നായയും പൂച്ചയും ശത്രുക്കളായ കഥ - How the Dog and Cat Became Enemies?

 ഒരിടത്തൊരിടത്തൊരിടത്ത്  ഒരു കര്‍ഷകനുണ്ടായിരുന്നു.  അദ്ദേഹവും ഭാര്യയും വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കുകയായിരുന്നു. അവർക്ക് ഒരു സ്വർണ്ണ മോതിരം ഉണ്ടായിരുന്നു. അത് ഒരു ഭാഗ്യമോതിരമായിരുന്നു. അത് കൈവശം വച്ചിരിക്കുന്നവർക്ക് എപ്പോഴും ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകുമായിരുന്നില്ല. പക്ഷേ അവർക്ക് ഇക്കാര്യം അറിയില്ലായിരുന്നു, അതിനാൽ ഒരു ദിവസം ഒരു ചെറിയ തുകയ്ക്ക് അവര്‍ ആ മോതിരം വിറ്റു. കുറച്ചു പണം കിട്ടിയാല്‍ കുറച്ചു കൂടി നന്നായി കൃഷി ചെയ്യാം, അതില്‍ നിന്നും നല്ല വരുമാനമുണ്ടാക്കി സുഖമായി ജീവിക്കാം എന്നായിരുന്നു അവര്‍ കരുതിയത്. എന്നാൽ മോതിരം നഷ്ടപ്പെട്ടയുടനെ അവർ കൂടുതൽ ദരിദ്രരായിത്തുടങ്ങി.  ഒടുവിൽ അവർക്ക് അടുത്ത ഭക്ഷണം എപ്പോൾ ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയായി. മോതിരത്തിന്റെ വില അവര്‍ക്ക് അപ്പോഴാണ് മനസ്സിലായത്! പക്ഷേ എന്തു ചെയ്യാന്‍, മോതിരം കൈമോശം വന്നു പോയില്ലേ?

അവർക്ക് ഒരു നായയും പൂച്ചയും ഉണ്ടായിരുന്നു.  യജമാനന്‍ ദാരിദ്രത്തില്‍ ആയതോടെ അവയ്ക്കും വിശന്നിരിക്കേണ്ടി വന്നു. അതോടെ രണ്ട് മൃഗങ്ങളും ഒരുമിച്ച് അവരുടെ ഉടമസ്ഥർക്ക് പഴയ ഭാഗ്യം എങ്ങനെ തിരികെ നൽകാമെന്ന് ആലോചിച്ചു. ഒടുവിൽ നായയ്ക്ക് ഒരു ആശയം തോന്നി.

“അവർക്ക് അവരുടെ ഭാഗ്യ മോതിരം തിരികെ ലഭിക്കണം,” അവൻ പൂച്ചയോട് പറഞ്ഞു.

പൂച്ച മറുപടി പറഞ്ഞു: “മോതിരം ലഭിക്കുക എളുപ്പമാകുമെന്ന് തോന്നുന്നില്ല.  അത് പുതിയ ഉടമസ്ഥര്‍ ശ്രദ്ധാപൂർവ്വം ഒരു പെട്ടിയില്‍ വെച്ചു പൂട്ടിയിരിക്കുന്നു, അവിടെ നിന്നും ആർക്കും അത് എടുക്കാനാകില്ല.”

"അതിന് ഒരു വഴിയുണ്ട്. നീ ഒരു എലിയെ പിടിക്കണം," നായ പറഞ്ഞു, "എലി ആ പെട്ടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി മോതിരം പുറത്തെടുക്കണം. അവന്‍ അത് ചെയ്യാനാകില്ലെന്ന് പറഞ്ഞാല്‍ നീ അവനെ കടിച്ചു കൊല്ലുമെന്ന് പറയൂ. അതോടെ അവന്‍ ജീവനില്‍ പേടിച്ച് അത് ചെയ്തു തരും."

ഈ ഉപദേശം പൂച്ചയ്ക്ക് സ്വീകാര്യമായി. പറഞ്ഞത് പോലെ അവൾ ഒരു എലിയെ പിടിച്ചു. പിന്നെ അവൾ മോതിരം ഉള്ള  വീട്ടിലേക്ക് യാത്രയായി. നായ അവരുടെ പിന്നാലെ ചെന്നു. 

