ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം - The Story of Hercules

ഗ്രീക് ഇതിഹാസമായ ഹെർക്കുലീസ് ദൈവങ്ങളുടെ രാജാവായ സ്യൂസിനു മനുഷ്യസ്ത്രീയായ അൽക്മേനയില്‍ ജനിച്ച പുത്രനാണ്.

സ്യൂസ് പലപ്പോഴും ഒളിമ്പ്യൻ മലനിരകളിൽ നിന്നു ഇറങ്ങി മനുഷ്യരുടെ ലോകത്ത് സഞ്ചരിക്കാറുണ്ടായിരുന്നു. അങ്ങിനെ ഒരു യാത്രയിലാണ്  സ്യൂസ് അതിസുന്ദരിയായ അൽക്മേനയെ കാണുന്നതും അവളില്‍ ആകൃഷ്ടനാകുന്നതും. അൽക്മേന വീരനായ പെർസിയസിന്റെ കൊച്ചുമകളും ആംഫിട്രിയോണിന്റെ ഭാര്യയുമായിരുന്നു.

ഒരു ദിവസം, അൽക്മേനയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്ന സമയത്ത്, സ്യൂസ് അവന്റെ രൂപം സ്വീകരിച്ചു.  ആംഫിട്രിയോണിന്റെ രൂപത്തില്‍ എത്തിയ സ്യൂസിനെ കണ്ടു തന്റെ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിച്ച ആ രാത്രി അൽക്മേന സ്യൂസിനൊപ്പം ശയിച്ചു. ആ ബന്ധത്തില്‍  പിറന്നതാണ്പ കുതി ദൈവനും പകുതി മനുഷ്യനും ആയ ഹെർക്കുലീസ്.

സ്യൂസ് തന്റെ മകനെ വളരെയധികം സ്നേഹിച്ചു. എന്നാൽ, സ്യൂസിന്റെ ഭാര്യ ഹെറ, തന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തില്‍ കോപം മൂർച്ചിച്ചുകൊണ്ട്, ആ കുഞ്ഞിനെ നശിപ്പിക്കാന്‍ പല പദ്ധതികളും ആലോചിച്ചു.

ആദ്യം ഹെറ പ്രസവത്തിന്റെ ഗ്രീക്ക് ദേവതയായ ഇലിത്തിയയോട് ആ പ്രസവം നടക്കാതിരിക്കാന്‍ ഉത്തരവിട്ടു, എന്നാല്‍ ഇലിത്തിയ സൂത്രത്തില്‍ ഹെറയുടെ കല്‍പ്പനയെ ലംഘിച്ച് ഹെര്‍കുലീസിന്റെ ജനനം സാധ്യമാക്കി.

ആൽക്മെൻ സിയൂസിന്റെ മകനെ പ്രസവിച്ചു, ആദ്യം അവനെ ആൽസിഡസ് എന്ന് വിളിച്ചിരുന്നു. ഹേരയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിൽ പിന്നീട് ഹെരാക്കിൾസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, കാരണം ആ പേരിന്റെ അർത്ഥം "ഹേരയുടെ മഹത്വത്തിനായി" എന്നാണ് അടുത്ത ദിവസം, ആൽക്മെൻ ആംഫിട്രിയോണിന്റെ മകനായ ഐഫിക്കിൾസിനെ പ്രസവിച്ചു.

ഹെർക്കുലീസ് കുഞ്ഞായിരുന്നപ്പോൾ, ഹെറ രണ്ടു ഭയങ്കര പാമ്പുകളെ അവന്റെ തൊട്ടിലിലേക്ക് അയച്ചു. എന്നാൽ കുഞ്ഞായ ഹെർക്കുലീസ് അത്യന്തം ശക്തിയുള്ളവനും ധൈര്യശാലിയുമായിരുന്നു. തന്നെ കൊല്ലാനെത്തിയ പാമ്പുകളെ അവന്‍ അനായാസം ഞെരിച്ചു കൊന്നു.



