തവളരാജകുമാരി ഭാഗം 1 - റഷ്യന്‍ നാടോടിക്കഥ

 പണ്ട് പണ്ട് ഒരു രാജാവിന് മൂന്നു പുത്രന്മാര്‍ ഉണ്ടായിരുന്നു. പുത്രന്മാര്‍ക്ക് വിപാഹപ്രായമെത്തിയപ്പോള്‍ രാജാവ്‌ അവരെ വിളിച്ച് ഇങ്ങിനെ പറഞ്ഞു:

 "മക്കളേ, എനിക്ക് പേരക്കിടാങ്ങളെ കണ്ടിട്ട് വേണം മരിക്കാന്‍. അതുകൊണ്ട് നിങ്ങള്‍ വിവാഹം ചെയ്യണം."

പുത്രന്മാര്‍ പറഞ്ഞു: "അങ്ങിനെയാകട്ടെ, അച്ഛാ. ഞങ്ങള്‍ ആരെയാണ് കല്യാണം കഴിക്കേണ്ടത്?"


"നിങ്ങള്‍ ഓരോരുത്തരും  പുല്‍ത്തകിടിയില്‍ പോയി ഓരോ അമ്പ് എയ്യണം. അമ്പ് ചെന്നു വീഴുന്നിടത്ത് നിങ്ങള്‍ നിങ്ങളുടെ വധുക്കളെ കണ്ടുമുട്ടും. "

മക്കള്‍ മൂന്നുപേരും പിതാവിനെ വന്ദിച്ചിട്ട്‌ ഓരോ  അമ്പുമെടുത്തുകൊണ്ട് പുല്‍ത്തകിടിയിലേക്ക് പോയി. അവിടെ അവര്‍ ഞാണ്‍ വലിച്ചു അമ്പെയ്തു. 

മൂത്തമകന്‍റെ അമ്പ് ചെന്ന് വീണത് ഒരു പ്രഭുവിന്‍റെ മുറ്റത്താണ്. പ്രഭുവിന്‍റെ മകള്‍ അമ്പ് കയ്യിലെടുത്തു.

രണ്ടാമത്തെ മകന്‍റെ അമ്പ് പതിച്ചത്  ഒരു കച്ചവടക്കാരന്‍റെ വീട്ടുമുറ്റത്തായിരുന്നു. കച്ചവടക്കാരന്‍റെ പുത്രി അതെടുത്തു.

എന്നാല്‍ ഇളയമകനായ ഇവാന്‍ രാജകുമാരന്‍റെ അമ്പ് പാഞ്ഞു പോയി എവിടെയോ അപ്രതൃക്ഷമായി. രാജകുമാരന്‍ അതന്വേഷിച്ചു വളരെ ദൂരം നടന്നു. ഒടുവില്‍ അവന്‍ ഒരു ചതുപ്പുനിലത്തിലെത്തിച്ചേര്‍ന്നു. അവിടെ ഒരു ഇലയില്‍ തന്‍റെ അമ്പും കടിച്ചുപിടിച്ചുകൊണ്ട് ഒരു തവള ഇരിക്കുന്നത് രാജകുമാരന്‍ കണ്ടു. 

ഇവാന്‍ രാജകുമാരന്‍ തവളയോട് ഇങ്ങിനെ പറഞ്ഞു:

"തവളേ, തവളേ, എന്‍റെ അമ്പ് മടക്കിത്തരൂ."

രാജകുമാരനെ അത്ഭുതപ്പെടുത്തിക്കൊണ്ട് തവള പറഞ്ഞു:

"അമ്പ് ഞാന്‍ മടക്കിത്തരാം. പക്ഷേ താങ്കള്‍  എന്നെ കല്യാണം കഴിക്കണം!"

"ഞാന്‍ എങ്ങിനെയാണ് ഒരു തവളയെ കല്യാണം കഴിക്കുന്നത്?" രാജകുമാരന്‍ ചോദിച്ചു.

"എന്തു ചെയ്യാം! എന്നെ കല്യാണം കഴിക്കണമെന്നതാണ് അങ്ങയുടെ തലയിലെഴുത്ത്!" തവള മറുപടി പറഞ്ഞു.

ഇവാന്‍ രാജകുമാരന് കഠിനമായ ദുഃഖവും നിരാശയും തോന്നിയെങ്കിലും മറ്റ് മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അവന്‍ തവളയെ എടുത്ത് കൊട്ടാരത്തിലേയ്ക്ക് കൊണ്ട്പോയി. രാജാവ് മൂന്നു പേരുടെയും വിപാഹങ്ങള്‍ ആഘോഷപൂര്‍വം നടത്തി. മൂത്തമകന്‍ പ്രഭകുമാരിയെ വിവാഹം ചെയ്തു, രണ്ടാമന്‍ കച്ചവടക്കാരന്‍റെ പുത്രിയെ വിവാഹംചെയ്തു, പാവം

ഇവാന്‍ രാജകുമാരന്‍ തവളയെ വിവാഹം ചെയ്യേണ്ടി വന്നു..

ഒരു ദിവസം രാജാവ് പുത്രന്മാരെ വിളിച്ചു്‌ പറഞ്ഞു:

"നിങ്ങളില്‍ ആരുടെ ഭാര്യയ്ക്കാണ് തുന്നല്‍പ്പണിയില്‍ കൂടുതല്‍ വൈദഗ്ധ്യം എന്നു ഞാന്‍ നോക്കട്ടെ. നാളെ. നേരം വെളുക്കുമ്പോഴേയ്ക്കും അവര്‍ ഓരോരുത്തരും എനിക്ക് ഓരോ കുപ്പായം തുണിത്തരണം!"

