ഒരിടത്ത് മരമണ്ടനായ ഒരാളുണ്ടായിരുന്നു. അയാളുടെ മണ്ടത്തരങ്ങളുടെ കഥ ഒരിയ്ക്കലും തീരാത്തതാണ്. അതില്‍ നിന്നും ഒരു കഥയാണിത്.
ഒരിയ്ക്കല്‍ ഈ മണ്ടച്ചാരെ കൂട്ടുകാരന്‍ വിരുന്നിന് ക്ഷണിച്ചു. മണ്ടച്ചാര്‍ ഉടുത്തൊരുങ്ങി കൂട്ടുകാരന്റെ വീട്ടിലേയ്ക്ക് യാത്രയായി. കുറെ ദൂരം യാത്ര ചെയ്ത് അവസാനം വഴി നിശ്ചയമില്ലാതായപ്പോള്‍ മണ്ടച്ചാര്‍ എതിരെ വന്ന ഒരാളോട് വഴി ചോദിച്ചു. അയാള്‍ ദൂരെയ്ക്ക് കൈ ചൂണ്ടി പറഞ്ഞു.
"അതാ, ആ കുന്നിന്‍ ചുവട്ടില്‍ വലിയൊരു മരം നില്‍ക്കുന്നത് കണ്ടില്ലേ? അതിന് മുകളിലൂടെ പോയാല്‍ നിങ്ങള്‍ അന്വേഷിക്കുന്ന വീട്ടിലെത്താം."
മണ്ടച്ചാര്‍ അയാളോട് നന്ദി പറഞ്ഞ് മരത്തിന് നേരെ നടന്നു. മരത്തിനടുത്തെത്തിയതും മണ്ടച്ചാര്‍ ആ മരത്തിന് മുകളിലേയ്ക്ക് വലിഞ്ഞു കയറാന്‍ തുടങ്ങി. മരത്തിന് മുകളിലൂടെ പോകാനാണല്ലോ അയാള്‍ പറഞ്ഞത്!
ഒരു വിധത്തില്‍ മണ്ടച്ചാര്‍ മരത്തിന് മുകളിലേയ്ക്ക് കുറെ കയറി. പിന്നീടുള്ള വഴിയൊന്നും കാണാതെ മണ്ടച്ചാര്‍ ആകെ വിഷമത്തിലായി. അതിനിടയില്‍ ഒരു ഉണങ്ങിയ മരക്കൊമ്പില്‍ ചവിട്ടിയതും, ആ കൊമ്പൊടിഞ്ഞു നേരെ താഴേയ്ക്ക് വീണു.
ഭാഗ്യത്തിന് വഴിലേയ്ക്ക് നീണ്ട് തൂങ്ങി നില്‍ക്കുന്ന ഒരു ചില്ലയില്‍ അയാള്‍ക്ക് പിടി കിട്ടി. അത്കൊണ്ട് താഴെ വീഴാതെ തത്കാലം രക്ഷപ്പെട്ടു. പക്ഷേ അത് കൊണ്ടായില്ലല്ലോ? എങ്ങിനെ താഴേയ്ക്കിറങ്ങും? മണ്ടച്ചാര്‍ മരച്ചില്ലയില്‍ അങ്ങിനെ പിടിച്ച് തൂങ്ങിക്കിടന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരാനയും, ആനക്കാരനും അത് വഴി വന്നു. ആനക്കാരനെ കണ്ടപ്പോള്‍ മണ്ടച്ചാര്‍ക്കു സമാധാനമായി. അവര്‍ അടുത്തെത്തിയപ്പോള്‍ മണ്ടച്ചാര്‍ പറഞ്ഞു.
"ആനക്കാരാ, ആനക്കാരാ, എന്നെ ഒന്നു സഹായിക്കാമോ? നിങ്ങള്‍ കയ്യെത്തിച്ച് പിടിച്ചാല്‍ എനിക്ക് ഈ മരത്തില്‍ നിന്നും താഴെയിറങ്ങാം"
നല്ലവനായ ആനക്കാരന്‍ ഉടന്‍ തന്നെ മണ്ടച്ചാരുടെ കാലില്‍ പിടിച്ചു. എന്നാല്‍ നമ്മുടെ മണ്ടച്ചാര്‍ മരച്ചില്ലയിലെ പിടി വിട്ടില്ല. ആനയാണെങ്കില്‍ ഇതൊന്നുമറിയാതെ മുന്നോട്ട് പോകുകയും ചെയ്തു. ഇപ്പോള്‍ പാവം ആനക്കാരന്‍ മണ്ടച്ചാരുടെ കാലില്‍ തൂങ്ങിക്കിടക്കുകയാണ്! ആനയാണെങ്കില്‍ നിയന്ത്രിക്കാന്‍ ആളില്ലാതെ മുന്നോട്ട് പോയിക്കോണ്ടേയിരുന്നൂ. ആനക്കാരന്‍ പരിഭ്രാന്തനായി രക്ഷപ്പെടാന്‍ ഇനി എന്താണ് വഴിയെന്ന് ആലോചിച്ചു.
"ആനക്കാരാ, ആനക്കാരാ, നിങ്ങള്‍ക്കൊരു പാട്ട് പാടാമോ?" മണ്ടച്ചാര്‍ ചോദിച്ചു.
"ഇപ്പോള്‍ എന്തിനാണ് പാട്ട് പാടുന്നത്?" ആനക്കാരന്‍ തിരിച്ചു ചോദിച്ചു.
"അതൊക്കെയുണ്ട്! ഒരു പാട്ട് പാടൂ" മണ്ടച്ചാര്‍ വീണ്ടും ആവശ്യപ്പെട്ടു.
മണ്ടച്ചാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ആനക്കാരന്‍ പാട്ട് പാടാനൊരുങ്ങി. മണ്ടച്ചാര്‍ രക്ഷപ്പെടാന്‍ എന്തെങ്കിലും ഉപായം കണ്ടിട്ടാകും ഇപ്പോള്‍ ഒരു പാട്ട് പാടാന്‍ പറയുന്നതെന്നാണ് അയാള്‍ കരുതിയത്.
ആനക്കാരന്‍ താളത്തില്‍ ഒരു നാടന്‍ പാട്ട് പാടി. ദോഷം പറയരുതല്ലോ, പാട്ട് ഗംഭീരമായിരുന്നു. നമ്മുടെ മണ്ടച്ചാര്‍ക്കാണെങ്കില്‍ പാട്ട് വളരെ ഇഷ്ടമായി. ആനക്കാരന്‍ പാട്ട് പാടി തീര്‍ന്നില്ല, മണ്ടച്ചാര്‍ അയാളെ കയ്യടിച്ച് അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
"ബാലെ ഭേഷ്! നല്ല ഒന്നാന്തരം പാട്ട്!"
നിമിഷ നേരത്തിനുള്ളില്‍ അവരുടെ പ്രശ്നത്തിനും പരിഹാരമായി. രണ്ടുപേരും ഉടനടി മരമുകളില്‍ നിന്നും താഴെയെത്തി.
ഭാഗ്യത്തിന് രണ്ടാള്‍ക്കും സാരമായ പരിക്കൊന്നും പറ്റിയില്ല.


0 Comments