ഒരിടത്ത് സൂത്രശാലിയായ ഒരു കുറുക്കനുണ്ടായിരുന്നു. അവന്‍റെ കൂട്ടുകാരനായിരുന്നു ഒരു പാവം കഴുത.
ഒരു ദിവസം കുറുക്കന്‍ ഇര തേടിയിറങ്ങി. കുറെ അലഞ്ഞിട്ടും ഒന്നും കിട്ടാതെ വിഷണ്ണനായി നടക്കവേ അവന്‍ ഒരു സിംഹത്തിന്‍റെ മുമ്പില്‍ ചെന്നു പെട്ടു.
സിംഹമാണെങ്കിലോ ഇരയൊന്നും കിട്ടാതെ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു. കുറുക്കനെങ്കില്‍ കുറുക്കന്‍! സിംഹം ഒറ്റച്ചാട്ടത്തിന് കുറുക്കനെ പിടിയിലാക്കി.
"അയ്യോ, മഹാരാജന്‍! അടിയനെ ഒന്നും ചെയ്യല്ലേ! എന്നെ അങ്ങ് കൊല്ലാതെ വിട്ടയച്ചാല്‍ ഞാന്‍ അങ്ങേയ്ക്ക് ഒന്നാന്തരം ഒരു കഴുതയെ ഭക്ഷണമായി തരാം! മാത്രമല്ല, എനിക്കും അതില്‍ ഒരു ചെറിയ പങ്ക് കിട്ടുമല്ലോ. ഞാനും വിശന്നു നടക്കുകയാണ്!" കുറുക്കന്‍ സിംഹത്തിനോട് അഭ്യര്‍ഥിച്ചു.
സിംഹം ഒന്നാലോചിച്ചു. ഈ ക്ഷീണിച്ച കുറുക്കനെക്കാള്‍ നല്ലത് മുഴുത്ത ഒരു കഴുത തന്നെയാണ്! പക്ഷേ ഈ കള്ളന്‍ കുറുക്കനെ വിശ്വസിക്കാമോ? കുറച്ചു നേരം ആലോചിച്ച ശേഷം സിംഹം ഒടുവില്‍ കുറുക്കനെ വിട്ടയച്ചു.
കുറുക്കന്‍ നേരെ തന്‍റെ ചങ്ങാതിയായ കഴുതയുടെ അടുത്തെത്തി. അവനെ ഓരോന്നും പറഞ്ഞ് ഒരു കുഴിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. എന്നിട്ട് ആ കഴുതയെ അവന്‍ ആ കുഴിയിലേയ്ക്ക് തട്ടിയിട്ടു. പാവം കഴുത കരയ്ക്ക് കയറാന്‍ പറ്റാതെ കുഴിയില്‍ പെട്ടു കരഞ്ഞു.
കുറുക്കന്‍ വേഗം സിംഹത്തിനടുത്തെത്തി പറഞ്ഞു.
"രാജന്‍, അങ്ങേയ്ക്ക് കീഴ്പ്പെടുത്താന്‍ പാകത്തില്‍ ഞാന്‍ കഴുതായെ ഒരു ചെറിയ കുഴിയില്‍ അകപ്പെടുത്തിയിട്ടുണ്ട്. വേഗം വന്നാലും"
സിംഹരാജന്‍ കുറുക്കനൊപ്പം അങ്ങോട്ട് പോയി. കുഴിയില്‍ നല്ല മുഴുത്ത കഴുതയെ കണ്ടു സിംഹത്തിന് സന്തോഷമായി. കുറുക്കനാണെങ്കില്‍ കഴുതായെ കൊല്ലാന്‍ സിംഹത്തിനോട് ആവശ്യപ്പെട്ടു. സിംഹം കഴിച്ച് ബാക്കി വരുന്നത് തനിക്ക് തിന്നാമല്ലോ എന്നായിരുന്നു കുറുക്കന്‍റെ ചിന്ത!
എന്നാല്‍ സിംഹം പെട്ടെന്ന് കുറുക്കന്‍റെ നേരെ തിരിഞ്ഞു. സിംഹം തന്നെ ആക്രമിക്കാന്‍ പോകുകയാണെന്ന് മനസ്സിലായ കുറുക്കന്‍ പറഞ്ഞു.
"ഇത് എന്തൊരു ചതിയാണ്, രാജാവേ? ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചില്ലേ? നമുക്ക് സുഹൃത്തുക്കളായി ഒരുമിച്ച് വേട്ടയാടാമല്ലോ?"
"അത് കൊള്ളാം! നീയുമായി ഞാന്‍ ചങ്ങാത്തം കൂടുകയോ? തരത്തിലുള്ളവരുമായേ സൌഹൃദം ആകാവൂ. അതുമല്ല, ഇത്ര നാളും നിന്‍റെ ചങ്ങാതിയായിരുന്ന കഴുതയെ ചതിച്ചവനല്ലേ നീ? നിന്നെ ഞാനെങ്ങനെ വിശ്വസിക്കാന്‍? ഇന്നേയ്ക്ക് നീ തന്നെ എനിക്ക് ഭക്ഷണം. കഴുത ആ കുഴിയില്‍ നിന്ന് താത്ക്കാലം രക്ഷപ്പെടാന്‍ പോകുന്നില്ല. അടുത്ത ദിവസങ്ങളില്‍ എനിക്ക് വേറെ ഇര തേടേണ്ട ആവശ്യമേയില്ല!"
അതും പറഞ്ഞ് സിംഹം ആ കുറുക്കനെ ഉടന്‍ തന്നെ കൊന്നു തിന്നു.


0 Comments