വളരെ സാവധാനത്തിലും ശ്രദ്ധയോടെയും ഒരു മനുഷ്യൻ ആ പെട്ടിയില് നിന്നും പുറത്ത് വന്നു. , നിലത്തു ചവിട്ടി, കൈകാലുകൾ നീട്ടി, എന്നിട്ട് തന്റെ തൊപ്പി അഴിച്ചുമാറ്റി, ആശ്ചര്യഭരിതയായി നിലക്കുന്ന മാർത്തയെ വിനയപൂർവ്വം വണങ്ങി.
അയാൾ നല്ല ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു. അയാളുടെ മുഖം വെയിലേറ്റു കരിവാളിച്ചത് പോലെ കാണപ്പെട്ടു.
അപ്പോൾ പെട്ടിയില് നിന്ന് മറ്റൊരു മനുഷ്യൻ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ ഒരു സ്കൂൾ കുട്ടിയെപ്പോലെ കണ്ണുകൾ തിരുമ്മി കോട്ടുവായിട്ട് ഉയർന്നു വന്നു. അയാൾ ഇടത്തരം വലിപ്പമുള്ളവനായിരുന്നു. അയാളുടെ തൊലിയും ആദ്യത്തെയാളിന്റെ പോലെ വെയിലേറ്റു കരിവാളിച്ചിരുന്നൂ.
ഈ കാഴ്ച കണ്ട അമ്പരന്നു നിൽക്കുകയായിരുന്ന മാർത്ത മൂന്നാമതൊരാൾ കൂടി പെട്ടിയില് നിന്നും ഇഴഞ്ഞു പുറത്ത് വരുന്നത് കണ്ടു വാ പൊളിച്ചു നിന്നു പോയി. തന്റെ കൂട്ടുകാരുടെ അതേ നിറമുണ്ടായിരുന്നെങ്കിലും, മൂന്നാമൻ പൊക്കം കുറഞ്ഞവനും തടിച്ചവനുമായിരുന്നു.
മൂവരും കൗതുകകരമായി വസ്ത്രം ധരിച്ചിരുന്നു. സ്വർണ്ണം കൊണ്ട് മെടഞ്ഞ ചുവന്ന വെൽവെറ്റിൻ്റെ ചെറിയ ജാക്കറ്റുകളും വെള്ളി ബട്ടണുകളുള്ള ആകാശ-നീല സാറ്റിൻ കാൽമുട്ട് ബ്രീച്ചുകളും അവർ ധരിച്ചിരുന്നു. അവരുടെ സ്റ്റോക്കിംഗുകൾക്ക് മുകളിൽ ചുവപ്പും മഞ്ഞയും നീലയും കലർന്ന വീതിയേറിയ റിബണുകൾ കെട്ടിയിരുന്നു. അതേസമയം അവരുടെ ഉയർന്ന തൊപ്പികൾക്ക് വിശാലമായ വക്കുകളുണ്ടായിരുന്നു, അതിൽ നിന്ന് തിളങ്ങുന്ന നിറമുള്ള റിബണുകളുടെ പറന്നു കളിച്ചു.
അവരുടെ ചെവിയിൽ വലിയ സ്വർണ്ണ വളയങ്ങളും അരയിൽ കത്തികളും പിസ്റ്റളുകളും ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ കറുത്തതും തിളങ്ങുന്നതുമായിരുന്നു, അവർ നീണ്ട, ഉഗ്രമായ മീശ പന്നിയുടെ വാൽ പോലെ ആഗ്രഭാഗം ചുരുണ്ടിരുന്നു.
"എൻ്റെ! പക്ഷേ നീ എന്തു ഭാരമാടാ," തടിച്ചവൻ ആക്രോശിച്ചു, അവൻ തൻ്റെ വെൽവെറ്റ് ജാക്കറ്റ് വലിച്ചുനേരെയാക്കി, ആകാശ-നീല ബ്രീച്ചുകളിൽ നിന്ന് പൊടി തട്ടിക്കൊണ്ട് പറഞ്ഞു. "നിങ്ങൾ എന്നെ ഞെരുക്കി രൂപമാറ്റം വരുത്തിക്കളഞ്ഞു."
