തീപ്പക്ഷി: റഷ്യന്‍ നാടോടി കഥ ഭാഗം 2

തീപ്പക്ഷി: റഷ്യന്‍ നാടോടി കഥ ഭാഗം 1

"ഇവാന്‍ രാജകുമാരാ," ചെന്നായ പറഞ്ഞു, ' ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടാലും. ഞാന്‍ പറയുന്നത് ഓര്‍മ്മയില്‍ വച്ചുകൊള്ളണം. ഒന്നും ഭയപ്പെടാനില്ല. നമ്മള്‍ ഒരു നല്ല സമയത്താണ് വന്നത്. പാറാവുകാരെല്ലാവരും നല്ല ഉറക്കമാണ്. ഗോപുരത്തിനുള്ളില്‍ ഒരു അറയുണ്ട്". ആ അറയ്ക്ക് ഒരു ജനലുണ്ട്. ആ ജനലില്‍ ഒരു സ്വര്‍ണ്ണക്കൂടുണ്ട്. ആ സ്വര്‍ണ്ണക്കൂട്ടില്‍ ആ തീപ്പക്ഷി ഇരിക്കുന്നുണ്ട്. പക്ഷിയെ എടുത്ത് നെഞ്ചില്‍ ഒളിച്ചുവയ്ക്കണം. പക്ഷേ ആ കൂട് എടുക്കരുത്. ഇതു പ്രത്യേകം ഓര്‍മ്മയിലിരിക്കട്ടെ!"



ഇവാന്‍ രാജകുമാരന്‍ മതില്‍ ചാടി അകത്തു കടന്നു. ഗോപുരത്തിന്‍റെ ജനാലയില്‍ സ്വര്‍ണ്ണക്കൂടും അതിനുള്ളില്‍ തീപ്പക്ഷിയം ഇരിക്കുന്നത് അവന്‍ കണ്ടു. അവന്‍ പക്ഷിയെ എടുത്തു നെഞ്ചില്‍ ഒളിച്ചുവെച്ചു. എന്നാല്‍ അവന് ആ കൂട്ടില്‍നിന്നു കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. 

 "എത്ര ഭംഗിയുള്ള സ്വര്‍ണ്ണക്കുട്‌ !'' അവന്‍ വിചാരിച്ചു. ചെന്നായയുടെ താക്കീതു മറന്ന് അവന്‍ ആ കൂട് കയ്യിലെടുത്തു.

ആ നിമിഷം കൊട്ടാരം മുഴുവന്‍ ശബ്ദായമാനമായിത്തീര്‍ന്നു. കാഹളദ്ധ്വനി മുഴങ്ങി, ചെണ്ടകള്‍ കൊട്ടി, പാറാവുകാര്‍ ഉണര്‍ന്നു.

അവര്‍ ഇവാന്‍ രാജകുമാരനെ പിടിച്ച് അഫ്‌റോണ്‍ രാജാവിന്‍റെ സന്നിധിയില്‍ കൊണ്ടുചെന്നു.

"നീ ആരാണ്?, എവിടെ നിന്ന് വരുന്നു?" അഫ്‌റോണ്‍  രാജാവ് രോഷാകുലനായി ചോദിച്ചു.

“ഞാന്‍ ബെരെന്ദേയ്‌ രാജാവിന്‍റെ പുത്രനായ ഇവാന്‍ രാജകുമാരനാണ്". ഇവാന്‍ മറുപടി പറഞ്ഞു.

"ഹാ, കഷ്ടം! ഒരു രാജകുമാരന്‍ കള്ളനായിത്തീരുന്നത് എത്ര അപമാനകരമാണ്!" രാജാവു അത്ഭുതപ്പെട്ടു

"പക്ഷെ ഞങ്ങളുടെ തോട്ടത്തില്‍ നിന്നും ആപ്പിള്‍ മോഷ്ടിക്കാന്‍ അങ്ങ് ആ പക്ഷിയെ അനുവദിച്ചതോ?'" ഇവാന്‍ ചോദിച്ചു.

"നീ ഇക്കാര്യം എന്നോടു നേരിട്ട്‌ പറഞ്ഞിരുന്നെങ്കില്‍ നിന്‍റെ അച്ഛനായ ബെരെന്ദേയ്‌ രാജാവിനോടുള്ള ബഹുമാനസൂചകമായി ഞാന്‍ ആ പക്ഷിയെ നിനക്കു സമ്മാനിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ നിന്‍റെ കുടുംബത്തിന്‍റെ ഈ അപകീര്‍ത്തി ഞാന്‍ എല്ലായിടത്തും പ്രസിദ്ധപ്പെടത്തും. അല്ലെങ്കില്‍ പോകട്ടെ,
ഞാനതു ചെയുന്നില്ല. നീ എനിയ്ക്ക് ഒരു കാര്യം സാധിച്ചുതന്നാല്‍ ഞാന്‍ നിനക്ക് മാപ്പുതരാം. ഒരു രാജ്യത്തു കുസമാന്‍ എന്നുപേരുള്ള ഒരു രാജാവിനു സ്വര്‍ണ്ണക്കുഞ്ചി രോമമുള്ള ഒരു കുതിരയുണ്ട്. ആ കുതിരയെ നീ എനിക്കു കൊണ്ടുത്തരികയാണെങ്കില്‍ ഞാന്‍ നിനക്കു തീപ്പക്ഷിയെ മാത്രമല്ല, സ്വര്‍ണ്ണക്കൂടം കൂടി തരാം." രാജാവ് പറഞ്ഞു.

