നീതിമാനായ ഒരു ന്യായാധിപൻ ഭാഗം 2 - A Just Judge by Leo Tolstoy 2

അടുത്ത ദിവസം ന്യായാധിപൻ്റെ വിധി കേൾക്കാൻ നിരവധി ആളുകൾ കോടതിയിൽ തടിച്ചുകൂടി.

ആദ്യം ന്യായാധിപൻ വിധി പറഞ്ഞത് പണ്ഡിതനും കൃഷിക്കാരനുമായുള്ള തർക്കത്തിനായിരുന്നു .

"തർക്കത്തിലുള്ള  സ്ത്രീ പണ്ഡിതൻ്റേതാണ്.  പണ്ഡിതനു തൻ്റെ  ഭാര്യയെ കൊണ്ടുപോകാം." ന്യായാധിപൻ പണ്ഡിതനോട് പറഞ്ഞു, "തട്ടിപ്പുകാരനായ കർഷകന് അമ്പത് ചാട്ടവാറടി ഞാൻ ശിക്ഷ വിധിക്കുന്നു."

പണ്ഡിതൻ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി, കർഷകന് അവനർഹിക്കുന്ന ശിക്ഷ ലഭിച്ചു. 

അടുത്തതായി ന്യായാധിപൻ കശാപ്പുകാരനെ വിളിച്ചു.

"പണം തീർച്ചയായും നിങ്ങളുടേതാണ്," അദ്ദേഹം  അവനോട് പറഞ്ഞു. എണ്ണക്കച്ചവടക്കാരനെ ചൂണ്ടി ന്യായാധിപൻ കൽപ്പി ച്ചു : "അന്യൻ്റെ മുതൽ അപഹരിക്കാൻ ശ്രമിച്ചതിന് അവന്  അമ്പത് ചാട്ടവാറടി കൊടുക്കൂ."

ന്യായാധിപൻ അടുത്തതായി ബൗകാസിനെയും മുടന്തനെയും വിളിച്ചു.

"നിങ്ങളുടെ കുതിരയെ മറ്റ് ഇരുപത് കുതിരകൾക്കിടയിൽ നിന്നും  തിരിച്ചറിയാൻ കഴിയുമോ?" അദ്ദേഹം ബൗകാ സിനോട് ചോദിച്ചു.

"ഉറപ്പായും കഴിയും," തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം  മറുപടി പറഞ്ഞു.

"നിങ്ങൾ  എന്നത് പറയുന്നു?" ന്യായാധിപൻ മുടന്തനോട് ചോദിച്ചു.

“എനിക്ക് എൻ്റെ കുതിരയെ ഏത് കൂട്ടത്തിലും തിരിച്ചറിയാൻ സാധിക്കും.” മുടന്തൻ പറഞ്ഞു.

"താങ്കൾ  എന്നോടൊപ്പം വരൂ," ന്യായാധിപൻ ബൗകാസിനോട് പറഞ്ഞു.

അവർ കുതിരലായത്തിലേക്ക്  പോയി. ബൗകാസ് തൽക്ഷണം തൻ്റെ കുതിരയെ മറ്റ് ഇരുപതുകുതിരകളിൽ നിന്നും തിരിച്ചറിഞ്ഞു ചൂണ്ടിക്കാണിച്ചു. 

അതിനു ശേഷം ന്യായാധിപൻ മുടന്തനെ കുതിരലായത്തിലേക്ക്  വിളിച്ച് കുതിരയെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞു. മുടന്തൻ വളരെ വേഗം കുതിരയെ തിരിച്ചറിഞ്ഞ് അതിനെ ചൂണ്ടിക്കാണിച്ചു. തുടർന്ന് ന്യായാധിപൻ സീറ്റിലേക്ക് മടങ്ങി.

"കുതിര താങ്കളുടേതാണ്! " അദ്ദേഹം ബൗകാസിനോട് പറഞ്ഞു. "താങ്കൾക്ക്  കുതിരയെ കൊണ്ട് പോകാം. ചതിയനായ യാചകന്   അമ്പത് ചാട്ടവാറടിയാണ്  ശിക്ഷ!"

ന്യായാധിപൻ കോടതി വിട്ട് വീട്ടിലേക്ക് പോയപ്പോൾ ബൗകാസ് അദ്ദേഹത്തെ അനുഗമിച്ചു.

"എന്തുവേണം?" ന്യായാധിപൻ ചോദിച്ചു. "എൻ്റെ തീരുമാനത്തിൽ താങ്കൾ തൃപ്തനല്ലേ?"

