തവളരാജകുമാരി ഭാഗം 3 വായിയ്ക്കുക
ഇവാന്‍ രാജകുമാരന്‍ അന്നു രാത്രി ബാബയഗായുടെ വീട്ടില്‍ താമസിച്ചു. പിറേറന്നു രാവിലെ ബാബയഗാ അവനു പൊക്കമുള്ള ഓക്കുമരത്തിനടുത്തെത്താനുള്ള വഴി പറഞ്ഞുകൊടുത്തു. സമയം കളയാതെ ഇവാന്‍ യാത്ര പുറപ്പെട്ടു.
അവന്‍ എത്ര ദൂരം നടന്നെന്നു നമുക്കറിയില്ല. ഒടുവില്‍ അവന്‍ ആ പൊക്കമുള്ള ഓക്ക് മരത്തിന്‍റെ ചുവട്ടിലെത്തി. അതിന്‍റെ മുകളില്‍ പേടകം ഇരുന്നിരുന്നു. പക്ഷെ അത്ര ഉയരത്തില്‍ കയറി അതെടുക്കാന്‍ ഇവാന് നിവൃത്തിയുണ്ടായിരുന്നില്ല.
എന്തു ചെയ്യണമെന്നാലോചിച്ച് ഇവാന്‍ വിഷമിച്ച് നില്‍ക്കേ, പെട്ടെന്ന് ഒരു കരടി അവിടെയെത്തി. അത് മുന്‍പ് ഇവാന്‍ കൊല്ലാതെ വിട്ട കരടിയായിരുന്നു. ഇവാന്‍റെ വിഷമം മനസ്സിലാക്കിയ കരടി ഉടന്‍ തന്നെ മരത്തില്‍ കയറി ആ പേടകം എടുത്തു താഴെയിട്ടു. താഴെ വീണ പേടകം താനേ തുറന്നു. അതിനുള്ളില്‍ നിന്നും ഒരു മുയല്‍ ചാടിയിറങ്ങി അതിവേഗം ഓട്ടം പിടിച്ചു.
അതിവേഗം പായുന്ന മുയലിനെ എങ്ങിനെ പിടിക്കാനാണ്? ഇവാന്‍ സ്തംഭിച്ചു നിന്നു. പെട്ടെന്ന് മറ്റൊരു മുയല്‍ അവിടെ ഓടിയെത്തി. മുന്‍പ് ഇവാന്‍ കൊല്ലാതെ വിട്ട അതേ മുയല്‍. അവന്‍ പേടകത്തില്‍ നിന്നുമിറങ്ങി ഓടിയ മുയലിനെ ഓടിച്ചു പിടിച്ചു. ഇവാന്‍ വേഗം ഓടിയെത്തി മുയലിന്‍റെ വയര്‍ പിളര്‍ന്നു.
മുയലിന്‍റെ വയറ്റില്‍ നിന്നും ഒരു പിടത്താറാവ് ചാടിയിറങ്ങി. ഇവാന് പിടിക്കാനാകും മുന്‍പ് അത് ഓടി മാറി. എന്നാല്‍ ഇവാന്‍റെ രക്ഷയ്ക്ക് അവന്‍ മുന്‍പ് രക്ഷിച്ച പൂവന്‍താറാവ് പാഞ്ഞെത്തി. പൂവന്‍ താറാവ് പിടത്താറാവിനെ നിമിഷ നേരം കൊണ്ട് പിടിച്ച് കൊണ്ട് വന്നു. പിടത്താറാവ് പേടിച്ച് മുട്ടയിട്ടു. നിര്‍ഭാഗ്യവശാല്‍ ആ മുട്ട ചെന്നു വീണത് അടുത്ത് തന്നെയുള്ള നീല സമുദ്രത്തിലായിരുന്നു.
ഇവാന് സങ്കടമടക്കാനായില്ല. സമുദ്രത്തില്‍ വീണു പോയ മുട്ട എങ്ങിനെ കണ്ടെത്താനാണ്? അവന്‍ ദു:ഖത്തോടെ സമുദ്രത്തിന്‍റെ തീരത്തിരുന്ന് കരയാന്‍ തുടങ്ങി.
"നല്ലവനായ ഇവാന്‍ രാജകുമാരാ, അങ്ങ് എന്തിനാണ് കരയുന്നത്?" ഒരു ചോദ്യം കേട്ട് ഇവാന്‍ നോക്കിയപ്പോള്‍ മുന്‍പ് താന്‍ കടലിലേയ്ക്കിട്ട പൈക്ക് മത്സ്യം വെള്ളത്തിന് മുകളില്‍ നീന്തി കളിക്കുന്നു.
ഇവാന്‍ പൈക്ക് മത്സ്യത്തോട് കാര്യം പറഞ്ഞു.
"അതിനെന്താ? ഞാനിതാ വരുന്നു!" പൈക്ക് മത്സ്യം വെള്ളത്തിനടിയിലേയ്ക്ക് ഊളിയിട്ടു.
ഇവാന്‍ കാത്തുനില്‍ക്കേ ആ മുട്ടയും വായില്‍ പിടിച്ച് കൊണ്ട് നിമിഷനേരത്തിനുള്ളില്‍ പൈക്ക് മത്സ്യം വെള്ളത്തിന് മുകളിലെത്തി.
ഇവാന്‍ മുട്ടപൊട്ടിച്ചു സൂചി പുറത്തെടുത്തു. അവന്‍ അതു ഒടിക്കാന്‍ ശ്രമിച്ചുതുടങ്ങി. അതു വളയുന്നതിനനുസരിച്ചു ചിരംജീവിയായ കൊഷ്‌ചേയ് ഞെളിയുകയയം പുളയുകയും അലറുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഇവാന്‍ രാജകുമാരന്‍ സൂചിയുടെ മുന ഒടിച്ചു താഴെയിട്ടു. അതോടെ കൊഷ്‌ചേയ് മരിച്ചു നിലംപതിച്ചു.
ഇവാന്‍ നേരെ കൊഷ്‌ചേയുടെ വെള്ളക്കല്‍കൊട്ടാരത്തിലേക്ക് പോയി. ബുദ്ധിമതിയായ വസിലീസ ഓടിവന്നു അവനെ കെട്ടിപ്പുണര്‍ന്നു. ഇവാന്‍ രാജകുമാരനും ബുദ്ധിമതിയാ യ വസിലീസയും അവരുടെ വീട്ടില്‍ തിരിച്ചെത്തി പിന്നീടുള്ള കാലം സുഖമായി താമസിച്ചു.
0 Comments