യൂറിസ്റ്റിയസ് ഹെര്‍കുലീസിനെ ഓരോ തവണയും കുറച്ചുകൂടി ദൂരേക്ക് അയക്കാനാണ് ശ്രമിച്ചിരുന്നത് എന്ന് മുന്‍പുള്ള അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒരു പാട് ദൂരെ പോയാല്‍ ഹെര്‍കുലീസ് ഒരു പക്ഷേ തിരിച്ചു വരില്ല എന്ന് യൂറിസ്റ്റിയസ് കരുതിക്കാണും.
ഏഥൻസിൽ നിന്ന് ക്രീറ്റിലേക്ക് പോകാൻ ഏറ്റവും മികച്ച ആവിക്കപ്പലില്‍ പോകാൻ തന്നെ ഒരു ദിവസം മുഴുവൻ എടുക്കും. അപ്പോള്‍ പിന്നെ ആവി കപ്പലുകളെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലാത്ത ആ കാലത്ത് കപ്പൽയാത്ര എത്ര മന്ദഗതിയിലായിരുന്നിരിക്കണം!
യൂറിസ്റ്റിയസ് ഇത്തവണ ഹെര്‍കുലീസിനെ കൂടുതൽ ദൂരേക്ക്, കരിങ്കടലിലേക്ക്, അയച്ചു യുദ്ധപ്രിയരായ സ്ത്രീകളുടെ ഒരു ജനതയായ ആമസോണുകൾ താമസിച്ചിരുന്ന തെക്കൻ തീരത്തേയ്ക്ക്!
ആമസോണുകളെ പുരുഷന്മാരെപ്പോലെയാണ് വളര്‍ത്തിയിരുന്നത്. അവരുടെ പ്രധാന തൊഴിൽ തന്നെ യുദ്ധമായിരുന്നു. കൂടാതെ, അവർ മികച്ച കുതിരപ്പടയാളികള്‍ ആയിരുന്നു. അവർ വില്ലും അമ്പും വളരെ കൃത്യതയോടെ ഉപയോഗിക്കുവാന്‍ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു . ആമസോണുകളുടെ രാജ്ഞിയായ ഹിപ്പോലൈറ്റ് ധീരയും സുന്ദരിയുമായ ഒരു സ്ത്രീയായിരുന്നു. തന്‍റെ പദവിയുടെ അടയാളമായി അവര്‍ ഒരു പ്രശസ്തമായ അരപ്പട്ട ധരിച്ചിരുന്നു. യുദ്ധത്തിന്‍റെയും, ശൌര്യത്തിന്‍റെയും ദേവനായ ആരെസ് സമ്മാനമായി നല്കിയതായിരുന്നു ആ അരപ്പട്ട.
യൂറിസ്റ്റിയസിന് ഒരു മകളുണ്ടായിരുന്നു. ആമസോൺ രാജ്ഞി ധരിച്ചിരുന്ന പ്രശസ്തമായ അരപ്പട്ടയുടെ ഭംഗിയെക്കുറിച്ച് കേട്ടറിഞ്ഞ ആ യുവതി അത് തനിക്കായി കൊണ്ടുവരാൻ ഹെര്‍കുലീസിനെ അയയ്ക്കാൻ പിതാവിനോട് അപേക്ഷിച്ചു. തുടർന്ന് യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് അരപ്പട്ട കൊണ്ടുവരാൻ ആവശ്യപ്പെട്ടു, അങ്ങിനെയാണ് ഹെര്‍കുലീസ് തന്‍റെ കൂട്ടാളികളുമായി ഒരു കപ്പലില്‍ തന്‍റെ ഒമ്പതാമത്തെ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്.