"അത് ഒഴിവാക്കാനാകാത്തതായിരുന്നു, ലൂയിജി," മെലിഞ്ഞ മനുഷ്യൻ ലാഘവത്തോടെ പ്രതികരിച്ചു; "പെട്ടിയുടെ മൂടി എന്നെ നിൻ്റെ മേൽ അമർത്തി. എന്നിട്ടും ഞാൻ നിന്നോട് എൻ്റെ ഖേദം അറിയിക്കുന്നു."
"എന്നെ സംബന്ധിച്ചിടത്തോളം," അശ്രദ്ധമായി ഒരു സിഗരറ്റ് ചുരുട്ടി കത്തിച്ചു കൊണ്ട് മൂന്നാമൻ പറഞ്ഞു, "വർഷങ്ങളായി ഞാൻ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് നിങ്ങൾ സമ്മതിക്കണം; അതിനാൽ എന്നെ ഇങ്ങനെ അധിക്ഷേപിക്കരുത് ."
"നിങ്ങൾ തട്ടിൻമുകളിൽ നിന്ന് പുകവലിക്കരുത്," സിഗരറ്റ് കണ്ടപ്പോൾ സ്വയം വീണ്ടെടുത്ത് മാർത്ത പറഞ്ഞു. "നിങ്ങൾ ഈ വീടിന് തീവെച്ചേക്കാം."
അതുവരെ അവളെ ശ്രദ്ധിക്കാതിരുന്ന അയാൾ അവളുടെ സംസാരം കേട്ട് പെൺകുട്ടിയുടെ നേരെ തിരിഞ്ഞ് തലകുനിച്ചു.
"ഒരു സ്ത്രീ അത് ആവശ്യപ്പെടുന്നതിനാൽ, ഞാൻ എൻ്റെ സിഗരറ്റ് ഉപേക്ഷിക്കാം" എന്ന് പറഞ്ഞു, അവൻ അത് തറയിൽ എറിഞ്ഞ് കാലുകൊണ്ട് കെടുത്തി.
"നിങ്ങൾ ആരാണ്?" ഇതെല്ലാം കണ്ടും കേട്ടും അമ്പരന്നിരുന്ന മാർത്ത ചോദിച്ചു.
"ഞങ്ങളെ സ്വയം പരിചയപ്പെടുത്താൻ അനുവദിക്കൂ," മെലിഞ്ഞ മനുഷ്യൻ തൻ്റെ തൊപ്പി മനോഹരമായി വിരിഞ്ഞുകൊണ്ടു പറഞ്ഞു. "ഞാനാണ് ലുഗുയി," തടിയൻ തലയാട്ടി; "ഇത് ബെനിയാണ്," ഇടത്തരം മനുഷ്യൻ കുനിഞ്ഞു; "ഞാൻ വിക്ടർ ആണ്. ഞങ്ങൾ മൂന്ന് കൊള്ളക്കാരാണ്-ഇറ്റാലിയൻ കൊള്ളക്കാർ."
"കൊള്ളക്കാർ!" പരിഭ്രമത്തോടെ മാർത്ത നിലവിളിച്ചു.
"ശരിക്കും ഒരുപക്ഷെ, നമ്മളെപ്പോലെ ഭയങ്കരരും ക്രൂരരുമായ മറ്റ് മൂന്ന് കൊള്ളക്കാർ ലോകത്തെങ്ങും ഇല്ലായിരിക്കാം," വിക്ടർ അഭിമാനത്തോടെ പറഞ്ഞു.
"അതങ്ങനെയാണ്," തടിയൻ ഗൗരവത്തോടെ തലയാട്ടി പറഞ്ഞു.
"എന്നാൽ അത് മോശമാണ്!" മാർത്ത ആക്രോശിച്ചു.
“അതെ, തീർച്ചയായും," വിക്ടർ മറുപടി പറഞ്ഞു. "ഞങ്ങൾ അങ്ങേയറ്റം ദുഷ്ടന്മാരാണ്. ഒരുപക്ഷേ ലോകമെമ്പാടും ഇപ്പോൾ നിങ്ങളുടെ മുൻപിൽ നിൽക്കുന്നവരെക്കാൾ ദുഷ്ടരായ മൂന്ന് പുരുഷന്മാരെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കില്ല."
