ഏറെക്കാലം മുമ്പ്, പുരാതന ഗ്രീസിൽ മെഡൂസ എന്നൊരു യുവതി ജീവിച്ചിരുന്നു. ഗോർഗോൺ സഹോദരിമാരായ മൂന്ന് പേരിൽ ഒരാളായ മെഡൂസ അമർത്യതയില്ലാത്ത ഒരേയൊരു സഹോദരിയായിരുന്നു. ഗ്രീക്ക് പുരാണത്തിലെ ഗോർഗോണുകൾ ഫോർസിസിന്റെയും സെറ്റോയുടെയും പെൺമക്കളാണെന്ന് പറയപ്പെടുന്ന സ്റ്റെനോ, യൂറിയേൽ, മെഡൂസ എന്നീ മൂന്ന് ഭീകര സഹോദരിമാരാണ്.
![]() |
Image generated by Google Gemini |
അവൾക്ക് വളരെ മനോഹരമായ നീളമുള്ള മുടിയും സുന്ദരമായ മുഖവും ഉണ്ടായിരുന്നു. അവൾ അഥീന എന്ന ജ്ഞാനദേവിയുടെ ക്ഷേത്രത്തിൽ സേവികയായിരുന്നു.
ബ്രഹ്മചര്യ വ്രതം ലംഘിച്ചു കടൽ ദേവനായ പോസിഡോണുമായി മെഡൂസയ്ക്ക് ബന്ധമുണ്ടായപ്പോൾ, അഥീന ദേവത അവളെ ശിക്ഷിച്ചു. ദേവത മെഡൂസയെ ഒരു ഭയാനകമായ ജീവിയാക്കി മാറ്റി, അവളുടെ മുടി പിണയുന്ന പാമ്പുകളാക്കി, അവളുടെ ചർമ്മം പച്ചകലർന്ന നിറമായി. കൂടാതെ, ആരെങ്കിലും മെഡൂസയുടെ കണ്ണുകളിലേയ്ക്ക് നേരിട്ട് നോക്കിയാൽ, അവർ ശിലയായി മാറും എന്ന ശാപവും അവൾക്ക് ലഭിച്ചു. ഇതിന്റെ ഫലമായി, മെഡൂസയെ എല്ലാവരും ഭയപ്പെട്ടു . അവൾ തന്റെ രണ്ട് സഹോദരിമാരുമായി വളരെയധികം വര്ഷങ്ങളോളം ജീവിക്കേണ്ടി വന്നു.
പെർസ്യൂസ് എന്ന ധീരനായ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ദേവന്മാരുടെ രാജാവായ സിയൂസിന്റെയും, വളരെയധികം കാരുണ്യവതിയായ ഡാനെ എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും മകനായിരുന്നു പെർസ്യൂസ്. പെർസ്യൂസ് തന്റെ അമ്മയോടൊപ്പം ഒരു ദൂരെയുള്ള ദ്വീപിൽ ആണ് താമസിച്ചിരുന്നത്.
സ്ഥലത്തെ രാജാവ് പോളിഡെക്റ്റസ് ഡാനെ കണ്ട് ഇഷ്ടപ്പെട്ടു. എന്നാല് അയാളുടെ പ്രണയോക്തികളെ ഡാനെ തിരസ്കരിച്ചു. തന്റെ അമ്മയെ പോളിഡെക്റ്റസില് നിന്നും പെർസ്യൂസ് സംരക്ഷിച്ചു. പെർസ്യൂസിനെ അമ്മയിൽ നിന്നകറ്റിയാൽ അവൾ വഴിപെടുമെന്ന് കണക്കു കൂട്ടിയ പോളിഡെക്റ്റസ് പെർസ്യൂസിനെ ചതിപ്രയോഗത്തിലൂടെ കൊല്ലാൻ തീരുമാനിച്ചു. പെർസ്യൂസിനെ ഒഴിവാക്കാൻ, രാജാവ് അദ്ദേഹത്തിന് ഒരു അപകടകരമായ ജോലി നൽകി:
“മെഡൂസയുടെ തല എനിക്ക് കൊണ്ടുവരിക!”.
ഇത് വളരെ അപകടകരമായ ദൗത്യമായിരുന്നു, കാരണം മെഡൂസയെ നേരിട്ട് നോക്കിയാൽ, ആരും ശിലയായി മാറും.
തന്റെ സാഹസിക യാത്ര പുറപ്പെടുന്നതിന് മുമ്പ്, പെർസ്യൂസ് ദേവന്മാരോട് പ്രാർത്ഥിച്ചു, സിയൂസ് തന്‍റെ മറ്റ് രണ്ട് മക്കളായ ഹെർമിസിനെയും അഥീനയെയും മെഡൂസയെ പരാജയപ്പെടുത്താൻ ആവശ്യമായ ആയുധങ്ങൾ നൽകി പെർസ്യൂസിനെ സഹായിക്കാനായി അയച്ചു.
