ഒരിക്കല്‍ ഒരു കാട്ടില്‍ ഒരു കൂട്ടം കാട്ടാടുകള്‍ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ കുസൃതിയായ ഒരു കാട്ടാടിന്‍ കുട്ടിയുണ്ടായിരുന്നു. അവന്‍ ആര് പറഞ്ഞാലും കേള്‍ക്കില്ല. കൂട്ടം തെറ്റിപ്പോകരുതെന്ന് അമ്മ പറയുന്നതു കേള്‍ക്കാതെ അവന്‍ ഓടിച്ചാടി ദൂരെയ്ക്ക് പോകും. മുതിര്‍ന്നവരുടെ വാക്കുകള്‍ ഒന്നും തന്നെ അവന്‍ കേള്‍ക്കില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം പതിവുപോലെ ഓടിച്ചാടിക്കളിക്കവേ, കാട്ടാടിന്‍ കുട്ടി കൂട്ടം തെറ്റി ദൂരെയ്ക്ക് പോയി. അവന്‍റെ കഷ്ടകാലത്തിന് ഒരു വേട്ടക്കാരന്‍റെ മുന്പില്‍ ആണ് അവന്‍ ചെന്നുപെട്ടത്. കാട്ടാടിന്‍ കുട്ടിയെ കണ്ടതും വേട്ടക്കാരന്‍ ഒരു അമ്പെടൂത്ത് അവന് നേരെ എയ്യാനായി വില്ലില്‍ തൊടുത്തു. ഭാഗ്യത്തിന് കാട്ടാടിന്‍ കുട്ടി അയാളെ കണ്ടു. രക്ഷപ്പെടാനായി അവന്‍ കുതിച്കുപാഞ്ഞു. വേട്ടക്കാരന്‍ അവന്‍റെ തൊട്ട് പിറകെ തന്നെ പാഞ്ഞുവരുന്നുണ്ടായിരുന്നു.
ഓട്ടത്തിനിടയില്‍ അവന്‍ കുറ്റിച്ചെടികൂട്ടം കണ്ടു. പെട്ടെന്ന് തന്നെ കാട്ടാടിന്‍ കുട്ടി ആ കുറ്റിച്ചെടികള്‍ക്കിടയിലേയ്ക്ക് ഓടി അതിനിടയില്‍ മറഞ്ഞു.
പിന്നാലെ ഓടിയെത്തിയ വേട്ടക്കാരന്‍ കാട്ടാടിന്‍ കുട്ടി പെട്ടെന്ന് എങ്ങോട്ട് അപ്രത്യക്ഷനായി എന്നറിയാതെ ചുറ്റും നോക്കി. എത്ര തിരഞ്ഞിട്ടും അയാള്‍ക്ക് അതിനെ കണ്ടെത്താനായില്ല. കുറച്ചു നേരം നോക്കി വേട്ടക്കാരന്‍ അടുത്ത ഇരയെ തേടി തിരിഞ്ഞു നടന്നു.
ഇതിനിടയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന കാട്ടാടിന്‍ കുട്ടി വേട്ടക്കാരന്‍റെ അനക്കമൊന്നും കാണാതായപ്പോള്‍ താന്‍ രക്ഷപ്പെട്ടെന്ന് ഉറപ്പിച്ചു. അവന്‍ പതിയെ അവിടെ നിന്നും പുറത്തു കടക്കാനൊരുങ്ങി. എന്നാല്‍ ചെടികളുടെ തളിരിലകള്‍ കണ്ടപ്പോള്‍ കൊതിയടക്കാനാകാതെ അവന്‍ അവ തിന്നാന്‍ തുടങ്ങി. ആട് ഇലകള്‍ തിന്നാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും കുറ്റിച്ചെടികള്‍ ഇളകാന്‍ തുടങ്ങി.
മടങ്ങിപ്പോകുകയായിരുന്ന വേട്ടക്കാരന്‍ പിന്നിലെ അനക്കം കേട്ട് തിരിഞ്ഞു നോക്കി. കുറ്റിച്ചെടികള്‍ ഇളകുന്നതിന്‍റെ കാരണം മനസ്സിലാക്കാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. അയാള്‍ പെട്ടെന്ന് തന്നെ ലക്ഷ്യം വെച്ച് ഒരു അമ്പയച്ചു. അയാളുടെ ഉന്നം തെറ്റിയില്ല. കൃത്യമായി അമ്പ് ആടിന്‍റെ ദേഹത്ത് തന്നെ തറച്ചു. അത് അവിടെ വീണു മരിച്ചു. വേട്ടക്കാരന്‍ സന്തോഷത്തോടെ അവനെയുമെടുത്ത് യാത്രയായി.
അങ്ങിനെ തനിക്ക് സുരക്ഷയൊരുക്കിയ കുറ്റിച്ചെടികള്‍ തന്നെ ആര്‍ത്തി സഹിക്കാതെ ഭക്ഷണമാക്കിയ കാട്ടാടിന്‍ കുട്ടിയുടെ ജീവന്‍ അങ്ങിനെ പൊലിഞ്ഞു.



0 Comments