കടലിലെ തിരമാലകൾക്കടിയിൽ മത്സ്യലോകത്ത് വല്ലാത്ത കുഴപ്പമായിരുന്നു.. സമുദ്രത്തിലെ എല്ലാ ജീവജാലങ്ങളും തീർച്ചയായും കഷ്ടത്തിലായിരുന്നു, കാരണം മത്സ്യങ്ങളുടെ രാജാവിന് വായിൽ എന്തെന്നറിയാത്ത ഭയങ്കര വേദന . എങ്ങിനെയാണ് അത് സംഭവിച്ചതെന്നറിയാണോ?
ഒരു ദിവസം മത്സ്യരാജാവ് തന്‍റെ കൊട്ടാരത്തിന് പുറത്ത് നീന്തുമ്പോൾ, വെള്ളത്തിൽ എന്തോ ഒരു വസ്തു തൂങ്ങിക്കിടക്കുന്നത് കണ്ടു. കണ്ടപ്പോള്‍ അത് കഴിക്കാൻ നല്ലതാണെന്ന് അദ്ദേഹത്തിന് തോന്നി. ഉടനെ തന്നെ ഉടനെ രാജാവ് അത് വിഴുങ്ങി, അയ്യോ ഭയങ്കരം! എന്തോ ഭാഗ്യത്തിനാണ് അത് വിഴുങ്ങാതെ അദ്ദേഹം രക്ഷപ്പെട്ടത്. അത് സത്യത്തില്‍ ഒരു ചൂണ്ടയായിരുന്നു. അത് അദ്ദേഹത്തിന്റെ ചെകിളയില്‍ വേഗത്തിൽ കുടുങ്ങി. കടലിന് മുകളില്‍ ഒരു ബോട്ടില്‍ ചില മത്സ്യത്തൊഴിലാളികൾ മീന്‍ പിടിക്കാന്‍ ഇട്ട ചൂണ്ടയായിരുന്നു അത്. മത്സ്യരാജാവ് വായില്‍ പെട്ടത് അപകടകരമായ എന്തോ ആണെന്ന് മനസ്സിലായതും സര്‍വശക്തിയും ഉപയോഗിച്ച് അതിനെ കുടഞ്ഞു പുറത്തേയ്ക്ക് കളഞ്ഞു. കയർ പൊട്ടിയെങ്കിലും ചൂണ്ടക്കൊളുത്ത് രാജാവിന്‍റെ വായില്‍ കുടുങ്ങിപ്പോയി. അതോടെ അദ്ദേഹത്തിന് നല്ല പനിയും വേദനയും തുടങ്ങി.
ചൂണ്ടക്കൊളുത്ത് എങ്ങനെ പുറത്തെടുത്ത് രാജാവിനെ സുഖപ്പെടുത്താം എന്നതായിരുന്നു ഇപ്പോൾ എല്ലാവരുടെയും മുന്നിലെ ചോദ്യം. കടലാമ മുതൽ ചൂരയും, തിമിംഗലം വരെയുള്ള സമുദ്രത്തിലെ എല്ലാ ജ്ഞാനികളെയും എന്തുചെയ്യാനാകുമെന്ന് അറിയാന്‍ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. സമുദ്രത്തിലെ വൈദ്യന്‍മാര്‍ കൗൺസിലിൽ ഇക്കാര്യം തല പുകഞ്ഞ് ചർച്ചചെയ്തു. ആമയാണ് എല്ലാവരിലും ഏറ്റവും പണ്ഡിതനും വിദഗ്ദ്ധനുമായി കണക്കാക്കപ്പെട്ടിരുന്നത്. ആമവൈദ്യന്‍ യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടെത്തുന്നതിനും, രോഗിക്ക് ഉചിതമായ ഒരു മരുന്ന് എഴുതുന്നതിനും മുമ്പ് തന്നെ മറ്റ് പലരും രാജാവിന്‍റെ നാഡിമിടിപ്പ് നോക്കുകയും, തൊണ്ടയിലേക്ക് ചികഞ്ഞു പരിശോധിക്കുകയും ചെയ്തതാണ്. എന്നാലും ആമവൈദ്യന്‍ തന്‍റെ വിദഗ്ധ പരിശോധനക്കൊരുങ്ങി. ഒടുവിൽ മറ്റ് ഡോക്ടർമാരുമായി കൂടിയാലോചിച്ച ശേഷം, മുയലിന്‍റെ കണ്ണുകൾ കൊണ്ട് നിർമ്മിച്ച ലേപനം ഉപയോഗിച്ചാല്‍ മാത്രമേ രാജാവിന്‍റെ വായില്‍ നിന്നും ചൂണ്ടക്കൊളുത്ത് നീക്കം ചെയ്യാനാകൂ എന്ന് ആമവൈദ്യന്‍ കണ്ടെത്തി.