സ്യൂസ്, തന്റെ മകനെ സുരക്ഷിതമായി വളർത്താൻ, ഹെർക്കുലീസിനെ അർഗോസ് എന്ന പുരാതന നഗരത്തിലെ ഒരു സാധാരണ കുടുംബത്തോടൊപ്പം താമസിക്കാൻ അയച്ചു. അവൻ ശാന്തനും, ധൈര്യവാനും, സ്നേഹവും നിറഞ്ഞ ബാലനായി വളർന്നു. അവൻ സന്തുഷ്ടനും ആത്മവിശ്വാസമുള്ളവനുമായിരുന്നു, തന്റെ ശക്തിയിൽ ഹെർക്കുലീസ് വിശ്വസിച്ചു. അത് കൊണ്ട് തന്നെ പലപ്പോഴും പല സംഘട്ടനങ്ങളിലും ചെറുപ്പത്തിലെ തന്നെ അവന്‍ ഉള്‍പ്പെട്ടിരുന്നു. 

ഹെർക്കുലീസ് മെഗാറ രാജകുമാരിയേയാണ് ഹെർക്കുലീസ് വിവാഹം ചെയ്തത്. അവർക്ക് മൂന്നു പുത്രന്മാരും ഉണ്ടായി. 

ഇതിനിടയില്‍ ഹെറാ തന്റെ പക തീര്‍ക്കാനായി ഭ്രാന്തിന്റെ ദേവതയായ ലിസ്സയെ ഹെര്‍കുലീസിന്റെ അടുത്തേയ്ക്ക് അയച്ചു. അതിന്റെ ഫലമായി ഭ്രാന്ത് മൂര്‍ച്ഛിച്ച ഹെര്‍ക്കുലീസ് തന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി. ബോധം വീണ്ടെടുത്തപ്പോൾ, ദുഃഖവും കുറ്റബോധവും കൊണ്ട് നിറഞ്ഞ ഹെർക്കുലീസ് എന്തു ചെയ്യണമെന്നറിയാതെ ആത്മഹത്യക്കു മുതിരുന്നു.  ഹെർക്കുലീസിനെ ആത്മസുഹൃത്തായ തെസ്യൂസാണ് അതിൽ നിന്നു അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

തുടർന്ന് തന്റെ പ്രവൃത്തികൾക്ക് എങ്ങനെ പ്രായശ്ചിത്തം ചെയ്യാമെന്ന് അന്വേഷിക്കാൻ ഹെർക്കുലീസ് ഡെൽഫിയിലേക്ക് പോയി. ഡെൽഫിയിലെ ഒറാക്കിൾ ആയ പൈത്തിയ, ടിറിൻസിൽ പോയി തന്റെ ബന്ധുവായ മൈസീനയിലെ രാജാവായ യൂറിസ്റ്റിയസിനെ പന്ത്രണ്ട് വർഷം സേവിക്കാൻ ഉപദേശിച്ചു. യൂറിസ്റ്റിയസ് അദ്ദേഹത്തിന് നൽകുന്ന ഏത് ജോലിയും ചെയ്തു തീര്‍ക്കണമെന്നും പകരമായി, അദ്ദേഹത്തിന് അമരത്വം പ്രതിഫലമായി ലഭിക്കുമെന്നും അറിയിച്ചു. ഇതിൽ ഹെർക്കുലീസ് നിരാശനായി, തന്നേക്കാൾ വളരെ താഴ്ന്നവനാണെന്ന് അറിയാമായിരുന്നിട്ടും, തന്റെ പിതാവായ സിയൂസിനെ എതിർക്കാൻ ഭയപ്പെട്ട ഒരു മനുഷ്യനെ സേവിക്കാൻ ഹെർക്കുലീസ് ആഗ്രഹിച്ചില്ല.. ഒടുവിൽ, ഹെർക്കുലീസ് തന്നെത്തന്നെ യൂറിസ്റ്റിയസിന്റെ സേവനത്തിനായി അര്‍പ്പിച്ചു.

തുടരും


Post a Comment

0 Comments