"ഞാൻ സംതൃപ്തനാണ്," ബൗകാസ് പറഞ്ഞു. "എന്നാൽ ആ സ്ത്രീ പണ്ഡിതൻ്റെ ഭാര്യയാണെന്നും, ആ പണം കശാപ്പുകാരൻ്റെതാണെന്നും, കുതിര എൻ്റേതാണെന്നും ഭിക്ഷക്കാരൻ്റേതല്ലെന്നും നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

"അതിനെന്താണ്?" ന്യായാധിപൻ  പറഞ്ഞു. ഞാൻ ആ സ്ത്രീയെക്കുറിച്ച് മനസ്സിലാക്കിയത് ഇങ്ങിനെയാണ്.  രാവിലെ ഞാൻ ആ സ്ത്രീയെ വിളിച്ച് എൻ്റെ കുപ്പിയില് മഷി നിറയ്ക്കുവാൻ ആവശ്യപ്പെട്ടു. അവൾ മഷിയെടുത്ത്, മഷിക്കുപ്പി വേഗത്തിലും സമർത്ഥമായും കഴുകി, അതിൽ മഷി നിറച്ചു. ആ ജോലി അവൾ സ്ഥിരം ചെയ്യുന്നതാണെന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അവൾ കൃഷിക്കാരൻ്റെ ഭാര്യയായിരുന്നെങ്കിൽ അത് അത്ര ഭംഗിയായി ചെയ്യാൻ അവൾക്ക് കഴിയില്ലായിരുന്നു."

"പണം ആരുടേതാണെന്ന് ഞാൻ  തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്" ന്യായാധിപൻ തുടർന്നു.  "ഞാൻ പണം വെള്ളം നിറച്ച ഒരു കപ്പിലേക്ക് ഇട്ടു. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ കപ്പിലെ വെള്ളത്തിന് മുകളിൽ എണ്ണ  തെളിഞ്ഞു കിടക്കുന്നുണ്ടോ എന്നു പരിശോധിച്ചു. പണം എണ്ണക്കച്ചവടക്കാരൻ്റെ ആയിരുന്നെങ്കിൽ നിശ്ചയമായും അതിൽ കുറെ എന്ന പുരണ്ടിട്ടുണ്ടാകുമല്ലോ? അതോടെ പണം കശാപ്പുകാരൻ്റെ തന്നെയെന്ന് ബോധ്യമായി."

"അങ്ങിനെയാണെങ്കിൽ  കുതിര എൻ്റേതാണെന്ന് അങ്ങ് മനസ്സിലാക്കിയതെങ്ങനെ? ആ യാചകനും കുതിരയെ തിരിച്ചറിഞ്ഞതല്ലേ?" ബൌകാസ് ചോദിച്ചു. 

"അത് ഒരൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇരുപത് കുതിരകളുടെ ഇടയിൽ നിന്നും നിങ്ങള് രണ്ടു പേരോടും തങ്ങളുടെ കുതിരയെ തിരിച്ചറിയാൻ പറഞ്ഞെങ്കിലും, നിങ്ങൾ  കുതിരയെ തിരിച്ചറിയുമോ എന്നല്ല കുതിര നിങ്ങളെ തിരിച്ചറിയുമോ എന്നായിരുന്നു ഞാൻ ശ്രദ്ധിച്ചത്. താങ്കൾ അടുത്തെത്തിയതും കുതിര നിങ്ങളെ ശ്രദ്ധിക്കുകയും നിങ്ങളുടെ അടുത്തേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ യാചകന് അടുത്തെത്തിയപ്പോൾ  കുതിര അയാളെ ശ്രദ്ധിച്ചതെയില്ല. അവൻ  അതിനെ തൊട്ടതും അതിന്  ഇഷ്ടപ്പെടാതെ അവനെ തൊഴിക്കാൻ  വരെ ശ്രമിച്ചു. അത് പോരേ, തങ്കളാണ് കുതിരയുടെ യഥാര്ത്ഥ ഉടമ എന്നു തിരിച്ചറിയാൻ ?" ന്യായാധിപൻ  വിശദീകരിച്ചു. 

ഇത് കേട്ടതും ബൌകാസ് പറഞ്ഞു. 

"അല്ലയോ ന്യായാധിപാ, സത്യത്തിൽ  ഞാൻ  ഒരു വ്യാപാരിയല്ല. രാജാവായ ബൌകാസ് ആണ്. താങ്കളെ പറ്റി കേട്ടതെല്ലാം സത്യമാണോ എന്നറിയാൻ  ഞാൻ  വേഷം മാറി വന്നതാണ്. താങ്കൾ നീതിമാനും ബുദ്ധിമാനുമായ ഒരു ന്യായാധിപൻ  തന്നെ എന്നതിൽ ഒരു സംശയവുമില്ല. താങ്കൾക്ക് എന്തു പാരിതോഷികം വേണമെങ്കിലും ആവശ്യപ്പെടാം."

എന്നാൽ നീതിമാനായ ആ ന്യായാധിപൻ  രാജാവിൻ്റെ പാരിതോഷികം നിരസിക്കുകയാണ് ചെയ്തത്. 

Post a Comment

0 Comments