രണ്ടാമത്തെ വൃദ്ധന്റെ കഥ
ഭൂത രാജന്‍, ഈ രണ്ട് കറുത്ത നായ്ക്കളും ഞാനും മൂന്ന് സഹോദരന്മാരാണെന്ന് നിങ്ങൾ അറിയണം. ഞങ്ങളുടെ അച്ഛൻ മരിച്ചപ്പോൾ ഞങ്ങൾക്ക് ആയിരം സ്വര്‍ണ്ണനാണയങ്ങള്‍ വീതം അവശേഷിപ്പിച്ചു. ഈ തുക ഉപയോഗിച്ച് ഞങ്ങൾ മൂന്ന് പേരും കച്ചവടം ആരംഭിച്ചു. വിദേശ ഭാഗങ്ങളിൽ വ്യാപാരം നടത്തുന്നതിനായി എന്‍റെ രണ്ട് സഹോദരന്മാർ യാത്ര നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അവർ രണ്ടുപേരും നിർഭാഗ്യവാന്മാരായിരുന്നു, രണ്ട് വർഷത്തിനുശേഷം എല്ലാം നഷ്ടപ്പെട്ട് കടുത്ത ദാരിദ്ര്യത്തിൽ അവര്‍ തിരിച്ചെത്തി. അതിനിടയിൽ ഞാൻ വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഞാൻ അവരെ രണ്ടുപേരെയും സന്തോഷത്തോടെ സ്വീകരിച്ചു, അവർക്ക് ആയിരം സ്വര്‍ണ്ണനാണയങ്ങള്‍ വീതം നൽകി, വീണ്ടും അവരെ വ്യാപാരികളാക്കി.
എന്‍റെ സഹോദരന്മാർ പലപ്പോഴും വ്യാപാരത്തിനായി അവരോടൊപ്പം ഒരു യാത്ര നടത്തണമെന്ന് എന്നോട് നിർദ്ദേശിച്ചു. അവരുടെ മുൻകാല പരാജയങ്ങള്‍ അറിഞ്ഞുകൊണ്ട്, ഞാൻ അവരോടൊപ്പം ചേരാൻ വിസമ്മതിച്ചു, അഞ്ച് വർഷത്തിനുശേഷം ഞാൻ അവരുടെ നിരന്തരമായ അഭ്യർത്ഥനകൾക്ക് വഴങ്ങുന്നതുവരെ.
യാത്രയ്ക്കായി വാങ്ങേണ്ട സാധനങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ, ഞാൻ ഓരോരുത്തർക്കും നൽകിയ ആയിരം സ്വര്‍ണ്ണനാണയങ്ങളില്‍ ഒന്നുപോലും അവശേഷിച്ചില്ലെന്ന് ഞാൻ കണ്ടെത്തി. എന്നിട്ടും ഞാൻ അവരെ നിന്ദിച്ചില്ല; നേരെമറിച്ച്, എന്‍റെ മൂലധനം ആറായിരം സ്വര്‍ണ്ണനാണയങ്ങള്‍ ആയി വർദ്ധിച്ചപ്പോൾ, ഞാൻ അവർക്ക് ഓരോരുത്തർക്കും ആയിരം സ്വര്‍ണ്ണനാണയങ്ങള്‍ വീതം വീണ്ടും നൽകി, അതേ തുക ഞാൻ തന്നെ സൂക്ഷിച്ചു, ബാക്കി മൂവായിരം എന്‍റെ വീടിന്‍റെ ഒരു മൂലയിൽ ഒളിപ്പിച്ചു, ഞങ്ങളുടെ യാത്ര വിജയിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് സ്വയം ആശ്വസിപ്പിക്കാനും വീണ്ടും ആരംഭിക്കാനും കഴിയും.
