സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 2 വായിക്കുക
തുടര്‍ന്ന് വായിക്കുക...
വസിലീസ തന്‍റെ പാവ പുറത്തെടുത്ത് തനിക്കു കിട്ടിയ റൊട്ടിക്കഷണം അതിനു കൊടുത്തുകൊണ്ട് പറഞ്ഞു.
"കുഞ്ഞിപ്പാവേ, നീ ഈ റൊട്ടി തിന്നുകൊള്ളൂ. ഞാന്‍ എന്‍റെ ദുഃഖം മുഴുവന്‍ നിന്നോട് പറയാം. ബാബയഗാ എന്നെ ദുഷ്കരമായ ഒരു പണി ഏല്‍പ്പിച്ചിരിക്കുകയാണ്. അത് ചെയ്തില്ലെങ്കില്‍ എന്നെ അവര്‍ തിന്നുകളയും."
" നീ വിഷമിക്കേണ്ട," പാവ പറഞ്ഞു. "കണ്ണടച്ചു സുഖമായി ഉറങ്ങിക്കോളൂ. നേരം വെളക്കുമ്പോള്‍ എന്തെങ്കിലും ഒരു പോംവഴി ഉണ്ടാക്കാം." പാവ ആശ്വസിപ്പിച്ചു.
വസിലീസ ഉറങ്ങിയ ഉടനെ പാവ ഉറക്കെ വിളിച്ചുപറഞ്ഞു:
"കാക്കകളേ, കുരുവികളേ, പ്രാക്കളേ., പരുന്തുകളേ, പറന്നു വറീന്‍! സുന്ദരിയും നല്ലവളുമായ വസിലീസയെ സഹായിക്കുവിന്‍!"
പക്ഷികള്‍ നാനാദിക്കില്‍നിന്നും പറ്റം പറ്റമായി പറന്നെത്തി. കണ്ണ്കൊണ്ടു കാണാനോ നാക്കുകൊണ്ടു പറയാനോ കഴിയാത്തത്ര പക്ഷികള്‍!. അവ ചിറകിട്ടടിക്കുകയും കളകളശബ്ദം പൊഴിക്കുകയും ചെയ്ത്കൊണ്ടു പണി തുടങ്ങി, അവ ചാമയരികള്‍ ഒരോന്നായി വളരെ വേഗം തിരിഞ്ഞുപെറുക്കി. നല്ല അരികള്‍ ചാക്കിലേക്കും കറുത്തവ പക്ഷികളുടെ വയറ്റിലേയ്ക്കും പോയി.
രാത്രി വളരെ വേഗം കഴിഞ്ഞെന്നു തോന്നി. ചാക്കു നിറഞ്ഞു. പക്ഷികള്‍ പണി മുഴുമിച്ച നിമിഷത്തില്‍ വെളുത്ത വസ്ത്രമണിഞ്ഞ സവാരിക്കാരന്‍ വെള്ളക്കുതിരപ്പുറത്ത് ആവഴി കടന്നുപോയി. കിഴക്കു വെള്ളകീറി, ബാബയഗാ ഉണര്‍ന്നു.
"ഞാന്‍ പറഞ്ഞ പണി ചെയ്ത്കഴിഞ്ഞോ, വസിലീസ," അവര്‍ ചോദിച്ചു.
"ചെയ്ത്കഴിഞ്ഞു, അമ്മൂമ്മേ." വസിലീസ മറുപടി പറഞ്ഞു.
ബാബയഗായ്ക്കു അതത്ര രസിച്ചില്ല. വസിലീസ പണി തീര്‍ക്കാന്‍ പറ്റാതെ വിഷമിക്കും എന്നും പണി തീര്‍ക്കാത്തത്തിന് അവളെ പിടിച്ച് തിന്ന് കളയാമെന്നുമാണ് അവര്‍ കരുതിയിരുന്നത്. പക്ഷേ എന്ത് ചെയ്യാം? വസിലീസ കൊടുത്ത പണി തീര്‍ത്തു വെച്ചിട്ടുണ്ടല്ലോ?
"ഹും," ബാബയഗാ മുക്രയിട്ടു. "ഞാന്‍ വേട്ടയ്ക്കു പോവുകയാണ്. നീ ആ മൂലയില്‍ കെട്ടിവച്ചിരിക്കുന്ന ചാക്കിലെ പയറും കടുകും വേര്‍തിരിച്ചു പ്രത്യേകം പ്രത്യേകം കൂട്ടി വെയ്ക്കൂ?. അത്ചെ യ്തില്ലെങ്കില്‍ നിന്നെ ഞാന്‍ ഇന്നു ശാപ്പിടും."
