ആരുണിയുടെ ഗുരുഭക്തി

അയോധധൌമ്യ മഹര്‍ഷിയുടെ ശിഷ്യനായിരുന്നു ആരുണി. വളരെ മിടുക്കനായ ആരുണി ആശ്രമത്തിലെ പ്രധാനിയായിരുന്നു. പഴയ കാലത്ത് ഗുരുവിനോടൊപ്പം താമസിച്ചാണ് ശിഷ്യര്‍ വിദ്യ അഭയ്ശിച്ചിരുന്നത്. ഗോശാലകളും, വയലുകളും, പച്ചക്കറിത്തോട്ടവും എല്ലാമുള്ള സ്വയം പര്യാപ്തമായ ആശ്രമങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. ഗുരുവും ശിഷ്യരും ചേര്‍ന്നാണ് എല്ലാ ജോലികളും നിര്‍വഹിച്ചിരുന്നത്.

ഒരു ദിവസം പതിവ് പോലെ ആശ്രമത്തിലേയ്ക്കുള്ള വിറകു ശേഖരിക്കാനായി കാട്ടിലേയ്ക്ക് പോയതാണ് ആരുണി. പെട്ടെന്നാണ് കനത്ത മഴ പെയ്തത്. വേഗം വിറക് ശേഖരിച്ച് അവന്‍ തിരികെ ആശ്രമത്തിലേയ്ക്ക് നടന്നു. 


വയലിനടുത്തെത്തിയപ്പോഴാണ് അവന്‍ ആ കാഴ്ച കണ്ടത്. പാടത്തിന്റെ വരമ്പ് പൊട്ടി വെള്ളമെല്ലാം ചോര്‍ന്ന് പോയിക്കൊണ്ടിരിക്കുന്നു. ഇത് പോലെ വെള്ളമൊഴുകിക്കൊണ്ടിരുന്നാള്‍ കൃഷി നശിച്ചു പോകും. 

ആരുണി ഉടന്‍ തന്നെ കല്ലും മണ്ണുമിട്ട് ചിറ കെട്ടാന്‍ തുടങ്ങി. ഒരു വിധത്തില്‍ ചിറ കെട്ടി മുഴുവനാക്കിയതും, മഴവെള്ളപാച്ചിലിലില്‍ അത് വീണ്ടും പൊട്ടിപ്പോയി. പല പ്രാവശ്യം ആരുണി ചിറ കെട്ടി. എന്നാല്‍ എല്ലാ പ്രാവശ്യം അത് തകര്‍ന്ന് കൊണ്ടേയിരുന്നു. എന്തു ചെയ്യുമെന്നാലോചിച്ച് നില്‍ക്കവേയാണ് അവന്‍ ഒരു ബുദ്ധി തോന്നിയത്. വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ സ്വന്തം ശരീരം വെച്ചു ഒരു ചിറ കെട്ടുക!

അങ്ങിനെ ആരുണി വെള്ളമൊഴുകിപ്പോകാതിരിക്കാന്‍ പാടവരമ്പില്‍ നെടുനീളെ കിടന്നു. നല്ല ശക്തിയായ മഴയും തണുപ്പും കാരണം പാവം ആകെ വിറങ്ങലിച്ച് പോയി. എന്നിരുന്നാലും ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് അവന്‍ ആ കിടപ്പ് തുടര്‍ന്നു.

നേരം വളരെ വൈകിയിട്ടും വനത്തിലേയ്ക്ക് പോയ പ്രിയ ശിഷ്യന്‍ തിരികെ വരത്തിരുന്നത് കണ്ടു പരിഭ്രമിച്ച ഗുരു തന്റെ ശിഷ്യന്മാരെയും കൂട്ടി ആരുണിയെ തേടിയിറങ്ങി.

കുറെ നേരത്തെ തിരച്ചിലിന് ശേഷമാണ് അവര്‍ മൃതപ്രായനായ ആരുണിയെ പാടവരമ്പില്‍ കണ്ടെത്തിയത്. അമ്പരന്ന ഗുരു എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന്‍ അവനോടു ചോദിച്ചു.

എത്ര ശ്രമിച്ചിട്ടും ചിറ കേട്ടാനാകാതെ വന്നപ്പോള്‍ താന്‍ കണ്ടെത്തിയ പോംവഴിയിയാണ് ഇതെന്ന് ആരുണി ഗുരുവിനെ ധരിപ്പിച്ചു.

ആരുണിയുടെ ഗുരുഭക്തിയും കര്‍ത്തവ്യബോധവും കണ്ട് സന്തോഷവാനായ ഗുരു അവനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

"വരമ്പ് പിളര്‍ന്ന് പുറത്തു വന്ന നീ ഇനി മുതല്‍ "ഉദ്ധാലകന്‍" എന്ന പേരില്‍ അറിയപ്പെടും. നിനക്കു നല്ലത് വരട്ടെ!"


അഷ്ടാവക്ര മഹര്‍ഷിയുടെ കഥ


Post a Comment

0 Comments