ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി - Hercules and the Erymanthian Boar

അർക്കാഡിയയുടെ വടക്കുപടിഞ്ഞാറുമായി കിടക്കുന്ന മനോഹരമായ ഒരു സമതല പ്രദേശമാണ് എലിസ്. അഞ്ച് വർഷത്തിലൊരിക്കൽ ഇവിടെ സിയൂസിന്റെ ബഹുമാനാർത്ഥം ഒരു വലിയ ഉത്സവം നടത്താറുണ്ടായിരുന്നു, എല്ലാ പുരുഷന്മാരും ആൺകുട്ടികളും ഈ ഉത്സവത്തിലെ ഓട്ടമത്സരങ്ങളിലും,  ഗുസ്തി, ബോക്സിങ് തുടങ്ങിയ എല്ലാത്തരം മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അർക്കാഡിയയ്ക്കും എലിസിനും ഇടയിൽ എറിമാന്തോസ് എന്നറിയപ്പെടുന്ന ഒരു ഉയർന്ന പർവതനിരയുണ്ട്. അവിടെയായിരുന്നു ഭീമാകാരനായ കാട്ടുപന്നി താമസിച്ചിരുന്ന ഗുഹ.



ഈ കാട്ടുപന്നി പലപ്പോഴും അതിന്‍റെ ഗുഹ വിട്ട് സമതലങ്ങളിലേക്ക് ഇറങ്ങിചെന്ന് കന്നുകാലികളെ കൊല്ലുകയും കൃഷികള്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തു. ഈ കാട്ടുപന്നിയെക്കുറിച്ച് കേട്ട യൂറിസ്റ്റിയസ്, ആ മൃഗത്തെ ജീവനോടെ വേണമെന്ന് തീരുമാനിച്ചു, അതിനാൽ അതിനെ പിടിച്ച് തന്‍റെ അടുക്കൽ കൊണ്ടുവരാൻ ഹെര്‍കുലീസിനോട് ആവശ്യപ്പെട്ടു.

ഹെര്‍കുലീസ് ഒരിക്കൽ കൂടി തന്‍റെ സിംഹത്തോൽ ധരിച്ച് എറിമാന്തിയൻ മല നിരകളിലേയ്ക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ, സെന്‍റോറുകൾ താമസിച്ചിരുന്ന ഒരു ചെറിയ പട്ടണത്തിൽ അദ്ദേഹം എത്തിച്ചേര്‍ന്നു.  പകുതി മനുഷ്യനും പകുതി കുതിരയുമായാ വിചിത്ര മനുഷ്യരാണ് സെന്‍റോറുകള്‍. സത്യത്തില്‍ അവർ മനുഷ്യരായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അവർ വളരെ നല്ല കുതിരസവാരിക്കാരായിരുന്നു എന്നത് കൊണ്ട്  അവരുടെ പർവത കുതിരകളുമായി ചേര്‍ന്ന് എപ്പോഴും ഒന്നായി തോന്നപ്പെട്ടിരുന്നു.

ഓക്ക് മരങ്ങൾ നിറഞ്ഞ ഒരു ഉയര്‍ന്ന സമതല പ്രദേശത്തായിരുന്നു സെന്‍റോറുകള്‍  താമസിച്ചിരുന്നത്. അതിനു താഴെയുള്ള കാട്ടു താഴ്‌വരയിലൂടെ എറിമാന്തോസ് നദിഒഴുകുന്നു,  താഴ്‌വരയിൽ ധാരാളം വനങ്ങളും ചെറിയ അരുവികളും ഭയാനകമായ മലയിടുക്കുകളും ഉണ്ടായിരുന്നു, അവിടെ ഈ കുതിരമനുഷ്യര്‍ വേട്ടയാടുകയും മീൻ പിടിക്കുകയും ചെയ്തിരുന്നു.

സെന്‍റോറുകളുടെ  തലവൻ ഫോലോസ് ഹെര്‍കുലീസിനെ അതിഥിയായി സ്വീകരിച്ചു. അദ്ദേഹം ഹെര്‍കുലീസിന് പാകം ചെയ്ത മാംസം കഴിക്കാൻ നൽകി. സെന്‍റോറുമാരുടെ രീതിയനുസരിച്ച് ഫോലോസ് മാംസം പച്ചയായി തന്നെ കഴിച്ചു.

വയറു നിറയെ ഭക്ഷണം കഴിച്ച ഹെര്‍കുലീസ് ഫോലോസിനോട് പറഞ്ഞു:

 “താങ്കളുടെ ഭക്ഷണം തീർച്ചയായും നല്ലതും രുചികരവുമാണ്. പക്ഷേ എനിക്കു നല്ല ദാഹമുണ്ട്. ഒരു സിപ്പ് വീഞ്ഞ് കുടിക്കാൻ കഴിയുമെങ്കിൽ എനിക്കു കൂടുതല്‍ ആസ്വാദ്യകരമായിരിക്കും.” 

