ഒരിടത്ത് ഒരു രാജാവിന് അതിസമര്‍ത്ഥനായ ഒരു മന്ത്രിയുണ്ടായിരുന്നു. മന്ത്രിയുടെ കഴിവും, ആത്മാര്‍ത്ഥതയും കാരണം രാജാവിന് അദ്ദേഹം വളരെ പ്രിയപ്പെട്ടവനായിരുന്നു. എന്തിനും ഏതിനും രാജാവിന് മന്ത്രി വേണം.
അങ്ങിനെയിരിക്കെ, മന്ത്രിയുടെ മകളുടെ വിവാഹം ആയി. രാജാവ് അവിടെ ഏറ്റവും വിശിഷ്ടനായ അതിഥിയായിരിക്കും എന്നത് പറയേണ്ടതില്ലല്ലോ.
വിവാഹം കെങ്കേമമായി നടത്താന്‍ മന്ത്രി കൊട്ടാരത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. രാജാവിനായി അദ്ദേഹം പ്രത്യേകം അലങ്കരിച്ച സിംഹാസനതുല്യമായ കസേര ഒരുക്കിയിരുന്നു.
രാജാവ് എഴുന്നേള്ളാനുള്ള സമയമായി. രാജാവിനെ സ്വീകരിച്ച് ഇരിപ്പിടത്തിലേയ്ക്ക് ആനയിക്കാന്‍ മന്ത്രി പ്രതേക ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. എല്ലാം ഒരുങ്ങിയ സമയത്താണ് മന്ത്രി ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. രാജാവിന്‍റെ അന്തപ്പുര തൂപ്പുകാരന്‍ ആ വിശിഷ്ടമായ ഇരിപ്പിടത്തില്‍ ഇരിക്കുന്നു!
ആ കാഴ്ച മന്ത്രിക്ക് ഒട്ടും സഹിച്ചില്ല. അദ്ദേഹം ക്ഷോഭത്തോടെ അയാളുടെ അടുത്തേയ്ക്ക് ചെന്നു.
"രാജാവിനുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നൂറ്റ വിവരം കെട്ടവനേ? ഇറങ്ങിപ്പോടാ ഇവിടെ നിന്നും!" മന്ത്രി അലറി.
തൂപ്പുകാരന്‍ ചാടിയെണീറ്റു. അയാള്‍ ആകെ നാണം കേട്ടു പോയി. എല്ലാവരും നോക്കി നില്‍ക്കേ മന്ത്രി തന്നെ അപമാനിച്ചത് അയാള്‍ക്ക് വല്ലാതെ വേദനിച്ചു. സ്വാഭാവികമായും അയാള്‍ക്ക് മന്ത്രിയോട് കലശലായ ദേഷ്യം തോന്നി. മന്ത്രിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അയാള്‍ നിശ്ചയിച്ചു.
അതിനടുത്ത ഒരു ദിവസം, തൂപ്പുകാരന്‍ അന്തപ്പുരം തൂത്ത് വൃത്തിയാക്കാന്‍ എത്തി. രാജാവ് ഉച്ചമയക്കത്തിനായി കിടക്കുകയായിരുന്നു. ഇത് തന്നെ തക്ക സമയം എന്നു കരുതി തൂപ്പുകാരന്‍ തെല്ലുച്ചത്തില്‍ വിളിച്ച് പറഞ്ഞു.
"പാവം രാജാവ്! അദ്ദേഹത്തിന് കഥയെന്തെങ്കിലുമറിയാമോ? സ്വന്ത്രം മന്ത്രി അയല്‍രാജ്യത്തെ രാജാവുമായി ചേര്‍ന്ന് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന വിവരം എങ്ങിനെ അറിയാന്‍? കഷ്ടം!"
പാതിമയക്കത്തിലായിരുന്ന രാജാവ് ഇത് കേട്ട് ചാടിയെണീറ്റ് തൂപ്പുകാരനോട് ചോദിച്ചു.
"എന്താണ് നീ ഇപ്പോള്‍ പറഞ്ഞത്?"
"ഞാനൊന്നും പറഞ്ഞില്ലല്ലോ മഹാരാജന്‍!" തൂപ്പുകാരന്‍ മറുപടി പറഞ്ഞു.
"അല്ല, നീ പറയുന്നതു ഞാന്‍ കേട്ടതാണ്. സത്യം പറയൂ, എന്തായിരുന്നു നീ പറഞ്ഞത്?" രാജാവു വീണ്ടും ചോദിച്ചു.
"സത്യമായും എനിക്കറിയില്ല മഹാരാജന്‍. ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ മന്ത്രിയുടെ മകളുടെ വിവാഹത്തിന്‍റെ തിരക്കിലായിരുന്നു. അതിന്‍റെ ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞതായിരിക്കും ദയവായി അങ്ങ് ക്ഷമിച്ചാലും!" തൂപ്പുകാരന്‍ വിനയത്തോടെ പറഞ്ഞു.
രാജാവ് അയാളെ തിരികെയയച്ചു. രാജാവ് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്‍റെ ശബ്ദം കേട്ട തൂപ്പുകാരന് തന്‍റെ വിദ്യ ഫലിച്ചു എന്നുറപ്പായി.