പുത്രന്മാര്‍ അച്ഛനെ വന്ദിച്ചിട്ട്‌ അവിടെ നിന്നും പുറപ്പെട്ടു .

ഇവാന്‍ രാജകുമാരന്‍ വീട്ടില്‍ ചെന്ന് ദുഃഖിതനായി ഒരു മൂലയില്‍ ഇരുന്നു. തവള ചാടിച്ചാടി അദ്ദേഹത്തിന്‍റെ അടുത്തെത്തി ചോദിച്ചു:

"ഇവാന്‍ രാജകുമാരാ, നിങ്ങള്‍ക്ക് എന്താണിത്ര ദുഃഖം? എന്തെങ്കിലും ആപത്തിലകപ്പെട്ടോ?"

"നാളെ നേരം വെളുക്കുമ്പോഴേയ്ക്കും  നീ എന്‍റെ അച്ചന് ഒരു കുപ്പായം തുന്നിക്കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു." രാജകുമാരന്‍ തവളയോട് നടന്ന സംഭവങ്ങള്‍ പറഞ്ഞു.

തവള പറഞ്ഞു:

"വ്യസനിക്കേണ്ട, ഇവാന്‍ രാജകുമാരാ. പോയി സമാധാനമായി ഉറങ്ങൂ. രാത്രിയില്‍ എന്തെങ്കിലും വഴിയുണ്ടാകും."

തവളയുടെ ഉറപ്പില്‍ വിശ്വാസമുണ്ടായില്ലെങ്കിലും ഇവാന്‍ രാജകുമാരന്‍ താമസിയാതെ കിടന്നുറങ്ങി . 

രാജകുമാരന്‍ നല്ല ഉറക്കമായതും തവള വാതില്‍പ്പടിയിന്മേല്‍ ചാടിക്കയറിയിട്ട്‌ അതിന്‍റെ തൊലി അഴിച്ചുമാറ്റി. ഉടന്‍ തന്നെ  അത് ബുദ്ധിമതിയും സുന്ദരിയുമായ വസിലീസ രാജകുമാരിയായി മാറി. 

രാജകുമാരി തന്‍റെ കൈകള്‍ കൊട്ടികൊണ്ട് വിളിച്ചുപറഞ്ഞു:

"പ്രിയ ദാസിമാരെ, വേഗം തയ്യാറെടുക്കൂ, പണിയെടുക്കൂ! നാളെ നേരം വെളുക്കുമ്പോഴേയ്ക്കും എന്‍റെ അച്ഛന്‍ ധരിച്ചിരുന്ന മാതിരിയുള്ള ഒരു കുപ്പായം തുന്നി എന്നെ ഏല്‍പ്പിക്കണം !"

പിറ്റേന്ന് രാവിലെ ഇവാന്‍ രാജകുമാരന്‍ ഉണര്‍ന്നപ്പോള്‍ തവള പതിവുപോലെ തറയില്‍ ചാടിച്ചാടി നടക്കുന്നുണ്ടായിരുന്നു. മേശപ്പുറത്ത് ഒരു ലിനന്‍ തൂവാലയില്‍ അതിമനോഹരമായ ഒരു കുപ്പായം ഇരിക്കുന്നു! ഇവാന്‍ രാജകുമാരന്‌ സന്തോഷമായി . അവന്‍ കുപ്പായമെടുത്തുകൊണ്ട് പിതാവിന്‍റെയടുത്തേക്ക് തിരിച്ചു. അവന്‍ അവിടെയെത്തിയപ്പോള്‍ രാജാവ് മറ്റു രണ്ടു പുത്രന്മാരുടെ സമ്മാനം സ്വീകരിക്കുകയായിരുന്നു. 

മൂത്തമകന്‍ കൊണ്ട് ചെന്ന കുപ്പായം നോക്കിയിട്ടു രാജാവ് പറഞ്ഞു:

"എന്‍റെ ഭൃത്യന്മാരിലൊരുത്തന് ഇടാന്‍ കൊള്ളാം."

രണ്ടാമത്തെ മകന്‍ കൊണ്ട് ചെന്ന കുപ്പായം നോക്കിയിട്ടു അദ്ദേഹം പറഞ്ഞു:

"ഇതു വല്ല കുളിപ്പുരയിലും ഉപയോഗിക്കാനേ കൊള്ളൂ!"

ഇവാന്‍ രാജകുമാരന്‍ കുപ്പായം നിവര്‍ത്തിവച്ചു. സ്വര്‍ണ്ണവും വെള്ളിനൂലും കൊണ്ട് ചിത്രവേലകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ആ കുപ്പായം ഒന്നു നോക്കിയിട്ട്‌ രാജാവ് സന്തോഷത്തോടെ പറഞ്ഞു;

"ഇത് നല്ലൊരു കുപ്പായമാണ്! വിശേഷാവസരങ്ങളില്‍ ഞാനിതു ധരിക്കും."

മുത്തസഹോദരന്മാര്‍ ഇരുവരും വീട്ടിലേക്ക് മടങ്ങുംവഴി സംസാരിച്ചു:

"ഇവാന്‍റെ ഭാര്യയെ നമ്മള്‍ പരിഹസിച്ചത് വെറുതേയാണ്.അവള്‍ ഒരു തവളയല്ല, ഒരു മന്ത്രവാദിനിയാണ്."


തവളരാജകുമാരി ഭാഗം 2 വായിയ്ക്കുക


കഥകള്‍ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

Post a Comment

0 Comments