ബൗകാസ് എന്ന അൾജീരിയൻ രാജാവ്, തൻ്റെ നഗരങ്ങളിലൊന്നിൽ സത്യം തിരിച്ചറിയാൻ കഴിയുന്ന, ഒരു തെമ്മാടിക്കും പറ്റിച്ച് രക്ഷപ്പെടാൻ കഴിയാത്ത, ഒരു നീതിമാനായ ന്യായാധിപൻ ഉണ്ട് എന്നത് സത്യമാണോ അല്ലയോ എന്ന് കണ്ടെത്താൻ ആഗ്രഹിച്ചു. അതിനായി ബൗകാസ് ഒരു വ്യാപാരിയെപ്പോലെ വേഷം ധരിച്ച്, ജഡ്ജി താമസിക്കുന്ന നഗരത്തിലേക്ക് കുതിരപ്പുറത്ത് യാത്രയായി .
നഗരത്തിൻ്റെ പ്രവേശന കവാടത്തിൽ ഒരു മുടന്തൻ രാജാവിനെ സമീപിച്ച് ഭിക്ഷ യാചിച്ചു. ബൗകാസ് അയാൾക്ക് പണം നൽകി, യാത്ര തുടരാൻ ഒരുങ്ങി, പക്ഷേ മുടന്തൻ പെട്ടെന്ന് അദ്ദേഹത്തിൻ്റെ വസ്ത്രത്തിൽ കയറിപ്പിടിച്ചു .
"നിനക്ക് എന്താണ് വേണ്ടത്?" രാജാവ് ചോദിച്ചു. "ഞാൻ നിനക്ക് പണം തന്നില്ലേ?"
മുടന്തൻ പറഞ്ഞു, "നിങ്ങൾ എനിക്ക് ഭിക്ഷ തന്നു, ഇപ്പോൾ എനിക്ക് ഒരു ഉപകാരം ചെയ്യൂ . ഞാൻ നിങ്ങളോടൊപ്പം നഗരമദ്ധ്യം വരെ സവാരി ചെയ്യട്ടെ, അല്ലാത്തപക്ഷം കുതിരകളും ഒട്ടകങ്ങളും എന്നെ ചവിട്ടിമെതിച്ചേക്കാം."
ബൗകാസ് മുടന്തനെ കുതിരപ്പുറത്ത് ഇരുത്തി നഗരത്തിലേക്ക് കൊണ്ടുപോയി. നഗരത്തിലെത്തിയതും ബൗകാസ് തൻ്റെ കുതിരയെ നിർത്തി, മുടന്തനെ താഴെ ഇറങ്ങാൻ പറഞ്ഞു. പക്ഷേ അയാൾ ഇറങ്ങാൻ വിസമ്മതിച്ചു.
"നമ്മൾ നഗരത്തിൽ എത്തിയിരിക്കുന്നു, നിങ്ങൾ എന്തുകൊണ്ട് ഇറങ്ങുന്നില്ല?" ബൗകാസ് ചോദിച്ചു.
"ഞാൻ എന്തിന് താഴെയിറങ്ങാണം?" യാചകൻ ചോദിച്ചു . "ഈ കുതിര എൻ്റേതാണ്, നിങ്ങൾ ഇത് തിരികെ നൽകാൻ തയ്യാറായില്ലെങ്കിൽ, നമുക്ക് കോടതിയിൽ പോകേണ്ടിവരും."
യാചകൻ്റെ വാക്ക് കേട്ട് അമ്പരന്ന ബൗകാസ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. രണ്ടു പേരും തമ്മില് വാക്ക് തർക്കമായി.
അവരുടെ വഴക്ക് കേട്ട് ആളുകൾ അവരുടെ ചുറ്റും കൂടിനിന്ന് വിളിച്ചു പറഞ്ഞു:
"ശരിയാണ്. നിങ്ങൾ ജഡ്ജിയുടെ അടുത്തേക്ക് പോകൂ! അദ്ദേഹം ഈ തർക്കത്തിന് തീരുമാനമെടുക്കും!"
ബൗകാസും വികലാംഗനും ജഡ്ജിയുടെ അടുത്തേക്ക് പോയി. കോടതിയിൽ മറ്റുള്ളവരും ഉണ്ടായിരുന്നു, ജഡ്ജി ഓരോരുത്തരെയും മാറിമാറി വിളിച്ചു. ബൗകാസിലേക്കും മുടന്തനിലേക്കും വരുന്നതിനുമുമ്പ് അദ്ദേഹം ഒരു പണ്ഡിതൻ്റെ യും ഒരു കർഷകൻ്റെ യും പരാതി കേട്ടു. അവർ ഒരു സ്ത്രീയുടെ പേരിലുള്ള തർക്കവുമായി കോടതിയിൽ എത്തിയതായിരുന്നു: സ്ത്രീ തൻ്റെ ഭാര്യയാണെന്ന് കർഷകൻ പറഞ്ഞു, സ്ത്രീ തൻ്റേതാണെന്ന് പണ്ഡിതൻ പറഞ്ഞു. ജഡ്ജി അവരെ രണ്ടുപേരെയും കേട്ടു, ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് പറഞ്ഞു:
"ആ സ്ത്രീയെ തത്കാലം ഇവിടെ നിർത്തിയിട്ട് നിങ്ങൾ രണ്ടു പേരും നാളെ വരൂ."
