തീപ്പക്ഷി: റഷ്യന്‍ നാടോടി കഥ ഭാഗം 3

ഇത് ഒരു തുടര്‍ക്കഥയുടെ മൂന്നാം ഭാഗമാണ്.  ഒന്നും രണ്ടും ഭാഗങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

തീപ്പക്ഷി: റഷ്യന്‍ നാടോടി കഥ ഭാഗം 1

തീപ്പക്ഷി: റഷ്യന്‍ നാടോടി കഥ ഭാഗം 2

ഇവാന്‍ രാജകുമാരന്‍ പഴയതിലും നിരാശനായാണ് ചെന്നായയുടെ അടുത്തെത്തിയത്.

"രാജകുമാരാ, കടിഞ്ഞാണ്‍ തൊടരുതെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ !" ചെന്നായ്‌ ചോദിച്ചു. "ഇത്തവണയും എന്‍റെ മുന്നറിയിപ്പ് അവഗ്രണിച്ചതെന്ത് കൊണ്ടാണ്?"

"ഞാന്‍ വളരെ ഖേദിക്കുന്നു. എനിക്കു മാപ്പുതരൂ." ഇവാന്‍ അഭ്യര്‍ത്ഥിച്ചു.

"ഖേദിച്ചതുകൊണ്ടു വലിയ പ്രയോജനമൊന്നും ഇല്ല. സമയം കളയാതെ എന്‍റെ പുറത്തിരുന്നോളൂ" ചെന്നായ പറഞ്ഞു. ഇവാന്‍ വേഗം ചെന്നായയുടെ പുറത്തു കയറി ഇരുന്നു.

ചെന്നായ ഇവാനേയുംകൊണ്ടു അതിവേഗം ഓടി. ഒടുവില്‍ അവര്‍ ദാല്‍മാത രാജാവിന്‍റെ രാജ്യത്തെത്തി . സുന്ദരിയായ യെലേന ഉദ്യാനത്തില്‍ തോഴിമാരോടൊപ്പം ഉലാത്തുകയായിരുന്നു.

"ഇത്തവണ ഞാന്‍ പോകാം" ചെന്നായ പറഞ്ഞു. "രാജകുമാരന്‍ നാം വന്ന വഴിയെ മടങ്ങിപ്പോകണം. ഞാന്‍ ഒപ്പമെത്തിക്കോളാം."


ഇവാന്‍ രാജകുമാരന്‍ തിരിച്ചു നടന്നു. ചെന്നായ്‌ മതില്‍ ചാടി തോട്ടത്തിലെത്തി. എന്നിട്ട് അത് ഒരു കുററിച്ചെടിയുടെ പിന്നില്‍ പതുങ്ങിയിരുന്നു കൊണ്ട് ഒളിഞ്ഞുനോക്കി . സുന്ദരിയായ യെലേനയും തോഴിമാരും തോട്ടത്തില്‍ നടന്നുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ യെലേന മററുള്ളവരുടെ പിന്നിലായി. ആ തക്കംനോക്കി ചെന്നായ അവളെ പിടിച്ച് പുറത്തു വച്ചുകൊണ്ടു മതില്‍ ചാടി ഓടി.

ഇവാന്‍ രാജകുമാരന്‍ വന്നവഴിയെ തിരിച്ചുപോവുകയായിരുന്നു. പെട്ടെന്നാണ് ചെന്നായ യെലേനയേയും പുറത്തിരുത്തിക്കൊണ്ട് ഒപ്പമെത്തിയത്. ഇവാന്  ഇതില്‍പ്പരം സന്തോഷം ഉണ്ടാകാനില്ല !

"അങ്ങും എന്‍റെപുറത്തു കയറിക്കോളൂ. വേഗം വേണം. അല്ലെങ്കില്‍ അവര്‍ നമ്മെ പിടികൂടും" ചെന്നായ പറഞ്ഞു.

