കൊള്ളക്കാരുടെ പെട്ടി ഭാഗം 3 - The Box of Robbers 3

 എത്ര നേരം തട്ടിൻപുറത്ത് തനിച്ചായിരുന്നു എന്ന് അവൾക്ക് പോലുമറിയില്ല.  പക്ഷേ, ഒടുവിൽ പൂച്ചയെ പോലെ പതുങ്ങി മടങ്ങിവരുന്ന കൊള്ളക്കാരുടെ  ശബ്ദം കേട്ട് അവൾ  നോക്കിയപ്പോൾ അവർ ഒരു നിരയായി പടികൾ കയറി വരുന്നത് കണ്ടു.

എല്ലാവരുടെയും കൈകളിൽ നിറയെ കൊള്ളയടിച്ച വസ്തുക്കള് ആയിരുന്നു. ലുഗുയി അമ്മയുടെ ഏറ്റവും നല്ല സായാഹ്ന വസ്ത്രങ്ങളുടെ കൂമ്പാരത്തിന് മുകളിൽ ഒരു മിൻസ് പൈ ബാലൻസ് ചെയ്യുകയായിരുന്നു. കൈ നിറയെ പലതരം വസ്തുക്കലായിരുന്നു.  ബെനിയുടെ കയ്യിൽ ഫാമിലി ബൈബിളും സൈഡ്‌ബോർഡിലെ വെള്ളിപ്പാത്രങ്ങളുടെ കൊട്ടയും ഒരു ചെമ്പ് കെറ്റിൽ, പപ്പയുടെ രോമക്കുപ്പായം എന്നിവയും ഉണ്ടായിരുന്നു.

"ഓ, സന്തോഷം!" തൻ്റെ ഭാരം ഇറക്കിവെച്ചുകൊണ്ട് വിക്ടർ പറഞ്ഞു; "ഒരിക്കൽ കൂടി കൊള്ളയടിക്കുന്നത് സന്തോഷകരമാണ്."

"തികച്ചും!" ബെന്നി പറഞ്ഞു; പക്ഷേ, പെട്ടെന്ന്  കെറ്റിൽ കി വിട്ട് അവന്റെ കാൽവിരലിൽ വീണു.   വേദനയോടെ ഇറ്റാലിയൻ ഭാഷയിൽ വിചിത്രമായ വാക്കുകൾ ഉച്ചരിച്ചു കൊണ്ട് അവൻ നൃത്തം ചെയ്യാൻ തുടങ്ങി, .

"ഞങ്ങൾക്ക് ധാരാളം സമ്പത്തുണ്ട്," വിക്ടർ തുടർന്നു, മിൻസ് പൈ പിടിച്ച് ലുഗുയി തൻ്റെ കൊള്ളകൾ കൂമ്പാരത്തിലേക്ക് ചേർത്തു; "അതും എല്ലാം ഒരു വീട്ടിൽ നിന്ന്! ഈ അമേരിക്ക ഒരു സമ്പന്നമായ സ്ഥലമായിരിക്കണം."

ഒരു കഠാര ഉപയോഗിച്ച് അയാള് പൈയുടെ ഒരു കഷണം മുറിച്ച് ബാക്കിയുള്ളത് തൻ്റെ സഖാക്കൾക്ക് കൈമാറി. അപ്പോൾ മൂവരും തറയിൽ ഇരുന്നു പൈ കഴിച്ചു, മാർത്ത സങ്കടത്തോടെ നോക്കി നിന്നു.

"നമുക്ക് ഒരു ഗുഹ ഉണ്ടായിരിക്കണം," ബെനി അഭിപ്രായപ്പെട്ടു; "നമ്മുടെ കൊള്ള സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം. ഒരു രഹസ്യ ഗുഹയെക്കുറിച്ച് ഞങ്ങളോട് പറയാമോ?" അവൻ മാർത്തയോട് ചോദിച്ചു.

