സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 2

  സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 1 വായിക്കുക

തുടര്‍ന്ന് വായിക്കുക...

വീട്ടിനുള്ളില്‍ നിന്നും പുറന്തള്ളപ്പെട്ട വസിലീസ എന്തു ചെയ്യുമെന്നറിയാതെ പൊട്ടിക്കരഞ്ഞു.  പിന്നെ അവള്‍ ഉടുപ്പിന്‍റെ കീശയില്‍ നിന്നും തന്‍റെ പാവയെ പുറത്തെടുത്ത് തേങ്ങിക്കൊണ്ട് പറഞ്ഞു.

"എന്‍റെ പുന്നാരപ്പാവേ, മനുഷ്യരെ അപ്പാടെ വിഴുങ്ങുന്ന ബാബയാഗയുടെ അടുത്തേയ്ക്കാണ് അവര്‍ എന്നോടു പോകാന്‍ പറയുന്നതു! ഞാന്‍ എന്തു ചെയ്യും?"

"നീ ഒട്ടും പേടിക്കേണ്ട." പാവ അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു. "ഞാന്‍ നിന്നോടൊപ്പം ഉള്ളപ്പോള്‍ നിനക്കൊരാപത്തും പറ്റുകയില്ല!"

അത് കേട്ടതോടെ വസിലീസയുടെ പേടി അകന്നു. അവള്‍ ധൈര്യത്തോടെ മുന്നോട്ട് നീങ്ങി.

ആ രാത്രി ആകാശത്ത് ഒരു നക്ഷത്രം പോലുമുണ്ടായിരുന്നില്ല. കനത്ത അന്ധകാരത്തില്‍ എങ്ങോട്ടെന്നറിയാതെ ആ പാവയെയും മാറോടു ചേര്‍ത്തു പിടിച്ച് അവള്‍ മുന്നോട്ട് നടന്നു.

പെട്ടെന്ന് ഒരു കുതിരസവാരിക്കാരന്‍ അവളെയും കടന്ന് പോയി. അയാള്‍ തൂവെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അയാളുടെ കുതിരയ്ക്കും വെള്ള നിറമായിരുന്നു. വെള്ളികൊണ്ടുണ്ടാക്കിയ കുതിരയുടെ പട്ടകള്‍ ഇരുട്ടത്തു തിളങ്ങിക്കൊണ്ടിരുന്നു.

നേരം വെളുത്തു. മരക്കുറ്റികളിലും, വേരുകളിലും തട്ടിത്തടഞ്ഞു കൊണ്ട് വസിലീസ മുന്നോട്ട് നടന്നു കൊണ്ടിരുന്നു. അവളുടെ നീണ്ട മുടിയിഴകളില്‍ തിളങ്ങുന്ന തുഷാര ബിന്ദുക്കള്‍ പറ്റിപ്പിടിച്ചു. കൈകാലുകള്‍ തണുത്തു മരവിച്ചു തുടങ്ങിയിരുന്നു.

അപ്പോള്‍ മറ്റൊരു കുതിരസവാരിക്കാരന്‍ ആ വഴി കടന്നു പോയി. അയാള്‍ ചുവന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.  അയാളുടെ കുതിരയ്ക്കും, കുതിരക്കോപ്പിനുമെല്ലാം ചുവന്ന നിറമായിരുന്നു.

സൂര്യന്‍ ഉദിച്ചു. സൂര്യകിരണങ്ങള്‍ വസിലീസയെ തഴുകിയതോടെ അവളുടെ തണുപ്പ് മാറി. അവളുടെ മുടിയില്‍ പറ്റിയിരുന്ന മഞ്ഞുതുള്ളികള്‍ ആവിയായി മാറി.

വസിലീസ ഒരിടത്തും വിശ്രമിക്കാതെ മുന്നോട്ട് നടന്നു കൊണ്ടേയിരുന്നു. വൈകുന്നേരമായപ്പോള്‍ അവള്‍ മരങ്ങളൊന്നുമില്ലാത്ത തുറസ്സായ ഒരു സ്ഥലത്ത് എത്തി.