ഇവാനെയും യെലേനയേയും പുറത്തിരുത്തിക്കൊണ്ട് ചെന്നായ വായുവേഗത്തില്‍ പാഞ്ഞു. പച്ചക്കാടുകള്‍ പിന്നിട്ട്‌ നീലത്തടാകങ്ങള്‍ തരണം ചെയ്ത്‌ അവര്‍ ഒടുവില്‍ കുസ്‌മാന്‍ രാജാവി൯െറ രാജ്യത്തെത്തി.

എന്നാല്‍ അവിടെയെത്തിയതും ഇവാന്‍ രാജകുമാരന്‍ സങ്കടപ്പെടാന്‍ തുടങ്ങി.

"എന്തു പറ്റി? അങ്ങേന്തിനാണ് വിഷമിക്കുന്നത്?" ചെന്നായ ചോദിച്ചു.

"ഞാനെങ്ങിനെ ദുഃഖിക്കാതിരിക്കും? ഈ സൌന്ദര്യവതിയെ കൈവെടിയാന്‍ എന്‍റെ ഹൃദയം സമ്മതിക്കുന്നില്ല. സുന്ദരിയായ യെലേനയെ കൊടുത്തിട്ട് ഒരു കുതിരയെ വാങ്ങണമല്ലോ എന്നോര്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു."

"ശരി. ഈ സുന്ദരിയെ കൊടുക്കേണ്ട. ഇവളെ എവിടെയെങ്കിലും ഒളിച്ചിരുത്തിയിട്ട് ഞാന്‍ സുന്ദരിയായ യെലേനയായി അങ്ങയോടൊപ്പം വരാം. അങ്ങ് എന്നെ രാജാവിന് കൊടുത്താല്‍ മതി."

അവര്‍ സുന്ദരിയായ യെലേനയെ കാട്ടിലുള്ള ഒരു കുടിലില്‍ ഒളിപ്പിച്ചിരുത്തി. ചെന്നായ ഒന്നു തലകുത്തിമറിഞ്ഞു. ഉടന്‍തന്നെ ചെന്നായ സുന്ദരിയായ യെലേനയുടെ പ്രതിരൂപമായി മാറി! ഇവാന്‍ അതിനെ കുസ്‌മാന്‍ രാജാവിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയി. രാജാവ് സന്തുഷ്ടനായി. അദ്ദേഹത്തിന് ഇവാനോട് അതിയായ നന്ദി തോന്നി.

"എനിക്ക് സുന്ദരിയായ' ഒരു വധുവിനെ കൊണ്ടുവന്നതിനു നന്ദി. കുതരയും കടിഞ്ഞാണും ഇപ്പോള്‍ നിന്‍റേതാണ്!" രാജാവു പറഞ്ഞു

ഇവാന്‍ കുതിരപ്പുറത്തു കയറി സുന്ദരിയായ യെലേനയുടെ അടുത്തേക്കു പോയി. അവളേയും കതിരപ്പുറത്തിരുത്തി അവന്‍ കുതിരയെ അതിവേഗം ഓടിച്ചു.

കുസ്‌മാന്‍ രാജാവ് തന്‍റെ വിവാഹം ഭംഗിയായി ആഘോഷിച്ചു. പകല്‍ മുഴുവന്‍ നീണ്ടുനിന്ന സല്‍ക്കാരവും സദ്യയും കഴിഞ്ഞു അയാള്‍ യെലേനയേയും കൊണ്ടു കിടപ്പറയില്‍ പ്രവേശിച്ചു. യുവതിയായ ഭാര്യയുടെ മുഖത്തിനു പകരം ഒരു ചെന്നായുടെ മുഖമാണ് രാജാവ് കട്ടിലില്‍ തന്‍റെയടുത്ത് കണ്ടത്. രാജാവ് പേടിച്ചു കട്ടിലില്‍നിന്നും ഉരുണ്ടു പിരണ്ടു താഴെ വീണു. ചെന്നായ ചാടിയെണീററ്‌ പുറത്തേക്കോടി .

