മൈക്കീനയിൽ നിന്ന് വളരെ അകലെയല്ലാതെ ലെർന എന്ന ഒരു ചെറിയ തടാകമുണ്ട്. ഒരു കുന്നിൻ ചുവട്ടിലെ ഒരു വലിയ നീരുറവയിൽ നിന്നാണ് ഇത് രൂപപ്പെടുന്നത്. ഈ തടാകത്തിൽ ഹൈഡ്ര എന്ന ഒരു ജലപാമ്പ് താമസിച്ചിരുന്നു. ഒമ്പത് തലകളുള്ള അസാധാരണ വലിപ്പമുള്ള ഒരു പാമ്പായിരുന്നു അത്. പ്രത്യേകതയെന്തെന്നാല്‍, അതിന്‍റെ നടുവിലുള്ള ഒരു തല മരണമില്ലാത്തതായിരുന്നു. മറ്റ് എട്ട് തലകളില്‍ ഒന്നിനെ ഛേദിച്ചാല്‍ ഒന്നിന് പകരം രണ്ടെണ്ണം മുളച്ചു വരും!
ഹൈഡ്ര പലപ്പോഴും വെള്ളത്തിൽ നിന്ന് പുറത്തുവന്ന് കന്നുകാലിക്കൂട്ടങ്ങളെ വിഴുങ്ങി, ചുറ്റുമുള്ള രാജ്യത്തെ നാശത്തിലേയ്ക്ക് നയിച്ചു.. യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് ഹൈഡ്രയെ കൊല്ലാൻ ഉത്തരവിട്ടു, അതിനാൽ ഹെര്‍കുലീസ് തന്‍റെ സിംഹത്തോല്‍ ധരിച്ച്, തന്‍റെ ഗദയും എടുത്ത് രഥത്തില്‍ പുറപ്പെട്ടു. സാരഥിയായി തന്‍റെ വിശ്വസ്ത സുഹൃത്തായ ഇയോലാവോസിനെ കൂടെ കൂട്ടി
ഓരോ യോദ്ധാവിനും നിശ്ചയമായും കുതിരകളെ ഓടിക്കാൻ ഒരു സാരഥി ഉണ്ടായിരിക്കണം, കാരണം എങ്കില്‍ മാത്രമേ അവന്‍റെ രണ്ട് കൈകളും സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ സാരഥിയുടെ ഒരേയൊരു കടമ രഥം തെളിക്കുക എന്നത് മാത്രമായിരുന്നില്ല: അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കുക, തന്‍റെ പരിച ഉപയോഗിച്ച് യോദ്ധാവിനെ സംരക്ഷിക്കുക, അതുപോലെ തന്നെ ഓരോ രഥത്തിന്റെയും അരികിൽ തൂക്കിയിട്ടിരിക്കുന്ന ആവനാഴിയിൽ നിന്നുള്ള അമ്പുകളും, പോരാട്ടത്തിൽ സ്വന്തം രഥം ഒടിഞ്ഞുപോകുമ്പോൾ കരുതൽ കുന്തങ്ങളും നൽകുകയും ചെയ്യുക ഇവയെല്ലാം സാരഥിയുടെ കടമകളാണ്.
അങ്ങിനെ നോക്കുമ്പോള്‍ ഒരു യോദ്ധാവിന്‍റെ ജീവൻ പൂർണ്ണമായും അവന്‍റെ സാരഥിയുടെ കൈകളിലായിരുന്നുവെന്ന് വ്യക്തമാണ്. അതിനാൽ നായകന്‍റെ ഏറ്റവും പ്രിയപ്പെട്ടവരും ഏറ്റവും വിശ്വസ്തരുമായ സുഹൃത്തുക്കൾക്ക് മാത്രമേ അദ്ദേഹത്തെ ഈ രീതിയിൽ സേവിക്കാൻ അനുവാദമുള്ളൂ എന്നതിൽ അതിശയിക്കാനില്ല.
ഒലിവ് മരങ്ങളുടെ തോട്ടങ്ങളിലൂടെയും മനോഹരമായ മുന്തിരിത്തോട്ടങ്ങളിലൂടെയും കുറെ ദൂരം സഞ്ചരിച്ച ശേഷം, അവർ കാട്ടിലെത്തി. ദൂരെ മരങ്ങൾക്കിടയിലൂടെ തിളങ്ങുന്ന ലെർന തടാകം കണ്ടു. തടാകത്തിലെത്തിയ ഹെര്‍കുലീസ് രഥത്തിൽ നിന്ന് ഇറങ്ങി, കുതിരകളെ ഇയോലാവോസിന്റെ സംരക്ഷണയിൽ വിട്ട്, ഹൈഡ്രയെ വേട്ടയാടാൻ പോയി.