ഞങ്ങൾ ആവശ്യമായ സാധനങ്ങൾ വാങ്ങി, അത് ഞങ്ങൾ തന്നെ ഒരു കപ്പലില്‍ കയറ്റി. കാറ്റ് അനുകൂലമായ സമയം നോക്കി യാത്ര പുറപ്പെട്ടു. ഏകദേശം ഒരു മാസത്തെ യാത്രയ്ക്ക് ശേഷം, ഞങ്ങൾ ഒരു തുറമുഖത്ത് എത്തി. അവിടെ ഞങ്ങൾ കച്ചവടം നടത്തി. ഞങ്ങളുടെ സാധനങ്ങൾക്ക് ഏറ്റവും ലാഭകരമായ വിൽപ്പന തന്നെ ലഭിച്ചു. പ്രത്യേകിച്ച്, ഞാൻ എന്‍റെ ചരക്കുകളെല്ലാം വളരെ നന്നായി വിറ്റു, ഒന്നിന് പത്ത് വെച്ചു ലാഭം നേടി.
ഞങ്ങൾ തിരികെ മടങ്ങാന്‍ തയ്യാറായ സമയത്ത്, വളരെ മോശമായി വസ്ത്രം ധരിച്ച, എന്നാൽ വളരെ സുന്ദരിയായ ഒരു സ്ത്രീയെ കടൽത്തീരത്ത് ഞാൻ യാദൃശ്ചികമായി കണ്ടുമുട്ടി. അവൾ എന്നെ സമീപിച്ചു, എന്‍റെ കൈ ചുംബിച്ചുകൊണ്ട് , അവളെ എന്‍റെ ഭാര്യയാകാൻ അനുവദിക്കണമെന്ന് എന്നോട് ആത്മാർത്ഥമായി അപേക്ഷിച്ചു. അതിന് ഞാന്‍ വളരെയധികം പ്രായോഗിക ബുദ്ധിമുട്ടുകൾ അവളെ അറിയിച്ചു; പക്ഷേ ഒടുവിൽ അവൾ അവളുടെ ദാരിദ്ര്യം കണക്കിലെടുക്കരുതെന്നും അവളുടെ പെരുമാറ്റത്തിൽ ഞാൻ സംതൃപ്തനായിരിക്കുമെന്നും പറഞ്ഞു. എന്നെ സമ്മതിപ്പിക്കാൻ വേണ്ടി അവൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ അവൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ വാങ്ങി, അവളെ യഥാസമയം വിവാഹം കഴിച്ച ശേഷം, അവൾ എന്നോടൊപ്പം കപ്പലിൽ കയറ്റി ഞങ്ങള്‍ യാത്ര പുറപ്പെട്ട്.
ഞങ്ങളുടെ യാത്രയ്ക്കിടെ, എന്‍റെ ഭാര്യയിൽ വളരെയധികം നല്ല ഗുണങ്ങൾ ഉള്ളതായി ഞാൻ കണ്ടെത്തി, ഞാൻ അവളെ ഓരോ ദിവസവും കൂടുതൽ കൂടുതൽ സ്നേഹിച്ചു.
അതേസമയം, എന്നെപ്പോലെ ലാഭകരമായി വ്യാപാരം നടത്താന്‍ സാധിക്കാതിരുന്ന, എന്‍റെ അഭിവൃദ്ധിയില്‍ അസൂയപ്പെട്ട എന്‍റെ രണ്ട് സഹോദരന്മാർക്ക് അത്യധികം അസൂയ തോന്നിത്തുടങ്ങി.
ഒടുവിൽ അവർ എനിക്കെതിരെ ഗൂഢാലോചന നടത്താൻ പോലും തയ്യാറായി. ഒരു രാത്രി, ഞാനും എന്‍റെ ഭാര്യയും ഉറങ്ങിക്കിടക്കുമ്പോൾ, അവർ ഞങ്ങളെ കടലിലേക്ക് എറിഞ്ഞു. എന്നിരുന്നാലും, ഞാൻ വെള്ളത്തിൽ വീഴുന്നതിന്തൊട്ടുമുമ്പ്, എന്‍റെ ഭാര്യ എന്നെ എടുത്ത് ഒരു ദ്വീപിലേക്ക് കൊണ്ടെത്തിച്ചു.
