ഒരു വൃദ്ധ ഒരു ദിവസം തന്‍റെ വീട് തൂത്തുവാരുകയായിരുന്നു. അപ്പോഴാണ് അവര്‍ക്ക് കുറച്ചു പൈസ കിട്ടിയത്, “ഈ ചെറിയ തുക കൊണ്ട് ഞാൻ എന്തു ചെയ്യാനാണ്? ചന്തയിൽ പോയി ഒരു പന്നിക്കുട്ടിയെ വാങ്ങാം."
അങ്ങിനെ അവര്‍ ചന്തയില്‍ പോയി ഒരു നല്ല പന്നിക്കുട്ടനെ വാങ്ങി. നേരം കുറെ വൈകിയത് കൊണ്ട് രാത്രിക്ക് മുന്‍പേ വീടെത്താന്‍ അവര്‍ വേഗം നടന്നു. പക്ഷേ പോകുന്ന വഴിയേ അവര്‍ക്ക് ഒരു ചെറിയ മരപ്പടി കടക്കണമായിരുന്നു. വൃദ്ധ എത്ര ശ്രമിച്ചിട്ടും പന്നിക്കുട്ടന്‍ മരപ്പടി കടക്കാന്‍ കൂട്ടാക്കിയില്ല.
എന്തു ചെയ്യും? പന്നിക്കുട്ടനെ എടുത്തു കടത്താനുള്ള ആരോഗ്യമൊന്നും അവര്‍ക്കില്ലായിരുന്നു. ആരുടെയെങ്കിലും സഹായം കിട്ടുമോയെന്നറിയാന്‍ അവര്‍ കുറച്ച് മുന്നോട്ട് പോയി. അപ്പോഴാണ് അവര്‍ ഒരു നായയെ കണ്ടത്. അവര്‍ നായയോട് പറഞ്ഞു:
"നായേ! ഈ പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല. നീ അവനെ ഒന്നു കടിച്ചാല്‍ അവന്‍ പേടിച്ച് കയറിക്കോളും. അല്ലെങ്കില്‍ ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ നായ സമ്മതിച്ചില്ല.
വൃദ്ധ വീണ്ടും കുറച്ച് മുന്നോട്ട് പോയി. അവിടെ അവര്‍ ഒരു വടി കണ്ടു. അതുകൊണ്ട് അവര്‍ വടിയോട് പറഞ്ഞു: “വടിയേ! വടിയേ! നീയാ നായയെ അടിക്കുക! നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ വടി വഴങ്ങിയില്ല.
വൃദ്ധ വീണ്ടും കുറച്ച് മുന്നോട്ട് പോയി. അവൾ ഒരു തീ കണ്ടു. അതുകൊണ്ട് തീയോട് അവൾ പറഞ്ഞു: “തീയേ! തീയേ! വടി കത്തിക്കുക; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!".
പക്ഷേ തീ സമ്മതിച്ചില്ല.
വൃദ്ധ വീണ്ടും കുറച്ച് മുന്നോട്ട് പോയി. അവിടെ അവര്‍ കുറച്ച് വെള്ളം കണ്ടു. അതിനാൽ അവര്‍ പറഞ്ഞു: “വെള്ളമേ, വെള്ളമേ! തീ കെടുത്തുക; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ എന്തു കാര്യം, വെള്ളം അതിന് തയ്യാറായില്ല.
അവര്‍ കുറച്ചുകൂടി മുന്നോട്ട് പോയി. ഒരു കാളയെയാണ് അവര്‍ പിന്നെ കണ്ടുമുട്ടിയത്. കാളയോട് അവര്‍ പറഞ്ഞു: “കാളേ! കാളേ! വെള്ളം കുടിച്ചു വറ്റിക്കൂ; വെള്ളം തീ കെടുത്തുന്നില്ല; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!
പക്ഷേ കാള സമ്മതിച്ചില്ല.
അവര്‍ വീണ്ടും മുന്നോട്ട് പോയി. അവിടെ അവര്‍ ഒരു കശാപ്പുകാരനെ കണ്ടു. അതുകൊണ്ട് അവര്‍പറഞ്ഞു: “കശാപ്പുകാരാ! കശാപ്പുകാരാ! കാളയെ കൊല്ലുക; കാള വെള്ളം കുടിച്ചു വറ്റിക്കുന്നില്ല; വെള്ളം തീ കെടുത്തുന്നില്ല; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ, കശാപ്പുകാരൻ അതിന് ഒരുക്കമല്ലായിരുന്നു.
