യൂറിസ്റ്റിയസ് ഏല്‍പ്പിക്കുന്ന പന്ത്രണ്ട് ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നല്ലോ പാപമുക്തിക്കായി ഹെര്‍കുലീസ് ചെയ്യേണ്ടിയിരുന്നത്. അതില്‍ പതിനോന്നെണ്ണവും വിജയകരമായി പൂര്‍ത്തിയാക്കിയ ഹെര്‍കുലീസിന് മുന്‍പില്‍ ഇനി ഒരേയൊരു ദൌത്യം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇനി ആ ഒരു ദൌത്യം കൂടി പൂര്‍ത്തീകരിച്ചാല്‍ തന്‍റെ അധികാര പരിധിയില്‍ നിന്നും ഹെര്‍കുലീസ് മോചിതനാകും എന്നത് യൂറിസ്റ്റിയസിനെ ചിന്താകുലനാക്കി. ധീരനായ ഹെര്‍കുലീസ് മോചിതനായിക്കഴിഞ്ഞാല്‍ ഇത്ര മാത്രം ദുഷ്ടതയോടെ അദ്ദേഹത്തെ ഓരോ ദുഷ്കരമായ കാര്യങ്ങള്‍ ഏല്‍പ്പിച്ച തന്നോട് ഹെര്‍കുലീസിന്‍റെ മനോഭാവം എന്തായിരിക്കും എന്ന ഭീതി യൂറിസ്റ്റിയസിനെ വല്ലാതെ കുഴക്കാന്‍ തുടങ്ങിയിരുന്നു.
ഭീരുക്കൾ എപ്പോഴും തങ്ങൾ മോശമായി പെരുമാറിയവരെക്കുറിച്ച് ഭയപ്പെടുന്നു. അതിനാൽ ഇനി ഒരിയ്ക്കലും തിരിച്ചുവരാൻ കഴിയില്ലെന്ന് കരുതിയ ഒരു ജോലിക്ക് ഹെര്‍കുലീസിനെ അയയ്ക്കാൻ യൂറിസ്റ്റിയസ് തീരുമാനിച്ചു. ഭൂമിയിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ രാജ്യങ്ങളിൽ നിന്നും ഏല്‍പ്പിച്ച ദൌത്യം പൂര്‍ത്തിയാക്കി പരിക്കേൽക്കാതെ തിരിച്ചെത്തിയ ഹെര്‍കുലീസിന് ഇനി എന്തു ജോലിയാണ് കൊടുക്കുക? പക്ഷേ പാതാലലോകത്ത് നിന്ന് ആരെങ്കിലും എപ്പോഴെങ്കിലും ജീവനോടെ മടങ്ങിയെത്തിയതായി അറിവുണ്ടോ? അതിനാൽ അവസാന ദൗത്യമായി യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് പാതാളത്തിലേക്ക് പോയി നരകത്തിലേയ്ക്കുള്ള പ്രവേശന കവാടം കാക്കുന്ന മൂന്ന് തലയുള്ള നായ സെർബറസിനെ ജീവനോടെ പുറത്തുകൊണ്ടുവരാൻ ഉത്തരവിട്ടു. പാതാളത്തിൽ മരിച്ചവർ രക്ഷപ്പെടാതിരിക്കാൻ കാവൽ നിൽക്കുകയാണ് ഈ പട്ടിയുടെ കടമ. ഹെര്‍കുലീസ് പാതാളത്തിൽ പോയാല്‍ ഒരിയ്ക്കലും രക്ഷപ്പെടാനാകാതെ എന്നേക്കും അവിടെ തുടരുമെന്ന് ഉറപ്പായിരുന്നു യൂറിസ്റ്റിയസിന്!