എല്ലാവരും കൂടി ആമവൈദ്യനെ തന്നെ ഒരു മുയലിനെ കടലിനടിയിലേക്ക് വരാൻ എത്തിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. ആ മുയലിന്‍റെ കണ്ണുകൾ എടുത്തു ലേപനം ഉണ്ടാക്കി അത് പുരട്ടി രാജാവിന്‍റെ തൊണ്ടയിൽ നിന്നും ചൂണ്ട എടുത്തു മാറ്റാമല്ലോ?
അപ്രകാരം കടൽത്തീരത്ത് എത്തിയ ആമവൈദ്യന്‍ ഒരു ഉയർന്ന കുന്നിൻ ചുവട്ടിലേയ്ക്കാണ് പോയത്. ആമവൈദ്യന്‍ അവിടെ നിന്നും ദൂരെ മുകളിലേക്ക് നോക്കിയപ്പോൾ ഒരു മുയലച്ചന്‍ തന്‍റെ മാളത്തിൽ നിന്ന് പുറത്ത് വന്ന് കാടിന്‍റെ അരികിലൂടെ നടക്കുകയായിരുന്നു. ഉടൻ തന്നെ ആമവൈദ്യന്‍ കുന്നിൻ മുകളിലേക്ക് കയറാന്‍ തുടങ്ങി. അതൊരു വല്ലാത്ത കയറ്റം തന്നെയായിരുന്നു കേട്ടോ. ഇത്തരം യാത്രയൊന്നും ശീലമില്ലാത്ത ആമവൈദ്യന്‍ ശരിക്കും തളര്‍ന്നു. ഒരുവിധത്തില്‍ കിതച്ചും, വലിച്ചും ആമവൈദ്യന്‍ മുകളിലെത്തി.മുയലച്ചന് ഒരു സുപ്രഭാതം ആശംസിക്കാൻ മാത്രം മതിയായ ശ്വാസം ബാക്കിയുണ്ടായിരുന്നു ആമവൈദ്യന്. അത് കേട്ട മുയൽ വളരെ മാന്യമായി ആശംസകൾ തിരികെ നേർന്നു.
"ഇതൊരു നല്ല ചൂടുള്ള ഒരു ദിവസമാണ്," തന്‍റെ തൂവാല പുറത്തെടുത്ത് നെറ്റി തുടച്ച്, നഖങ്ങളിലെ മണൽ വൃത്തിയാക്കി കൊണ്ട് ആമവൈദ്യന്‍ പറഞ്ഞു,
"തികച്ചും ശരിയാണ്. പക്ഷേ, ഇവിടുത്തെ പ്രകൃതിദൃശ്യങ്ങൾ വളരെ മനോഹരമാണ്. നിങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തു വന്നത് കൊണ്ട് ഇത്രയും മനോഹരമായ പർവതങ്ങൾ കാണാൻ സാധ്യമായതില്‍ സന്തോഷിക്കണം. കൊറിയ ഒരു നല്ല രാജ്യമാണെന്ന് നിങ്ങൾ കരുതുന്നില്ലേ? ലോകത്ത് നമ്മുടേത് പോലെ മനോഹരമായ മറ്റൊരു രാജ്യവുമില്ല. പർവതങ്ങൾ, നദികൾ, കടൽത്തീരം, കാടുകൾ, പൂക്കൾ ........."
