കൃഷ്ണദേവരായര്‍ വലിയ ഈശ്വരഭക്തനായിരുന്നു. തന്‍റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം തന്‍റെ ഭക്തിയാണെന്ന് ചക്രവര്‍ത്തി വിശ്വസിച്ചു. അത് കൊണ്ടുതന്നെ ചക്രവര്‍ത്തിയ്ക്ക് തന്റെ കൊട്ടാരവാസികളെല്ലാം തികഞ്ഞ ഭക്തരായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു.
അത് കാരണം കൊട്ടാരവാസികളെല്ലാം തികഞ്ഞ ഭക്തന്മാരെപ്പോലെ അഭിനയിച്ചു പോന്നു. രാജപ്രീതിക്കായി അവര്‍ എല്ലായ്പ്പോഴും ദൈവനാമം ഉരുവിട്ടു കൊണ്ടേയിരുന്നു.
തെനാലി രാമന്‍ ഈ വക പ്രകടനമൊന്നും കാണിച്ചിരുന്നില്ല. പലരും ചക്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ ഭക്തിയൊക്കെ കാണിക്കുന്നതെന്ന് രാമന് നന്നായി അറിയാമായിരുന്നു. ചക്രവര്‍ത്തി രാമന്‍റെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. അതോടെ രാമന് ഭക്തി കുറവാണെന്ന് ചക്രവര്‍ത്തി ഉറപ്പിച്ചു.
ചക്രവര്‍ത്തി കൊട്ടാരത്തില്‍ ഒരു തത്തയെ വളര്‍ത്തിയിരുന്നു. തനി തങ്കം കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിലാണ് അതിനെ വളര്‍ത്തിയിരുന്നത്. തത്തയെയും ഈശ്വരനാമം ചൊല്ലാന്‍ ചക്രവര്‍ത്തി പഠിപ്പിച്ചിരുന്നു. തത്ത എപ്പോഴും രാമാ, കൃഷ്ണാ, ഗോവിന്ദാ എന്നൊക്കെ ഉറക്കെ പറയും.
തെനാലി രാമന്‍ മാത്രം ഈശ്വരനാമം ഉരുവിടാതെ നടക്കുന്നത് ചക്രവര്‍ത്തിക്ക് വിഷമമായി. എന്തു കൊണ്ടാണ് രാമന് ഭക്തി കുറവായതെന്ന് ചക്രവര്‍ത്തി ചിന്തിച്ചു. ഒരു ദിവസം അദ്ദേഹം രാമനെ തന്‍റെ അടുത്തേയ്ക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു.
"രാമാ, താങ്കള്‍ എന്തു കൊണ്ടാണ് ഈശ്വരനാമം ഉരുവിടാത്തത്. താങ്കള്‍ ഈ തത്തയെ നോക്കൂ. എത്ര തവണയാണ് അത് ഈശ്വരനാമം ഉരുവിടുന്നത്! ഈ ഒരു തത്തയ്ക്കുള്ള അത്ര ഭക്തി പോലും അങ്ങേയ്ക്കില്ലാത്തത് വളരെ ലജ്ജാകരമാണ്"
"പ്രഭോ, അങ്ങേയ്ക്ക് വിഷമമാകില്ലെങ്കില്‍ ഞാനൊരു സത്യം പറയാം. ഭക്തി കൊണ്ടല്ല, ഭക്ഷണത്തിന് വേണ്ടി അങ്ങയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് തത്ത ദൈവനാമം ഉച്ചരിക്കുന്നത്. മറ്റ് പലരുടേയും അവസ്ഥ ഇത് തന്നെയാണ്" രാമന്‍ പറഞ്ഞു.
രാമന്‍റെ അഭിപ്രായം ചക്രവര്‍ത്തിയ്ക്ക് അത്ര ഇഷ്ടമായില്ല. തന്‍റെ തത്തയും മറ്റ് കൊട്ടാരവാസികളും അങ്ങിനെ തന്നെ തൃപ്തിപ്പെടുത്താനല്ല ഈശ്വരനാമം ചൊല്ലുന്നത് എന്ന് തന്നെ അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
രാമന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
അടുത്ത ദിവസം രണ്ടറകളുള്ള ഒരു കൂടുമായാണ് രാമന്‍ കൊട്ടാരത്തിലെത്തിയത്. ആ കൂടിന്‍റെ ഒരറയില്‍ രാമന്‍ ഒരു പൂച്ചയെ അടച്ചിരുന്നു. ചക്രവര്‍ത്തിയുടെ തത്തയെ അതിന്‍റെ കൂട്ടില്‍ നിന്നുമെടുത്ത് രാമന്‍ തന്‍റെ കയ്യിലെ കൂടിന്‍റെ ഒഴിഞ്ഞ അറയിലെയ്ക്കിട്ടു. തത്ത പൂച്ചയെ കണ്ടു ആകെ ഭയന്ന് ചിറകിട്ടടിച്ച് കൂട്ടിനുള്ളില്‍ പറക്കാന്‍ തുടങ്ങി.
രാമന്‍റെ പ്രവൃത്തി അത്ഭുതത്തോടെ കണ്ടു നില്‍ക്കുകയായിരുന്നു ചക്രവര്‍ത്തി. അദ്ദേഹം രാമനടുത്തെത്തി. തത്തയോട് ഇനി ദൈവനാമം ചൊല്ലാന്‍ ആവശ്യപ്പെടാന്‍ രാമന്‍ ചക്രവര്‍ത്തിയോട് പറഞ്ഞു.
ചക്രവര്‍ത്തി തത്തയോട് ഈശ്വരനാമം ഉച്ചരിക്കാന്‍ ആവശ്യപ്പെട്ടു. ആകെ വിളറി പിടിച്ച് കൂടിനകത്ത് ഓടിപ്പായുകയായിരുന്ന തത്തയുണ്ടോ അത് കേള്‍ക്കുന്നു? ചക്രവര്‍ത്തി എത്ര പറഞ്ഞിട്ടും തത്ത അത് കേട്ട ഭാവം പോലുമില്ല. അത് പൂച്ചയെ കണ്ടു ഭയന്ന് പോയിരുന്നു.
ഒരു പാട് തവണ പറഞ്ഞിട്ടും തത്തയില്‍ നിന്നും ഒരു വാക്ക് പോലും കേള്‍ക്കാതായപ്പോള്‍ ചക്രവര്‍ത്തി പരാജയം സമ്മതിച്ചു.
രാമന്‍ പറഞ്ഞത് ശരിയാണെന്നും തത്ത മാത്രമല്ല മറ്റ് പലരും ഉദരപൂരണത്തിന് വേണ്ടി മാത്രമാണ് ഈശ്വരനാമം ജപിച്ച് നടക്കുന്നതെന്നും ചക്രവര്‍ത്തി സമ്മതിച്ചു.
0 Comments