അവർ പോയപ്പോൾ ഒരു കശാപ്പുകാരനും എണ്ണക്കച്ചവടക്കാരനും ന്യായാധിപൻ്റെ മുമ്പിൽ വന്നു. കശാപ്പുകാരൻ്റെ ശരീരത്തിലും വസ്ത്രത്തിലും രക്തവും എണ്ണക്കച്ചവടക്കാരൻ്റെ വസ്ത്രത്തിൽ എണ്ണയും നിറഞ്ഞിരുന്നു. കശാപ്പുകാരൻ അവൻ്റെ കൈയിൽ കുറച്ച് പണം മുറുകെ പിടിച്ചിരുന്നു, അതേ കയ്യില് എണ്ണക്കച്ചവടക്കാരൻ ബലമായി പിടിച്ചു നിൽക്കുകയായിരുന്നു.
"ഞാൻ ഈ മനുഷ്യനിൽ നിന്ന് എണ്ണ വാങ്ങുകയായിരുന്നു," കശാപ്പുകാരൻ പറഞ്ഞു, "അയാൾക്ക് പണം നൽകാനായി ഞാൻ എൻ്റെ പേഴ്‌സ് പുറത്തെടുത്തപ്പോൾ, അവൻ എൻ്റെ കൈയിൽ പിടിച്ച് എൻ്റെ പണമെല്ലാം എന്നിൽ നിന്ന് അപഹരിക്കാൻ ശ്രമിച്ചു. അതിനാലാണ് ഞങ്ങൾ ഇവിടെ വന്നത്. പണം എൻ്റേതാണ്, അവൻ ഒരു കള്ളനാണ്."
അപ്പോൾ എണ്ണക്കച്ചവടക്കാരൻ സംസാരിച്ചു. “അത് ശരിയല്ല,” അദ്ദേഹം പറഞ്ഞു. "കശാപ്പുകാരൻ എണ്ണ വാങ്ങാൻ എൻ്റെ അടുക്കൽ വന്നു, ഞാൻ ഒരു പാത്രം നിറയെ എന്ന കൊടുത്തപ്പോൾ, അയാൾ ഒരു സ്വർണ്ണനാണയം തന്ന് ചില്ലറ മാറി കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ എൻ്റെ പണം എടുത്ത് മേശമേൽ വെച്ചപ്പോൾ അവൻ അത് പിടിച്ചെടുത്തു ഓടിപ്പോകാൻ ശ്രമിച്ചു. നിങ്ങൾ കാണുന്നതുപോലെ ഞാൻ അവനെ കയ്യോടെ പിടിച്ച് ഇവിടെ കൊണ്ടുവന്നു. ഇതാണ് സർ നടന്നത്!"
ജഡ്ജി ഒരു നിമിഷം നിശ്ശബ്ദനായി, എന്നിട്ട് പറഞ്ഞു: "പണം ഇവിടെ വെച്ചിട്ട് നിങ്ങൾ രണ്ടു പേരും നാളെ വരൂ."
തൻ്റെ ഊഴം വന്നപ്പോൾ ബൗകാസ് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു. ജഡ്ജി അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു, എന്നിട്ട് യാചകനോട് തൻ്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
"ഇയാൾ പറഞ്ഞതെല്ലാം അസത്യമാണ്," യാചകൻ പറഞ്ഞു. "ഞാൻ നഗരത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ ഇയാൾ വഴിയിൽ നിലത്ത് ഇരിക്കുകയായിരുന്നു, ഇയാളെ എന്നോടൊപ്പം സവാരി ചെയ്യാൻ അനുവദിക്കണമെന്ന് ഇയാൾ എന്നോട് ആവശ്യപ്പെട്ടു. ദയ തോന്നിയ ഞാൻ ഇയാളെ എൻ്റെ കുതിരപ്പുറത്ത് ഇരുത്തി ഇയാൾ പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങൾ അവിടെ എത്തിയപ്പോൾ ഇയാൾ ഇറങ്ങാൻ വിസമ്മതിച്ചു. കുതിര തൻ്റേതാണെന്ന് പറഞ്ഞു അതിനെ കൈക്കലാക്കാൻ ശ്രമിക്കുകയാണ്. ഇയാൾ പറയുന്നതും ചെയ്യുന്നതും ശരിയല്ല."
ജഡ്ജി ഒരു നിമിഷം ചിന്തിച്ചു, എന്നിട്ട് പറഞ്ഞു, "കുതിരയെ എൻ്റെ കൂടെ ഇവിടെ വിടൂ, നാളെ തിരികെ വരൂ."
ബൌകാസും, മുടന്തനായ യാചകനും കുതിരയെ അവിടെ വിട്ട് തിരികെ പോയി.
നീതിമാനായ ഒരു ന്യായാധിപൻ ഭാഗം 2 - A Just Judge by Leo Tolstoy 2
0 Comments