നിരവധി തവണ അലഞ്ഞുതിരിഞ്ഞ ശേഷം ഒടുവില്‍ അവർ കരിങ്കടലിൽ എത്തി. ആമസോൺ രാജ്യത്തേക്ക് ദൂരെ നിന്ന് ചില അപരിചിതർ കപ്പലില്‍ എത്തിയിട്ടുണ്ടെന്ന് ഹിപ്പോലൈറ്റ് രാജ്ഞിക്ക് ഉടൻ വിവരം ലഭിച്ചു. അവർ എന്തിനാണ് വന്നതെന്ന് അറിയാൻ രാജ്ഞി കടല്‍കരയിലേക്ക് ചെന്നു. ആരെസ് നൽകിയ അരപ്പട്ട കിട്ടുവാനായി തന്നെ ഒരു രാജകുമാരി അയച്ചതാണെന്ന് ഹെര്‍കുലീസ് രാജ്ഞിയോട് തുറന്ന് പറഞ്ഞു. ധീരനായ ഹെര്‍കുലേസ്സിന്‍റെ തുറന്നുപറച്ചിലിനെ ഹിപ്പോലൈറ്റ് അഭിനന്ദിക്കുകയും തന്‍റെ അരപ്പട്ട അദ്ദേഹത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ ഇതേസമയം, ഹീര സ്വയം ഒരു ആമസോണായി മാറി അവരുടെ സൈന്യത്തിനിടയിലേക്ക് ഓടിക്കയറി.
"ഇതാ ശത്രുക്കള്‍ നമ്മുടെ രാജ്ഞിയെ പിടിച്ച് കൊണ്ടുപോകുന്നു!" അവര്‍ അലറി വിളിച്ചുപറഞ്ഞു.
അതോടെ എല്ലാ ആമസോണുകളും അവരുടെ ആയുധങ്ങള്‍ കയ്യിലെടുത്ത് കുതിരപ്പുറത്ത് കയറി കപ്പലിലേക്ക് പാഞ്ഞു. ആയുധധാരികളായ ആമസോണുകള്‍ തങ്ങളെ ആക്രമിക്കാൻ വരുന്നത് കണ്ടപ്പോൾ, ഹിപ്പോലൈറ്റ് തന്നെ ഒറ്റിക്കൊടുത്തുവെന്ന് ഹെര്‍കുലീസ് കരുതി. അദ്ദേഹം രാജ്ഞിയെ വധിച്ച് അവരുടെ അരക്കച്ച കൈക്കലാക്കി.
തുടര്‍ന്നുള്ള യുദ്ധത്തില്‍ ഹെര്‍കുലീസും സംഘവും ബാക്കിയുള്ള ആമസോണുകളെ ആക്രമിച്ച് അവരെ ഓടിച്ചു. യുദ്ധം അവസാനിച്ചപ്പോൾ, ഹെര്‍കുലീസും കൂട്ടാളികളും കപ്പലിൽ കയറി തിരികെ യാത്രയായി.
അവർ മൈക്കീനിലേക്കുള്ള യാത്ര ആരംഭിച്ച് അധികം താമസിയാതെ ട്രോജന്‍ രാജാവായ ലാമെഡോണിന്‍റെ മകളായ ഹെസിയോണയെ കടല്‍ തീരത്ത് ഒരു പാറയിൽ ചങ്ങലയിട്ട നിലയിൽ കണ്ടെത്തി.
അക്കാലത്ത് ലാമെഡോൺ ട്രോയിയുടെ രാജാവായിരുന്നു, ഒരു മഹാനായ രാജാവിന്‍റെ മകൾക്ക് ഇത്ര ഭയാനകമായ ശിക്ഷ അനുഭവിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഹെര്‍കുലീസും കൂട്ടാളികളും കരയിലേയ്ക്ക് കപ്പല്‍ അടുപ്പിച്ചു.
ഹെസിയോണ അവരോടു തന്‍റെ കഥ പറഞ്ഞു.
സൂര്യദേവനായ അപ്പോളോയും കടലിന്റെ ദേവനായ പോസിഡോണും ഒരിക്കൽ മനുഷ്യരൂപം സ്വീകരിച്ച് ട്രോയ് നഗരത്തിന് ചുറ്റും മതിലുകൾ പണിയാൻ തുടങ്ങി. അവളുടെ പിതാവ് ലാമെഡോൺ അവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ തന്‍റെ വാഗ്ദാനം പാലിക്കാൻ തയ്യാറായില്ല. ഈ വാഗ്ദത്തലംഘനം ദേവന്മാരെ കോപാകുലരാക്കി. അപ്പോളോ നഗരത്തിൽ നിന്ന് ഒരു മഹാമാരി അയച്ചു നഗരവാസികളെ മുഴുവന്‍ ദുരിതത്തിലാഴ്ത്തി., അതേസമയം പോസിഡോൺ ഒരു കടൽ രാക്ഷസനെയാണ് പുറത്തുവിട്ടത്. അത് സമുദ്രത്തില്‍ നിന്നുയര്‍ന്ന് വന്ന് ജനങ്ങളെ വിഴുങ്ങുകയാണ് ചെയ്തത്!