സ്വന്തം രാജ്യത്തെ പ്രശംസിച്ചുകൊണ്ട് സംസാരം തുടരാന്‍ മുയലിനെ അനുവദിച്ചിരുന്നെങ്കിൽ, ആമവൈദ്യന്‍ തന്‍റെ ദൗത്യം മറന്നുപോകുമായിരുന്നു. പക്ഷേ, വായിൽ ക്രൂരമായ കൊളുത്തുമായി കഷ്ടപ്പെടുന്ന മത്സ്യരാജാവിനെ പറ്റി ചിന്തിച്ചുകൊണ്ട്, ആമവൈദ്യന്‍ മുയലിന്‍റെ സംസാരത്തില്‍ ഇടപെട്ടു.
"അതെയതെ, പ്രിയ സുഹൃത്തേ, രാജ്യവും അതിന്‍റെ ഭൂപ്രകൃതിയും വളരെ മനോഹരമാണ്, പക്ഷേ അത് കടലിനടിയിലെ രത്നങ്ങളോടും, മരങ്ങളോടും, പൂക്കളോടും, മധുരമുള്ള ഗന്ധങ്ങളോടും, ലോകത്തിലെ മനോഹരമായ മറ്റെല്ലാത്തിനോടും താരതമ്യപ്പെടുത്താനാവില്ല."
മുയൽ ചെവികൾ കൂർപ്പിച്ചു. അതെല്ലാം അവന് പുതിയതായിരുന്നു. വെള്ളത്തിനടിയിൽ സാധാരണ മത്സ്യവും കടൽപ്പായലും അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് അവൻ ഒരിക്കലും കേട്ടിട്ടില്ല. അതും അവ ചത്തുചീഞ്ഞു കടൽത്തീരത്ത് ഒഴുകിയെത്തുമ്പോള്‍ കണ്ടിട്ടുള്ള അറിവാണ്. എന്തായാലും അവയെക്കുറിച്ച് അവന് സ്വന്തം ആശയങ്ങൾ ഉണ്ടായിരുന്നു. അവയുടെ ഗന്ധം ഒട്ടും നല്ലതായിരുന്നില്ല. ഇപ്പോൾ അവൻ വ്യത്യസ്തമായ ഒരു കഥയാണ്യിട്ടുണ്ടല്ലോ സുഹൃത്തേ, ദയവായി തുടര്‍ന്ന് പറയൂ."
തുടർന്ന് ആമവൈദ്യന്‍ ആഴക്കടലിന്‍റെ അടിത്തട്ടിലെ അതിമനോഹരമായ പർവതങ്ങളെയും താഴ്‌വരകളെയും കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി ചുവപ്പ്, ഓറഞ്ച്, പച്ച, നീല, വെള്ള തുടങ്ങി വിവിധ വര്‍ണ്ണങ്ങളിലുള്ള അപൂര്‍വ ജലസസ്യങ്ങള്‍, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നിറമുള്ള മരങ്ങൾ, നാനാവര്‍ണ്ണങ്ങളിലുമുള്ള പൂക്കൾ, മനോഹരമായ സുഗന്ധദ്രവ്യങ്ങൾ എന്നിവയെല്ലാം സമുദ്രത്തിനടിയില്‍ ഉണ്ടെന്ന് ആമവൈദ്യന്‍ വര്‍ണ്ണിച്ച് കൊടുത്തു.
"നീ പറയുന്ന കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു," കൂടുതൽ താൽപ്പര്യം തോന്നിയ സഹോദരൻ മുയലച്ചന്‍ പറഞ്ഞു.
