അന്ന് ഉച്ചകഴിഞ്ഞ് മാർത്തയെ വീട്ടിൽ തനിച്ചാക്കാൻ ആരും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ എന്തെല്ലാമോ ചില കാരണങ്ങളാൽ എല്ലാവരും പുറത്ത് പോകേണ്ടതായി വന്നു. വനിതാ ചൂതാട്ട വിരുദ്ധ ലീഗ് നടത്തിയ പ്രതിവാര കാർഡ് പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ശ്രീമതി മക്ഫാർലാൻഡ്. സിസ്റ്റർ നെല്ലിൻ്റെ ആൺസുഹൃത്ത് വളരെ അപ്രതീക്ഷിതമായി അവളെ ഒരു ലോംഗ് ഡ്രൈവിലേക്ക് കൊണ്ടുപോകാൻ വിളിച്ചു. പപ്പ പതിവുപോലെ ഓഫീസിൽ ഉണ്ടായിരുന്നു. മേരി ആനിൻ്റെ ഒരു ഒഴിവ് ദിവസം ആയിരുന്നു അത്. എമെലീനെ സംബന്ധിച്ചിടത്തോളം, അവൾ തീർച്ചയായും വീട്ടിൽ താമസിച്ച് പെൺകുട്ടിയെ നോക്കേണ്ടതായിരുന്നു; എന്നാൽ എമെലിൻ ഒരു അസ്വസ്ഥ പ്രകൃതക്കാരിയായിരുന്നു.
"മിസ്സിസ് കാൾട്ടണിൻ്റെ പെൺകുട്ടിയോട് ഒരു വാക്ക് സംസാരിക്കാൻ ഞാൻ ഈ ഇടവഴി കടന്നാൽ നിങ്ങൾക്ക് വിരോധമുണ്ടോ?" അവൾ മാർത്തയോട് ചോദിച്ചു.
“തീർച്ചയായും ഇല്ല,” മാർത്ത മറുപടി പറഞ്ഞു. "നീ പുറകിലെ വാതിൽ പൂട്ടി താക്കോൽ എടുക്കുന്നതാണ് നല്ലത്, കാരണം ഞാൻ മുകളിലെ നിലയിലായിരിക്കും."
"ഓ, ഞാൻ അങ്ങിനെ ചെയ്തോളാം, മിസ്സ്," സന്തോഷത്തോടെ വീട്ടുജോലിക്കാരി പറഞ്ഞു. അവൾ മാർത്തയെ ആ വലിയ വീട്ടിൽ തനിച്ചാക്കി, കതക് പൂട്ട,ി തൻ്റെ സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കാൻ ഓടി.
മാർത്ത തൻ്റെ പുതിയ പുസ്തകത്തിലെ കുറച്ച് പേജുകൾ വായിച്ചു, തൻ്റെ എംബ്രോയ്ഡറിയിൽ കുറച്ച് തുന്നലുകൾ തുന്നി, അവളുടെ പ്രിയപ്പെട്ട നാല് പാവകളുമായി കളിക്കാൻ തുടങ്ങി. മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരു പാവക്കളിവീട് തട്ടിന് മുകളിൽ ഉണ്ടെന്ന് അപ്പോൾ അവൾ ഓർത്തു, അതിനാൽ അത് പൊടിതട്ടി അടുക്കി വയ്ക്കാൻ അവൾ തീരുമാനിച്ചു.
ആ തീരുമാനത്തോടെ അവൾ മേൽക്കൂരയ്ക്ക് താഴെയുള്ള വലിയ മുറിയിലേക്ക് വളഞ്ഞുപുളഞ്ഞ കോണിപ്പടികൾ കയറി. മൂന്ന് ജനാലകളുള്ള ആ മുറി നന്നായി പ്രകാശമുള്ളതും ഊഷ്മളവും മനോഹരവുമായിരുന്നു. ചുവരുകൾക്ക് ചുറ്റും വലിയ പെട്ടികൾ , പഴയ പരവതാനികളുടെ കൂമ്പാരങ്ങൾ, കേടായ ഫർണിച്ചറുകളുടെ കഷണങ്ങൾ, ഉപേക്ഷിച്ച വസ്ത്രങ്ങളുടെ കെട്ടുകൾ, തുടങ്ങി വിലയുള്ളതും ഇല്ലാത്തതുമായ ഒരു പാട് സാധനങ്ങൾ കിടന്നിരുന്നു. നന്നായി ക്രമീകരിച്ചിട്ടുള്ള എല്ലാ വീട്ടിലും ഇത്തരത്തിലുള്ള ഒരു തട്ടിൻപുറം ഉണ്ട്, അതിനാൽ ഞാൻ അത് വിവരിക്കേണ്ടതില്ല.
കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം മാർത്ത പാവയുടെ കളി വീട് വലിയ ചിമ്മിനിക്ക് സമീപമുള്ള ഒരു മൂലയിൽ കണ്ടെത്തി.
അവൾ അത് പുറത്തെടുത്തു, അതിനു പിന്നിൽ മാർത്ത ജനിക്കുന്നതിന് മുമ്പ് വാൾട്ടർ അമ്മാവൻ ഇറ്റലിയിൽ നിന്ന് അയച്ച ഒരു കറുത്ത തടിപ്പെട്ടി അവൾ ശ്രദ്ധിച്ചു. അമ്മ ഒരു ദിവസം അവളോട് ആ പെട്ടിക്ക് താക്കോൽ ഇല്ലായിരുന്നു എന്ന കാര്യം പറഞ്ഞിരുന്നു., കാരണം അങ്കിൾ വാൾട്ടർ വീട്ടിലേക്ക് മടങ്ങുന്നത് വരെ അത് തുറക്കാതെയിരിക്കണം എന്ന് ആഗ്രഹിച്ചു. വേട്ടക്കാരനായ ഈ നാടോടിയായ അമ്മാവൻ എങ്ങനെയാണ് ആനകളെ വേട്ടയാടാൻ ഒരിയ്ക്കൽ ആഫ്രിക്കയിലേക്ക് പോയതെന്നും പിന്നീട് അദ്ദേഹത്തിന്റെ വിവരമൊന്നും കേട്ടിട്ടില്ലെന്നും അമ്മ അവലോട് അന്നേ പറഞ്ഞിരുന്നു.
ആകസ്മികമായി അവളുടെ ശ്രദ്ധ ആകർഷിച്ച ആ പെട്ടിയിലേക്ക് മാർത്ത കൗതുകത്തോടെ നോക്കി.
അത് സാമാന്യം വലുതായിരുന്നു—അമ്മയുടെ യാത്രാ യാത്രപ്പെട്ടയേക്കാൾ വലുതായിരുന്നു. അത് മുഴുവൻ പഴകിയ പിച്ചളത്തലയുള്ള ആണികൾ പതിച്ചിരുന്നു. അത് നല്ല ഭാരമുള്ളതായിരുന്നു, കാരണം, മാർത്ത അതിൻ്റെ ഒരറ്റം ഉയർത്താൻ ശ്രമിച്ചപ്പോൾ അവൾക്ക് അതൊരഅൽപ്പം പോലും ഇളക്കാൻ കഴിയുന്നില്ലെന്ന് അവൾ കണ്ടെത്തി. എന്നാൽ ഒരു വശത്ത് ഒരു താക്കോലിനുള്ള സ്ഥലമുണ്ടായിരുന്നു. ആ പെട്ടിയുടെ പൂട്ട് പരിശോധിക്കാൻ അവൾ കുനിഞ്ഞു. അത് തുറക്കാൻ ഒരു വലിയ താക്കോൽ തന്നെ വേണ്ടി വരുമെന്ന് അവൾ കണ്ടു.
അപ്പോൾ, നിങ്ങൾ സംശയിക്കുന്നതുപോലെ, അങ്കിൾ വാൾട്ടറിൻ്റെ വലിയ പെട്ടി തുറന്ന് അതിൽ എന്താണെന്ന് കാണാൻ മാർത്ത ടി ആഗ്രഹിച്ചു. എന്തെന്നാൽ, നമുക്കെല്ലാവർക്കും ജിജ്ഞാസയുണ്ട്, ചെറിയ പെൺകുട്ടികൾ മറ്റുള്ളവരെപ്പോലെ തന്നെ ജിജ്ഞാസുക്കളാണ്.
