തുമ്മുന്ന ബുദ്ധപ്രതിമ! കൊറിയന്‍ നാടോടിക്കഥ Sneezing Colossus

മലയടിവാരത്തില്‍ താമസിച്ചിരുന്ന കിം ഒരു കുഴി മടിയനായിരുന്നു. കിമ്മിനെ ആശ്രയിച്ചാണ് അയാളുടെ കുടുംബം ജീവിച്ചിരുന്നത്. എന്നാലോ, സ്ഥിരമായ ജോലി കിമ്മിന് ഉണ്ടായിരുന്നില്ല. അയാള്‍ അങ്ങിനെ സ്ഥിരമായി ഒരു ജോലി ചെയ്യാന്‍ താത്പര്യപ്പെട്ടില്ല എന്നതായിരിക്കും ശരി. ഒരു വാരയോളം നീളമുള്ള തന്റെ പൈപ്പ് പുകച്ചിരിക്കാനും, എന്തെങ്കിലും വരുന്നതുവരെ കാത്തിരിക്കാനും അയാള്‍ ഇഷ്ടപ്പെട്ടു.

ഒരു ദിവസം, വിശന്നു വളഞ്ഞിരിക്കുന്ന കുട്ടികൾക്ക്  ഭക്ഷണം നൽകാൻ ഒന്നുമില്ലാതെ വിഷമിച്ചു മടുത്ത ഭാര്യ, ഭർത്താവിനെ നന്നായി ശകാരിക്കുകയും തങ്ങള്‍ക്ക് എന്തെങ്കിലും കൊണ്ടുവരാൻ  ആവശ്യപ്പെടുകയും ചെയ്തു. കിമ്മിന്റെ കുടുംബമെന്ന് പറഞ്ഞാല്‍ അച്ഛനും അമ്മയും, മുഖം പലപ്പോഴും കഴുകാത്ത നാല് കുട്ടികളും ഉൾപ്പെടുന്നു, പിന്നെ ഒരു ചെറിയ നായയും. ഈ നായക്കുട്ടി ഭയങ്കര ധൈര്യശാലിയായിരുന്നു കേട്ടോ! എന്തെങ്കിലും അപകടം അടുത്തെത്തിയാല്‍ ഈ നായ്ക്കുട്ടി ഉടന്‍ തന്നെ വാതിലിൽ വെട്ടിയ ഒരു ചെറിയ ചതുരാകൃതിയിലുള്ള ദ്വാരത്തിലൂടെ വീട്ടിനുള്ളിലേയ്ക്ക് ഓടുകയും, സുരക്ഷിതമായി അകത്തു കടന്നു കഴിഞ്ഞാല്‍ അതിയായ ആവേശത്തോടെ കുരയ്ക്കുകയും ചെയ്യും.

അങ്ങിനെ കിം എന്തെങ്കിലും കണ്ടെത്താൻ മലകളിലേക്ക് പോയി - ഒരു ജിൻസെങ്ങിന്റെ (ഒരു ഔഷധ സസ്യം) വേര്, ഭാഗ്യവാനാണെങ്കിൽ ഒരു സ്വർണ്ണക്കട്ടി, അല്ലെങ്കിൽ വിലയേറിയ കല്ല് അങ്ങിനെ എന്തെങ്കിലുമൊക്കെ കിട്ടിയാലോ?. ഒന്നുമില്ലെങ്കില്‍, ഏതെങ്കിലും പഴങ്ങൾ, കാട്ടു മുന്തിരി അല്ലെങ്കിൽ പിയര്‍ എന്നിവ അങ്ങനെ എന്തെങ്കിലും ലഭിച്ചാല്‍ നന്നായി. 