ചെന്നായ ഇവാന്‍ രാജകമാരന്‍റെ ഒപ്പം എത്തി. പക്ഷേ രാജകുമാരന്‍ അത്ര സന്തോഷവാനായിരുന്നില്ല. ചെന്നായ ചോദിച്ചു: 

"സുന്ദരിയായ രാജകുമാരിയെയും, കുതിരയെയും കിട്ടി. രാജകുമാരന് ഇനി എന്താണു ദുഃഖം?"

"ഞാന്‍ എങ്ങിനെ ദുഃഖിക്കാതിരിക്കും? തീപ്പക്ഷിയെ കിട്ടാന്‍ വേണ്ടി സ്വര്‍ണ്ണുക്കുഞ്ചി രോമമുള്ള കുതിരയെ കൊടുക്കാന്‍ എനിക്കു മനസ്സു വരുന്നില്ല." ഇവാന്‍ പറഞ്ഞു

"വിഷമിക്കേണ്ട, ഞാന്‍ വഴിയുണ്ടാക്കാം ,'' ചെന്നായ ഇവാനെ സമാധാനിപ്പിച്ചു.

അവര്‍ താമസിയാതെ അഫ്‌റോണ്‍ രാജാവിന്‍റെ രാജ്യത്തെത്തി.

"കുതിരയേയും സുന്ദരിയായ യെലേനയേയും ഒളിപ്പിക്കാം," ചെന്നായ പറഞ്ഞു. "എന്നിട്ട് ഞാന്‍ സ്വര്‍ണ്ണക്കുഞ്ചി രോമമുള്ള കുതിരയായി അഫ്‌റോണ്‍ രാജാവിന്‍റെ യടുത്തേക്കു വരാം."

അവര്‍ യെലേനയേയയം കുതിരയേയും ഒരു കാട്ടില്‍ ഒളിപ്പിച്ചിരുത്തി. ചെന്നായ ഒന്നു തലകത്തിമറിഞ്ഞു. അതോടെ അതൊരു കുതിരയായി മാറി, ഇവാനോടൊപ്പം രാജാവിന്‍റെയടുത്തേക്കു പോയി. രാജാവു സന്തോഷിച്ച് വാക്ക് പറഞ്ഞത് പോലെ തീപ്പക്ഷിയെ സ്വര്‍ണ്ണക്കൂട്ടിലിട്ടു ഇവാനു നല്‍കി.

ഇവാന്‍ നടന്നു കാട്ടിലെത്തി യെലേനയെ കുതിരപ്പുറത്തു കയറ്റി സ്വര്‍ണ്ണക്കൂടിലെ തീപ്പക്ഷിയേയുകൊണ്ടു സ്വന്തം നാട്ടിലേക്കു തിരിച്ചു.

അഫറോണ്‍ രാജാവു കുതിരപ്പുറത്തുകയറാന്‍ തയ്യാറായിനിന്നയുടന്‍ കുതിര ഒരു ഭയങ്കരനായ ചെന്നായായി. രാജാവു പേടിച്ചു ബോധംകെട്ട് വീണു. ചെന്നായ ഓടി ഇവാനോടൊപ്പം എത്തി.

"അങ്ങേണിയ്ക്ക് വിട തരണം."  ചെന്നായ പറഞ്ഞു. "ഇനി മുമ്പോട്ടു വരാന്‍ എനിക്കു നിവൃത്തിയില്ല."

ഇവാന്‍ രാജകുമാരന്‍ കുതിരപ്പുറത്തുനിന്നിറങ്ങി . ചെന്നായയെ മൂന്നുപ്രാവശ്യം നമസ്കരിച്ചിട്ട്‌ അവന്‍ അതിനോടു കൃതജ്ഞത പറഞ്ഞു.