കുറച്ചു യാത്ര ചെയ്തു അവർ വലിയ ഒരു നദിയുടെ തീരത്തെത്തി. ആ നദി കടന്നു വേണം മോതിരമിരിക്കുന്ന വീട്ടിലെത്താന്‍. പക്ഷേ പൂച്ചയ്ക്ക് നീന്താൻ അറിയില്ലായിരുന്നു അത് കൊണ്ട് നായ അവളെ തന്‍റെ പുറകിലേറ്റി നീന്തിതുടങ്ങി. അങ്ങിനെ അവര്‍ നദി കടന്ന് അക്കരെയെത്തി.

പൂച്ച എലിയെ പെട്ടിയിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. നായ നദിക്കരയില്‍ അവര്‍ക്കായി കാത്തിരുന്നു. 

വീടിനുള്ളില്‍ കടന്ന എലി പെട്ടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി മോതിരം പുറത്തെടുത്തു. പൂച്ച മോതിരം വായിൽ വച്ച ശേഷം നദിക്കരയിലേക്ക് മടങ്ങി, അവിടെ നായ അവളെ കാത്തിരിക്കുകയായിരുന്നു. നേരത്തെ ചെയ്തത് പോലെ നായ പൂച്ചയെ തന്‍റെ പുറകിലേറ്റി നീന്തി അക്കരെ എത്തിച്ചു. പിന്നെ അവർ ഒരുമിച്ച് തങ്ങളുടെ വീട്ടിലേക്ക് പോയി, ഭാഗ്യമോതിരം അവരുടെ യജമാനനും, യജമാനത്തിക്കും കൊണ്ടുകൊടുക്കാന്‍!

അവര്‍ പോകുന്ന വഴിയില്‍ വലിയ വീടുകളും, കെട്ടിടങ്ങളും ഉണ്ടായിരുന്നു. പൂച്ച വളരെ വേഗത്തിലാണ് പോയിരുന്നത്. അവള്‍ക്ക് അനായാസം വലിയ കെട്ടിടങ്ങളുടെ മുകളിലൂടെ ചാടി മറുപുറത്ത് എത്താന്‍ കഴിയുമല്ലോ? പക്ഷേ നായയ്ക്ക് താഴത്ത് കൂടി മാത്രമേ ഓടാൻ കഴിയൂ; അത് കൊണ്ട് വഴിയിൽ ഒരു കെട്ടിടം ഉണ്ടായാല്‍ നായയ്ക്ക് എപ്പോഴും അത് ചുറ്റിക്കറങ്ങി മാത്രമേ മറുപുറത്ത് എത്താന്‍ സാധിച്ചിരുന്നുള്ളൂ. അത് കൊണ്ട് അവന്റെ യാത്ര വളരെ സാവധാനമായിരുന്നു.  പൂച്ച പെട്ടെന്ന് മേൽക്കൂരയ്ക്ക് മുകളിലൂടെ കയറി ഓടി, നായയെക്കാൾ വളരെ മുമ്പേ വീട്ടിലെത്തി, മോതിരം യജമാനന് കൊണ്ടുചെന്നു കൊടുത്തു.

അപ്പോൾ അവളുടെ യജമാനൻ ഭാര്യയോട് പറഞ്ഞു: “പൂച്ച എത്ര നല്ല സ്നേഹമുള്ളവളാണ്! അവള്‍ നമ്മളെ പട്ടിണിയില്‍ നിന്നും രക്ഷിച്ചു. ഇനി എപ്പോഴും അവൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും അവളെ നമ്മുടെ സ്വന്തം കുട്ടിയെപ്പോലെ പരിപാലിക്കുകയും ചെയ്യണം!”

നായ വീട്ടിൽ വന്നപ്പോൾ അവർ അതിനെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. കാരണം അവൻ മോതിരം വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചിട്ടെയില്ലെന്ന് അവര്‍ കരുതി. 

പൂച്ചയാകട്ടെ അടുപ്പിനരികിൽ ഇരുന്നു മൂളി, നായ ചെയ്ത സഹായത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. നായ അതോട് കൂടി പൂച്ചയെ വെറുക്കാന്‍ തുടങ്ങി. അവളെ എവിടെ വെച്ചു എപ്പോള്‍ കണ്ടാലും അവന്‍ ആക്രമിക്കാന്‍ തുടങ്ങി.

അന്നുമുതലാണത്രെ പൂച്ചയും നായയും ശത്രുക്കളായത്!

Post a Comment

0 Comments