പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും വസിലീസ എന്നുപേരുള്ള അവരുടെ മകളും പാര്‍ത്തിരുന്നു. ഒരു ചെററക്കുടിലിലാണ് അവര്‍ താമസിച്ചിരുന്നതെങ്കിലും അവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരിക്കല്‍ ദൌര്‍ഭാഗ്യം അവരെ പിടികൂടി. അമ്മൂമ്മ മാരകമായ ഒരു രോഗം പിടിപെട്ടു കിടപ്പിലായി. മരണം അടുത്ത് കഴിഞ്ഞു എന്നു മനസ്സിലായപ്പോള്‍ അമ്മൂമ്മ മകളെ അടുത്ത് വിളിച്ച് അവള്‍ക്ക് ഒരു പാവ സമ്മാനിച്ചിട്ട് പറഞ്ഞു:
"മോളെ, നീ ഈ പാവ എപ്പോഴും സൂക്ഷിച്ചുകൊള്ളണം. മററാരേയും ഇത് കാണിക്കരുത്. നിനക്ക് എന്തെങ്കിലും ഒരാപത്ത് വരികയാണെങ്കില്‍ ഈ പാവയ്ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുത്തിട്ട് നീ ഇതിന്‍റെ ഉപദേശം ആരായണം. എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും ഈ പാവ നിന്നെ രക്ഷിക്കും."
വസിലീസയെ അവസാനമായി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വൃദ്ധ മരിച്ചു.
വൃദ്ധന്‍ കുറെ നാള്‍ അമ്മൂമ്മയുടെ മരണത്തില്‍ ദുഃഖിച്ചു കിടന്നു. ഒടുവില്‍ മറെറാരു സ്ത്രീയെ വിവാഹം ചെയ്തു. . വസിലീസയ്ക്കു ഒരു അമ്മയുടെ വാത്സല്യം ലഭിക്കുമെന്നാണ് വൃദ്ധന്‍ വിചാരിച്ചത്. പക്ഷെ അവള്‍ക്ക് ലഭിച്ചത് രണ്ടാനമ്മയുടെ പോരു മാത്രമാണ്.
രണ്ടാനമ്മയ്ക്ക് രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. അസൂയയും കുശുമ്പും ദുരാഗ്രഹവും ആയിരുന്നു ആ പെണ്‍കുട്ടികളുടെ കൂടപ്പിറപ്പുകള്‍. രണ്ടാനമ്മ സ്വന്തം മക്കളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത്പോന്നു, എന്നാല്‍ വസിലീസയെ അവര്‍ എപ്പോഴും ശകാരിക്കും. അവര്‍ വസിലീസയ്ക്കു ഒരിക്കലും സ്വൈരം കൊടുക്കുമായിരുന്നില്ല. പാവം വസിലീസ! വളരെ കഷ്ടപ്പെട്ടു. രണ്ടാനമ്മയും മക്കളും അവളെ എപ്പോഴും വഴക്കുപറയുകയും താങ്ങാവുന്നതില്‍ക്കൂടുതല്‍ ജോലിചെയ്യാന്‍ അവളെ നിര്‍ബ്ബന്ധിക്കുകയും ചെയ്ത്പോന്നു. ഒരു പാടു ജോലിചെയ്യിച്ചാല്‍ വസിലീസ ക്ഷീണിക്കുകയും മെലിയുകയും ചെയ്യുമെന്നും, കാറ്റും വെയിലുമേറ്റ് അവളുടെ മുഖം കുറുക്കുകയം വൃത്തി കേടാവുകയും ചെയ്യുമെന്നുമാണ് അവര്‍ വിചാരിച്ചത്.
പ്രഭാതം മുതല്‍ പ്രദോഷംവരെ മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍ അവളുടെ പിന്നാലെ നടന്നു പറയും:
"ഹേ, വസിലീസ! നീ എന്തെടുക്കുകയാണ്?"
"വേഗം പോയി വിറകു കൊണ്ടുവാ!"
"തീകൂട്ടി, മാവുകുഴച്ച് അപ്പമുണ്ടാക്കു!"
"പാത്രം തേക്കു !"