"അതെ, കഴിക്കാനും കുടിക്കാനും എല്ലാത്തരം ഭക്ഷണപദാര്‍ത്ഥങ്ങളും അവിടെ ലഭ്യമാണ്. സംഗീതവും നൃത്തവും, സുന്ദരിയായ പരിചാരികമാരും നല്ലതെല്ലാം തന്നെ അവിടെയുണ്ട്. നീ വന്ന് ഞങ്ങളുടെ അതിഥിയാകൂ. നിങ്ങളെ ക്ഷണിക്കാൻ ഞങ്ങളുടെ രാജാവ് എന്നെ അയച്ചിരിക്കുകയാണ്."
"ഞാൻ വന്നോട്ടേ?" സന്തോഷത്തോടെ മുയലച്ചന്‍ ചോദിച്ചു.
"തീര്‍ച്ചയായും, ഉടൻ തന്നെ. നീ എന്‍റെ പുറത്തു കയറൂ, ഞാൻ നിന്നെ അങ്ങോട്ട് കൊണ്ടുപോകാം."
അങ്ങനെ മുയലിനെ തന്‍റെ പുറത്ത് കയറ്റി ആമ കടലിനരികിലേക്ക് നടന്നു.
"ഇപ്പോൾ നീ എന്‍റെ മുൻവശത്തെ തോടു മുറുകെ പിടിക്കൂ," ആമവൈദ്യന്‍ പറഞ്ഞു; "നമ്മൾ വെള്ളത്തിനടിയിലേക്ക് പോകുകയാണ്."
തിരമാലകൾക്ക് താഴെയായി നീല ജലാശയത്തിലൂടെ അവർ ഊളിയിട്ടു. രാജാവിന്‍റെ കൊട്ടാരത്തിൽ എത്തുന്നതുവരെ അവര്‍ പതിയെ മുന്നോട്ട് നീങ്ങി. ആമ പറഞ്ഞതുപോലെ എല്ലാം സത്യമാണെന്ന് അവിടെയെത്തിയപ്പോള്‍ മുയലച്ചന് ബോധ്യമായി. വര്‍ണശബലമായ സസ്യങ്ങളും, ജീവികളും, സമ്പന്നമായ രത്നങ്ങളും എല്ലാം തന്നെ ആമവൈദ്യന്‍ പറഞ്ഞതുപോലെയായിരുന്നു.
ആമവൈദ്യന്‍ മുയലച്ചനെ രാജ്യത്തിലെ ചില രാജകുമാരന്മാർക്കും രാജകുമാരിമാർക്കും പരിചയപ്പെടുത്തി. അവർ അവരുടെ അതിഥിക്കു കൊട്ടാരത്തിന്‍റെ കാഴ്ചകളും പല നിധികളും കാണിച്ചുകൊടുത്തു, അതേസമയം ആമവൈദ്യന്‍ തന്‍റെ ദൗത്യത്തിന്‍റെ വിജയം പ്രഖ്യാപിക്കാൻ മറ്റ് വൈദ്യന്‍മാരുടെ കൗൺസിലിൽ പങ്കെടുക്കുകയായിരുന്നു.
എന്നാൽ മുയലച്ചന്‍ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ സ്ഥലമാണിതെന്ന് കരുതി സസന്തോഷം മുന്നോട്ട് നീങ്ങവെ, അവർ സംസാരിക്കുന്നത് കേള്‍ക്കാനിടയായി. എന്തിനാണ് അവനെ അവിടെ കൊണ്ടുവന്ന് ഇത്ര മാത്രം സ്വീകരണങ്ങള്‍ തന്നതെന്ന് അവൻ മനസ്സിലാക്കി. കണ്ണുകൾ നഷ്ടപ്പെടുമെന്ന തിരിച്ചറിവില്‍ പരിഭ്രാന്തനായ അവൻ, തന്‍റെ കണ്ണുകള്‍ രക്ഷിക്കാനും ആമയെ സമർത്ഥമായി തന്ത്രപൂര്‍വം നേരിടാനും തീരുമാനിച്ചു.
