കുറച്ച് ദിവസം മുന്‍പ് നമ്മളൊരു കഥ കേട്ടില്ലേ? ഒരു മത്തായിയുടെ കഥ. മീന്‍പിടുത്തക്കാരനായ ഒരു പാവം മത്തായിയുടെ. വായിക്കാത്തവര്‍ക്ക് ദാ, ഇവിടെ ക്ലിക്കിയാല്‍ വായിക്കാം!
ഈ കഥയിലെ മത്തായി ആള് വേറെയാണ് കേട്ടോ. അപ്പോള്‍ തയ്യാറല്ലേ കഥ വായിക്കാന്‍?
പള്ളിയിലെ കപ്യാരാണ് മത്തായി. ആളൊരു പ്രാരബ്ധക്കാരനാണ് കേട്ടൊ. വീട്ടിലെ ചിലവ് കഴിഞ്ഞ് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. അങ്ങിനെയിരിക്കെയാണ് ഭാര്യയുടെ അനുജത്തിയുടെ കല്യാണമുറച്ചത്. ഭാര്യയുടെ അനുജത്തിയുടെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ നല്ല ചിലവുള്ള കാര്യമാണ്. കല്യാണത്തിനാവശ്യമായ പണം ഒപ്പിക്കാന്‍ മത്തായി നെട്ടോട്ടമായി.
എന്തായാലും കുറച്ച് പണം മത്തായി പള്ളിയിലെ വല്യച്ചനോട് സഹായം ചോദിച്ചു. ആയിരം രൂപയാണ് മത്തായി ചോദിച്ചത്. ആയിരമെന്ന് പറഞ്ഞാല്‍ ഈ കഥ നടക്കുന്ന കാലത്ത് വലിയൊരു തുകയാണ്. വളരെക്കാലമായി പള്ളിയില്‍ സേവനം ചെയ്യുന്ന മത്തായി ചോദിച്ചപ്പോള്‍ അച്ചന് കൊടുക്കാതിരിക്കാന്‍ തോന്നിയില്ല. അടുത്ത മാസം ശമ്പളം കിട്ടിയാലുടന്‍ പൈസ തിരികെ കൊടുക്കാമെന്ന് മത്തായി വാക്കും കൊടുത്തു.
കല്യാണമൊക്കെ ഭംഗിയായി കഴിഞ്ഞു. പക്ഷേ വല്യച്ചന് കൊടുക്കാനുള്ള പൈസയുടെ കാര്യം ആലോചിച്ച് മത്തായിയുടെ സമാധാനം നഷ്ടപ്പെട്ടു.
മാസമൊന്ന് കഴിഞ്ഞു. അച്ചന് പൈസ കൊടുക്കേണ്ടേ? മത്തായി വിഷമത്തിലായി. അങ്ങിനെ മത്തായി ഓരോന്നാലോചിച്ച് ഇരിക്കുമ്പോഴാണ് കൊച്ചച്കന്‍ ആ വഴി വന്നത്. മത്തായിയുടെ വിഷമം കണ്ട് കൊച്ചച്ചന്‍ വിവരം അന്വേഷിച്ചു.
"ഓ, എന്തോ പറയാനാ അച്ചോ? കുറച്ച് പൈസയുടെ അത്യാവശ്യമുണ്ടായിരുന്നു." മത്തായി പറഞ്ഞു.
"അതിനിങ്ങനെ വിഷമിച്ചിരിക്കയാണോ വേണ്ടത് മത്തായി? ആട്ടെ, എത്ര രൂപയാണ് മത്തായിയ്ക്കിപ്പൊ വേണ്ടത്?" അച്ചന്‍ ചോദിച്ചു.
"ഒരായിരം രൂപ വേണമച്ചോ. അടുത്ത മാസം തിരികെ തരാം." മത്തായി പ്രതീക്ഷയോടെ അച്ചനെ നോക്കി.
കൊച്ചച്ചന്‍ ഉടനെ തന്നെ ആയിരം രൂപ എടുത്ത് കൊടുത്തു. മത്തായി വേഗം തന്നെ ആ പൈസ കൊണ്ട് പോയി വല്യച്ചന് കൊടുത്തു കടം വീട്ടി സമാധാനത്തോടെ വീട്ടിലേയ്ക്ക് പോയി.
അടുത്ത് മാസമായപ്പോള്‍ വീണ്ടും മത്തായിയ്ക്ക് വേവലാതി തുടങ്ങി. കൊച്ചച്ചന് കൊടുക്കാനുള്ള പണം കൊടുക്കേണ്ടേ? മത്തായി വേഗം അതിനൊരു പോംവഴി കണ്ടെത്തി. അയാള്‍ ഉടനെ വല്യച്ചന്‍റെ അടുത്ത് ചെന്ന് ആയിരം രൂപ കടം ചോദിച്ചു. കഴിഞ്ഞ തവണ കൃത്യമായി പറഞ്ഞ സമയത്ത് തന്നെ പണം തിരികെ തന്ന മത്തായിയ്ക്ക് കടം കൊടുക്കാന്‍ വല്യച്ചന് ഒരു മടിയുമുണ്ടായില്ല. അങ്ങിനെ വല്യച്ചന്‍ കൊടുത്ത പണം കൊടുത്ത് മത്തായി കൊച്ചച്ചന്‍റെ കടം സമയത്ത് തന്നെ വീട്ടി.
അടുത്ത മാസവും അതിനടുത്ത മാസവുമെല്ലാം ഇത് തന്നെ ആവര്‍ത്തിച്ചു. മത്തായി വളരെ കൃത്യമായി കടം വാങ്ങുകയും വീട്ടുകയും ചെയ്തു.
അങ്ങിനെ കുറച്ച് മാസങ്ങള്‍ കടന്ന് പോയി. മത്തായിയ്ക്ക് കടം വാങ്ങാനും വീട്ടാനുമുള്ള ദിവസം വന്നെത്തി. കൊച്ചച്ചന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി വല്യച്ചന് കൊടുക്കാന്‍ ഒരുങ്ങിയിരിക്കവേയാണ് അവര്‍ രണ്ട് പേരും ഒരുമിച്ച് പള്ളിയിലേയ്ക്ക് വരുന്നത് മത്തായി കണ്ടത്.
"എന്താ മത്തായീ? ഇന്ന് രൂപ വേണമായിരിക്കും അല്ലേ?" കൊച്ചച്ചന്‍ ചോദിച്ചു.
"അത് പിന്നെ, വേണമച്ചോ?" മത്തായി ഭവ്യതയോടെ പറഞ്ഞു.
കൊച്ചച്ചന്‍ വേഗം പോക്കറ്റില്‍ നിന്നും ആയിരം രൂപയെടുത്ത് മത്തായിയ്ക്ക് നേരെ നീട്ടി.
"അത് വല്യച്ചന്‍റെ കയ്യിലേയ്ക്ക് കൊടുത്തോളൂ." മത്തായി പറഞ്ഞു.
"പിന്നേയ് ഒരു കാര്യം. ഇനി ഈ മാസാമാസമുള്ള കൊടുക്കല്‍ വാങ്ങല്‍ നിങ്ങള്‍ നേരിട്ടായിക്കോളൂ. എന്തിനാ ഇതിനിടയ്ക്ക് എന്നെയിട്ട് ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്?" രണ്ട് പേരോടുമായി ഇങ്ങനെ പറഞ്ഞ് മത്തായി സ്ഥലം വിട്ടു.
കഥയറിയാതെ വല്യച്ചനും കൊച്ചച്ചനും മുഖത്തോട് മുഖം നോക്കി മിഴിച്ച് നിന്നു!
0 Comments