അടുത്ത ദിവസം കൊട്ടാരത്തിലെത്തിയ മന്ത്രിയെ രാജാവ് കാര്യമായി ഗൌനിച്ചില്ല. പതിവ് ചര്‍ച്ചകളില്‍ മന്ത്രിയെ ഉള്‍പ്പെടുത്തിയുമില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും രാജാവ് അവഗണന തുടര്‍ന്നു. കുറച്ചു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതായപ്പോള്‍ രാജാവിന് തന്നോടു കാര്യമായെന്തൊ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് മന്ത്രി മനസ്സിലാക്കി. എന്തായിരിക്കണം കാരണമെന്ന് അദ്ദേഹം ആലോചിച്ചു.
വിവാഹത്തിന്‍റെ അടുത്ത ദിവസം മുതലാണ് ഈ മാറ്റം എന്നു തിരിച്ചറിഞ്ഞ മന്ത്രി അന്നത്തെ സംഭവങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് പരിശോധിച്ചു. പെട്ടെന്ന് തന്നെ അദ്ദേഹത്തിന് അന്ന് നടന്ന അനിഷ്ട സംഭവം ഓര്‍മ്മ വന്നു. അതോടെ കാര്യം എന്തായിരിക്കാമെന്ന് ബുദ്ധിമാനായ മന്ത്രി ഊഹിച്ചെടുത്തു.
ഉടന്‍ തന്നെ മന്ത്രി തൂപ്പുകാരനെ തന്‍റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അയാളെ പ്രത്യേകം സ്വീകരിച്ച് നല്ല ഭക്ഷണവും സമ്മാനങ്ങളും കൊടുത്ത് അയാളോട് പറഞ്ഞു.
"എന്‍റെ മകളുടെ വിവാഹ ദിവസം പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ താങ്കളെ എല്ലാവരുടെ മുന്നില്‍ വെച്ചു വഴക്കു പറഞ്ഞു. അത് തെറ്റായിപ്പോയെന്ന് എനിക്ക് ബോധ്യമുണ്ട്. രാജാവിന് വേണ്ടി ഒരുക്കിയ ഇരിപ്പിടത്തില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അപമര്യാദയല്ലേ? ആ ദേഷ്യത്തില്‍ പെട്ടെന്ന് ചെയ്തു പോയതാണ്. താങ്കള്‍ എന്നോടു ക്ഷമിക്കണം."
തൂപ്പുകാരന്‍ അത് കേട്ട് സന്തോഷമായി. താന്‍ ചെയ്ത തെറ്റ് അപ്പോഴാണ് അയാളും മനസ്സിലാക്കിയത്. മന്ത്രി തന്നോടു ക്ഷമ പറയാന്‍ തയാറായത് അദ്ദേഹം അത്ര നീതിമാനും നല്ലവനുമായതു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ തൂപ്പുകാരന്‍ ആകെ വിഷമത്തിലായി. താന്‍ കാരണം മന്ത്രിയും രാജാവുമായി അകന്നതില്‍ അയാള്‍ ഖേദിച്ചു തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ അയാള്‍ തീരുമാനിച്ചു.
പിറ്റേ ദിവസം രാജാവ് ഉച്ചമയക്കത്തിനൊരുങ്ങിയതും തൂപ്പുകാരന്‍ അവിടെയെത്തി വൃത്തിയാക്കാനൊരുങ്ങി. എന്നിട്ട് രാജാവ് കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ പറഞ്ഞു.
"എന്തൊരു കൊടും വരള്‍ച്ചയാണ് ഈ രാജ്യത്ത്! ഒരല്‍പ്പം വെള്ളം പോലുമില്ല. മഴ പെയ്തിട്ട് തന്നെ കാലങ്ങളായി. ഇന്നലെ തന്നെ രാജകൊട്ടാരത്തിന് തീ പിടിച്ചപ്പോള്‍ കേടുത്താന്‍ വെള്ളം ഉണ്ടായിരുന്നില്ല."
ഇത് കേട്ട രാജാവ് അമ്പരന്ന് പോയി. എന്തൊക്കെയാണിയാള്‍ വിളിച്ച് പറയുന്നത്?
"നീ എന്തൊക്കെയാണ് വിളിച്ച് പറയുന്നതു?" രാജാവ് തൂപ്പുകാരനെ വിളിച്ച് ചോദിച്ചു.
"അയ്യോ, മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. ഉറക്കപ്പിച്ചില്‍ ഞാനെന്തൊക്കെയോ വിളിച്ക് പറഞ്ഞതാണ്."
അത് കേട്ട രാജാവിന് വല്ലാത്ത കുറ്റബോധം തോന്നി. തൂപ്പുകാരന്‍റെ വാക്കുകള്‍ കേട്ട് മന്ത്രിയെ താന്‍ തെറ്റിദ്ധരിച്ചല്ലോ!
രാജാവ് ഉടന്‍ തന്നെ മന്ത്രിയെ വിളിക്കാന്‍ ആളെ അയച്ചു. കൊട്ടാരത്തിലെത്തിയ മന്ത്രിയെ രാജാവ് സ്നേഹപൂര്‍വം സ്വീകരിച്ചു. വീണ്ടും പഴയത് പോലെ രാജകാര്യങ്ങള്‍ ചര്‍ച്ച ചചെയ്യാന്‍ തുടങ്ങി.
താന്‍ ഊഹിച്ചത് തന്നെയാണ് സംഭവിച്ചതെന്ന് അതോടെ മന്ത്രിക്ക് ബോധ്യമായി.


0 Comments