ബാബയഗാ മുററത്തിറങ്ങി ചൂളമടിച്ചു. ഉടന്‍ തന്നെ ഉരലും ഉലക്കയും ഓടിയെത്തി .
ചുവന്ന കുതിരസവാരിക്കാരന്‍ കടന്നു പോയി. സൂര്യന്‍ ഉദിച്ചു.
ബാബയഗാ ഉരലില്‍ കയറിയിരുന്നു ഉലക്കയും ചൂലും ചുഴററിക്കൊണ്ടു യാത്രയായി.
വസിലീസ ഒരു റൊട്ടിത്തരി എടുത്ത് പാവയ്ക്കു കൊടുത്തുകൊണ്ട് പറഞ്ഞു.
"എന്‍റെ പൊന്നു പാവേ! എന്നെ രക്ഷിക്കണേ!"
വസിലീസയുടെ അപേക്ഷ കേട്ടതും പാവ മുഴങ്ങുന്ന ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു:
"വീട്ടിലും കാട്ടിലും വയലിലും മലയിലുമുള്ള എലികളേ, ഓടിവരിന്‍!
വസിലീസ സഹായിക്കുവിന്‍!"
എലികള്‍ കൂട്ടം കൂട്ടമായി വന്നു ചേര്‍ന്നു. കണ്ണ്കൊണ്ടു കാണാനോ നാക്കുകൊണ്ടു പറയാനോ ആവാത്തത്ര എലികള്‍! അരനാഴികകൊണ്ടു അവ പയറും കടുകും വേര്‍തിരിച്ചു.
നേരം സന്ധ്യയാകാറായി . കറുത്തപ്പെണ്ണ് മേശപ്പുറത്ത് വിഭവങ്ങള്‍ നിരത്തിവച്ചിട്ട് ബാബയഗായുടെ വരവും പ്രതീക്ഷിസിച്ച് ഇരുന്നു.
കറുത്ത സവാരിക്കാരന്‍ കുതിരയോടിച്ചു പോയി. നേരം രാത്രിയായി. വേലിത്തലപ്പത്തുള്ള തലയോട്ടികള്‍ പ്രകാശം പരത്തി. മരങ്ങള്‍ ഞരങ്ങി. ഇലകള്‍ ഉലഞ്ഞു. കണ്ണടച്ചു തുറക്കും മുമ്പ് മനുഷ്യരെ അങ്ങിനെതന്നെ വിഴുങ്ങിക്കളയുന്ന കൌശലക്കാരിയും കുബുദ്ധിയുമായ ബാബയഗാ തിരിച്ചുവന്നു.
"ഞാന്‍ പറഞ്ഞതു പോലെ ചെയ്തോ, വസിലീസാ?" അവര്‍ ചോദിച്ചു.
"എല്ലാം ചെയ്ത് കഴിഞ്ഞു, അമ്മുമ്മെ." വസിലീസ മറുപടി പറഞ്ഞു.
ബാബയഗായ്ക്കു ദേഷ്യം സഹിക്കാന്‍ കഴിയാതെയായി, പക്ഷെ എന്ത് പറയാനാണ് !
"ശരി. നീ കിടന്നുറങ്ങിക്കോ. ഞാനും കിടക്കാന്‍ പോകയാണ്."
വസിലീസ അടുപ്പിന്‍റെ പിന്നിലേക്കു പോയി. ബാബയഗാ കറുത്തപെണ്ണിനോടു ഇങ്ങിനെ പറയുന്നത് അവള്‍ കേട്ടു:
"കറുത്തപെണ്ണേ, അടുപ്പ് കത്തിക്കൂ. ചുളയ്ക്കു നല്ല ചൂടുണ്ടായിരിക്കണം. ഞാന്‍ ഉറങ്ങിയെണീറ്റാലുടന്‍ വസിലീസയെ ചുട്ടുതിന്നാന്‍ പോകയാണ്"
ബാബയഗാ ഒരു ബഞ്ചില്‍ കിടന്നു. താടി ഒരു അലമാരിയില്‍ താങ്ങി വെച്ച് ഒരു കാലുകൊണ്ടു പുതച്ചുമൂടി അവള്‍ ഉറക്കമായി. അവള്‍ കൂര്‍ക്കംവലിക്കുന്ന ശബ്ദംകൊണ്ടു കാടാകെ ഞെട്ടിവിറച്ചു.
വസിലീസ പൊട്ടിക്കരഞ്ഞു. അവള്‍ പാവയെ പുറത്തെടുത്ത് ഒരു തരി റൊട്ടി അതിനു കൊടുത്തു കൊണ്ട് പറഞ്ഞു.