വസിലീസ തനിക്ക് ചുറ്റുപാടും നോക്കി. ദൂരെ ഒരു കുടില്‍ കണ്ട് അവള്‍ അങ്ങോട്ട് നടന്നു. കുടിലിന് ചുറ്റും മനുഷ്യരുടെ അസ്ഥി കൊണ്ടുണ്ടാക്കിയ ഒരു വേലിയുണ്ടായിരുന്നു. വേലിയുടെ തലപ്പത്ത് തലയോട്ടികളാണ് കുത്തിനിറുത്തിയിരുന്നത്. അതിന്റെ പടിവാതില്‍ മനുഷ്യരുടെ കാലിലെ എല്ല് കൊണ്ടും സാക്ഷകള്‍ കയ്യിലെ എല്ല് കൊണ്ടും ഉണ്ടാക്കിയവ ആയിരുന്നു. അതിലെ പൂട്ടാകട്ടെ കടിച്ചുപിടിച്ച രണ്ടുവരി പല്ലുകളായിരുന്നു.

വസിലീസ ഇതെല്ലാം കണ്ട് പേടിച്ച് സ്തംഭിച്ചു നിന്നു പോയി. പെട്ടെന്ന് ഒരു കുതിരസവാരിക്കാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അയാള്‍ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.  അയാളുടെ കുതിരയ്ക്കും, കുതിരക്കോപ്പിനുമെല്ലാം കറുത്ത നിറമായിരുന്നു. കുതിരസവാരിക്കാരന്‍ ആ വേലിയുടെ പടിവാതില്‍ വരെ കുതിര ഓടിച്ചുകൊണ്ട് ചെന്നു. വാതിലിനടുത്തെത്തിയതും അയാള്‍ അപ്രത്യക്ഷനായി!

അപ്പോഴേയ്ക്കും നേരം രാത്രിയായി. അത്ഭുതകരമെന്ന് പറയട്ടെ, വേലിയുടെ മുകളിലെ തലയോട്ടികളെല്ലാം മിന്നിത്തിളങ്ങാന്‍ തുടങ്ങി. ചുറ്റുപാടും പകല്‍ പോലെ വെളിച്ചം പറന്നു.

വസിലീസയുടെ കാലുകള്‍ ഭയം കൊണ്ട് ഉറച്ച്പോയിരുന്നു. ആ ഭയാനകമായ പരിസരത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ പോലുമാകാതെ അവള്‍ തരിച്ചു നിന്നു.

പെട്ടെന്ന് വസിലീസയുടെ കാലിനടിയില്‍ ഭൂമി പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഭൂമിയുടെ അപ്രതീക്ഷിതമായ കുലുക്കത്തില്‍ വസിലീസ പകച്ചു നില്‍ക്കേ, ആകാശത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ബാബയാഗ എന്ന ദുര്‍മന്ത്രവാദിനി ആയിരുന്നു അത്! ഒരു കയ്യില്‍ ഉലക്കയും മറുകയ്യില്‍ ഒരു ചൂലും ചുഴറ്റിക്കൊണ്ട് അവര്‍ ആകാശത്തിലൂടെ പറന്നു വന്ന് പടിവാതിലിനടുത്തെത്തി.

"പ്ഫൂ! പ്ഫൂ! പൂ! റഷ്യക്കാരന്‍റെ മണം! ആരാണവിടെ?" ബാബയാഗ അലറി.

വസിലീസ ബാബയാഗയുടെ അടുത്ത് ചെന്ന് വിനയത്തോടെ താണുവണങ്ങി കൊണ്ട് പറഞ്ഞു.

"അമ്മൂമ്മേ, അമ്മൂമ്മേ, ഞാന്‍ വസിലീസയാണ്. എന്‍റെ രണ്ടാനമ്മയും മക്കളും വിളക്ക് വാങ്ങിക്കൊണ്ട് വരാന്‍ എന്നെ ഇങ്ങോട്ട് അയച്ചതാണ്"

"ആഹാ, ഇത് നീയാണോ?'' ബാബയാഗ പറഞ്ഞു. "നിന്‍റെ രണ്ടാനമ്മ എന്‍റെ ഒരു ബന്ധുക്കാരിയാണ്. നീ ഇവിടെ കുറച്ചുകാലം താമസിച്ചു പണിയെടുക്ക്! അത് കഴിഞ്ഞു നമുക്കു വേണ്ടത് ചെയ്യാം."

ബാബയാഗ ഉറക്കെ വിളിച്ചു പറഞ്ഞു: "ഹേയ് ! ബലമുള്ള താഴുകളേ, തുറക്കിന്‍! പടിവാതിലെ, വഴികൊടുക്കു!"

