കാക്കയുടെ അതിമോഹം - Kaakkayute Athimoham

ഒരിയ്ക്കല്‍ ഒരിടത്ത് ഒരു കാക്കയുണ്ടായിരുന്നു. നല്ല കറുത്ത് സുന്ദരനായ ഒരു കാക്ക. 

ഒരു ദിവസം ഇരതേടി പറന്നു നടക്കവേ അവന്‍ ഒരു തടാകത്തിന്റെ കരയിലെത്തി. മരക്കൊമ്പത്തിരുന്ന് ചുറ്റുപാടും നോക്കവേ, തടാകത്തില്‍ നീന്തിക്കളിക്കുന്ന ഒരു കൂട്ടം അരയന്നങ്ങള്‍ അവന്‍റെ ശ്രദ്ധയില്‍ പെട്ടു.തൂമഞ്ഞുപോലെ വെണ്‍മയാര്‍ന്ന അരയന്നങ്ങളെ കണ്ടപ്പോള്‍ നമ്മുടെ കാക്കച്ചാര്‍ക്ക് കൊതി തോന്നി.



"എന്തൊരു വെണ്‍മയാണ് അവര്‍ക്ക്! എനിക്കും അവരെപ്പോലെ സൌന്ദര്യമുണ്ടായിരുന്നെങ്കില്‍!" അവന്‍ ചിന്തിച്ചു.

അരയന്നങ്ങളെപ്പോലെ വെളുപ്പ് നിറമുള്ള ശരീരം കിട്ടാന്‍ എന്താണ് ഒരു പോംവഴിയെന്നായി കാക്കയുടെ ചിന്ത. അപ്പോഴാണ് അവനൊരു സംശയം ഉണ്ടായത്!

"ഈ അരയന്നങ്ങള്‍ എപ്പോഴും വെള്ളത്തില്‍ കുളിച്ചു കൊണ്ടേയിരിക്കുന്നവരാണല്ലോ? അങ്ങിനെ എല്ലായ്പ്പോഴും വെള്ളത്തില്‍ കിടക്കുന്നതു കൊണ്ടാകുമോ അവര്‍ക്ക് ഇത്ര വെള്ള നിറം കിട്ടിയത്?"

കൂടുതല്‍ ചിന്തിക്കുംതോറും അത് ശരിയായിരിക്കുമെന്ന് അവന് തോന്നി. പിന്നെ അവന് ഒന്നും ആലോചിച്ചില്ല, നേരെ തടാകത്തിനരികിലേയ്ക്ക് പറന്നു ചെന്നു. എന്നിട്ട് വെള്ളത്തില്‍ ഇറങ്ങി കുളിക്കാന്‍ തുടങ്ങി. കുറെ നേരം മുങ്ങിക്കുളിച്ചിട്ടും അവന്‍റെ കറുപ്പ് നിറം മാറിയതെയില്ല. എന്നാല്‍, ആ മണ്ടന്‍ കാക്ക പിന്നേയും ശ്രമിച്ചുകൊണ്ടേയിരുന്നു. ദിവസം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കുളിച്ച്, കുളിച്ച് ഒടുവില്‍ അവന്‍ തളര്‍ന്ന് പോയി. അവസാനം മുങ്ങിയെണീറ്റ് അവന് പറന്നുയരാന്‍ കഴിഞ്ഞതെയില്ല. അങ്ങിനെ ആ കാക്ക കുഴങ്ങി വെള്ളത്തില്‍ മുങ്ങിമരിച്ചു.


Post a Comment

0 Comments