വാതാപി, ഇല്വലന്‍ എന്ന രണ്ടു ക്രൂരന്മാരായ രണ്ടു രാക്ഷസ സഹോദരന്മാര്‍ ദണ്ഡകാരണ്യത്തിലെ താമസക്കാരായിരുന്നു. ആ പ്രദേശത്തുള്ള ബ്രാഹ്മണരെ തിന്നുകയായിരുന്നു അവരുടെ പ്രധാന വിനോദം. അതിനായി അവര്‍ സ്വീകരിച്ച വഴിയും വ്യത്യസ്തമായിരുന്നു. ഇല്വലന്‍ ഉത്തമനായ ഒരു ബ്രാഹ്മണന്റെ വേഷം ധരിക്കും. എന്നിട്ട് വഴിയെ പോകുന്ന ബ്രാഹ്മണരോട് ഇന്ന് തന്‍റെ അച്ഛന്‍റെ ശ്രാദ്ധമാണെന്നും തന്‍റെ ആതിഥ്യം സ്വീകരിച്ച് ശ്രാദ്ധം ഉണ്ണണം എന്നു പറയും. പാവം കഥയറിയാത്ത ബ്രാഹ്മണര്‍ ഇല്വലന്‍റെ ആതിഥ്യം സ്വീകരിക്കും.
ഇല്വലന്‍ പിന്നെ തന്‍റെ സഹോദരനായ വാതാപിയോട് ആട് ആവാൻ ആവശ്യപ്പെടും. ആ ആടിനെക്കൊന്ന് അതിഥിക്കു വേണ്ട ഭക്ഷണം ഇല്വലൻ തയ്യാറാക്കും. ഭക്ഷണം കഴിഞ്ഞ് അതിഥിയായ ബ്രാഹ്മണൻ പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ ഇല്വലന്‍ ഉറക്കെ വിളിക്കും.
"വാതാപീ, പുറത്ത് വരൂ!"
അപ്പോൾ അതിഥിയുടെ വയർപിളർന്ന് വാതാപി പുറത്തുവരും. എന്നിട്ട് മരിച്ചു കിടക്കുന്ന ആ അതിഥിയെ രണ്ടുപേരും ചേർന്ന് ഭക്ഷിക്കും.
അങ്ങിനെയിരിക്കേ ഒരു ദിവസം ആ വഴി വന്നത് സപ്തര്‍ഷിമാരില്‍ ഒരാളായ അഗസ്ത്യമുനിയായിരുന്നു.അഗസ്ത്യമുനിയായിരുന്നു. പതിവുപോലെ ഇല്വലന്‍ അഗസ്ത്യമുനിയെയും തന്‍റെ ആതിഥ്യം സ്വീകരിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ അഗസ്ത്യമുനിയെ ഇല്വലന്‍ സല്‍ക്കരിച്ചിരുത്തി. പിന്നെ എന്നും ചെയ്യാറുള്ളത് പോലെ, ആടായി മാറിയ വാതാപിയെ കറിയാക്കി അഗസ്ത്യമുനിക്ക് വിശിഷ്ട ഭക്ഷണമായി വിളമ്പിക്കൊടുത്തു.
അഗസ്ത്യമുനി ഇല്വലന്‍ വിളമ്പിയ ആട്ടിന്‍ കറി വളരെ ആസ്വദിച്ച് കഴിച്ചു. മഹര്‍ഷിയുടെ ഭക്ഷണം കഴിഞ്ഞതും ഇല്വലന്‍ പതിവിന്‍ പടി ഉറക്കെ വിളിച്ചു.
"വാതാപീ, പുറത്ത് വരൂ!"
വാതാപി എങ്ങിനെ പുറത്ത് വരാന്‍? ഉഗ്രശക്തിയുള്ള മഹര്‍ഷിയുടെ വയറ്റിലെത്തിയപ്പോള്‍ തന്നെ വാതാപി ദഹിച്ചു പോയിരുന്നു!
ഇല്വലൻ വീണ്ടും വീണ്ടും വിളിച്ചു. വാതാപി പുറത്തു വന്നില്ല. ക്രുദ്ധനായ ഇല്വലന്‍ അഗസ്ത്യമഹര്‍ഷിക്കു നേരെ പാഞ്ഞടുത്തു. എന്നാൽ അഗസ്ത്യന്റെ ഒരു നോട്ടത്തിൽ ആ രാക്ഷസൻ ഭസ്മമായിപ്പോയി.
3 Comments
അഗസ്ത്യമുനി മാംസ ഭക്ഷണം കഴിക്കുമെന്ന് എവിടെ നിന്ന് കിട്ടിയ അറിവാണ് ?
ReplyDeleteഒറ്റനോട്ടത്തിൽ തന്നെ എല്ലാം ഗ്രഹിക്കാൻ അറിയുന്ന ആളാണ് അദ്ദേഹം.
Bhasha gadya Ramayanam Aaranya kandam 1934 - വിക്കി ഗ്രന്ഥശാല
Deleteബ്രാഹ്മണർ മാംസം കഴിക്കില്ല
Delete