"പശുവിനെ കറക്കാന്‍ നേരമായി."
"ഇതേവരെ നിലം തുടച്ചുകഴിഞ്ഞില്ലേ?"
"ഉറക്കംതൂങ്ങി നില്ലാതെ വേഗം ജോലി ചെയ്യു!"
പറയുന്ന എല്ലാ ജോലികളും വസിലീസ ചെയ്യും. അവരുടെ എല്പാവരുടേയും ഇഷ്ടത്തിനു നില്ക്കും. എല്ലാ പണികളും സമയത്ത് ചെയ്തുതീര്‍ക്കുകയും ചെയ്ത്പോന്നു. അവള്‍ ദിവസം ചെല്ലുന്തോറും കൂടതല്‍ കൂടുതല്‍ സുന്ദരിയായിത്തീര്‍ന്നു. അവളുടെ സരന്ദര്യം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. ലോകൈകസുന്ദരി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. എന്നാല്‍ ഇതിനെല്ലാം കാരണം ആ കൊച്ചു പാവയായിരുന്നു.
അതിരാവിലെ വസിലീസ പശുവിനെ കറക്കും. കലവറയില്‍ കയറി വാതില്‍ അകത്ത്നിന്നു കുററിയിട്ടിട്ട് അവള്‍ പാവയെ പുറത്തെടുത്ത് അതിനു് കുറച്ചു പാല്‍ കൊടുക്കും .
"കൊച്ചുപാവെ, പാല്‍ കുടിക്കൂ! ഈ പാവത്തെ സഹായിക്കൂ!"
പാവ പാല്‍കുടിച്ചിട്ടു വസിലീസയെ ആശ്വസിപ്പിക്കും, അവള്‍ ചേയ്യേണ്ട ജോലികളെല്ലാം ചെയ്തുതീര്‍ക്കും. മുടിയില്‍ ചൂടാനായി പൂമാലകെട്ടിക്കൊണ്ടു വസിലീസ മരത്തണലിലിരിക്കും. പച്ചക്കറിത്തോട്ടത്തിലെ കളകള്‍ പറിച്ചുമാററുക, വെള്ളം കൊണ്ടുവരിക, തീ കൂട്ടുക, മുട്ടക്കൂസുകള്‍ക്ക് വെള്ളമൊഴിക്കുക മുതലായ എല്ലാ ജോലികളും നിമിഷത്തിനുള്ളില്‍ ചെയ്ത് കഴിയും. വെയിലേററു മുഖം കരുവാളിക്കാതിരിക്കാന്‍ പാവ വസിലീസക്ക് ഒരു പച്ചമരുന്നു കൊടുത്തു. അത് പരട്ടുന്നത് കൊണ്ടു വസിലീസയുടെ സൌന്ദര്യം പ്രതിദിനം വര്‍ദ്ധിച്ചു.
ശരത്കാലത്തിന്‍റെ അവസാനത്തില്‍ ഒരു ദിവസം വൃദ്ധന്‍ ദൂരെ ഒരിടത്തേക്കു യാത്രയായി. കുറെക്കാലം കഴിഞ്ഞേ ഇനി അയാരം മടങ്ങിവരികയുള്ളൂ എന്നു പറഞ്ഞാണ് വൃദ്ധന്‍ പോയത്.
രണ്ടാനമ്മയും മൂന്നു പെണ്‍കുട്ടികളും വീട്ടില്‍ തനിച്ചായി. അവര്‍ കുടിലിനുള്ളില്‍തന്നെ കഴിച്ചുകൂട്ടി. അന്നാണെങ്കില്‍ രാത്രി നന്നായി മഴ പെയ്യാന്‍ തുടങ്ങി. പുറത്ത് സര്‍വ്വത്ര ഇരുട്ടും. കൊടുങ്കാററ് ആഞ്ഞുവീശുന്നു.