"അങ്കിൾ വാൾട്ടർ ഒരിക്കലും തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല," അവൾ ചിന്തിച്ചു. "പപ്പാ ഒരിക്കൽ പറഞ്ഞു, ഏതെങ്കിലും ആന അങ്കിളിനെ കൊന്നിട്ടുണ്ടാകുമെന്ന്. എനിക്കാ താക്കോൽ കിട്ടിയിരുന്നെങ്കിൽ -" ലിനൻ ക്ലോസറ്റിലെ ഷെൽഫിൽ താക്കോലുകളുടെ ഒരു വലിയ കൊട്ട കണ്ടിട്ടുള്ള കാര്യം ഓർത്തപ്പോൾ മാർത്ത പെട്ടെന്ന് നിന്ന് അവളുടെ ചെറിയ കൈകൾ കൂട്ടിപ്പിടിച്ചു. അതിൽ എല്ലാ തരത്തിലും വലിപ്പത്തിലും ഉള്ള താക്കോലുകൾ ഉണ്ടായിരുന്നു.; ഒരുപക്ഷേ അതിൽ ഒന്ന് ഈ നിഗൂഢമായ പെട്ടി തുറക്കാനുള്ളതാകും !
അവൾ പടികൾ ഇറങ്ങി, കൊട്ട കണ്ടെത്തി അതുമായി തട്ടിൻപുറത്തേക്ക് മടങ്ങി. അവൾ ആ പിച്ചള പതിച്ച പെട്ടിക്ക് മുന്നിൽ ഇരുന്നു, അതിയായ ആകാംക്ഷയോടെ ആ പഴയ പൂട്ടിൽ താക്കോലുകൾ ഒന്നിനുപുറകെ ഒന്നായി പരീക്ഷിക്കാൻ തുടങ്ങി. ചിലത് വളരെ വലുതായിരുന്നു, എന്നാൽ മിക്കതും വളരെ ചെറുതായിരുന്നു. ഒന്ന് ലോക്കിലേക്ക് കടക്കും, പക്ഷേ തിരിയില്ല; മറ്റൊന്ന് വളരെ വേഗത്തിൽ പൂട്ടിനുള്ളിൽ കുടുങ്ങിപ്പോയി, ഇനി ഒരിക്കലും അത് പുറത്തെടുക്കാനാകില്ലെന്ന് അവൾ ഭയപ്പെട്ടു. എന്നാൽ അവസാനം, കൊട്ട ഏതാണ്ട് ശൂന്യമായപ്പോൾ, വിചിത്രമായ ആകൃതിയിലുള്ള, ഒരു പുരാതനമായ പിച്ചള താക്കോൽ വളരെ എളുപ്പത്തിൽ പൂട്ടിലേക്ക് കടന്നു. സന്തോഷത്തിൻ്റെ ഒരു നിലവിളിയോടെ മാർത്ത രണ്ടു കൈകൊണ്ടും ആ താക്കോൽ തിരിച്ചു; അപ്പോൾ അവൾ ഒരു വ്യക്തമായ ഒരു "ക്ലിക്ക്" ശബ്ദം കേട്ടു, അടുത്ത നിമിഷം ആ പെട്ടിയുടെ കനത്ത മൂടി തനിയെ മുകളിലേക്ക് തുറന്നു!
മാർത്ത ആ പെട്ടിയുടെ അരികിലേക്ക് ചാഞ്ഞ് അതിനുള്ളിലേക്ക് എത്തി നോക്കി, എന്നാൽ അതിനുള്ളിൽ അത്ഭുതകരമായ എന്തോ കാഴ്ച കണ്ട് ഞെട്ടി പിന്നോട്ട് മാറി.
കൊള്ളക്കാരുടെ പെട്ടി ഭാഗം 2 - The Box of Robbers 2
0 Comments