ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ള ആളുകള്‍ക്ക് പലപ്പോഴും അതുല്യവും പ്രത്യേകവുമായ കഴിവുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള കഴിവുകളുള്ള ഒരു അന്ധന്‍റെ കഥയാണിത്.
ഒരിടത്ത് അന്ധനായ ഒരു ഇടയന്‍ ജീവിച്ചിരുന്നു. രാമു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്ജ. ന്മനാ അന്ധനായ അദ്ദേഹത്തിന് അസാധാരണമായ ഒരു കഴിവുണ്ടായിരുന്നു, സ്പര്‍ശനം കൊണ്ട് എന്തും തിരിച്ചറിയാനുള്ള കഴിവ്. തന്‍റെ ദൈനംദിന കാര്യങ്ങളെല്ലാം അദ്ദേഹം അനായാസം നിര്‍വഹിച്ചുപോന്നു. തന്‍റെ ആടുകളെ പരിപാലിക്കുന്നതിലും രാമുവിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആടുവളര്‍ത്തല്‍ വളരെയധികം പുരോഗമിച്ചു. സുഖമായിതന്നെ ജീവിതം മുന്നോട്ട് പോയിരുന്നു.
രാമുവിന്‍റെ അയല്‍ക്കാരന്‍ ദാമു അസൂയാലുവായ ഒരു വ്യക്തിയായിരുന്നു. അന്ധനായ തന്‍റെ അയല്‍ക്കാരന്‍റെ അഭിവൃദ്ധി ദാമുവിന് ഒട്ടും തന്നെ സഹിക്കുന്നില്ലായിരുന്നു. കൈ കൊണ്ട് ഒന്നു തൊട്ട് മാത്രം എല്ലാം തിരിച്ചറിയുന്ന രാമുവിന്‍റെ കഴിവ് അയാളെ അത്ഭുതപ്പെടുത്തി. രാമുവിനെ എങ്ങിനെയെങ്കിലും പരാജയപ്പെടുത്തണമെന്ന് ദാമു ആഗ്രഹിച്ചു.
അതിന് വേണ്ടി ദാമു ആദ്യം കാട്ടില്‍ നിന്നും ഒരു ചെന്നായക്കുഞ്ഞിനെ കരസ്ഥമാക്കി. എന്നിട്ട് അതിനെയും കൊണ്ട് രാമുവിന്‍റെ അടുത്ത് ചെന്നു പറഞ്ഞു.
"ഇത് കണ്ടോ രാമു? നല്ല മിടുമിടുക്കനായ ഒരു നായക്കുട്ടി! എന്‍റെ വീട്ടില്‍ ഒരു നായ ഉള്ളത് കൊണ്ട് ഞാനിതിനെ നിനക്ക് താരാനായി കൊണ്ടുവന്നതാണ്. നിനക്കറിയാമല്ലോ എന്‍റെ ആടുകളെയെല്ലാം നോക്കുന്നതില്‍ എന്‍റെ നായ എനിക്കെത്ര ഉപകാരമാണെന്ന്? ഇവനെ നീ എടുത്തോളൂ. നിന്‍റെ ആടുകളെയെല്ലാം നോക്കാന്‍ ഇവന്‍ നിന്നെ സഹായിക്കും."
ദാമുവിന്‍റെ വാക്കുകള്‍ കേട്ട രാമു ഉടന്‍ തന്നെ ആ നായക്കുട്ടിയെ കൈയിലെടുത്ത് തലോടി നോക്കി. എന്നിട്ട് ദാമുവിനോട് പറഞ്ഞു.
"നീ പറഞ്ഞത് ശരി തന്നെയാണല്ലോ ദാമൂ. ഇതൊരു മിടുക്കന്‍ നായക്കുട്ടി തന്നെ. ഇതിനെ വളര്‍ത്തിയാല്‍ പെട്ടെന്ന് തന്നെ ഇവന്‍ വലുതായിക്കൊള്ളും. എന്‍റെ ആടിനെയെല്ലാം നോക്കാനും പറ്റും."
"അതെയതെ, അത് കൊണ്ടാണല്ലോ ഞാന്‍ അതിനെ നിനക്കായി കൊണ്ടുവന്നത്." തന്‍റെ വിദ്യ ഫലിച്ചു എന്നു കണ്ട ദാമു സന്തോഷത്തോടെ പറഞ്ഞു.
"അതേ, ഈ നായക്കുട്ടി വലുതായാല്‍ എന്‍റെ ആടുകളുടെ കാര്യം ഇവന്‍ തീര്‍ച്ചയായും നോക്കുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, അതിലൊരു പ്രശ്നമുള്ളതെന്താണെന്നോ? എന്‍റെ ആടുകളുടെ എണ്ണവും അതോടൊപ്പം കുറഞ്ഞു വന്നുകൊണ്ടിരിക്കും. അത് കൊണ്ട് ഈ നായക്കുട്ടിയെ ദാമു തന്‍റെ എടുത്തോളൂ!" രാമു പറഞ്ഞു നിര്‍ത്തി.
വിഷണ്ണനായ ദാമു തന്‍റെ തന്ത്രം ഫലിച്ചില്ലെന്ന് മനസ്സിലായി ആ ചെന്നായക്കുട്ടിയെയും കൊണ്ട് വേഗം സ്തലം വിട്ടു. അന്ധനാണെങ്കിലും രാമുവിന് എല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലായതോടെ പിന്നീട് ദാമു കുതന്ത്രവുമായി രാമുവിന്‍റെ അടുത്തേയ്ക്ക് പോയതെയില്ല.


0 Comments