"എന്നെന്നേയ്ക്കുമായി യാത്രപറയേണ്ട. അങ്ങേയ്ക്ക് ഇനിയും എന്നെക്കൊണ്ട് ആവശ്യമുണ്ടായെന്നു വരും," ചെന്നായ പറഞ്ഞു.

"ഇനി ഇതിനെക്കൊണ്ട് എനിയ്ക്ക് എന്താവശ്യമാണുള്ളത്?" ഇവാന്‍ വിചാരിച്ചു. "എന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകഴിഞ്ഞു."

സുന്ദരിയായ യെലേനയേയും തീപ്പക്ഷിയേയുംകൊണ്ടു്‌ അവന്‍ കുതിരപ്പുറത്തു കയറി അതിവേഗം സഞ്ചരിച്ചു. സ്വന്തം രാജ്യത്തെത്തിയപ്പോള്‍ കുതിരയെ നിര്‍ത്തി ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യാന്‍ അവന്‍ തീരുമാനിച്ചു. അവന്‍റെ കൈവശം കുറച്ചു റൊട്ടിയുണ്ടായിരുന്നു. അവര്‍ അതു തിന്നുകയും ഉറവയില്‍നിന്നു വെള്ളം കുടിക്കുകയും ചെയ്ത. പിന്നീട്‌ അവര്‍ വിശ്രമിക്കാന്‍ കിടന്നു.

രാജകമാരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവന്‍റെ സഹോദരന്മാര്‍ രണ്ടുപേരും കുതിരപ്പുറത്ത് ആ വഴി വന്നു. അവര്‍ പല രാജ്യങ്ങളിലും തീപ്പക്ഷിയെ അന്വേഷിച്ചു നടന്നിട്ട്‌ വെറും കയ്യോടെ മടങ്ങുകയായിരുന്നു.

ഇവാന്‍ രാജകുമാരന് കിട്ടിയതെല്ലാം കണ്ടിട്ട്‌ അവര്‍ പറഞ്ഞു: 

"നമൂക്ക് അനുജനായ ഇവാനെ വധിക്കാം. എന്നിട്ട് അവനു കിട്ടിയതെല്ലാം സ്വന്തമാക്കാം."

ഇങ്ങിനെ പറഞ്ഞുകൊണ്ട് അവര്‍ ഇവാനെ വധിച്ചു. എന്നിട്ട് അവര്‍ സ്വര്‍ണ്ണക്കുഞ്ചിരോമമുള്ള കുതിരയുടെ പുറത്തു കയറി. തീപ്പക്ഷിയേയയം യെലേനയേയും കുതിരപ്പുറത്തു കയററി ഇരുത്തിക്കൊണ്ട്‌ അവര്‍ പറഞ്ഞു:

"ഈ സംഭവത്തെപ്പറ്റി കൊട്ടാരത്തില്‍ ചെല്ലുമ്പോള്‍ നീ ഒരക്ഷരം മിണ്ടിപ്പോകരുത്‌!"

പാവം ഇവാന്‍ മണ്ണില്‍ക്കിടന്നു. അവന്‍റെ മൃതദേഹത്തിനു ചുററും മലങ്കാക്കകള്‍ വട്ടമിട്ടു പറന്നു. പെട്ടെന്നു നമ്മുടെ ചെന്നായ അവിടെയെത്തി ഒരു മലങ്കാക്കയേയയം അതിന്‍റെ കുഞ്ഞിനേയും പിടികൂടി .

"പറന്നുപോയി മരണജലവും ജീവജലവും കൊണ്ടുവരൂ മലങ്കാക്കേ." ചെന്നായ പറഞ്ഞു. "എന്നാല്‍ ഞാന്‍ നിന്‍റെ കുഞ്ഞിനെ വിട്ടുതരാം."