“എന്‍റെ പ്രിയപ്പെട്ട അതിഥി, ഈ മലയിൽ ഞങ്ങൾക്ക് വളരെ നല്ലതും സുഗന്ധമുള്ളതുമായ വീഞ്ഞ് ഉണ്ട്, അതിൽ നിന്ന് കുറച്ച് നിങ്ങൾക്ക് തരുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എനിക്ക് അങ്ങനെ ചെയ്യാൻ ഭയമാണ്, കാരണം അതിന് ശക്തമായ സുഗന്ധമുണ്ട്, മറ്റ് സെന്‍റോറുകള്‍, അവർ അത് മണത്താൽ, വീഞ്ഞ് കിട്ടാനായി എന്‍റെ ഗുഹയിൽ വന്നേക്കാം . അവർ വളരെ ക്രൂരരും നിയമങ്ങള്‍ ഒന്നും പാലിക്കാത്തവരുമാണ്. അത് കൊണ്ട് നിങ്ങൾക്ക് വലിയ ദോഷം ചെയ്തേക്കാം.” ഫോലോസ് മറുപടി പറഞ്ഞു: 

“അതോര്‍ത്ത് നിങ്ങള്‍ ഭയപ്പെടേണ്ട,” ഹെര്‍കുലീസ് പറഞ്ഞു. “എനിക്ക് സെന്‍റോറുകളെ അല്പ്പം പോലും പേടിയില്ല.”

ഇത് കേട്ടതോടെ ഫോലോസ്  വീഞ്ഞ് ഹെര്‍കുലീസിന്‍റെ മുമ്പിൽ വച്ചു. ഹെര്‍കുലീസ്  വീഞ്ഞ് എടുത്തു കുടിച്ചു തുടങ്ങി. അൽപ്പസമയത്തിനുള്ളിൽ ഗുഹയ്ക്ക് പുറത്ത് ഒരു വലിയ ശബ്ദം കേട്ടു.  നിരവധി ആളുകളുടെ വന്യമായ ശബ്ദങ്ങളും,  നിരവധി കുതിരകളുടെ കുളമ്പടി ശബ്ദവും കേള്‍ക്കാറായി. ഫോലോസ് ഭയപ്പെട്ടത് തന്നെ സംഭവിച്ചു. വീഞ്ഞിന്‍റെ സുഗന്ധം മണത്ത സെന്‍റോറുകള്‍, പൂർണ്ണ കവചം ധരിച്ച് ഫോലോസിന്റെ ഗുഹയിലെത്തി.

 പിന്നീടവിടെ നടന്നത് ഒരു ഭയങ്കരമായ പോരാട്ടം തന്നെയായിരുന്നു. സെന്‍റോറുകള്‍ പൈൻ ശാഖകൾ, പാറകൾ, മഴുക്കൾ, തീക്കനൽ എന്നിവയുമായി ഹെര്‍കുലീസിനെ ആക്രമിച്ചു. മേഘങ്ങള്‍, അവരുടെ അമ്മമാർ, അവന്റെ മേൽ ഒരു വെള്ളപ്പൊക്കം തന്നെ ചൊരിഞ്ഞു. പക്ഷേ ഹെര്‍കുലീസ് അവരെക്കാൾ മിടുക്കനായിരുന്നു. ഗുഹയില്‍ തന്‍റെ നേരെയെത്തിയ ആദ്യത്തെ  രണ്ടുപേരെ ഹെര്‍കുലീസ് അടിച്ചു പറത്തി. പിന്നാലേയെത്തിയ മറ്റുള്ളവർ ഗുഹയിൽ പ്രവേശിക്കുന്നത് തടഞ്ഞു, ബാക്കിയുള്ളവരെ തന്‍റെ അമ്പുകൾ എയ്തു താഴെ വീഴ്ത്തി.

ഫോലോസ് ഒരു ദയയുള്ള വ്യക്തിയായിരുന്നു.  സെന്‍റോറുകളിൽ ഒരാൾ തന്‍റെ ഗുഹയ്ക്ക് പുറത്ത് സഹായത്തിനായി നിലവിളിക്കുന്നത് കേട്ട്, അയാളുടെ അടുത്തേക്ക് ചെന്ന് മുറിവിൽ നിന്ന് അമ്പ് പുറത്തെടുക്കാൻ ശ്രമിച്ചു. ആ ചെറിയ അമ്പ് കണ്ട ഫോലോസ്  ഇത്രയും ചെറിയ ആയുധം ഒരാളുടെ മരണത്തിന് കാരണമാകുമോ എന്ന് ആശ്ചര്യപ്പെട്ടു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ അമ്പ് ഫോലോസിന്‍റെ കൈയിൽ നിന്ന് വഴുതി സ്വന്തം കാലിൽ തറച്ചു. അത് ഒരു പോറൽ മാത്രമേ ഉണ്ടാക്കിയുള്ളൂ, പക്ഷേ അത് സുഖപ്പെടുത്താൻ കഴിഞ്ഞില്ല, കാരണം ഹെര്‍കുലീസ് അവ ഹൈഡ്രയുടെ രക്തത്തിൽ മുക്കിയതായിരുന്നു. പാവം ഫോലോസ്, ആ വിഷമേറ്റ് അന്ത്യശ്വാസം വലിച്ചു.