"അതങ്ങനെയാണ്," തടിയൻ സമ്മതിച്ചു പറഞ്ഞു.
"എന്നാൽ നിങ്ങൾ ഇത്ര ദുഷ്ടന്മാരായിരിക്കരുത്," പെൺകുട്ടി പറഞ്ഞു; "ഇത്-അത്-വികൃതിയാണ്!"
വിക്ടർ കണ്ണുകൾ താഴ്ത്തി ലജ്ജിതനെപ്പോലെ നിന്നു.
"വികൃതി?" പേടിച്ചരണ്ട ഭാവത്തോടെ ബെനി ചോദിച്ചു.
"ഇതൊരൽപ്പം കടന്ന വാക്കായിപ്പോയി!," ലൂയിജി സങ്കടത്തോടെ പറഞ്ഞു, അവൻ കൈകളിൽ മുഖം പൂഴ്ത്തി.
വിക്ടർ, വികാരാധീനമായ സ്വരത്തിൽ പിറുപിറുത്തു, "എപ്പോഴെങ്കിലും ഒരു സ്ത്രീയും ഇത്രയധികം ശകാരിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല.-! ഒരു പക്ഷേ, നിങ്ങൾ ചിന്തിക്കാതെ സംസാരിച്ചതായിരിക്കാം. ഞങ്ങളുടെ ദുഷ്ടതയ്‌ക്ക് ഒരു കാരണം ഉണ്ടെന്ന് നിങ്ങൾ ചിന്തിക്കണം, തെറ്റിദ്ധരിക്കണം. ഞാൻ ചോദിക്കട്ടെ, ഞങ്ങൾ ദുഷ്ടരല്ലെങ്കിൽ കൊള്ളക്കാരാകാനാകുമോ?"
മാർത്ത ആശയക്കുഴപ്പത്തിലായി, ചിന്താപൂർവ്വം തലയാട്ടി. അപ്പോൾ അവൾ ഒരു കാര്യം ഓർത്തു.
"നിങ്ങൾക്ക് മേലാൽ കൊള്ളക്കാരായി തുടരാൻ കഴിയില്ല," അവൾ പറഞ്ഞു, "നിങ്ങൾ ഇപ്പോൾ അമേരിക്കയിലാണ്."
"അമേരിക്ക!" മൂന്നുപേരും ഒരുമിച്ചു കരഞ്ഞു.
"തീച്ചയായും. നിങ്ങൾ ചിക്കാഗോയിലെ പ്രെറി അവന്യൂവിലാണ്. വാൾട്ടർ അങ്കിൾ നിങ്ങളെ ഇറ്റലിയിൽ നിന്ന് ഇങ്ങോട്ട് അയച്ചത് ഈ പെട്ടിയിലാണ്."
ഈ പ്രഖ്യാപനത്തിൽ കൊള്ളക്കാർ വല്ലാതെ അന്ധാളിച്ചുപോയി. ലുഗുയി ഒരു പഴയ ആടുന്ന കസേരയിൽ ഇരുന്നു, മഞ്ഞ പട്ട് തൂവാല കൊണ്ട് നെറ്റി തുടച്ചു. ബെനിയും വിക്ടറും വീണ്ടും പെട്ടിയിലേക്ക് വീണു. വിളറിയ മുഖത്തോടു കൂടി അവളെ തുറിച്ച് നോക്കി.
കുറച്ചു സമാധാനം പ്രാപിച്ചപ്പോൾ വിക്ടർ സംസാരിച്ചു.
"നിൻ്റെ അമ്മാവൻ വാൾട്ടർ ഞങ്ങളോട് വലിയ തെറ്റ് ചെയ്തിരിക്കുന്നു," അവൻ ആക്ഷേപത്തോടെ പറഞ്ഞു. "കൊള്ളക്കാർ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇറ്റലിയിൽ നിന്ന് അവൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, ആരെയാണ് കൊള്ളയടിക്കണമെന്നോ എത്ര മോചനദ്രവ്യം ചോദിക്കേണ്ടതെന്നോ അറിയാത്ത ഒരു വിചിത്രമായ രാജ്യത്തേക്ക് ഞങ്ങളെ കൊണ്ടുവന്നു."
