ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍

ഗ്രീസിന്‍റെ താഴത്തെ ഭാഗം വളരെ വിചിത്രമായി കാണപ്പെടുന്ന ഒരു പ്രദേശമാണ്. ആ ഭാഗം കണ്ടാല്‍ അത് ഗ്രീസിന്‍റെ മേല്‍ഭാഗത്ത് നിന്നും പറിച്ചെടുത്തെങ്കിലും, ഒരു ചെറിയ ഇടുങ്ങിയ നാടയാല്‍ ബന്ധിക്കപ്പെട്ട്  തൂങ്ങിക്കിടക്കുകയായിരുന്നുഎന്നെ കരുതൂ. മാത്രമല്ല, അതിന്‍റെ ആകൃതി വളരെ വിചിത്രമായതിനാൽ അതിനെ എല്ലാത്തരം വസ്തുക്കളുമായും താരതമ്യപ്പെടുത്തിയിട്ടുണ്ട് - ചിലപ്പോൾ ഒരു മൾബറി ഇലയുമായും, ചിലപ്പോൾ ഒരു തുറന്ന കൈയുമായും.


ഒരു തുറന്ന കയ്യുമായി അതിനെ താരതമ്യപ്പെടുത്തിയാല്‍, കൈപ്പത്തിയെന്ന് കരുതാവുന്ന ഭാഗം ഉയർന്ന മരങ്ങളുള്ള പർവതങ്ങളുടെ വലുതും സങ്കീർണ്ണവുമായ ഒരു കൂട്ടമാണെന്ന് നമുക്ക് കണ്ടെത്താനാകും, അത് എല്ലാ ദിശകളിലേക്കും വ്യാപിച്ച് കിടക്കുന്നു.  ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്പർസ് കടലിലേക്ക് നിരവധി ചെറിയ ഉപദ്വീപുകളായി കൈവിരലുകള്‍ പോലെ നീണ്ടുകിടക്കുന്നു.  പർവതങ്ങളുള്ള കേന്ദ്രഭാഗം  ഇപ്പോൾ ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

അവിടത്തെ ആളുകൾ കൂടുതൽ വന്യസ്വഭാവക്കാരായിരുന്നു, കൊള്ളയ്ക്കും അക്രമത്തിനും വളരെയധികം പേരുകേട്ട ഒരു പ്രദേശം, പുതിയ ജീവിതരീതികളോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ സ്വീകരിക്കാന്‍ വളരെയധികം വിമുഖരായ ജനത. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള വീരയുദ്ധകാലത്ത് ആ രാജ്യം ആര്‍ക്കും കടന്നുപോകാൻ കഴിയാത്ത ഒരു വന്യമരുഭൂമിയായിരുന്നു.

കാട്ടുമൃഗങ്ങളാൽ തിങ്ങിനിറഞ്ഞിരുന്ന ആ പ്രദേശത്തിന്, കരടികളുടെ നാട് എന്നർത്ഥം വരുന്ന അർക്കാഡിയ എന്ന പേര് ലഭിച്ചത് കരടികള്‍ അവിടെ  ഏറ്റവും സമൃദ്ധമായിരുന്നതിനാലാകണം. ചെന്നായ്ക്കളും അവിടെ സമൃദ്ധമായിരുന്നു.

അരുവികളുടെ കരയിലെ ഇടുങ്ങിയ താഴ്‌വരകളിൽ ഗ്രാമങ്ങൾ നിർമ്മിച്ചു താമസിക്കുന്ന  ആളുകള്‍ ഉഗ്രന്മാരും നിയമവിരുദ്ധരുമായിരുന്നു. ആടുകളെ വളർത്തുകയും ദിവസം മുഴുവൻ വേട്ടയാടുകയും ചെയ്യുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ആർക്കാഡിയ യഥാർത്ഥത്തിൽ വേട്ടക്കാരുടെ പറുദീസയായിരുന്നു അതിനാൽ സുന്ദരിയായ വേട്ടക്കാരിയായ ദേവത, ആർട്ടെമിസിന് പ്രത്യേകമായി പവിത്രമായി കണക്കാക്കപ്പെട്ടു. കന്നുകാലികളെയും ആട്ടിൻകൂട്ടങ്ങളെയും സംരക്ഷിക്കാൻ ആര്‍ട്ടേമിസ് കുന്നുകളിലും താഴ്‌വരകളിലും, വനങ്ങളിലും, തോട്ടങ്ങളിലും ചന്ദ്രപ്രകാശത്തിൽ ചുറ്റി സഞ്ചരിച്ചിരുന്നു.

ആർക്കാഡിയയിലെ അതേ പർവതനിരകളിലാണ് ആർട്ടെമിസിന്  പ്രിയങ്കരിയായ മനോഹരിയായ ഒരു പെണ്‍മാന്‍ വിഹരിച്ചിരുന്നത്. ആര്‍ട്ടേമിസ്  ആ മാനിന് മനോഹരമായ സ്വര്‍ണ്ണക്കൊമ്പുകള്‍  സമ്മാനിച്ചു. അത് കൊണ്ട്  വേട്ടക്കാർക്ക് മറ്റ് മാനുകളിൽ നിന്ന് അവളെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. അത് വഴി ദേവന്മാർക്ക് പവിത്രമായ ഒരു ജീവിയെ കൊന്ന കുറ്റത്തിൽ നിന്ന് വേട്ടക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു.

യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് അടുത്തതായി ആവശ്യപ്പെട്ടത് ആ മാനിനെ ജീവനോടെ  കൊണ്ടുവരാൻ വേണ്ടിയായിരുന്നു. ആർട്ടെമിസിന്  പ്രിയപ്പെട്ട ആ മാനിനെ കൊല്ലുന്ന കാര്യം ആലോചിക്കാന്‍ പോലും യൂറിസ്റ്റിയസ്  ദൈര്‍യപ്പെട്ടില്ല.

ഹെര്‍കുലീസ് ഒരു വർഷം മുഴുവൻ  ആ മാനിനെ കണ്ടെത്താന്‍ വേണ്ടി അലഞ്ഞു തിരിഞു. പർവതശിഖരങ്ങളിൽ നിന്ന് താഴെ താഴ്‌വരകളിലേക്കും, കുറ്റിക്കാടുകളിലൂടെയും, അരുവികളിലൂടെയും, വനങ്ങളിലൂടെയും മാനിനേ തേടി ഹെര്‍കുലീസ് യാത്ര ചെയ്തു.  പക്ഷേ എത്ര പരിശ്രമിച്ചിട്ടും  മാനിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു ദിവസം ഒരു നീണ്ട പിന്തുടരലിന് ശേഷം ഹെര്‍കുലീസ്  ആ മാനിനെ ഒരു പർവതത്തിന്റെ അരികിൽ അഭയം തേടാൻ നിർബന്ധിതയാക്കി. 

കുറച്ചു നേരത്തിന് ശേഷം മാന്‍ താന്‍ ഒളിച്ചിരുന്ന പര്‍വതത്തിനിടയില്‍ നിന്നും താഴെ നദിയിലേക്ക് വെള്ളം കുടിക്കാൻ പുറപ്പെട്ടു. അതായിരുന്നു ഹെര്‍കുലീസ് കാത്തിരുന്ന അവസരം. മാന്‍ അരുവി മുറിച്ച് കടന്ന് രക്ഷപ്പെടുന്നത് തടയാന്‍, ഹെര്‍കുലീസ് അതിനെ ചെറുതായി മുറിവേല്‍പ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ മാന്‍ അരുവിയിലേയ്ക്ക് നീങ്ങിയതും ഹെര്‍കുലീസ് പെട്ടെന്ന് അതിനു നേരെ ചാടിവീണ് അതിനെ കീഴ്പ്പെടുത്തി. എന്നിട്ട് മാനിനെ തോളിലേറ്റി യൂറിസ്റ്റിയസിന് കാഴ്ച വെക്കാനായി പുറപ്പെട്ടു.

മൈക്കീനിലേക്കുള്ള യാത്രാമധ്യേ, ആർട്ടെമിസ് ഹെര്‍കുലീസിനെ നേരിട്ടു.  തനിക്ക് പ്രിയപ്പെട്ട മാനിനെ കൈവശപ്പെടുത്തിയതിന് ഹെര്‍കുലീസിനെ ശകാരിച്ചു.

 ഹെര്‍കുലീസ് ഇപ്രകാരം മറുപടി പറഞ്ഞു: “മഹാദേവീ, ഞാൻ നിങ്ങളുടെ മാനിനെ പിന്തുടർന്ന് പിടിച്ചിട്ടുണ്ടെങ്കിൽ, അത് ഞാൻ ചെയ്തത് അഭക്തിയാലല്ല, അനിവാര്യത കൊണ്ടാണ്; കാരണം, യൂറിസ്റ്റിയസിന്റെ ദാസനാകാൻ ദേവന്മാർ എന്നോട് കൽപ്പിച്ചതായും, അത് പ്രകാരം അദ്ദേഹത്തിന്‍റെ അടിമയായ  എന്നോട് അദ്ദേഹം മാനിനെ പിടിച്ചു കൊണ്ട് വരാന്‍  കൽപ്പിച്ചതായും ദേവിക്കുമറിയാവുന്നതാണല്ലോ?.”

ഹെര്‍കുലീസിന്‍റെ ഉചിതമായ മറുപടി ദേവിയുടെ കോപം ശമിപ്പിച്ചു. ആർട്ടെമിസ് ഹെര്‍കുലീസിനെ പോകാനനുവദിച്ചു.

അങ്ങിനെ തന്‍റെ മൂന്നാമത്തെ സാഹസകൃത്യവും വിജയകരമായി പൂര്‍ത്തിയാക്കിയ  ഹെര്‍കുലീസ് സ്വർണ്ണക്കൊമ്പുള്ള മാനിനെമൈക്കീനയിലേക്ക് കൊണ്ടുചെന്നു യൂറിസ്റ്റിയസിന്  സമര്‍പ്പിച്ചു.

ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം

ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2) 

ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര

ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍

Post a Comment

0 Comments