ഇവാന്‍ രാജകുമാരന്‍ നിരാശനായി ചെന്നായയുടെ അടുത്തേക്കു മടങ്ങി.

"കൂട തൊട്ടുപോകരുതെന്നു ഞാന്‍ അങ്ങയോടു പ്രത്യേകം പറഞ്ഞിരുന്നു!" ചെന്നായ പറഞ്ഞു, "എന്‍റെ മുന്നറിയിപ്പ്‌ വകവെയ്ക്കാതിരുന്നതെന്ത് കൊണ്ടാണ്?"

"എനിക്കു വളരെ ഖേദമുണ്ട് ചെന്നായെ, എനിയ്ക്ക് മാപ്പ് തരണം." ഇവാന്‍ പറഞ്ഞു.

"ഖേദിച്ചതുകൊണ്ടു്‌ വലിയ പ്രയോജനമൊന്നും ഇല്ല. സമയം കളയാതെ എന്‍റെ പുറത്തു കയറി ഇരിക്കൂ. ഞാന്‍ എന്‍റെ വാക്കു പാലിക്കുക തന്നെ ചെയ്യും." ചെന്നായ പറഞ്ഞു.

ഇവാന്‍ രാജകുമാരനേയും കൊണ്ടു ചെന്നായ അതിശീഘ്രം പാഞ്ഞു. അവര്‍ എത്രകാലം യാത്ര ചെയ്തു എന്നറിയില്ല. ഒടുവില്‍ സ്വര്‍ണ്ണക്കുഞ്ചി രോമമുള്ള കുതിരയെ സൂക്ഷിച്ചിരുന്ന കൊട്ടാരത്തില്‍ അവര്‍ എത്തി .

"ഇവാന്‍ രാജകുമാരാ, മതില്‍ ചാടി അപ്പുറത്തിറങ്ങിക്കോളൂ. പാറാവുകാര്‍ ഉറക്കമാണ്. ലായത്തില്‍ കയറി കുതിരയെ ഇറക്കിക്കൊണ്ടു വരണം. എന്നാല്‍ അതിന്‍റെ കടിഞ്ഞാണില്‍ തൊട്ടുപോകരുത്".

ഇവാന്‍ രാജകുമാരന്‍ കൊട്ടാരത്തില്‍ കയറി. പാറാവുകാര്‍ എല്ലാവരും ഉറക്കമായിരുന്നു. അവന്‍ ലായത്തില്‍ കയറി കുതിരയെ പിടിച്ചു. എന്നാല്‍ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കി കല്ലുകള്‍ പതിച്ച കടിഞ്ഞാണ്‍ കണ്ടപ്പോള്‍ അത് എടുക്കാതിരിക്കാന്‍ അവനു കഴിഞ്ഞില്ല.  ആ കടിഞ്ഞാണ്‍ സ്വര്‍ണ്ണക്കുഞ്ചി രോമമുള്ള ആ കുതിരയ്ക്ക് ചേര്‍ന്നതായിരുന്നു.

ഇവാന്‍ അതു തൊട്ടയുടനെ കൊട്ടാരത്തിലാകെ ബഹളമായി. കാഹളദ്ധ്വനി മുഴങ്ങി, ചെണ്ടകരം കൊട്ടി. പാറാവുകാര്‍ ഉണര്‍ന്നു. അവര്‍ ഇവാന്‍ രാജകുമാരനെ പിടിച്ചു്‌ കുസ്‌മാന്‍ രാജാവിന്‍റെ സന്നിധിയില്‍ കൊണ്ടുചെന്നു.

"ആരാണ് നീ? എവിടെ നിന്നും വരുന്നു? എന്തിനാണ് കുതിരയെ മോഷ്ടിക്കാന്‍ ശ്രമിച്ചത്?"

"ഞാന്‍ ഇവാന്‍ രാജകുമാരനാണ്. അഫ്‌റോണ്‍  രാജാവിന് വേണ്ടി കുതിരയെ എടുക്കാന്‍ വന്നതാണ് ഞാന്‍" ഇവാന്‍ മറുപടി പറഞ്ഞു

“കുതിരയെ മോഷ്ടിക്കാനിറങ്ങിയിരിക്കുന്നു! എന്തൊരു വിഡ്ഢിത്തമാണിത്!  ഒരു സാധാരണക്കാരനായ കൃഷിക്കാരന്‍ പോലും ഇത്ര അധഃപതിക്കയില്ല. എങ്കിലും ഞാന്‍ നിനക്കു മാപ്പുതരാം. ഒരു കാര്യം സാധിച്ചുതരണമെന്നു മാത്രം. ദാല്‍മാത രാജാവിനു സുന്ദരിയായ യെലേന എന്നു പേരുള്ള ഒരു മകളുണ്ട്. അവളെ  എനിക്കെത്തിച്ച് തരാമെങ്കില്‍ ഞാന്‍ കുതിരയേയും കടിഞ്ഞാണും നിനക്കു തരാം."

Post a Comment

0 Comments