ഹെർമിസ് പെർസ്യൂസിന് പറക്കാൻ സ്വന്തം ചിറകുള്ള ചെരുപ്പുകൾ നൽകി, മെഡൂസയെ കൊല്ലാൻ തന്റെ ഹാർപ്പ് വാളും, അദൃശ്യമാകാൻ ഹേഡീസിന്റെ ഇരുട്ടിന്റെ തൊപ്പിയും നൽകി. അഥീനാ തന്റെ കവചം പെർസ്യൂസിനു നല്കി. മെഡ്യൂസയെ നേരിട്ടു നോക്കാതെ വെട്ടിത്തിളങ്ങുന്ന കവചം കൈയിലൂയർത്തിപ്പിടിച്ച് അതിലെ പ്രതിഫലനത്തിലേക്കു നോക്കി മെഡ്യൂസയെ കൊല്ലാൻ അഥീന ഉപദേശിച്ചു. ഒടുവിൽ,മെഡ്യൂസയുടെ വാസസ്ഥാനം കണ്ടെത്താൻ ഗ്രേയ്‌കൾ എന്ന മൂന്നു ഹംസ ആകൃതിയിലുള്ള വൃദ്ധ മന്ത്രവാദിനികളെ അന്വേഷിക്കാൻ അഥീന പെർസ്യൂസിനോട് നിർദ്ദേശിച്ചു.
പെർസ്യൂസ് ഒടുവില് ആ മന്ത്രവാദിനികളെ കണ്ടെത്തി. മൂന്നു പേർക്കുമായി ആകെ ഒരു കണ്ണും, ഒരു പല്ലുമാണ് ഉണ്ടായിരുന്നത്. മന്ത്രവാദിനികൾ പരസ്പരം കണ്ണ് കൈമാറുമ്പോൾ, പെർസ്യൂസ് അത് അവരിൽ നിന്ന് തട്ടിയെടുത്തു, കണ് തിരികെ ലഭിക്കാന് മോചനദ്രവ്യമായി മെഡൂസയുടെ സ്ഥാനം വെളിപ്പെടുത്തുന്നതിന് ആവശ്യപ്പെട്ടു. ഗോർഗോണുകൾ സാർപെഡോൺ ദ്വീപിലാണ് താമസിക്കുന്നതെന്ന് ഗ്രേയ്‌കൾ പെർസ്യൂസിനോട് പറഞ്ഞു. തുടർന്ന് പെർസ്യൂസ് ഗ്രേയ്‌കൾക്ക് അവരുടെ കണ്ണ് തിരികെ നൽകി സാർപെഡോൺ ദ്വീപിലേക്ക് യാത്ര പുറപ്പെട്ടു.
സാർപെഡോൺ ദ്വീപിൽ, പെർസ്യൂസ് സ്റ്റെനോ, യൂറിയേൽ, മെഡൂസ എന്നിവർ ഉറങ്ങിക്കിടക്കുന്ന ഒരു ഗുഹയിൽ എത്തി. അഥീനയുടെ പ്രതിഫലന പരിച ഉപയോഗിച്ച്, മെഡൂസയുടെ പ്രതിബിംബം നോക്കി പെർസ്യൂസ് ഗുഹയിലേക്ക് പിന്നിലേക്ക് നടന്നു. അപ്രകാരം മെഡൂസയുടെ അപകടകരമായ കണ്ണുകളിൽ നിന്നും അദ്ദേഹം രക്ഷ നേടി. സുരക്ഷിതമായി ഉറങ്ങുന്ന ഗോർഗോണുകളെ നിരീക്ഷിച്ച് അടുത്തു ചെന്ന പെർസ്യൂസ് അഥീന നല്കിയ വാളുപയോഗിച്ച് മെഡൂസയുടെ തലയറുത്തു. മെഡൂസയുടെ കഴുത്തിൽ നിന്ന് അവളുടെ രണ്ട് കുട്ടികൾ ഉയർന്നുവന്നു: ചിറകുള്ള കുതിര പെഗാസസ്, ക്രിസോർ എന്ന സ്വർണ്ണ വാളുള്ള യോദ്ധാവ്. സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ, സ്റ്റെനോയും യൂറിയേലും പെർസ്യൂസിന്റെ പിന്നാലെ പറന്നു, പക്ഷേ ഹേഡീസിന്റെ അദൃശ്യമായ തൊപ്പി ധരിച്ച് അവരിൽ നിന്ന് രക്ഷപ്പെട്ടു.
പെർസ്യൂസ് നേരെ അറ്റ്ലസ് രാജാവിനടുത്തെത്തി. എന്നാൽ തനിക്ക് ആതിഥ്യം നിരസിച്ച അറ്റ്ലസിനെ പെർസ്യൂസ് മെഡൂസയുടെ തല കാണിച്ച് അറ്റ്ലസ് പർവതങ്ങളായി മാറ്റി.
പെർസ്യുസ് മെഡൂസയുടെ തല ഉപയോഗിച്ച് നിരവധി പേരെ പരാജയപ്പെടുത്തി. അവസാനം, അവൻ ആ തല അഥീന ദേവിക്ക് സമ്മാനമായി നൽകി. അഥീന, ഇത് തന്റെ പരിചയിൽ സ്ഥാപിച്ച്, ശത്രുക്കളെ ഭയപ്പെടുത്താൻ ഉപയോഗിച്ചു.
0 Comments