നേരം വെളുത്ത ഉടനെ അവൾ എന്നെ അഭിസംബോധന ചെയ്തു സംസാരിച്ചു: “ഞാൻ ഒരു യക്ഷിയാണെന്ന് നീ അറിയണം, നീ കപ്പൽ കയറാൻ പോകുമ്പോൾ കരയിൽ ഉണ്ടായിരുന്നതിനാൽ, നിന്‍റെ ഹൃദയത്തിന്റെ നന്മ പരീക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു, അതിനായി നീ കണ്ട വേഷത്തിൽ ഞാൻ നിന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നീ വളരെ ഉദാരമായി പെരുമാറി, അതിനാൽ എന്‍റെ നന്ദി പ്രകടിപ്പിക്കാൻ ഒരു അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു, എന്‍റെ ഭർത്താവേ, നിന്‍റെ ജീവൻ രക്ഷിച്ചതിൽ, നീ എനിക്ക് ചെയ്ത നന്മയ്ക്ക് ഞാൻ ദോഷം ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, നിന്‍റെ സഹോദരന്മാരോട് എനിക്ക് ദേഷ്യമുണ്ട്, അവരുടെ ജീവൻ എടുക്കുന്നതുവരെ ഞാൻ തൃപ്തയാകില്ല.”
യക്ഷി പറഞ്ഞ കാര്യങ്ങൾ ഞാന്‍ അത്ഭുതത്തോടെ കേട്ടു. അവൾ എനിക്ക് ചെയ്ത മഹത്തായ സേവനത്തിന് എനിക്ക് കഴിയുന്നത്ര നന്ദി പറഞ്ഞു.
“പക്ഷേ, ” ഞാൻ അവളോട് പറഞ്ഞു, “എന്‍റെ സഹോദരന്മാരോട് ക്ഷമിക്കണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.” ഞാൻ അവര്‍ രണ്ടുപേര്‍ക്കും വേണ്ടി എന്തെല്ലാമാണ് ചെയ്തിട്ടുള്ളതെന്ന് ഞാൻ അവളോട് പറഞ്ഞു, പക്ഷേ എന്‍റെ വാക്കുകൾ അവളുടെ കോപം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
"ഈ നന്ദികെട്ട ദുഷ്ടന്മാരുടെ പിന്നാലെ ഞാൻ ഉടനെ പറക്കണം, അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ കൊടുക്കണം ; ഞാൻ അവരുടെ കപ്പല്‍ മുക്കി കടലിന്‍റെ അടിത്തട്ടിലേക്ക് ആഴ്ത്തും."
"ഇല്ല, സുന്ദരിയായ മഹിളാരത്നമേ," ഞാൻ മറുപടി പറഞ്ഞു, "ദൈവത്തെ ഓര്‍ത്ത്, നിങ്ങളുടെ കോപം നിയന്ത്രിക്കുക, അത്ര ഭയാനകമായ ഒരു ഉദ്ദേശ്യം നടപ്പിലാക്കരുത്; അവർ ഇപ്പോഴും എന്‍റെ സഹോദരന്മാരാണെന്നും തിന്മയ്ക്ക് പകരം നന്മ ചെയ്യാൻ നമ്മള്‍ ബാധ്യസ്ഥരാണെന്നും ഓർമ്മിക്കുക."
ഞാൻ ഈ വാക്കുകൾ ഉച്ചരിച്ചയുടനെ തന്നെ, അവള്‍ ഞങ്ങൾ താമസിച്ചിരുന്ന ദ്വീപിൽ നിന്ന് എന്‍റെ സ്വന്തം വീട്ടിനു മുകളിലേയ്ക്ക് കൊണ്ടെത്തിച്ചു. ഞാൻ താഴേക്ക് ഇറങ്ങി, വാതിലുകൾ തുറന്നു, ഞാൻ ഒളിപ്പിച്ചുവെച്ച മൂവായിരം സ്വര്‍ണ്ണനാണയങ്ങള്‍ കുഴിച്ചെടുത്തു. പിന്നീട് ഞാൻ എന്‍റെ കടയിൽ പോയി, അത് തുറന്നു.