മലങ്കാക്ക മരണജലവും ജീവജലവും അന്വേഷിച്ചു പറന്നു പോയി. അതിനു മററു മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു - കാക്കക്കുഞ്ഞ് അപ്പോഴും ചെന്നായുടെ പിടിയിലിരിക്കുകയായിരുന്നല്ലോ. 

കുറേക്കഴിഞ്ഞു  മലങ്കാക്ക ജീവജലവും മരണജലവുംകൊണ്ടു തിരിച്ചെത്തി. ചെന്നായ ഇവാന്‍റെ മുറിവുകളില്‍ മരണജലം പുരട്ടി . ഉടന്‍ തന്നെ അവ ഉണങ്ങി. പിന്നീട് അതു ജീവജലം ഇവാന്‍റെ മേല്‍ തളിച്ചു. ഉടന്‍തന്നെ ഇവാന് ജീവന്‍ വീണു.

"ഞാന്‍ ചത്തതുപോലെ കിടന്നുറങ്ങി!" ഇവാന്‍ രാജകുമാരന്‍ പറഞ്ഞു.

"അതെയതെ," ചെന്നായ പറഞ്ഞു. "ഞാനെത്തിയില്ലായിരുന്നെങ്കില്‍ ആ ഉറക്കത്തില്‍ നിന്ന് അങ്ങ് ഒരിക്കലും ഉണരുകയില്ലായിരുന്നു. അങ്ങയുടെ സ്വന്തം സഹോദരന്മാര്‍ അങ്ങയെ വധിച്ചിട്ട്‌ അങ്ങയുടെ നിധികള്‍ കൈവശപ്പെടുത്തി . ഇനി സമയം കളയാതെ എന്‍റെ പുറത്തു കയറിക്കോളൂ."

അവര്‍ അതിവേഗം പാഞ്ഞുപോയി ഇവാന്‍റെ സഹോദരന്മാരോടൊപ്പം എത്തി. ചെന്നായ അവരെ രണ്ടുപേരെയും കഷണംകഷണമായി പിച്ചിച്ചീന്തി, വെളിപ്രദേശത്തു വിതറിയിട്ടു.

ഇവാന്‍ രാജകുമാരന്‍ ചെന്നായയെ നമസ്കരിച്ചിട്ട്‌ എന്നെന്നേക്കുമായി അതിനോടു വിടവാങ്ങി.

ഇവാന്‍ രാജകുമാരന്‍ സ്വര്‍ണ്ണക്കുഞ്ചി രോമമുള്ള കുതിരപ്പുറത്ത് കയറി അച്ഛന്‌ തീപ്പക്ഷിയേയും തനിക്കു ഒരു വധുവിനേയും കൊണ്ടു കൊട്ടാരത്തിലെത്തി . ചെന്നായ തന്നെ സഹായിച്ചതും സ്വന്തം സഹോദരന്മാര്‍ തന്നെ വധിച്ചതും ചെന്നായ അവരെ കടിച്ചുചീന്തിയതും എല്ലാം ഇവാന്‍ രാജാവിനോട്‌ വിവരിച്ചു പറഞ്ഞു.

ആദ്യം ബെരെന്ദേയ്‌ രാജാവ് തന്‍റെ പുത്രന്മാരുടെ വിയോഗത്തില്‍ കഠിനമായി ദുഖിച്ചു. എന്നാല്‍ താമസിയാതെ അദ്ദേഹം ദുഃഖത്തെ കീഴടക്കി. ഇവാന്‍ രാജകുമാരന്‍ സുന്ദരിയായ യെലേനയെ വിവഹം ചെയ്ത് സുഖമായി ജീവിച്ചു.

അവസാനിച്ചു.




Post a Comment

1 Comments

  1. ഈ കഥകൾ കുട്ടിക്കാലത്തു ഒത്തിരി പ്രാവശ്യം വായിച്ചിരുന്നു ❤️

    ReplyDelete