക്ഷപ്പെട്ടു.
മഴ തോര്‍ന്നപ്പോള്‍ വീണ്ടും അവര്‍ യാത്ര തുടങ്ങി. പിന്നേയും കുറെ ദൂരം ആടിപ്പാടി, രസിച്ച് അവര്‍ യാത്ര ചെയ്തു. പെട്ടെന്നാണ് കാറ്റ് വീശാന്‍ തുടങ്ങിയത്. കാറ്റ് ശക്തിയാര്‍ജ്ജിച്ചതോടെ മഴയും ഒപ്പമെത്തി. ഇപ്രാവശ്യം കൂട്ടുകാര്‍ക്ക് പരസ്പരം സഹായിക്കാന്‍ പറ്റിയില്ല. പാവം കരിയില കാറ്റത്ത് എങ്ങോട്ടോ പറന്നു പറന്നു പോയി. മണ്ണാങ്കട്ടയാകട്ടെ മഴയത്ത് അലിഞ്ഞ് ഇല്ലാതായി.
അങ്ങിനെ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കഴിഞ്ഞു!
1 Comments
Nice story sir
ReplyDelete