അവര്‍ കുറച്ചുകൂടി മുന്നോട്ട് പോയി. ഒരു കയർ കിടക്കുന്നത് കണ്ടു അവര്‍ അതിനടുത്ത് ചെന്നു പറഞ്ഞു: “കയറേ! കയറേ! നീ ആ കശാപ്പുകാരനെ തൂക്കിലേറ്റണം; കശാപ്പുകാരൻ കാളയെ കൊല്ലുകയില്ല; കാള വെള്ളം കുടിച്ചു വറ്റിക്കുന്നില്ല; വെള്ളം തീ കെടുത്തുന്നില്ല; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ, കയർ അതിന് തയ്യാറായില്ല.
വൃദ്ധ കുറച്ച് മുന്നോട്ട് പോയി, അവര്‍ ഒരു എലിയെ കണ്ടു. എലിയോട് അവര്‍ പറഞ്ഞു: “എലിയേ! എലിയേ! കയർ കടിച്ചുമുറിക്കുക; കശാപ്പുകാരനെ കയർ തൂക്കുന്നില്ല; കശാപ്പുകാരൻ കാളയെ കൊല്ലുകയില്ല; കാള വെള്ളം കുടിച്ചു വറ്റിക്കുന്നില്ല; വെള്ളം തീ കെടുത്തുന്നില്ല; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
പക്ഷേ എലി സമ്മതിച്ചില്ല.
അവര്‍ വീണ്ടും കുറച്ച് മുന്നോട്ട് പോയി, അവര്‍ പിന്നെ ഒരു പൂച്ചയെ കണ്ടു. പൂച്ചയോട് വൃദ്ധ അഭ്യര്‍ത്ഥിച്ചു: “പൂച്ചേ! പൂച്ചേ! എലിയെ കൊല്ലുക; എലി കയറു കടിച്ചു മുറിക്കുന്നില്ല; കശാപ്പുകാരനെ കയർ തൂക്കുന്നില്ല; കശാപ്പുകാരൻ കാളയെ കൊല്ലുകയില്ല; കാള വെള്ളം കുടിച്ചു വറ്റിക്കുന്നില്ല; വെള്ളം തീ കെടുത്തുന്നില്ല; തീ വടിയേ കത്തിക്കുന്നില്ല; വടി നായയെ അടിക്കുന്നില്ല; നായ പന്നിയെ കടിക്കുന്നില്ല; പന്നിക്കുട്ടന്‍ മരപ്പടി കടക്കുന്നില്ല; ഞാൻ ഇന്ന് രാത്രി വീടെത്തില്ല. എന്നെ ഒന്നു സഹായിക്കണം!"
എന്നാൽ ഇത് കേട്ട പൂച്ച വൃദ്ധയോട് പറഞ്ഞു, "നീ അക്കരെ പശുവിന്‍റെ അടുത്ത് പോയി എനിക്ക് ഒരു പാത്രം പാൽ കൊണ്ട് വന്നാൽ ഞാൻ എലിയെ കൊന്നു തരാം"
ഉടന്‍ തന്നെ വൃദ്ധ പശുവിന്‍റെ അടുത്തേക്ക് പോയി.
"പശുവേ, പശുവേ, നീ എനിക്കൊരു പാത്രം പാല്‍ തരുമോ? പാല്‍ കിട്ടിയാല്‍ പൂച്ച എലിയെ കൊല്ലാന്‍ നോക്കും; എലി കയറു കടിച്ചു മുറിക്കാന്‍ ശ്രമിക്കും; കശാപ്പുകാരനെ കയർ തൂക്കിലേറ്റാന്‍ തയ്യാറാകും; കശാപ്പുകാരൻ കാളയെ കൊല്ലാന്‍ എത്തും; കാള വെള്ളം കുടിച്ചു വറ്റിക്കാന്‍ നോക്കും; വെള്ളം തീ കെടുത്താനെത്തും; തീ വടിയേ കത്തിക്കാനൊരുങ്ങും; വടി നായയെ അടിക്കാന്‍ നോക്കും; നായ പന്നിക്കുട്ടനെ കടിക്കാന്‍ വരും; പന്നിക്കുട്ടന്‍ മരപ്പടി കടക്കും; ഞാൻ ഇന്ന് രാത്രി വീടെത്തും. എന്നെ ഒന്നു സഹായിക്കണം!"