ദേവന്മാരുടെ കോപം എങ്ങനെ ശമിപ്പിക്കുമെന്ന് അപ്പോളോയിലെ പുരോഹിതനോട് ലാമെഡോൺ ചോദിച്ചു. ലാമെഡോൺ തന്‍റെ മകളെ കടല്‍കരയിലെ പാറയിൽ ബന്ധിച്ചാൽ നഗരം ഈ ഇരട്ട ദുരിതത്തില്‍ മോചിതമാകുമെന്ന് പുരോഹിതൻ മറുപടി നൽകി.
ലാമെഡോൺ അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചു, കടലിനടുത്തുള്ള പാറക്കെട്ടിൽ അങ്ങിനെയാണ് സ്വന്തം പിതാവ് തന്നെ ഹെസിയോണയെ ചങ്ങലക്കിട്ടത്! കടല്‍ രാക്ഷസന് ബലിയര്‍പ്പിക്കാനായിരുന്നു ഇത്!
ഇതിനിടയില്‍ ഹെര്‍കുലീസ് തീരത്തെത്തിയത് അറിഞ്ഞ ലാമെഡോൺ ഉടന്‍ തന്നെ അവിടെയെത്തി തന്‍റെ മകളെ രക്ഷിക്കാൻ കണ്ണീരോടെ ഹെര്‍കുലീസിനോട് അപേക്ഷിച്ചു. ലാമെഡോണിന്‍റെ കൈവശമുള്ള പ്രശസ്തമായ ഒരു കുതിരയെ പ്രതിഫലമായി നൽകണമെന്ന വ്യവസ്ഥയിൽ ഹെസിയോണയെ രക്ഷിക്കാമെന്ന് ഹെര്‍കുലീസ് വാഗ്ദാനം ചെയ്തു. സീയൂസ് ലാമേഡോണിന്‍ സമ്മാനമായി നല്കിയതായിരുന്നു ആ മാന്ത്രികക്കുതിര!
ഹെര്‍കുലീസ് കടൽ രാക്ഷസനെ കൊലപ്പെടുത്തി അവസാന നിമിഷം ഹെസിയോണയെ രക്ഷപ്പെടുത്തി. പക്ഷേ ലാമെഡോൺ വീണ്ടും തന്റെ സ്വരൂപം പുറത്തെടുത്തു. വാഗ്ദാനം ചെയ്ത കുതിരയെ നല്കാന്‍ അദ്ദേഹം തയ്യാറായില്ല. വിശ്വാസവഞ്ചകനായ രാജാവിനോടുള്ള അവജ്ഞയാൽ ഹെര്‍കുലീസിന്‍റെ ഹൃദയം പുകഞ്ഞു, ഹെര്‍കുലീസ് താന്‍ ട്രോയ് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി മെക്കിനയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെയെത്തിയ അദ്ദേഹം ആമസോൺ രാജ്ഞിയുടെ അരപ്പട്ട യൂറിസ്റ്റിയസിന്‍റെ മകള്‍ക്ക് സമ്മാനിച്ചു.
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2)
ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര
ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍
ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി
ഹെര്‍കുലീസിന്‍റെ അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍
ഹെര്‍കുലീസിന്‍റെ ആറാമത്തെ സാഹസം - സ്റ്റൈംഫാലിയൻ പക്ഷികള്‍
ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം - ക്രീറ്റിലെ ഭ്രാന്തൻ കാള
ഹെര്‍കുലീസിന്‍റെ എട്ടാമത്തെ സാഹസം - ഡയോമെഡീസിന്‍റെ കുതിരകൾ
ഹെര്‍കുലീസിന്‍റെ ഒമ്പതാമത്തെ സാഹസം - ഹിപ്പോലൈറ്റ് രാജ്ഞിയുടെ അരപ്പട്ട
ഹെര്‍കുലീസിന്‍റെ പത്താമത്തെ സാഹസം - ഗെറിയോണിന്‍റെ കന്നുകാലികള്‍
 


 
 
 
 
 
 
 
 
 
 
 
 
 
 
 
0 Comments