അങ്ങനെ രാജാവിനെ സുഖപ്പെടുത്താൻ താങ്കളുടെ കണ്ണുകൾ നല്‍കണമെന്ന് രാജകീയ ആരാച്ചാർ മുയലച്ചനെ മാന്യമായി അറിയിച്ചപ്പോൾ, മുയലച്ചന്‍ വളരെ വിനീതമായി ഖേദപൂര്‍വം അറിയിച്ചു.
"രാജാവു തിരുമനസ്സിന് ഇപ്രകാരം അസുഖമായതിൽ എനിക്ക് വളരെ ഖേദമുണ്ട്, പക്ഷേ അദ്ദേഹത്തെ ഉടനടി സഹായിക്കാൻ എനിക്ക് കഴിയാത്തതിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം, കാരണം ഇപ്പോൾ എന്‍റെ തലയിലുള്ള ഈ കണ്ണുകൾ യഥാർത്ഥ കണ്ണുകളല്ല, മറിച്ച് സ്ഫടികം മാത്രമാണ്. കടൽ വെള്ളം എന്‍റെ കാഴ്ചയെ ദോഷകരമായി ബാധിക്കുമെന്ന് ഞാൻ ഭയപ്പെട്ടതിനാൽ ഞാൻ എന്‍റെ സാധാരണ കണ്ണുകൾ പുറത്തെടുത്ത് മണലിൽ കുഴിച്ചിട്ട് ഈ സ്ഫടിക കണ്ണുകൾ ധരിച്ചു. സാധാരണയായി വളരെ പൊടി നിറഞ്ഞതോ നനഞ്ഞതോ ആയ കാലാവസ്ഥയിൽ ഈ സ്ഫടിക കണ്ണുകള്‍ ഞാൻ ധരിക്കാറുണ്ട്."
അത് കേട്ടതും രാജസദസ്സിലെ ഉദ്യോഗസ്ഥരുടെ മുഖം മങ്ങി. അവർക്ക് എങ്ങനെ ഈ വാർത്ത തിരുമനസ്സിനോട് അറിയിക്കാന്‍ സാധിയ്ക്കും. ഈ വാര്‍ത്ത അദ്ദേഹത്തെ നിരാശപ്പെടുത്തുമെന്ന് തീര്‍ച്ചയല്ലേ?
മുയലച്ചന് അവരോട് ശരിക്കും സഹതാപം തോന്നി, അവന്‍ ഇങ്ങിനെ സംസാരിച്ചു.
"ഓ! അതിൽ വിഷമിക്കേണ്ട. നിങ്ങൾ എന്നെ കടൽത്തീരത്തേക്ക് മടങ്ങാൻ അനുവദിച്ചാൽ, ഞാൻ അവ കുഴിച്ചെടുത്ത് ലേപനനിർമ്മാണത്തിനായി കൃത്യസമയത്ത് തിരികെ കൊണ്ടുവരും," അവന്‍ പറഞ്ഞു.
അങ്ങനെ, ആമവൈദ്യന്‍റെ പുറകിൽ കയറി മുയലച്ചന്‍ ഉടൻ തന്നെ കടലില്‍ നിന്ന് പുറപ്പെട്ട് കരയിലെത്തി.
നിമിഷ നേരം കൊണ്ട് അവൻ ആമവൈദ്യന്‍റെ പുറത്തുനിന്നും ചാടിയിറങ്ങി കാട്ടിലേയ്ക്ക് ഓടി . കാറ്റിനുള്ളിലേയ്ക്ക് ഓടി മറയുന്ന മുയലച്ചന്‍റെ വെളുത്ത വാലിന്‍റെ ഒരു തെല്ല് മാത്രം ഒരു മിന്നായം പോലെ ആമവൈദ്യന്‍റെ കണ്ണില്‍ പ്പെട്ടുള്ളൂ.
ആമവൈദ്യന്‍ കണ്ണുനീർ പൊഴിച്ച് കൊണ്ട് മുയൽ തന്നെ എങ്ങനെ കബളിപ്പിച്ചുവെന്ന കഥ പറയാനായി കടലിലേയ്ക്ക് പതിയെ മടങ്ങി.


0 Comments