"അതേ!" തടിയൻ കാലിൽ തട്ടിക്കൊണ്ട് പറഞ്ഞു.
"ഇറ്റലിയിൽ ഞങ്ങൾ മികച്ച പ്രശസ്തി നേടിയിരുന്നു!" ബെനി ഖേദത്തോടെ പറഞ്ഞു.
"ഒരുപക്ഷേ അങ്കിൾ വാൾട്ടർ നിങ്ങളെ പരിഷ്കരിക്കാൻ ആഗ്രഹിച്ചിരിക്കാം," മാർത്ത നിർദ്ദേശിച്ചു.
"അപ്പോൾ, ചിക്കാഗോയിൽ കൊള്ളക്കാർ ഇല്ലേ?" വിക്ടർ ചോദിച്ചു.
"അത്..," പെൺകുട്ടി ലജ്ജയായോടെ മറുപടി പറഞ്ഞു, "ഞങ്ങൾ അവരെ കൊള്ളക്കാർ എന്ന് വിളിക്കുന്നില്ല."
"പിന്നെ ഉപജീവനത്തിനായി ഞങ്ങൾ എന്ത് ചെയ്യും?" നിരാശയോടെ ബെനി ചോദിച്ചു.
"ഒരു വലിയ അമേരിക്കൻ നഗരത്തിൽ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും," മാർത്ത പറഞ്ഞു. "എൻ്റെ അച്ഛൻ ഒരു അഭിഭാഷകനാണ്" (കൊള്ളക്കാർ ഇത് കേട്ട് വിറച്ചു), "എൻ്റെ അമ്മയുടെ കസിൻ ഒരു പോലീസ് ഇൻസ്പെക്ടറാണ്."
"ആഹ്," വിക്ടർ പറഞ്ഞു, "അതൊരു നല്ല ജോലിയാണ്. പോലീസിനെ പരിശോധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇറ്റലിയിൽ."
"എല്ലായിടത്തും!" ബനി കൂട്ടിച്ചേർത്തു.
“എങ്കിൽ നിങ്ങൾക്ക് മറ്റ് കാര്യങ്ങൾ ചെയ്യാം," മാർത്ത പ്രോത്സാഹിപ്പിച്ചുകൊണ്ട് തുടർന്നു. "നിങ്ങൾ ട്രോളി കാറുകളിലെ മോട്ടോർ തൊഴിലാളികളാകാം, അല്ലെങ്കിൽ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിലെ ഗുമസ്തരാകാം. ചിലർ ഉപജീവനത്തിനായി കൌണ്സില് അംഗങ്ങളായി മാറുന്നു."
കൊള്ളക്കാർ സങ്കടത്തോടെ തലയാട്ടി.
“ഞങ്ങൾ അത്തരം ജോലികൾക്ക് അനുയോജ്യരല്ല," വിക്ടർ പറഞ്ഞു. "കൊള്ളയടിക്കുക എന്നതാണ് ഞങ്ങളുടെ ജോലി."
മാർത്ത ആലോചനയിലാണ്ടു.
"ഗ്യാസ് ഓഫീസിൽ സ്ഥാനങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങൾ രാഷ്ട്രീയക്കാരായേക്കാം."
"ഇല്ല!" പെട്ടെന്നുള്ള ക്രൂരതയോടെ ബെനി നിലവിളിച്ചു; "നമ്മുടെ ദൈവവിളി നാം ഉപേക്ഷിക്കരുത്. ഞങ്ങൾ എല്ലായ്പ്പോഴും കൊള്ളക്കാരായിരുന്നു, കൊള്ളക്കാരായി തന്നെ തുടരണം!"
"അതങ്ങനെയാണ്!" തടിയൻ സമ്മതിച്ചു.
“ഷിക്കാഗോയിൽ പോലും കൊള്ളയടിക്കാൻ ആളുകൾ ഉണ്ടായിരിക്കണം," വിക്ടർ സന്തോഷത്തോടെ പറഞ്ഞു.
മാർത്ത വിഷമിച്ചു.
"എല്ലാവരും കവർച്ച ചെയ്യപ്പെട്ടതായി ഞാൻ കരുതുന്നു," അവൾ എതിർത്തു.