ഒരു ഘോരവനത്തിന്‍റെ വക്കത്താണ് അവരുടെ കുടില്‍ ഇരിക്കുന്നത്, കണ്ണടച്ചു തുറക്കും മുമ്പ് മനുഷ്യരെ മുഴുവനെ വിഴുങ്ങുന്ന ബാബയഗാ എന്ന കൌശലക്കാരിയും കുബുദ്ധിയുമായ വൃദ്ധമന്ത്രവാദിനി താമസിക്കുന്നത് അതേ കാട്ടിലാണ്.
രണ്ടാനമ്മ പെണ്‍കുട്ടികള്‍ക്ക് മൂന്നുപേര്‍ക്കും ഓരോ ജോലികൊടുത്തു: : മൂത്തവള്‍ റേന്ത* നെയ്യണം, രണ്ടാമത്തവള്‍ കമ്പിളിക്കാലുറ തുന്നണം, വസിലീസ നൂല്‍ നൂല്‍ക്കണം. വിളക്കുകളെല്ലാംകെടുത്തിയിട്ടു രണ്ടാനമ്മ ഉറങ്ങാന്‍ കിടന്നു. പെണ്‍കുട്ടികള്‍ ജോലി ചെയ്ത് കൊണ്ടിരുന്ന മുറിയില്‍ മാത്രം ബര്‍ച്ചുമരത്തിന്‍റെ ഒരു കഷണം കത്തിക്കൊണ്ടിരുന്നു.
വിറക് കഷണം കുറേനേരം ചീറുകയും പൊട്ടുകയും ചെയ്തിട്ട് അണഞ്ഞുപോയി.
"ഇനി എന്ത് ചെയും?" രണ്ടാനമ്മയുടെ മക്കള്‍ രണ്ടുപേരുംവിളിച്ചുകൂവി. "കുടിലില്‍ ഇരുട്ടാണ്. നാം എങ്ങിനെ പണിയെടുക്കും? ആരെങ്കിലും ഒരാള്‍ ബാബയഗായുടെ വീട്ടില്‍ച്ചെന്നു ഒരു വിളക്കു വാങ്ങിക്കൊണ്ടു വരണം."
"ഞാന്‍ പോകുന്നില്ല," മൂത്തവള്‍ പറഞ്ഞു. "ഞാന്‍ റേന്തനെയ്യുകയാണ്. എന്‍റെ സൂചിയുടെ തിളക്കം എനിക്കു വേണ്ടത്ര വെളിച്ചം തരുന്നുണ്ട്."
"ഞാനും പോകുന്നില്ല," രണ്ടാമത്തവള്‍ പറഞ്ഞു. "ഞാന്‍കാലുറ തൂണുകയാണ്. എന്‍റെ രണ്ടു സൂചികള്‍ എനിക്കു വേണ്ടത്ര വെളിച്ചം തരുന്നുണ്ട്."
പിന്നീടു രണ്ടുപേരും ഒരേ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു:
"വസിലീസ വേണം വിളക്കു കൊണ്ടുവരാന്‍! വസിലീസ, നീ ഈ നിമിഷം തന്നെ ബാബയഗായുടെ വീട്ടിലേക്കു പുറപ്പെടണം!" അവര്‍ വസിലീസയെ കുടിലിനു പുറത്തേക്കു തള്ളി.
പുറത്താണെങ്കില്‍ കുറ്റാകൂരിരുട്ട്! കൊടുംകാട്! ആഞ്ഞുവീശുന്ന കാററ്. വസിലീസ പേടിച്ചുപോയി. എന്തു ചെയ്യുമെന്നറിയാതെ അവള്‍ പൊട്ടിക്കരഞ്ഞു.
റേന്ത: വസ്ത്രങ്ങളിൽ തുന്നിച്ചേർക്കുന്ന നാട
സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 2
make a quizകൂട്ടുകാരെ, നിങ്ങള്‍ക്ക് ഈ കഥകള്‍ ഇഷ്ടമാകുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം നീണ്ട കഥകള്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? കഥ പല ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കമന്‍റായി തുറന്ന് എഴുതുമല്ലോ. അനാവശ്യ കുറിപ്പുകള്‍ ഒഴിവാക്കേണ്ടത് കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ അഡ്മിന്‍ വായിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ.
2 Comments
Please post the remaining part
ReplyDeletePls post second part
ReplyDelete