മിസ്റ്റർ കിം വളരെ നേരം പാറകളിൽ അലഞ്ഞുനടന്നു. എന്നാല്‍  കൊണ്ടുപോകാൻ യോഗ്യമായ ഒന്നും തന്നെ അവന് കണ്ടെത്താനായില്ല.  ഉച്ചയായപ്പോൾ കിം പർവതത്തിൽ വെട്ടിയെടുത്ത  ഭീമാകാരമായ ശിലാ ബുദ്ധപ്രതിമയുടെ അടുത്തെത്തി. അത് വായുവിൽ വളരെ ഉയരമുള്ളതായിരുന്നു. യുഗങ്ങൾക്ക് മുമ്പ് ബുദ്ധമതം ലോകമെങ്ങും പ്രചരിച്ചിരുന്ന ഒരു കാലത്ത് അവിടെയെങ്ങും ബുദ്ധാശ്രമങ്ങളായിരുന്നു. ബുദ്ധ സന്യാസിമാരും കന്യാസ്ത്രീകളും ഭഗവാൻ ബുദ്ധനെ സ്തുതിച്ചുകൊണ്ട് സംസ്കൃത സ്തുതികൾ ആലപിക്കുകയും ചെയ്തിരുന്ന ബുദ്ധമത കാലഘട്ടത്തിൽ, ഭക്തരായ പുരുഷന്മാർ, മാസങ്ങളോളം അധ്വാനിച്ച് കൊത്തിയെടുത്തതാണ് ഈ ബുദ്ധപ്രതിമ. അതിന്‍റെ മൂക്ക് മൂന്നടി മുന്നോട്ട് തള്ളി നിന്നിരുന്നു, അതിന്‍റെ വായ നാലടി വീതിയുള്ളതായിരുന്നു. അതിന്റെ പരന്ന തലയിൽ ഒരു കരിങ്കൽ പാളി കൊണ്ട് നിർമ്മിച്ചതും ഒരു വിദ്യാർത്ഥിയുടെ മോർട്ടാർ ബോർഡ് പോലെ ആകൃതിയിലുള്ളതുമായ ഒരു തൊപ്പി ഉണ്ടായിരുന്നു, അതിൽ പത്ത് പേർക്ക് പരസ്പരം തിങ്ങിക്കൂടാതെ അനായാസം നിൽക്കാൻ കഴിയും!

വളരെക്കാലങ്ങള്‍ക്ക് മുന്പ് തന്നെ ബുദ്ധമത സന്യാസിമാരെല്ലാം ഇല്ലാതായി, ആശ്രമം നാശത്തിലേക്ക് വീണു. വലിയ ശിലാപ്രതിമയ്ക്ക് ചുറ്റും വനം വളർന്നു, ചുറ്റുമുള്ള ഉയരമുള്ള മരങ്ങൾക്കിടയില്‍ അത് മറഞ്ഞിരുന്നു. അതിനുമുന്നിൽ, നിലത്തുനിന്ന് മുകളിലേക്ക്, കാട്ടുമുന്തിരിവള്ളികൾ വളര്‍ന്ന് പന്തലിച്ച് അവയുടെ ഞരമ്പുകൾ കൊണ്ട് കല്ലിനെ മുറുകെ വരിഞ്ഞു ചുറ്റിയിരുന്നു. അവയുടെ പായലുള്ള ശാഖകളും പച്ചപ്പും വിരിച്ച്, പ്രതിമയെ അത്തിന്‍റെ  കഴുത്ത് വരെ മൂടിയിരുന്നു.