ഒരു ചതുപ്പുനിലത്ത് ഒളിച്ചിരിക്കുകയായിരുന്ന ഹൈഡ്രയെ അദ്ദേഹം കണ്ടെത്തി. ഹെര്‍കുലീസ് ഹൈഡ്രയ്ക്ക് നേരെ കത്തുന്ന അമ്പുകൾ എയ്ത് അതിനെ പുറത്തുകൊണ്ടുവന്നു. അത് ഹെര്‍കുലീസിന് നേരെ കോപാകുലനായി പാഞ്ഞു വന്നു. പക്ഷേ ഹെര്‍കുലീസ് നിർഭയനായി അതിനെ നേരിട്ടു. ഹെര്‍കുലീസ് ഹൈദ്രയുടെ വാലിൽ കാൽ വച്ചു, തന്റെ ഗദകൊണ്ട് അതിന്‍റെ തലകൾ വെട്ടിമാറ്റാൻ തുടങ്ങി. പക്ഷേ അത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഹെര്‍കുലീസ് ഒരു തല വെട്ടിമാറ്റിയതും വളരെ വേഗത്തിൽ അതിന്റെ സ്ഥാനത്ത് രണ്ട് മറ്റ് തലകള്‍ പ്രത്യക്ഷപ്പെട്ടു.
ഹ്യ്ദ്ര ഹെര്‍കുലീസിന്റെ ഒരു കാലിൽ ശക്തമായി വരിഞ്ഞു മുറുക്കി. ആ സ്ഥലത്ത് നിന്ന് അനങ്ങാൻ പോലും ഹെര്‍കുലീസിന് അതോടെ കഴിയാതായി. ഇതിനെല്ലാം പുറമേ ഒരു വലിയ ഞണ്ട് പാമ്പിന്‍റെ സഹായത്തിനായി എത്തിച്ചെര്‍ന്നു. അത് ഹെര്‍കുലീസിന്‍റെ കാലിലേക്ക് നുഴഞ്ഞുകയറി, അതിന്‍റെ മൂർച്ചയുള്ള കൈകള്‍ ഉപയോഗിച്ച് ഹെര്‍കുലീസിന്‍റെ കാലില്‍ ഇറുക്കി വേദനാജനകമായ മുറിവുകൾ വരുത്തി. ഹെര്‍കുലീസ് തന്റെ ഗദ കൊണ്ട് ഞണ്ടിനെ കൊന്ന് സഹായത്തിനായി ഇയോലാവോസിനെ വിളിച്ചു.
ഹെര്‍കുലീസിന്‍റെ നിർദ്ദേശപ്രകാരം ഇയോലാവോസ് ഒരു തീപ്പന്തം ഉണ്ടാക്കി. ഹെര്‍ക്കുലീസ് ഹൈദ്രയുടെ ഒരു തല വെട്ടിമാറ്റിയ ഉടന്‍ അത്യന്തം വേഗത്തില്‍ ഇയോലാവോസ് അതീന്‍റെ കഴുത്തിലെ ഞരമ്പും മാംസപേശിയും ചുട്ടുകരിച്ചു. അങ്ങനെ അവ വീണ്ടും വളരുന്നതിൽ നിന്ന് തടയിടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒടുവിൽ മരണമില്ലാത്ത അവസാനത്തെ തലയു മാത്രം ബാക്കിയായി. ഹെരുലീസ് ആ തല വെട്ടിമാറ്റി നിലത്ത് കുഴിച്ചിട്ടു, അതിന് മുകളിൽ ഒരു ഭാരമുള്ള കല്ലും വച്ചു.
അതിനു ശേഷം ഹെര്‍കുലീസ് ഹൈഡ്രയുടെ രക്തത്തിൽ തന്‍റെ ചില അമ്പുകൾ മുക്കി. അത് മാരക വിഷമുള്ളതായിരുന്നു, അവയിലൊന്നിനാൽ മുറിവേറ്റാല്‍ ആർക്കും സുഖപ്പെടുത്താൻ കഴിയില്ല. അത്തരമൊരു അമ്പിൽ ഏൽക്കുന്ന ഏറ്റവും ചെറിയ പോറൽ പോലും ഭേദമാക്കാൻ കഴിയില്ല.
വിജയശ്രീലാളിതനായി തിരിച്ചെത്തിയ ഹെര്‍കുലീസിനെ പ്രശംസിക്കാൻ യൂറിസ്റ്റിയസിന് വാക്കുകളില്ലായിരുന്നു., ലേര്‍ന ഇപ്പോൾ സുരക്ഷിതമാണെന്ന് അറിഞ്ഞുകൊണ്ട് ആളുകൾ ധാരാളമായി അവിടേയ്ക്ക് ഒഴുകിയെത്തി. അവര്‍ ആ തടാകത്തെ വറ്റിച്ചു, അത് യഥാർത്ഥത്തിൽ ഒരു വലിയ ചതുപ്പുനിലമുള്ള കുളമായിരുന്നു. അവര്‍ അവരുടെ നായകനായ ഹെര്‍കുലീസിന്‍റെ പേര് എന്നെന്നേക്കുമായി വാഴ്ത്തി. ഹെര്‍കുലീസിനെ ഏറ്റവും കൂടുതൽ സന്തോഷഭരിതനാക്കിയത് അതായിരുന്നു.
ഇന്ന് നിങ്ങൾ ആ പഴയ യുദ്ധക്കളത്തിലേക്ക് പോയാൽ പാറകളിൽ നിന്ന് ഒഴുകുന്ന നീരുറവ നിങ്ങൾക്ക് ഇപ്പോഴും കാണാൻ കഴിയും, പക്ഷേ ലെർണ തടാകം കഥയിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ.
ഹെര്‍ക്കുലീസിന്റെ അടുത്ത സാഹസം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
0 Comments