ഒരിക്കൽ, കഠിനമായ ചൂടുള്ള മരുഭൂമിയിലൂടെ ഒരു വഴിയാത്രക്കാരൻ യാത്ര ചെയ്യുകയായിരുന്നു. ചൂട് സഹിക്കാനാകാതെ അയാള്‍ വിശ്രമിക്കാൻ തണൽ തിരഞ്ഞു നടന്നു. കുറെ ദൂരം ചെന്നപ്പോള്‍, അയാൾക്ക് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഒരാളെ കാണാൻ സാധിച്ചു.
വഴിയാത്രക്കാരൻ അവര്‍ക്കരികിലെത്താറായപ്പോള്‍ മറ്റെയാള്‍ തന്‍റെ ഒട്ടകത്തെ നിറുത്തുന്നത് കണ്ടു. ഒട്ടകത്തിന്റെ നിഴല്‍ നീണ്ടു കിടക്കുന്നതു കണ്ട വഴിയാത്രക്കാരന്‍ ആ നിഴലിൽ വിശ്രമിക്കാൻ തീരുമാനിച്ചു. അയാള്‍ വേഗം ഒട്ടകത്തിന്‍റെ നിഴലിന്‍റെ മറവില്‍ വിശ്രമിക്കാനിരുന്നു.
ഒട്ടകത്തിന്‍റെ ഉടമസ്ഥൻ ഈ കാഴ്ച കണ്ടു. അയാള്‍ ആ വഴിയാത്രക്കാരനോട് തട്ടിക്കയറി, "എന്‍റെ ഒട്ടകത്തിന്‍റെ നിഴലിൽ ഇരിക്കാൻ നിനക്ക് ആരാണ് അനുവാദം തന്നത്? ഈ നിഴലിന് നീ എനിക്ക് വാടക തരേണ്ടതാണ്."
വഴിയാത്രക്കാരൻ അത്ഭുതത്തോടെ അയാളെ നോക്കി പറഞ്ഞു, "ഇതൊരു മരുഭൂമിയാണ്, ഇവിടെ നിഴൽ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിന് പണം ആവശ്യപ്പെടുന്നത് എന്തു ന്യായമാണ്"
ഒട്ടകത്തിന്‍റെ ഉടമസ്ഥൻ വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അയാള്‍ പണം വേണമെന്ന് വാശി പിടിച്ചു. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. ഒടുവിൽ തർക്കം കൈയാങ്കളിയിൽ എത്തി. ആ അടിപിടിയിൽ, അവർ അറിയാതെ ഒട്ടകത്തിന്‍റെ മേല്‍ ചെന്നിടിച്ചു. ഭയന്നുപോയ ഒട്ടകം വിറളിപിടിച്ച് എങ്ങോട്ടോ ഓടിപ്പോയി.
അതോടെ രണ്ടുപേരും കഷ്ടത്തിലായി!
അനാവശ്യമായ തർക്കങ്ങളും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും ഒടുവിൽ വലിയ നഷ്ടങ്ങൾക്ക് വഴിവെക്കും. (വഴിയാത്രക്കാരന് തണൽ നഷ്ടപ്പെട്ടു, ഉടമസ്ഥന് ഒട്ടകത്തെയും).


0 Comments