എന്നാൽ പ്രതിമയുടെ തലയിലെ ഒരു വിള്ളലിൽ നിന്ന് ഒരു പിയർ മരം വളർന്നു വന്നിരുന്നു. വളരെക്കാലം മുമ്പ്, സമീപത്ത് എവിടെയോ പാടുകയും ചിലയ്ക്കുകയും ചെയ്തിരുന്ന പക്ഷികളിൽ ഒന്നിന്‍റെ മുതുമുത്തച്ഛന്മാരില്‍ ആരോ കൊണ്ടുവന്നിട്ട വിത്തിൽ നിന്ന് അത് മുളച്ചുവന്നതായിരുന്നു. അതിശയകരമെന്നല്ലാതെ എന്തു പറയാന്‍! അതിന്‍റെ പുറത്തെ ശാഖയുടെ അറ്റത്ത് ഒരു മനുഷ്യന്‍റെ തലയോളം വലിപ്പമുള്ള ഒരു പഴുത്ത, രുചികരമായ പിയർ വളരുന്നുണ്ടായിരുന്നു. എന്തൊരു അത്ഭുതകരമായ സമ്മാനം! അത് മുറിച്ചാൽ, മുഴുവൻ കുടുംബത്തിനും ഒരു മധുരപലഹാരമായിരിക്കും. കിം സന്തോഷമടക്കാന്‍ പാടുപെട്ടു. താന്‍ എന്തു ഭാഗ്യവാനാണ്! അവന്‍ ചിന്തിച്ചു.

വള്ളിച്ചെടികളിലും  കാട്ടുമുന്തിരിവള്ളികളിലും പിടിച്ച് കിം ഒരു വിധത്തില്‍ വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് കയറി വലിയ ശിലാമുഖത്തിന്റെ താടി വരെ എത്തി. അവന്‍റെ തൊട്ട് മുകളിൽ വലിയ മൂക്ക് നീണ്ടുനിന്നു, അതിന്‍റെ നാസാരന്ധ്രങ്ങൾ ഗുഹകൾ പോലെ വിടർന്നു നിന്നു. എന്നിട്ടും, എത്ര പരിശ്രമിച്ചിട്ടും, കല്‍ചുണ്ടുകളിൽ കാൽ വച്ചും മൂക്കിൽ പിടിച്ചും അയാൾ നിന്നെങ്കിലും, ഗ്രാനൈറ്റ് മുഖത്ത് അയാൾക്ക് അതില്‍ കൂടുതൽ കയറാൻ കഴിഞ്ഞില്ല. ഇനിയെന്ത് ചെയ്യുമെന്ന് കിമ്മിന് ഒരു പിടിയും കിട്ടിയില്ല. അതിനൊരു പരിഹാരം കാണുക എന്നത് അവന്‍റെ ബുദ്ധിക്ക് അപ്പുറമായിരുന്നു. രുചികരമായ പിയർ അവന്‍റെ തലക്ക് വളരെ മുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നു, അവനെ മോഹിപ്പിക്കാൻ വേണ്ടി! ഒരു ഇളം കാറ്റ് പഴത്തെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു, "കഴിയുമെങ്കിൽ എന്നെ പറിച്ചെടുക്കൂ" എന്ന് പറയുന്നതുപോലെ തോന്നി.

പക്ഷേ, മിനുസമാര്‍ന്ന മൂക്ക് വളരെ വഴുവഴുപ്പുള്ളതായിരുന്നു, ചെവികളും ആവന് കയറാൻ കഴിയാത്തത്ര മിനുസമാർന്നതായിരുന്നു. തീർച്ചയായും കൂടുതൽ മുകളിലേക്ക് കയറുക എന്നത് അസാധ്യമായിരുന്നു. അയാൾക്ക് എന്ത് ചെയ്യാന്‍ കഴിയും? അവൻ ആ പിയർ ഉപേക്ഷിച്ചു] പിന്തിരിയണമോ?

പെട്ടെന്ന് ഒരു ചിന്ത അവന്‍റെ തലയിൽ ഉദിച്ചു. വലത് മൂക്കിനുള്ളിലേയ്ക്ക് ഇഴഞ്ഞു കയറി മുകളിലേക്ക് പോയാല്‍ ഒരുപക്ഷേ  പുറത്തുകടക്കാൻ ഏതെങ്കിലും വഴിയുണ്ടെങ്കിലോ? അങ്ങനെ ഒരു വഴി കണ്ടെത്താമെന്ന് കരുതി അവൻ ഒരു പ്രാണിയെപ്പോലെ ആ മൂക്കിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങി. താമസിയാതെ കിം എന്ന മനുഷ്യൻ കാഴ്ചയിൽ നിന്ന് ഏതോ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി!

