ഒരു കടുത്ത വേനല്‍ക്കാലം. പാടങ്ങളും, കുളങ്ങളും, നദികളുമെല്ലാം വറ്റിവരണ്ടു. ഒരു തുള്ളി വെള്ളം പോലും എങ്ങും കിട്ടാനില്ലാത്ത അവസ്ഥ. ഒരു നെല്‍പ്പാടത്തെ താമസിക്കാരായിരുന്ന കൂട്ടുകാരായ രണ്ടു തവളകള്‍ വെള്ളം വറ്റിയതോടെ ആകെ കഷ്ടത്തിലായി.
ഒടുവില്‍ രണ്ടു പേരും പാടം വിട്ടു യാത്രയായി. വെള്ളം അന്വേഷിച്ച് അവര്‍ ചാടിച്ചാടി നടന്നു. കുറെ ദൂരം യാത്ര ചെയ്തു അവര്‍ ഒടുക്കം ഒരു കിണറ്റിന്‍ കരയിലെത്തി. പ്രതീക്ഷയോടെ രണ്ടാളും കിണറ്റിലേയ്ക്ക് എത്തി നോക്കി.
ഭാഗ്യം! ആ കിണറ്റില്‍ കുറച്ചു വെള്ളമുണ്ടായിരുന്നു. അതില്‍ ഒരു തവള സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ട് പറഞ്ഞു.
"ഹായ്! ഇതില്‍ നിറയെ വെള്ളമുണ്ട്! നമ്മള്‍ രക്ഷപ്പെട്ടു. വേഗം നമുക്ക് ഈ കിണറ്റിലേയ്ക്ക് ചാടാം"
എന്നാല്‍ രണ്ടാമന്‍ ഒന്നാലോചിച്ച് കൊണ്ട് പറഞ്ഞു.
"വേണ്ട സുഹൃത്തേ വേണ്ട, അതപകടമാണ്!"
"അതെന്താ? കിണറ്റില്‍ നമുക്ക് വേണ്ടതിലധികം വെള്ളമുണ്ടല്ലോ? നിനക്കെന്താ കണ്ണ് കാണുന്നില്ലേ?" ഒന്നാമന്‍ ചോദിച്ചു.
"കിണറ്റില്‍ ഇപ്പോള്‍ വെള്ളം ഉണ്ടെന്നത് ശരിയാണ്. പക്ഷേ, നീ ഒന്നാലോചിച്ച് നോക്കൂ. വേനല്‍ ഇത് പോലെ തുടര്‍ന്നാല്‍ ഈ കിണറ്റിലെ വെള്ളം വറ്റിപ്പോകില്ലേ? അപ്പോള്‍ പിന്നെ നാം എന്തു ചെയ്യും? ഒരാവേശത്തിന് ഇപ്പോള്‍ ഈ ആഴമുള്ള കിണറ്റിലേയ്ക്ക് എടുത്തു ചാടിയാല്‍ പിന്നീടൊരിക്കലും തിരികെ കയറാന്‍ പറ്റില്ല."
രണ്ടാമന്‍റെ വിശദീകരണം കേട്ടപ്പോഴാണ് ഒന്നാമന്‍ അതെപ്പറ്റി ആലോചിച്ചത്. അത് ശരിയാണെന്ന് അവനും ബോധ്യപ്പെട്ടു. അവര്‍ ആ കിണര്‍ ഉപേക്ഷിച്ച് വീണ്ടും വെള്ളം തേടി ചാടിച്ചാടി മുന്നോട്ട് യാത്ര തുടര്‍ന്നു.
ഈ കഥ പാട്ട് രൂപത്തില്‍ ഒന്നു കേട്ടു നോക്കൂ.


0 Comments