എന്നാൽ പശു അവളോട് പറഞ്ഞു: "നീ അക്കരെയുള്ള വൈക്കോൽ കൂമ്പാരത്തിൽ പോയി ഒരു പിടി വൈക്കോൽ കൊണ്ടുവന്നാൽ ഞാൻ നിനക്കു പാൽ തരാം."
അങ്ങനെ വൃദ്ധ വൈക്കോൽ കൂനയുടെ അടുത്തേക്ക് പോയി, അവര്‍ വൈക്കോല്‍ കൂനയോട് പറഞ്ഞു:
"വൈക്കോല്‍ കൂനേ, വൈക്കോല്‍ കൂനേ, എനിക്കു നീ കുറച്ചു വൈക്കോല്‍ തരുമോ. വൈക്കോല്‍ കൊടുത്താല്‍ പശു എനിക്കു പാല്‍ തരും. പാല്‍ കിട്ടിയാല്‍ പൂച്ച എലിയെ കൊല്ലാന്‍ നോക്കും; എലി കയറു കടിച്ചു മുറിക്കാന്‍ ശ്രമിക്കും; കശാപ്പുകാരനെ കയർ തൂക്കിലേറ്റാന്‍ തയ്യാറാകും; കശാപ്പുകാരൻ കാളയെ കൊല്ലാന്‍ എത്തും; കാള വെള്ളം കുടിച്ചു വറ്റിക്കാന്‍ നോക്കും; വെള്ളം തീ കെടുത്താനെത്തും; തീ വടിയേ കത്തിക്കാനൊരുങ്ങും; വടി നായയെ അടിക്കാന്‍ നോക്കും; നായ പന്നിക്കുട്ടനെ കടിക്കാന്‍ വരും; പന്നിക്കുട്ടന്‍ മരപ്പടി കടക്കും; ഞാൻ ഇന്ന് രാത്രി വീടെത്തും. എന്നെ ഒന്നു സഹായിക്കണം!"
വൃദ്ധയോട് ദയ തോന്നിയ വൈക്കോല്‍കൂന വേഗം കുറെ വൈക്കോല്‍ കൊടുത്തു. വൃദ്ധ വേഗം തന്നെ വൈക്കോല്‍ കൊണ്ട് പോയി പശുവിന് കൊടുത്തു. പശു വൈക്കോൽ തിന്ന ഉടനെ വൃദ്ധയ്ക്ക് പാൽ കൊടുത്തു; അവര്‍ അതുമായി പൂച്ചയുടെ അടുത്തേക്ക് പോയി.
പൂച്ച പാൽ കുടിച്ചതും എലിയെ കൊല്ലാൻ ഒരുങ്ങി; എലി കയർ കടിക്കാനോടി; കയർ കശാപ്പുകാരനെ തൂക്കിയിടാന്‍ നോക്കി; കശാപ്പുകാരൻ കാളയെ കൊല്ലാൻ തയ്യാറായി; കാള വെള്ളം കുടിച്ചു വറ്റിക്കാന്‍ ചെന്നു; വെള്ളം തീ കെടുത്താനെത്തി; തീ വടി കത്തിക്കാൻ ശ്രമിച്ചു; വടി നായയെ അടിക്കാൻ തുടങ്ങി; നായ ചാടി പന്നിക്കുട്ടനെ കടിക്കാൻ ഒരുങ്ങി; പേടിച്ചരണ്ട പന്നിക്കുട്ടന്‍ ഒരു ചാട്ടത്തിന് മരപ്പടി ചാടി കടന്നു, അങ്ങനെ വൃദ്ധ പണിക്കുട്ടനെയും കൊണ്ട് അന്നു രാത്രിയ്ക്കു മുന്‍പേ തന്‍റെ വീട്ടിലെത്തി.
0 Comments