കൂട്ടുകാര്‍ അലാവുദ്ദീന്‍റെയും അത്ഭുതവിളക്കിന്റെയും കഥ കേട്ടിട്ടില്ലേ? ഇന്ന് മുത്തശ്ശിയുടെയും അത്ഭുത വിളക്കിന്‍റെയും കഥ പറയാം.
ഒരിടത്തൊരിടത്ത് ഒരു മുത്തശ്ശിയുണ്ടായിരുന്നു. മുത്തശ്ശിക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല. ഒറ്റക്കായിരുന്നു മുത്തശ്ശിയുടെ താമസം. മുത്തശ്ശിയുടെ ചെറിയ വീട്ടില്‍ ഒരു കൊച്ചു വിളക്കുണ്ടായിരുന്നു. തനിയെ ഇരിക്കുമ്പോള്‍ മുത്തശ്ശി വിളക്കിനോട് ഓരോന്നൊക്കെ സംസാരിച്ചിരിക്കും.
ഒരു ദിവസം മുത്തശ്ശി ദൂരെയെങ്ങോ പോയ തക്കം നോക്കി ഒരു കള്ളന്‍ വീട്ടില്‍ കയറി. മുത്തശ്ശിയുടെ വീട്ടില്‍ കാര്യമായൊന്നുമില്ലെങ്കിലും അകത്തു കയറിയ കള്ളന്‍ വീട് മുഴുവന്‍ തിരഞ്ഞു നടന്ന് കിട്ടിയതെല്ലാം ഒരു സഞ്ഛിയിലാക്കി തുടങ്ങി. അപ്പോഴാണ് മുത്തശ്ശി തിരികെയെത്തിയത്. വീട്ടിനുള്ളില്‍ അനക്കം കണ്ടതും മുത്തശ്ശിക്ക് കാര്യം പിടികിട്ടി. ഇനിയിപ്പോള്‍ എന്തു ചെയ്യും?
ഉടനെ മുത്തശ്ശിക്ക് ഒരു ബുദ്ധി തോന്നി. മുത്തശ്ശി ഉറക്കെ വിളിച്ച് ചോദിച്ചു.
"പൊന്‍വിളക്കേ, ഇന്നെന്ത് പറ്റി? നീ എന്തേ ഒന്നും മിണ്ടാത്തത്? ഞാന്‍ വന്നതറിഞ്ഞില്ലേ?"
മുത്തശ്ശിയുടെ ചോദ്യം കേട്ടു കള്ളന്‍ അമ്പരന്നു ചുറ്റും നോക്കി. മുറിയുടെ ഒരു മൂലയ്ക്ക് ഒരു പഴയ ഓട്ടുവിളക്കിരിക്കുന്നു!
"ഇതാണോ മുത്തശ്ശിയുടെ പൊന്‍വിളക്ക്? " അവന്‍ അതിശയത്തോടെ നോക്കി.
"അല്ല, നീ എന്താ പിന്നേയും ഒന്നും മിണ്ടാത്തത്? ഇത് പതിവുള്ളതല്ലല്ലോ? വീട്ടില്‍ കള്ളന്മാര്‍ ആരെങ്കിലും കയറിയോ?" മുത്തശ്ശി വിളിച്ച് ചോദിച്ചു.
"ശെടാ! ഇതിനി വല്ല അത്ഭുത വിലക്കുമാണോ? ഇത് മിണ്ടാതിരിക്കുന്നത് എന്നെ കണ്ടിട്ടാണൊ? മുത്തശ്ശിക്ക് സംശയമായി വല്ല ബഹളം വെച്ചാലോ? എന്തായാലും വിളക്കിന്റെ പോലെ സംസാരിക്കാം" കള്ളന്‍ കരുതി.
"ഏയ്, കളനൊന്നും കയറിയിട്ടില്ല മുത്തശ്ശീ" കള്ളന്‍ വിളിച്ച് പറഞ്ഞു.
അതോടെ മുത്തശ്ശിക്ക് ഉറപ്പായി, കള്ളന്‍ വീട്ടിന്നകത്തുണ്ടെന്ന്! മുത്തശ്ശി പറഞ്ഞു.
"എന്‍റെ പൊന്‍വിളക്കേ, ഇത് പോലൊരു ദിവസം ഒരിടത്ത് ഒരു വീട്ടില്‍ കള്ളന്‍ കയറി. അവിടെയാണെങ്കില്‍ ഒരു പാവം മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കള്ളനെ കണ്ടു മുത്തശ്ശി എന്താ ചെയ്തതെന്നറിയോ? മുത്തശ്ശി ഇങ്ങിനെ ഉറക്കെ നിലവിളിച്ചു...
അയ്യോ, ഓടി വരണേ...കള്ളന്‍ കയറിയെ.. ഓടി വരണേ..."
മുത്തശ്ശിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി. കള്ളന്‍ വീട്ടിനുള്ളില്‍ നിന്നും ചാടിയിറങ്ങി ഓടിയെങ്കിലും ചുറ്റിലും നിന്നോടിയെത്തിയ ആളുകള്‍ അവനെ പിടികൂടി.
മുത്തശ്ശി സന്തോഷത്തോടെ എല്ലാവര്ക്കും നന്ദി പറഞ്ഞു വീട്ടിന്നകത്തേയ്ക്ക് കയറിപ്പോയി.
0 Comments