സെർബറസ് ഒരു ഭീകരനായ രാക്ഷസ നായയായിരുന്നു. നായിരുന്നു. മൂന്ന് തലകൾ ഉണ്ടായിരുന്നു സെര്‍ബറസിന്! അത് കൂടാതെ അതിന്‍റെ നീണ്ട വാലിന്‍റെ അറ്റം ഒരു സര്‍പ്പത്തിലെ തലയായിരുന്നു. അതിന്‍റെ നട്ടെല്ലി നീളെ മുടിക്ക് പകരം സര്‍പ്പങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ നരകത്തിന്‍റെ കവാടങ്ങളിൽ ആരെങ്കിലും പ്രവേശിച്ചാൽ അവര്‍ അതിനുള്ളില്‍ നിന്നും പുറത്തു കടന്ന് രക്ഷപ്പെടാതെ തടയലായിരുന്നു സെര്‍ബറസിന്‍റെ കടമ.
ഹേഡീസിലേക്ക് നയിക്കുന്ന ഒരു നീണ്ട ഇരുണ്ട ഗുഹ ഉണ്ടായിരുന്നു. സ്റ്റൈക്സ് നദി അതിലൂടെയാണ് ഒഴുകിയിരുന്നത്. ചാറോണ്‍ എന്നു പേരുള്ള വെളുത്ത മുടിയുള്ള ഒരു വൃദ്ധനായിരുന്നു ആ നദിയില്‍ ബോട്ടുമായി കാത്തിരുന്നിരുന്നത്. മരണമടഞ്ഞ എല്ലാവരുടെയും ആത്മാക്കളെ പാതാളലോകത്തേയ്ക്ക് കടത്തിയിരുന്നത് അയാളായിരുന്നു . പാതാളലോകത്തെത്തുന്നവരെ സ്വീകരിച്ച് മഹാനായ ന്യായാധിപനായ മിനോസ്, അവർക്ക് വാഴ്ത്തപ്പെട്ടവരുടെ വയലുകളിലേക്ക്, സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകാൻ കഴിയുമോ അതോ അസന്തുഷ്ടരുടെ പ്രദേശത്തേക്ക് അഥവാ നരകത്തിലേയ്ക്ക് പോകണമോ എന്ന് നിശ്ചയിക്കും. ചാരോണിന്‍റെ ബോട്ട് യഥാര്‍ഥത്തില്‍ വളരെ ചെറിയ ഒരു തോണിയായിരുന്നു. അതിന് ശരീരത്തിന്‍റെ ഭാരമില്ലാതെ ആത്മാക്കളെ വഹിക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ഹെര്‍കുലീസിന് അത് ഹെയ്ദ്സിലേയ്ക്ക് ഒരു യോജിച്ച യാത്രമാര്‍ഗ്ഗമായിരുന്നില്ല.
എല്ലാ ബുദ്ധിമുട്ടുകൾക്കിടയിലും ഹെര്‍കുലീസ് ഹെയ്ദ്സിലേയ്ക്ക് എത്താനുള്ള വഴി കണ്ടെത്തി. അവിടെയെത്തിയ ഹെര്‍കുലീസ് സെര്‍ബറസുമായി ഒരേറ്റുമുട്ടലിന് നില്‍ക്കാതെ നേരെ മരിച്ചവരുടെ രാജാവായ പ്ലൂട്ടോയ്ക്ക് മുന്പില്‍ ചെന്ന്, നായയെ തനിക്ക് നൽകണമെന്ന് അപേക്ഷിച്ചു.
പ്ലൂട്ടോ പറഞ്ഞു:
“താങ്കള്‍ക്ക് അവനെ പുറം ലോകത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെങ്കില്‍ അങ്ങിനെ കൊണ്ടുപോയി അവനെ സ്വന്തമാക്കാം. പക്ഷേ നീ ഒരു ആയുധവും അതിനായി ഉപയോഗിക്കരുത്.”
ഹെര്‍കുലീസ് മറുപടി പറഞ്ഞു, “തീര്‍ച്ചയായും, എന്‍റെ ഈ കൈകളല്ലാതെ ഞാൻ മറ്റൊരു ആയുധവും ഉപയോഗിക്കില്ല, അവ മാത്രം ഉപയോഗിച്ച് ഞാൻ അവനെ കീഴടക്കും.”
