തവളരാജകുമാരി ഭാഗം 3 - റഷ്യന്‍ നാടോടിക്കഥ

തവളരാജകുമാരി ഭാഗം 2 വായിയ്ക്കുക

ഇവാന്‍ രാജകുമാരന്‍ വളരെനേരം ഇരുന്നു കരഞ്ഞു. പിന്നീട്ട്‌ എഴുന്നേറ്റു നാലു ദിക്കുകളെയും

തലകുനിച്ചു വന്ദിച്ചിട്ടു ഭാര്യയെ അന്വേഷിച്ച് മുമ്പോട്ടു നടന്നു. താന്‍ പോകുന്നത് എങ്ങോട്ടാണെന്ന് അവനു തന്നെ നിശ്ചയമില്പായിരുന്നു. 

അവന്‍ എത്ര കാലം നടന്നുവെന്നോ എത്ര ദൂരം നടന്നുവെന്നോ പറയാന്‍ കഴിയുകയില്ല. എന്നാല്‍ അവന്‍റെ ബൂട്ടുകളുടെ അടിവശം മുഴുവന്‍ തേഞ്ഞുപോയെന്നും കുപ്പായത്തില്‍ കൈമുട്ടുകളുടെ  ഭാഗത്തെ നൂലുകള്‍ മുഴുവന്‍ പൊട്ടിപ്പോയെന്നും, മഴനനഞ്ഞു തൊപ്പി കീറിപ്പറിഞ്ഞെന്നും  നമുക്ക് അറിയാം. 


ഒടുവില്‍ ഒരു പടുവൃദ്ധനെ അവന്‍ കണ്ട് മുട്ടി.  വൃദ്ധന്‌ വലിപ്പം തീരെ കുറവായിരുന്നു.

"എങ്ങോട്ടാണ് നിന്‍റെ യാത്ര?" വൃദ്ധന്‍ ഇവാനോട് ചോദിച്ചു. "എന്താണ് നിന്‍റെ ഉദ്ദേശം?"

ഇവാന്‍ രാജകുമാരന്‍ തനിക്ക് നേരിട്ട വിപത്തിനെ പറ്റി വൃദ്ധനോട്  പറഞ്ഞു.

"ഇവാന്‍ രാജകുമാരാ, അങ്ങെന്തിനാണ് ആ തവളത്തൊലി കത്തിച്ചുകളഞ്ഞത്?" കൊച്ചു വൃദ്ധന്‍ ചോദിച്ചു. "അത് സൂക്ഷിച്ച് വെക്കാനോ കളയാനോ അങ്ങേക്ക് അവകാശമെന്തായിരു

ന്നു? ബുദ്ധിമതിയായ വസിലീസ ബുദ്ധിശക്തിയില്‍ അവളുടെ പിതാവിനെ അതിശയിച്ചു. അത് അദ്ദേഹത്തെ ശുണ്ഠിപിടിപ്പിച്ചു. അദ്ദേഹം മകളെ മൂന്നു വര്‍ഷക്കാലത്തേക്ക് ഒരു തവളയാക്കി മാററി. അല്ലെങ്കില്‍ ഇനി അതെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഈ ഉണ്ടനൂല്‍ എടുത്തോളൂ. അത് ഉരുണ്ടുപോകുന്ന വഴിയെ നിര്‍ഭയം അങ്ങു സഞ്ചരിക്കൂ. അതങ്ങയെ ഒരു കുടിലിലെത്തിക്കും. ആ കുടിലിനോട് മുന്‍വശം തിരിയാന്‍ പറയണം. അതിനുള്ളില്‍ ഒരു മന്ത്രവാദിനിയുണ്ട്. അവളെ ഭയപ്പെടാതെ നേരിടണം"

ഇവാന്‍ രാജകുമാരന്‍ വൃദ്ധനോട് നന്ദി പറഞ്ഞിട്ട് ഉണ്ടനൂല്‍ ഉരുണ്ടുപോയ വഴിയെ നടന്നുതുടങ്ങി. അത് വളരെ ദൂരം ഉരുണ്ടു പോയി. ഇവാനും പിറകെ പോയി. 

കുറെ ചെന്നപ്പോള്‍ വെളിപ്രദേശത്ത് ഒരു കരടി നില്‍ക്കുന്നത് അവന്‍ കണ്ടു. അവന്‍ ഉന്നംപിടിച്ച് അതിനെ കൊല്ലാന്‍ തയ്യാറായി . ഉടന്‍തന്നെ അതു മനുഷ്യശബ്ദത്തില്‍ ഇങ്ങിനെ പറഞ്ഞു:

"ഇവാന്‍ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെങ്കിലുമൊരിക്കല്‍ എന്നേക്കൊണ്ട്‌ അങ്ങേക്ക് ഉപകാരമുണ്ടാകും."

ഇവാന്‍ കരടിയെ ഉപദ്രവിക്കാതെ മുന്‍പോട്ട് പോയി.

പെട്ടെന്നു മുകളില്‍ ഒരു പുവന്‍താറാവ് പറന്നു പോകുന്നത് അവന്‍ കണ്ടു. അതിനെ എയ്‌ത് വീഴ്‌ത്താന്‍ ഉന്നം പിടിച്ചപ്പോള്‍ അത് മനുഷ്യശബ്ദുത്തില്‍ ഇങ്ങിനെ പറഞ്ഞു:

"ഇവാന്‍ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെക്കൊണ്ട് എന്നെങ്കിലും അങ്ങേക്ക് ഉപകാരമുണ്ടാകും ."