ഞാൻ എത്തിയപ്പോൾ അയൽപക്കത്തുള്ള വ്യാപാരികളെല്ലാം എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു. ഞാൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ, വിധേയത്വത്തോടെ എന്‍റെയടുത്തേയ്ക്ക് വന്ന ഈ രണ്ട് കറുത്ത നായ്ക്കളെ ഞാൻ കണ്ടു. അതിന്‍റെ അർത്ഥമെന്താണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഉടൻ പ്രത്യക്ഷപ്പെട്ട യക്ഷി ഏന്റെ ജിജ്ഞാസയെ ശമിപ്പിച്ചു.
"എന്‍റെ പ്രിയപ്പെട്ട ഭർത്താവേ," അവൾ പറഞ്ഞു, "നിങ്ങളുടെ വീട്ടിൽ ഈ രണ്ട് നായ്ക്കളെ കണ്ടതിൽ അതിശയിക്കേണ്ട; അവർ നിങ്ങളുടെ സഹോദരന്മാരാണ്."
ഇത് കേട്ടപ്പോൾ എന്‍റെ രക്തം തണുത്തു, ഏത് ശക്തി കൊണ്ടാണ് അവള്‍ അവരെ ആ അവസ്ഥയിലേക്ക് മാറ്റിയതെന്ന് ഞാൻ അന്വേഷിച്ചു.
"ഞാൻ തന്നെയാണ് അത് ചെയ്തത്, അവരുടെ കപ്പൽ ഞാൻ മുക്കി; അതിലുണ്ടായിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതിന്, ഞാൻ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങളുടെ സഹോദരന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ വഞ്ചനയ്ക്കുള്ള ശിക്ഷയായി പത്ത് വർഷത്തേക്ക് ഇതേ രൂപത്തില്‍ തുടരാൻ ഞാൻ അവരെ വിധിച്ചിരിക്കുന്നു."
പിന്നെ അവളെ എവിടെ നിന്ന് കണ്ടു മുട്ടാമെന്ന് എന്നെ അറിയിച്ച് അവൾ അപ്രത്യക്ഷയായി.
ആ പത്തു വർഷങ്ങൾ പൂർത്തിയായി, ഞാൻ അവളെ തേടി യാത്ര പുറപ്പെട്ടതാണ്. ഭൂതത്താനേ, ഇത് എന്‍റെ ചരിത്രമാണ്; ഇത് അങ്ങേയറ്റം അസാധാരണമായ ഒരു സംഭവമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?”
“അതെ,” ഭൂതം മറുപടി പറഞ്ഞു, “ഇത് ഏറ്റവും അത്ഭുതകരമാണെന്ന് ഞാൻ സമ്മതിക്കുന്നു, അതിനാൽ ഈ വ്യാപാരിയുടെ ജീവന്റെ ബാക്കി പകുതി ഞാൻ നിങ്ങൾക്ക് നൽകുന്നു,” ഇത്രയും പറഞ്ഞതിനുശേഷം, ജീനി അപ്രത്യക്ഷമായി.
വ്യാപാരിയും, ആ രണ്ട് വൃദ്ധരും വളരെയധികം സന്തോഷിച്ചു. വ്യാപാരി തന്‍റെ മോചനം സാധ്യമാക്കിയ രണ്ടു വൃദ്ധര്‍ക്കും നന്ദി പറയാൻ മറന്നില്ല, അവർ അദ്ദേഹത്തോട് വിട പറഞ്ഞു, അവരുടെ യാത്രകൾ തുടർന്നു. വ്യാപാരി തന്‍റെ കുതിരപ്പുറത്ത് കയറി, ഭാര്യയുടെയും കുട്ടികളുടെയും അടുത്തേക്ക് മടങ്ങി, ബാക്കിയുള്ള ദിവസങ്ങൾ അവരോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.


0 Comments