തന്‍റെ സിംഹത്തോൽ കൊണ്ടുള്ള മാർവസ്ത്രം ധരിച്ച് ഹെര്‍കുലീസ് കവാടത്തില്‍ കാവൽ നിന്നിരുന്ന സെർബറസിനെ സമീപിച്ചു. ഹെര്‍കുലീസ് നായയുടെ മൂന്ന് തലകളിൽ കൈകൾ ചുറ്റിപ്പിടിച്ച് തന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവയെ അമർത്തി. നായ ഉഗ്രകോപത്തോടെ പോരാടി, വാലിന്‍റെ അറ്റത്ത് ഉണ്ടായിരുന്ന സര്‍പ്പം ഹെര്‍കുലീസിനെ കടിച്ചു. ഹെര്‍കുലീസ് തന്‍റെ സിംഹത്തോൽ നായയുടെ തലയിൽ എറിഞ്ഞ് മറ്റൊരു കവാടത്തിലൂടെ അതിനെ പകൽ വെളിച്ചത്തിലേക്ക് വലിച്ചിഴച്ചു. സെർബറസ് ഒരിക്കലും സൂര്യപ്രകാശം കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ സൂര്യന്‍റെ തീക്ഷ്ണ ജ്വാലകളേറ്റ് വളരെയധികം ഭയന്നുപോയി. അതിന്‍റെ വായിൽ നിന്ന് നുരയും പാത്ത്യുമ് വരാന്‍ തുടങ്ങി, നുര നിലത്ത് വീഴുന്നിടത്തെല്ലാം അത് ഒരു വിഷ സസ്യമായി വളര്‍ന്ന്.
ഹെര്‍കുലീസ് സെർബറസിനെ നേരെ യൂറിസ്റ്റിയസിന്റെ അടുത്തേക്ക് കൊണ്ടുപോയി. വിചാരിച്ചത് പോലെ തന്നെ യൂറിസ്റ്റിയസ് ഹെര്‍കുലീസിനെയോ, സെർബറസിനെയോ കാണാന്‍ തന്നെ ആഗ്രഹിച്ചിരുന്നില്ല.
ഹെര്‍കുലീസ് പിന്നീട് ഹെയ്ദ്സിലേയ്ക് തിരികെ കൊണ്ടുപോയി പ്ലൂട്ടോയെ തിരികെ ഏല്‍പ്പിച്ചു.
അങ്ങനെ പന്ത്രണ്ട് മഹത്തായ പ്രവൃത്തികളും ഹെര്‍കുലീസ് പൂര്‍ത്തീകരിച്ചു.
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2)
ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര
ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍
ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി
ഹെര്‍കുലീസിന്‍റെ അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍
ഹെര്‍കുലീസിന്‍റെ ആറാമത്തെ സാഹസം - സ്റ്റൈംഫാലിയൻ പക്ഷികള്‍
ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം - ക്രീറ്റിലെ ഭ്രാന്തൻ കാള
ഹെര്‍കുലീസിന്‍റെ എട്ടാമത്തെ സാഹസം - ഡയോമെഡീസിന്‍റെ കുതിരകൾ
ഹെര്‍കുലീസിന്‍റെ ഒമ്പതാമത്തെ സാഹസം - ഹിപ്പോലൈറ്റ് രാജ്ഞിയുടെ അരപ്പട്ട
ഹെര്‍കുലീസിന്‍റെ പത്താമത്തെ സാഹസം - ഗെറിയോണിന്‍റെ കന്നുകാലികള്‍
ഹെര്‍കുലീസിന്‍റെ പതിനൊന്നാമത്തെ സാഹസം ഹെസ്പെറൈഡിസിന്‍റെ സ്വർണ്ണ ആപ്പിളുകൾ
ഹെര്‍കുലീസിന്‍റെ പന്ത്രണ്ടാമത്തെ സാഹസം - നരകത്തിലെ വേട്ട നായ സെർബറസ്
 


 
 
 
 
 
 
 
 
 
 
 
 
 
 
 
0 Comments