“എങ്കിൽ നമുക്ക് കൊള്ളക്കാരെ കൊള്ളയടിക്കാം, കാരണം ഞങ്ങൾക്ക് അസാധാരണമായ അനുഭവവും കഴിവും ഉണ്ട്," ബെന്നി പറഞ്ഞു.
"അയ്യയ്യോ!" പെൺകുട്ടി പുലമ്പി; "എന്തിനാണ് അങ്കിൾ വാൾട്ടർ നിങ്ങളെ ഈ പെട്ടിയിൽ ഇവിടെ അയച്ചത്?"
കൊള്ളക്കാർ താൽപ്പര്യം പ്രകടിപ്പിച്ചു.
“ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അതാണ്," വിക്ടർ ആകാംക്ഷയോടെ പറഞ്ഞു.
"അതറിയാൻ യാതൊരു വഴിയുമില്ല, കാരണം അങ്കിൾ വാൾട്ടർ ആഫ്രിക്കയിൽ ആനകളെ വേട്ടയാടുന്നതിനിടയിൽ കൊല്ലപ്പെട്ടു. ," അവൾ ബോധ്യത്തോടെ തുടർന്നു.
"അപ്പോൾ നമ്മുടെ വിധി അംഗീകരിക്കുകയും നമ്മുടെ കഴിവിൻ്റെ പരമാവധി കൊള്ളയടിക്കുകയും വേണം," വിക്ടർ പറഞ്ഞു. "ഞങ്ങളുടെ പ്രിയപ്പെട്ട തൊഴിലിനോട് ഞങ്ങൾ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം ഞങ്ങൾ ലജ്ജിക്കേണ്ടതില്ല."
"അതങ്ങനെയാണ്!" തടിയൻ നിലവിളിച്ചു.
"സഹോദരന്മാരേ, നമുക്ക് ഇപ്പോൾ തുടങ്ങാം. നമ്മൾ താമസിക്കുന്ന ഈ വീട് തന്നെ ആദ്യം കൊള്ളയടിക്കാം."
"നല്ലത്!" മറ്റുള്ളവർ ആട്ടഹസിച്ചു കൊണ്ട് ചാടിയെണീറ്റു.
ബെനി ഭീഷണിപ്പെടുത്തും വിധത്തിൽ കുട്ടിയുടെ നേരെ .
"നീ ഇവിടെ നിൽക്കൂ!" അവൻ ആജ്ഞാപിച്ചു. "നീ ഒരു ചുവട് ഇളക്കിയാൽ നിൻ്റെ രക്തം നിൻ്റെ തലയിലാകും!" എന്നിട്ട് സൗമ്യമായ സ്വരത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു: "ഭയപ്പെടേണ്ട; എല്ലാ കൊള്ളക്കാരും അവരുടെ ബന്ദികളോട് ഇങ്ങനെയാണ് സംസാരിക്കുന്നത്. എന്നാൽ ഒരു സാഹചര്യത്തിലും ഞങ്ങൾ ഒരു യുവതിയെ ഉപദ്രവിക്കില്ല."
"തീർച്ചയായും ഇല്ല," വിക്ടർ പറഞ്ഞു.
തടിയൻ തൻ്റെ അരയിൽ നിന്ന് ഒരു വലിയ കത്തിയെടുത്ത് തലയിൽ ഉരസി.
"രക്തം!" അവൻ ഉറക്കെ അലറി.
ബെനി ഭയങ്കര സ്വരത്തിൽ ഒരു ശാപവാക്ക് ഉച്ചരിച്ചു .
"നമ്മുടെ ശത്രുക്കൾ തുലയട്ടെ!" വിക്ടർ അലറി.
എന്നിട്ട് മൂവരും കുനിഞ്ഞ് കൈകളിൽ പിസ്റ്റളുകളും പല്ലുകൾക്കിടയിൽ തിളങ്ങുന്ന കത്തികളുമായി ഗോവണിപ്പടിയിലൂടെ പതിയെ ഇറങ്ങി.മാർത്ത ഭയന്ന് വിറച്ചു, സഹായത്തിനായി നിലവിളിക്കാൻ പോലും കഴിയാതെ നിന്നു.
0 Comments