"അവിടെ ഒരു മാമോത്ത് ഗുഹയുണ്ട്, പക്ഷേ അത് കെൻ്റക്കിയിലാണ്. അവിടെയെത്താൻ നിങ്ങൾ കുറെയധികം ദിവസം  കാറിൽ  യാത്ര ചെയ്യേണ്ടി വരും." അവൾ പറഞ്ഞു.

മൂന്ന് കൊള്ളക്കാരും ചിന്ത്യയിലാണ്ട്  നിശബ്ദമായി പൈ നക്കി, പക്ഷേ അടുത്ത നിമിഷം വൈദ്യുത ഡോർബെൽ മുഴങ്ങുന്നത് കേട്ട് അവർ ഞെട്ടി.

"എന്താണത്?" ഊരിപ്പിടിച്ച കഠാരകളുമായി മൂവരും ചാടിയെണീറ്റ് കോണിക്ക് നേരെ കുതിച്ചു.

മാർത്ത ജനാലക്കാരികിലേക്ക് ഓടി. യാതൊരു പോസ്റ്റ്മാൻ മാത്രമാണെന്ന് അവൾ കണ്ടു. അയാൾ  പെട്ടിയിൽ ഒരു കത്ത് ഇട്ടിട്ട് തിരികെ പോയി. . പക്ഷേ, ആ സംഭവം അവൾക്ക് തൻ്റെ കുഴപ്പക്കാരായ കൊള്ളക്കാരെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഒരു ആശയം നൽകി, അതിനാൽ അവൾ വലിയ വിഷമത്തിൽ എന്നപോലെ കൈകൾ ഞെരിക്കാൻ തുടങ്ങി:

"താഴെ പോലീസാണ്!"

കൊള്ളക്കാർ ഭയത്തോടെ പരസ്പരം നോക്കി, ലുഗുയി വിറയലോടെ ചോദിച്ചു:

"അവർ  അവർ പാട് പേരുണ്ടോ?"

"നൂറ്റി പന്ത്രണ്ട്!" അവരെ എണ്ണുന്നതായി നടിച്ച ശേഷം മാർത്ത ആക്രോശിച്ചു.

"അപ്പോൾ ഞങ്ങൾ കുടുങ്ങി!" ബെന്നി പ്രഖ്യാപിച്ചു; "ഞങ്ങൾക്ക് ഒരിക്കലും ഇത്രയധികം പേരോട് യുദ്ധം ചെയ്ത് ജയിക്കാൻ കഴിയില്ല."

"അവർ ആയുധധാരികളാണോ?" തണുത്ത പോലെ വിറച്ചു കൊണ്ട് വിക്ടർ ചോദിച്ചു.

"ഓ, അതെ," അവൾ പറഞ്ഞു. "അവരുടെ പക്കൽ തോക്കുകളും വാളുകളും പിസ്റ്റളുകളും കോടാലികളും ഉണ്ട് - കൂടാതെ-"

"കൂടാതെ?" ലുഗുയി ചോദിച്ചു.

"കൂടാതെ പീരങ്കികളും!" മാർത്ത പറഞ്ഞു.

മൂന്ന് ദുഷ്ടന്മാർ ഉറക്കെ ഞരങ്ങി, ബെനി പൊള്ളയായ ശബ്ദത്തിൽ പറഞ്ഞു:

"അവർ ഞങ്ങളെ വേഗത്തിൽ കൊല്ലുമെന്നും പീഡനത്തിന് വിധേയരാക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ അമേരിക്കക്കാർ രക്തദാഹികളും ഭയങ്കരന്മാരുമാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്."

"അതങ്ങനെയാണ്!" ഒരു വിറയലോടെ തടിയൻ പറഞ്ഞു.

പെട്ടെന്ന് മാർത്ത അവർക്ക് നേരെ തിരിഞ്ഞു.

"നിങ്ങൾ എൻ്റെ സുഹൃത്തുക്കളാണ്, അല്ലേ?" അവൾ ചോദിച്ചു.

"ഞങ്ങൾ അർപ്പണബോധമുള്ള ചങ്ങാതിമാരാണ് !" വിക്ടർ മറുപടി പറഞ്ഞു.