"കുഞ്ഞിപ്പാവേ, ഈ റൊട്ടി തിന്നൂ. ഞാന്‍ എന്‍റെ സങ്കടം മുഴുവന്‍ നിന്നോടു പറയാം. ബാബയഗാ എന്നെ ചുട്ടുതിന്നാന്‍ പോകയാണ്!".
അവിടെനിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം പാവ അവള്‍ക്ക് പറഞ്ഞു കൊടുത്തു.
അത് പ്രകാരം വസിലീസ കറുത്തപെണ്ണിന്‍റെ അടുത്ത് ചെന്ന് താണ് വണങ്ങി അപേക്ഷിച്ചു.
"കറുത്തപെണ്ണേ, എന്നെ രക്ഷിക്കണേ ! അടുപ്പ് കത്തിയ്ക്കുമ്പോള്‍ ശരിക്കു കത്താതിരിക്കാന്‍ വിറകില്‍ വെള്ളമൊഴിക്കണം. ഞാന്‍ എന്‍റെ പട്ടുതൂവാല നിനക്ക് സമ്മാനിക്കാം."
കറുത്തപ്പെണ്ണ് മറുപടി പറഞ്ഞത് ഇപ്രകാരമാണ്:
"ശരി, ഞാന്‍ നിന്നെ സഹായിക്കാം. തീ കൂട്ടാന്‍ ഞാന്‍ വളരെയേറെ സമയം ചെലവഴിക്കാം. കൂടാതെ ബാബയഗാ രാത്രി മുഴുവന്‍ ഉറങ്ങാനായി ഞാന്‍ അവളുടെ കാലില്‍ ഇക്കിളി കൂട്ടുകയും ചൊറിയുകയും ചെയ്യാം. നീ വേഗം ഓടിപ്പൊയ്ക്കൊള്ളൂ"
"മൂന്നു കുതിരസവാരിക്കാര്‍ എന്നെ പിടികൂടിയാലോ?" വസിലീസ ചോദിച്ചു
""ഇല്പ, അതുണ്ടാകുകയില്ല" കറുത്തപ്പെണ്ണ് പറഞ്ഞു.
വെള്ളക്കുതിരക്കാരന്‍ പകലും ചുവന്നകുതിരക്കാരന്‍ സൂര്യനും കറുത്ത കുതിരക്കാരന്‍ രാത്രിയുമാണ്. അവര്‍ നിന്നെ ഉപദ്രവിക്കയില്ല".
വസിലീസ ഇടനാഴിയിലേക്ക് ഇറങ്ങി. കണ്ടന്‍പൂച്ച അവളെ മാന്താന്‍ പാഞ്ഞുവന്നു. അവള്‍ അതിന് ഒരപ്പം ഇട്ടുകൊടുത്തു. പൂച്ച അവളെ ഉപദ്രവിച്ചില്ല.
വസിലീസ ഉമ്മറപ്പടികള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പട്ടി അവളെ കടിക്കാന്‍ ഓടിയെത്തി. അവള്‍ അതിന് ഒരു കഷണം റൊട്ടി ഇട്ടുകൊടുത്തു. പട്ടി വാലാട്ടിക്കൊണ്ടു തിരിച്ചുപോയി.
വസിലീസ മുറ്റത്തിറങ്ങി ഓടി. ബിര്‍ച്ച് മരം അവളെ അടിക്കാന്‍ ആഞ്ഞു. പക്ഷെ വസിലീസ അതില്‍ ഒരു റിബണ്‍ കെട്ടിയപ്പോള്‍ കടന്നുപോവാന്‍ മരം അവളെ അനുവദിച്ചു.
പടിവാതില്‍ അടയാന്‍ തുടങ്ങി. പക്ഷെ വസിലീസ അതിന്‍റെ വിജാഗരികളില്‍ എണ്ണ പുരട്ടിയപ്പോള്‍ അത് താനെ തുറന്നു.
വസിലീസ ഇരുണ്ട കാട്ടിലേക്കിറങ്ങി. ആ സമയത്ത് കറുത്ത സവാരിക്കാരന്‍ കുതിരയോടിച്ചു കടന്നു പോയി. കുറ്റാക്കൂരിരുട്ട്! വിളക്കില്ലാതെ അവള്‍ എങ്ങിനെ വീട്ടിലേക്കു മടങ്ങും? അവിടെച്ചെന്നു എന്ത് പറയും? രണ്ടാനമ്മ അവളെ ജീവനോടെ വെച്ചേക്കുമോ?
0 Comments