വാതില്‍ പൊടുന്നനെ മലര്‍ക്കെ തുറന്നു. ബാബയാഗ  തന്‍റെ ഉരല്‍ അകത്തേയ്ക്ക് ഓടിച്ചു കയറി. വസിലീസ അവരുടെ പിന്നാലേ നടന്നു അകത്തു കയറി. പടിവാതിലകത്ത് കടന്നതും അവിടെ കിടന്ന ഒരു ബിര്‍ച്ച് മരം അതിന്‍റെ ചില്ലകള്‍ താഴ്ത്തി അവളെ അടിക്കാനോങ്ങി.

"അവളെ തൊട്ട് പോകരുത്! ഞാന്‍ കൂട്ടികൊണ്ടു വന്നതാണ്!" ബാബയാഗ ബിര്‍ച്ച് മാരത്തെ തടഞ്ഞു.

അവര്‍ കുടിലിന്‍റെ മുന്‍വശത്തെത്തി. അവിടെ കിടന്ന പട്ടി വസിലീസയെ കടിക്കാന്‍ ചാടിവന്നു.

"അവളെ തൊട്ടുപോകരുത് ! ഞാന്‍ കൂട്ടിക്കൊണ്ടുവന്നതാണ്!" ബാബയഗാ പറഞ്ഞു.

ഇടനാഴിയില്‍ വച്ചു വസിലീസയെ മാന്തിക്കീറാനായി ഒരു കണ്ടന്‍പൂച്ച ഓടിയെത്തി .

"അവളെ തൊട്ടുപോകരുത് ! ഞാന്‍ കൂട്ടിക്കൊണ്ടുവന്നതാണ്!" ബാബയഗാ പറഞ്ഞു.

പിന്നീട്‌ ബാബയഗാ വസിലീസയുടെ നേരെ തിരിഞ്ഞു താക്കീത് ചെയ്തു. "'വസിലീസ, ഇവിടന്നു ഓടിപ്പോകാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിക്കോ ! എന്‍റെ പൂച്ച നിന്നെ മാന്തിപ്പൊളിക്കും, പട്ടി കടിച്ചു പറിക്കും, ബിര്‍ച്ച് മരം അടിച്ചു നിന്‍റെ തല പൊട്ടിക്കും. പുറത്തേക്കിറങ്ങാന്‍ പടിവാതില്‍ തുറക്കുകയുമില്ല."

ബാബയഗാ  സ്വന്തം മുറിക്കുള്ളില്‍ കടന്നു ഒരു ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടന്നു.

"കറുത്തപെണ്ണേ! തിന്നാന്‍ എന്തെങ്കിലും കൊണ്ടുവാ," ബാബയഗാ വിളിച്ചുപറഞ്ഞു.

കറുത്തപ്പെണ്ണ് ഓടിവന്നു ബാബയഗയ്ക്ക് ഭക്ഷണം വിളമ്പി: ഒരു കുടം നിറയെ റഷ്യന്‍ സൂപ്പും രണ്ടു കുട്ടകം പാല്‍, ഇരുപത് കോഴി, നാല്പത് താറാവ്, അര കാള, ഒരു പന്നി, രണ്ടു അട, വീപ്പകണക്കിനു മദ്യം! ഇതൊക്കെയായിരുന്നു വിഭവങ്ങള്‍!

ബാബയഗാ അത് മുഴുവന്‍ തിന്നുകയും കുടിക്കുകയും ചെയ്തു. എന്നാല്‍ ഒരു റൊട്ടി കഷണം മാത്രമാണ് അവര്‍ വസിലീസയ്ക്കു കൊടുത്തത്. എന്നിട്ട് ബാബയഗാ  അവളോട് ആജ്ഞാപിച്ചു.

"വസിലീസ, ഇതാ ഒരു ചാക്കു ചാമയരി. ഇത് ഓരോന്നായി തിരിഞ്ഞു പെറുക്കി നല്ലത് മാത്രം ഒരു ചാക്കില്‍ കെട്ടി വെക്കണം. ഒരൊററ കറുത്ത അരിയെങ്ങാനും കണ്ടുപോയാല്‍ ഞാന്‍ നിന്നെ അപ്പോള്‍ത്തന്നെ പിടിച്ചു തിന്നും."

ബാബയഗാ കണ്ണടച്ചുകിടന്നു. താമസിയാതെ കൂര്‍ക്കം വലിച്ചു ഉറക്കമായി.


Post a Comment

0 Comments