അഗസ്ത്യമുനിയും വിന്ധ്യ പര്‍വതവും - പുരാണ കഥ

 ഇന്ത്യയുടെ മദ്ധ്യത്തിലുള്ള ഒരു പർവതനിരയാണ് വിന്ധ്യ പർ‌വതനിരകൾ . ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.  വിന്ധ്യ പർ‌വതനിര ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു. പണ്ട്  വിന്ധ്യ പർ‌വതനിരകള്‍ക്ക് ഇന്ന് കാണുന്നതിനെക്കാളും തലയെടുപ്പുണ്ടായിരുന്നത്രേ! പിന്നെ എങ്ങിനെയാണ്  വിന്ധ്യ പർ‌വതനിരകളുടെ ഉയരം കുറഞ്ഞത്? അതിനെ കുറിച്ചുള്ള ഒരു പുരാണ കഥയാണ് നമ്മള്‍ ഇവിടെ വായിക്കാന്‍ പോകുന്നത്.


പ്രശസ്തനായ അഗസ്ത്യ മുനിയാണ് വിന്ധ്യ പര്‍വതത്തെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയത്.  ഇതിന് മുന്‍പ് നാം അഗസ്ത്യ മുനിയുടെ അഗസ്ത്യ മുനിയും അസുരന്മാരും എന്ന ഒരു കഥ ഇവിടെ പറഞ്ഞിട്ടുണ്ട്. വായിക്കാത്ത കൂട്ടുകാര്‍ക്ക് ആ കഥ ഇവിടെ വായിയ്ക്കാം. 

പുരാണപ്രസിദ്ധമായ മറ്റൊരു വലിയ പർവതമാണ് മഹാമേരു. ഒരിയ്ക്കല്‍ നാരദമഹര്‍ഷി വിന്ധ്യന്റെ അടുത്ത് ചെന്ന് ഇങ്ങിനെ പറഞ്ഞു.

"അല്ലയോ വിന്ധ്യാ, മഹാമേരു പര്‍വതത്തില്‍ ദേവന്മാരെല്ലാം വസിക്കുന്നു.  മഹാമേരുവിന് മറ്റ് പര്‍വതങ്ങളെക്കാള്‍ വലിയവനാണെന്ന അഹങ്കാരം കൂടുതലാണ്! സൂര്യചന്ദ്രാദികള്‍ തന്നെ പ്രദക്ഷിണം വയ്ക്കുന്നുവെന്നതാണ് മേരുവിന്റെ അഹങ്കാരം.  "

ഏഷണിക്ക് കേള്‍വി കേട്ട നാരദന്‍റെ വാക്കുകള്‍ കേട്ടു വിന്ധ്യന്‍ കുപിതനായി.  മഹാമേരുവിന് അത്ര അഹങ്കാരമോ? എന്നാല്‍ പിന്നെ മഹാമേരുവിനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം! സൂര്യചന്ദ്രന്മാര്‍ ഇനി തന്നെ കടന്ന് പോകണമെന്ന് വിന്ധ്യന്‍ തീരുമാനിച്ചു.

വിന്ധ്യന്‍ തന്‍റെ കൊടുമുടികള്‍ ആകാശം മുട്ടെ വലുതാക്കി തലയെടുപ്പോടെ ഉയര്‍ന്നു നിന്നു, അതോടെ സൂര്യ ചന്ദ്രന്‍മാര്‍ക്ക് പോലും വിന്ധ്യനെ കടന്ന് പോകാന്‍ പറ്റാതായി. സൂര്യചന്ദ്രന്‍മാരുടെ ഗതി തടസ്സപ്പെട്ടതോടെ ലോകമാകെ കുഴപ്പത്തിലായി. വിന്ധ്യന്റെ അഹങ്കാരം ശമിപ്പിക്കാൻ ദേവേന്ദ്രൻ അഗസ്ത്യ മുനിയോട് അപേക്ഷിച്ചു .

കാശിയിൽ നിന്നും തന്നെ ലക്ഷ്യമാക്കി അഗസ്ത്യൻ വരുന്നതറിഞ്ഞ വിന്ധ്യൻ പരിഭ്രമിച്ചു. അത്ഭുതശക്തികളുള്ള മഹാനായ മുനിയുടെ മുന്‍പില്‍ വിന്ധ്യന്‍ തന്‍റെ കൊടുമൂടികള്‍ ഒതുക്കി വണങ്ങി നിന്നു. അഗസ്ത്യന്‍ വിന്ധ്യനെ കടന്ന് തെക്കോട്ട് പോയി. പോകുന്ന വഴി അഗസ്ത്യന്‍ വിന്ധ്യനോട് പറഞ്ഞു.

"വിന്ധ്യ, ഞാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും തിരികെ വരുന്നത് വരെ നീ നിന്‍റെ കൊടുമുടികള്‍ ഉയര്‍ത്തരുത്"

മഹാമുനിയുടെ വാക്കുകള്‍ വിന്ധ്യന്‍ അനുസരിച്ചു, തന്‍റെ കൊടുമുടികള്‍ താഴ്ത്തി നില്‍പ്പായി.

അഗസ്ത്യന്‍ തെക്കോട്ട് കടന്ന് മലയാചലത്തില്‍ ഒരാശ്രമം ഉണ്ടാക്കി താമസിച്ചു. പിന്നീട് അദ്ദേഹം തിരികെ വന്നതേയില്ല. അഗസ്ത്യമുനിയ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വിന്ധ്യന്‍ പിന്നീട് തന്‍റെ തല ഉയര്‍ത്തിയതുമില്ല.

അഗത്തെ അതായത് പർവതത്തെ അമർത്തിയവന്‍ എന്ന അര്‍ത്ഥത്തില്‍ മുനിയ്ക്ക് അഗസ്ത്യൻ എന്ന പേര് കൈവന്നു.




Post a Comment

0 Comments