അല്ല കൂട്ടുകാരേ, നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഈ രീതിയിൽ മഹാനായ ശിലാമനുഷ്യന്‍റെ മൂക്കിനുള്ളില്‍ കയറി ഇക്കിളിപ്പെടുത്തുന്നത് അപകടകരമല്ലേ?

പക്ഷേ നിങ്ങള്‍ എന്തു വിചാരിച്ചിരുന്നാലും ശരി,  കിം ദൃഢനിശ്ചയത്തോടെ ആ പിയർ എടുക്കാൻ മുന്നോട്ടു തന്നെ നീങ്ങി.

പെട്ടെന്ന് മല പിളരുന്ന തരത്തിൽ ഒരു വലിയ ശബ്ദം കേട്ടു. ഹാശ്...ഛീ! ഒരു ​​ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടായോ? അതോ ഉരുളുന്ന ഇടിമുഴക്കമായിരുന്നോ?

സംഭവം അതൊന്നുമല്ല! ഭീമൻ പ്രതിമ തുമ്മിയതായിരുന്നു. അങ്ങനെ പ്രതിമ ആ നുഴഞ്ഞുകയറ്റക്കാരനെ പുറത്തേയ്ക്ക് തള്ളി. കിമ്മിന് ബോധം വന്നപ്പോള്‍ അവൻ വായുവിലൂടെ പറക്കുകയായിരുന്നു, എന്നിട്ട് അവൻ ഒരു കുറ്റിക്കാട്ടിൽ ചെന്നു വീണു. അവന്‍റെ ബോധം മുഴുവന്‍ പോയിരുന്നു. അയാൾക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. അപ്പോള്‍ ഉച്ചയ്ക്ക് ഏകദേശം ഒരു മണിയായിട്ടുണ്ടായിരുന്നു.

സൂര്യൻ അസ്തമിക്കുന്നതുവരെ കിം ഉറക്കത്തിലോ, അബോധാവസ്ഥയിലോ അവിടെ കിടന്നു. പിന്നീട് അയാൾ ഉണർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് മനസ്സിലായി. ആകാശത്ത് വളരെ ഉയരത്തിലായി അവന്‍റെ മുകളിൽ പ്രതിമ മൂക്ക് ചീറ്റുന്നുണ്ടായിരുന്നു, അതിന്‍റെ തുമ്മല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.

എന്നാൽ വളരെ ശക്തമായി തുമ്മുന്നതിനിടയിൽ, ഭീമൻ പ്രതിമ തന്‍റെ തല ഒന്നു കുലുക്കി. പെട്ടെന്ന് ആ വലിയ പിയർ താഴെ വീണു.  അത് കിമ്മിന്റെ തൊട്ടാരികിലാണ് വന്ന് വീണത്. അവന്‍ അത് എടുത്ത് സന്തോഷത്തോടെ വീട്ടിലേയ്ക്ക് യാത്രയായി.

വീട്ടിൽ ചതുരാകൃതിയിലുള്ള ദ്വാരത്തിലൂടെ നോക്കുന്ന ചെറിയ നായ അവനെ കണ്ടു, കുരച്ചു സ്വാഗതം ചെയ്തു, കിം തന്‍റെ സാഹസികതയുടെ കഥ അവരോടെല്ലാം വിവരിച്ചു കൊടുക്കുന്നതിടെ, കഷണങ്ങളായി മുറിച്ച വലിയ പിയര്‍  അവർ ഒരു നല്ല അത്താഴവിരുന്ന് തന്നെയായി!

Post a Comment

0 Comments