സെന്‍റോറുകളെ പരാജയപ്പെടുത്തിയെങ്കിലും തന്‍റെ ദയാലുവായ ആതിഥേയന്‍റെ മരണം ഹെര്‍കുലീസിനെ വലിയ ദുഃഖത്തിലാഴ്ത്തി. സുരക്ഷ വളരെ കുറവായിരുന്ന ആ കാലത്ത്, ആതിഥേയനും അതിഥിയും തമ്മിലുള്ള ദയയുടെയും നന്ദിയുടെയും ബന്ധം ഏറ്റവും അടുത്തതും ഏറ്റവും പവിത്രവുമായിരുന്നു. അത് പലപ്പോഴും ഒരേ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തേക്കാൾ തീവ്രമായിരുന്നു. 

ഹെര്‍കുലീസ് തന്‍റെ  സുഹൃത്തിന്‍റെ മരണത്തില്‍ ആത്മാർത്ഥമായി വിലപിച്ചു, ശരിയായ ശവസംസ്കാര ചടങ്ങുകൾ നടത്തി, പർവതത്തിന്‍റെ വശത്ത് എല്ലാ ബഹുമതികളോടെയും അദ്ദേഹത്തെ അടക്കം ചെയ്തു. ഫോലോസിന്‍റെ ആത്മാവിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്നും, അത് കൊണ്ട് അദ്ദേഹത്തിന്‍റെആത്മാവ് തന്നോട് ഒരു വിദ്വേഷവും വഹിക്കില്ലെന്നും ഹെര്‍കുലീസ് ആശ്വസിച്ചു.

പിന്നെ ഹെര്‍കുലീസ് അധികം താമസിച്ചില്ല. ആ കാട്ടുപന്നിയെ തേടി അദ്ദേഹം യാത്ര തിരിച്ചു. അധികം താമസിയാതെ ഹെര്‍കുലീസ് അവനെ ഒരു ഇടതൂർന്ന കാട്ടിൽ കണ്ടെത്തി. ഹെര്‍കുലീസ് പിന്തുടര്‍ന്നതും കാട്ടുപന്നി പർവതത്തിന്റെ മുകളിലേക്ക് ഓടിക്കയറി. പർവതനിരകള്‍ അഗാധമായ മഞ്ഞുമൂടിയിരുന്നതിനാൽ കാട്ടുപന്നിക്ക് അധികം വേഗത്തിൽ ഓടാനായില്ല. അതിവേഗം പന്നിയെ പിന്തുടര്‍ന്നെത്തിയ  ഹെര്‍കുലീസ് അതിന്‍റെ മുകളിലേയ്ക്ക് ചാടിവീണു. പന്നി ഹെര്‍ക്കുലീസിനെ കുടഞ്ഞെറിയാന്‍ ശ്രമിച്ചു. എന്നാല്‍, ഹെര്‍കുലീസ് അതിനെ മുറുകെ പിടിച്ചമര്‍ത്തി. രണ്ടുപേരും മഞ്ഞിലൂടെ താഴേയ്ക്ക് ഉരുണ്ടു വീണു. ഹെര്‍കുലീസ് പണിപ്പെട്ട് ആ  കാട്ടുപന്നിയെ മഞ്ഞിലേയ്ക്ക്  പൂഴ്ത്തി. ഹെര്‍കുലീസിന്‍റെ കരുത്തുറ്റ കരങ്ങളില്‍ പെട്ട് മഞ്ഞില്‍ പുതഞ്ഞു പോയ പന്നി രക്ഷപ്പെടാനാകാതെ കിടന്നു. ഹെര്‍കൂലീസ്  പന്നിയെ ഒരു വലയിൽ ആക്കി അത് കെട്ടി തന്‍റെ തോളിൽ എറിഞ്ഞ്, മൈക്കീനയിലേക്ക് യാത്ര തിരിച്ചു.

ഹെര്‍കൂലീസ് നഗരത്തിലേക്ക് എത്തിച്ചേരുന്നുവെന്ന് കേട്ടപ്പോൾ യൂറിസ്റ്റിയസ് ഒരു വലിയ ചെമ്പ്പാത്രത്തിൽ ഒളിച്ചുവത്രേ!  പന്നിയെ സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലമായ അതേ ചെമ്പ്പാത്രത്തിലേക്ക് ഹെര്‍കൂലീസ് പന്നിയെ എറിഞ്ഞുവെന്നും പറയപ്പെടുന്നു.  ഇത്രയും ഭയാനകമായ പണിയുടെ കൂട്ടത്തിൽ പെട്ട യൂറിസ്റ്റിയസ് എത്രമാത്രം ഭയന്നിരിക്കണം എന്ന് ഒന്നോര്‍ത്തു നോക്കൂ.  എങ്ങിനെയായിരുന്നിരിക്കും അദ്ദേഹം ആ പാത്രത്തില്‍ നിന്നും പുറത്തു ചാടി രക്ഷപ്പെട്ടിരുന്നിരുക്കുക?

ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം

ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2) 

ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര

ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍

ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി

ഹെര്‍കുലീസിന്‍റെ  അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍

Post a Comment

0 Comments