അവന്‍ താറാവിനെയും കൊല്ലാതെ മുന്‍പോട്ട് പോയി. അപ്പോഴാണ് ഒരു മുയല്‍ ആ വഴി ഓടി വന്നത്. അതിനെ കൊല്ലാനായി ഇവാന്‍ വില്ലും അമ്പും കയ്യിലെടുത്തു. ഉടന്‍തന്നെ മുയല്‍ മനുഷ്യശബത്തില്‍ ഇങ്ങനെ പറഞ്ഞു:

"ഇവാന്‍ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെങ്കിലും എന്നെക്കൊണ്ട് ഉപകാരമുണ്ടാകും."

അവന്‍ മുയലിനെ കൊല്ലാതെ വീണ്ടും നടന്നു. അവന്‍ നടന്നു നടന്നു നീലസമുദ്രത്തിന്‍റെ കരയിലെത്തി. അവിടെ മണലില്‍ ഒരു പൈക്ക് മത്സ്യം കിടന്നു പിടയ്ക്കുന്നുണ്ടായിരുന്നു.

"ഹാ, ഇവാന്‍ രാജകുമാരാ !" പൈക്ക് മത്സ്യം  പറഞ്ഞു. "എന്നോട് കരുണ കാണിക്കണേ! എന്നെ നീല സമുദ്രത്തിലേയ്ക്ക് എടുത്തിട്ടു രക്ഷിക്കണേ!"

ഇവാന്‍ പൈക്കിനെ വെള്ളത്തിലേക്കിട്ടിട്ട്‌ സമുദ്രതീരത്തുകൂടെ നടന്നു. ഒടുവില്‍ ഉണ്ടനൂല്‍ ഒരു കാട്ടിലെത്തി. അവിടെ കോഴിക്കാലിന്മേല്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുടില്‍ ഉണ്ടായിരുന്നു.

"കുഞ്ഞിക്കുടിലേ,, കുഞ്ഞിക്കുടിലേ, നിന്‍റെ പുറകുവശം മരങ്ങളുടെ നേരെ തിരിച്ചിട്ട്‌ മുന്‍വശം എന്‍റെ നേരെ തിരിക്കൂ?"

കുടില്‍ പുറകുവശം മരങ്ങളുടെനേരെ തിരിച്ചിട്ട് മുന്‍വശം ഇവാന്‍റെ നേര്‍ക്ക് തിരിച്ചു. ഇവാന്‍ രാജകുമാരന്‍ കുടിലിനുള്ളിലേക്ക് കയറി. അവിടെ പുകക്കുഴലിന്‍റെ അടുത്ത് ബാബയാഗാ എന്ന മന്ത്രവാദിനി ഇരുന്നിരുന്നു. അവരുടെ കയ്യില്‍ ഒരു ചൂലും ഒരു ചുള്ളിക്കമ്പും ഉണ്ടായിരുന്നു. മരക്കുറ്റി പോലത്തെ  മൂക്കുള്ള ഒരു കിഴവിയായിരുന്നു അവള്‍.  ഇവാനെ കണ്ടയുടന്‍ ബാബയഗാ പറഞ്ഞു:

"ഹൌ, ഹാ, റഷ്യന്‍ രക്തം, ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ലാത്തത്., ഇപ്പോള്‍ എന്‍റെ വാതില്‍ക്കല്‍ ‍ എനിക്കു അതിന്‍റ മണം വരുന്നു.ആരാണ് വന്നിരക്കുന്നത്? എവിടുന്നാണ്? എങ്ങോട്ടാണ്?"

"മര്യാദകെട്ട കിഴവി" ഇവാന്‍ തിരിച്ചടിച്ചു.  "നീ എനിയ്ക്ക് തിന്നാനും കുടിക്കാനും തന്ന് കുളിമുറിയില്‍ കയററി ആവിയില്‍ കുളിപ്പിച്ചു കഴിഞ്ഞിട്ട് വേണം ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍."

ബാബയഗാ അവനെ ആവിയില്‍ കുളിപ്പിച്ചു. അവനു മാംസവും പാനീയങ്ങളും കൊടുത്ത്‌ വിശ്രമിക്കാന്‍ കിടക്കയില്‍ കിടത്തി. താന്‍ തന്‍റെ ഭാര്യയെ, ബുദ്ധിമതിയായ വസിലീസയെ, അന്വേഷിച്ചു നടക്കുകയാണെന്ന് ഇവാന്‍ ബാബയഗായോടു പറഞ്ഞു.

"നിന്‍റെ ഭാര്യ ഇപ്പോള്‍ ചിരംജീവിയായ കൊഷ്‌ചേയുടെ അധീനത്തിലാണ്",ബാബയഗാ പറഞ്ഞു. "അവളെ തിരിച്ചു കൊണ്ടുവരുവാന്‍ വളരെ പ്രയാസമാണ്. കൊഷ്‌ചേയ്‌ നിന്നേക്കാളും ശക്തനായ എതിരാളിയാണ്. കൊഷ്‌ചേയുടെ ജീവന്‍ കൂടികൊള്ളുന്നത് ഒരു സൂചിയുടെ അറ്റത്താണ്. ആ സൂചി ഒരു മുട്ടയുടെ ഉള്ളിലും മുട്ട ഒരു പിടത്താറാവിന്‍റെ ഉള്ളിലും താറാവ് ഒരു മുയലിന്‍റെ ഉള്ളിലും മുയല്‍ കല്ല്കൊണ്ടുണ്ടാക്കിയ ഒരു പേടകത്തിലും പേടകം ഒരു പൊക്കമുള്ള ഓക്കുമരത്തിന്‍റെ മുകളിലുമാണ് സ്ഥിതിചെയ്യുനന്നത്. ചിരംജീവിയായ കൊഷ്‌ചേയ്‌ ആ മരം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നു."


തവളരാജകുമാരി അവസാന ഭാഗം വായിയ്ക്കുക

Post a Comment

0 Comments