"ഞങ്ങൾ നിന്നെ ആരാധിക്കുന്നു!" ബെന്നി ഉറക്കെ പറഞ്ഞു.

"ഞങ്ങൾ നിനക്കായി മരിക്കും!" എന്തായാലും താൻ മരിക്കുമെന്ന് കരുതി ലുഗുയി കൂട്ടിച്ചേർത്തു.

"എങ്കിൽ ഞാൻ നിങ്ങളെ രക്ഷിക്കും," മാർത്ത  പറഞ്ഞു.

"എങ്ങനെ?" മൂവരും ഒരേ സ്വരത്തിൽ ചോദിച്ചു.

"വീണ്ടും പെട്ടിയിലേക്ക് കയറൂ," അവൾ പറഞ്ഞു. "അപ്പോൾ ഞാൻ അതിന്റെ മൂടി അടയ്ക്കും, അതിനാൽ അവർക്ക് നിങ്ങളെ കണ്ടെത്താൻ കഴിയില്ല."

അവർ അന്ധാളിപ്പോടെ മുറിക്ക് ചുറ്റും നോക്കി, പക്ഷേ അവൾ ധൃതി കൂട്ടി.

"പെട്ടെന്ന് വേണം! നിങ്ങളെ അറസ്റ്റ് ചെയ്യാൻ അവർ ഉടൻ വരും."

അപ്പോൾ ലുഗുയി പെട്ടിയിലേക്ക് ചാടി താഴെ മലർന്നു കിടന്നു. ബെനി അടുത്തതായി പെട്ടിയിലേക്ക് ഇറങ്ങി. വിക്ടർ അവരെ പിന്തുടർന്നു.

അപ്പോൾ മാർത്ത മൂടി  അടക്കാൻ വേണ്ടി ഓടിചെന്നു, പക്ഷേ മൂടി അവൾക്ക് ഉറപ്പിക്കാൻ  കഴിഞ്ഞില്ല.

"നിങ്ങൾ ഒന്ന് കൂടി ഞെരുങ്ങി ഇരിക്കണം," അവൾ അവരോട് പറഞ്ഞു.

ലുഗുയി ഞരങ്ങി.

"ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുന്നു, മിസ്," ഏറ്റവും മുകളിലുള്ള വിക്ടർ പറഞ്ഞു; "എന്നാൽ മുമ്പ് ഞങ്ങൾ വളരെ ഭംഗിയായി ഇതിനുള്ളില് ഒതുങ്ങിയിരുന്നെങ്കിലും, ഇപ്പോൾ പെട്ടി  ഞങ്ങൾക്ക് ചെറുതായി തോന്നുന്നു."

"അതങ്ങനെയാണ്!" അടിയിൽ നിന്നും തടിയൻ്റെ അടക്കിയ ശബ്ദം.

"എന്താണ് ഇവിടെ സ്ഥലം അപഹരിക്കുന്നതെന്ന്  എനിക്കറിയാം,” ബെന്നി പറഞ്ഞു.

"എന്താണ്?" വിക്ടർ ആകാംക്ഷയോടെ ചോദിച്ചു.

"പൈ" ബെന്നി പറഞ്ഞു.

"അതങ്ങനെയാണ്!" നേർത്ത  ശബ്ദം താഴെ നിന്ന് വന്നു.

ഉടനെ മാർത്ത മൂടിയിൽ കയറി ഇരുന്നു തൻ്റെ ഭാരം മുഴുവൻ അതിന്മേൽ അമർത്തി. അവളെ അത്യധികം സന്തോഷിപ്പിച്ച് കൊണ്ട് ആ മൂടി അമർന്നടഞ്ഞു, അതിന്റെ പൂട്ട് ശരിയായി വീണു. അവൾ വേഗം തൻ്റെ എല്ലാ ശക്തിയും പ്രയോഗിച്ച് താക്കോൽ തിരിച്ച് ആ പെട്ടി എന്നെന്നേക്കുമായി പൂട്ടി.

Post a Comment

0 Comments